ജാലകം നിത്യജീവൻ: ഈശോ അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെടുന്നു

nithyajeevan

nithyajeevan

Monday, May 9, 2011

ഈശോ അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെടുന്നു

           അപ്പസ്തോലന്മാർ തിരുവത്താഴമുറിയിൽ ഒരുമിച്ചു കൂടിയിരിക്കുന്നു. പെസഹാ അത്താഴം കഴിച്ച മേശയ്ക്കു ചുറ്റുമാണ് അവർ കൂടിയിരിക്കുന്നത്. എന്നാൽ ബഹുമാനം നിമിത്തം മദ്ധ്യത്തിലുള്ള ഇരിപ്പിടം - ഈശോയുടെ ഇരിപ്പിടം - ഒഴിവാക്കിയിട്ടിരിക്കുന്നു.
ജനലുകളെല്ലാം അടച്ചിരിക്കയാണ്. വാതിലുകൾ പൂട്ടിയിട്ടുമുണ്ട്. ഒരു തൂക്കുവിളക്കിന്റെ രണ്ടു തിരികൾ മാത്രം കുത്തിച്ചിട്ടുണ്ട്. അത് നേരിയ പ്രകാശം പ്രദാനം ചെയ്യുന്നു. 
         മുറിയുടെ ഒരുവശത്തുള്ള ഭിത്തിയോടു ചേർന്ന് ഒരു പലകത്തട്ടുണ്ട്. അതിന്മേൽ അവരുടെ ഭക്ഷണത്തിനാവശ്യമായ മൽസ്യം, റൊട്ടി, തേൻ, പുതിയ ചീസ് തുടങ്ങിയവ വച്ചിരിക്കുന്നു. ജോണിനാണ് ഭക്ഷണം വിളമ്പുന്ന ചുമതല. അവൻ, തന്റെ സഹോദരനായ ജയിംസ് ആവശ്യപ്പെട്ട ചീസ്  കൊടുക്കുവാൻ മേശയിലേക്കു തിരിഞ്ഞപ്പോൾ ഈശോയെക്കണ്ടു.
               ഈശോ വെള്ളവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതീവസുന്ദരൻ. സ്നേഹവും പുഞ്ചിരിയും വഴിഞ്ഞൊഴുകുന്ന മുഖം. കൈകൾ നേരെ പാർശ്വങ്ങളിൽ; ഉള്ളംകൈ അപ്പസ്തോലന്മാരുടെ നേർക്കു തുറന്നു പിടിച്ചിരിക്കയാണ്. കൈകളിലെ മുറിവുകൾ വജ്റം കൊണ്ടുള്ള നക്ഷത്രങ്ങൾ പോലെയുണ്ട്. അവയിൽ നിന്ന് പ്രകാശധാര ഒഴുകുന്നു. പാദങ്ങളും മാറിടവും വസ്ത്രം കൊണ്ടു മറഞ്ഞിരിക്കുന്നു.  ആദ്യം ഒരു പ്രകാശരൂപം പോലെ കാണപ്പെട്ട ഈശോയുടെ രൂപം ഇപ്പോൾ സ്വാഭാവികരൂപത്തിലായി. ദൈവമനുഷ്യൻ; എന്നാൽ കൂടുതൽ ഗാംഭീര്യമുള്ളവൻ.
           ഈശോയെ ആദ്യം കണ്ടത് ജോൺ ആണ്. അവൻ ചീസ്  വച്ചിരുന്ന പാത്രം മേശയിലേക്കിട്ടു. കൈകൾ മേശയുടെ വക്കിൽപ്പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് വികാരാവേശത്തിൽ "ഓ!" എന്നു പറഞ്ഞു.
         പാത്രം മേശയിൽ വീണ സ്വരം കേട്ട് എല്ലാവരും ജോണിനെ നോക്കി. അവന്റെ ആനന്ദപാരവശ്യം കണ്ട് അവൻ നോക്കുന്ന ഭാഗത്തേക്കു തന്നെ നോക്കി. അവരെല്ലാം ഈശോയുടെ  നേർക്ക് തിരിഞ്ഞിരിക്കുന്നു. എല്ലാവരും എഴുന്നറ്റു് ഈശോയുടെ പക്കലേക്കു വേഗം കടന്നുചെല്ലുകയാണ്. കൂടുതൽ തെളിവായി പുഞ്ചിരിച്ചുകൊണ്ട് ഈശോ അവർക്കഭിമുഖമായി അടുത്തുവരുന്നു. തറയിലൂടെ നടന്നാണ് ഈശോ വരുന്നത്.
             ആദ്യം ജോണിനെ മാത്രം സൂക്ഷിച്ചു നോക്കിയിരുന്ന ഈശോ, ഇപ്പോൾ  എല്ലാവരേയും നോക്കിക്കൊണ്ടു പറയുന്നു: "നിങ്ങൾക്കു സമാധാനം."
          അപ്പസ്തോലന്മാരെല്ലാവരും ഇപ്പോൾ  ഈശോയ്ക്കു ചുറ്റിലുമാണ്. ചിലരെല്ലാം മുട്ടിന്മേൽ നിൽക്കുന്നു.  പത്രോസും ജോണും അക്കൂട്ടത്തിലുണ്ട്.  ജോൺ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ ചുംബിക്കുന്നു. പിന്നിൽ നിൽക്കുന്നവർ ആദരവോടെ കുനിഞ്ഞു നിൽക്കുന്നു.
               അൽപ്പം അകലെ മാറി നിൽക്കുന്ന ഒരേ ഒരാൾ, അന്ധാളിച്ചു നിൽക്കുന്ന തോമസാണ്. അയാൾ മേശയ്ക്കരികിൽ മുട്ടിന്മേൽ നിൽക്കുകയാണ്. മുന്നോട്ടു വരാൻ ധൈര്യമില്ല. 
               ഈശോ ഇരുകരങ്ങളും ചുംബിക്കുന്നതിന് നീട്ടിക്കൊടുത്തു. അപ്പസ്തോലന്മാർ ആ കരം ചുംബിക്കുവാൻ വലിയ ആഗ്രഹത്തോടെ മുന്നോട്ടു വരുമ്പോൾ - ഈശോ ചുറ്റിലും കുനിഞ്ഞ ശിരസ്സുകൾ നോക്കുന്നു; പതിനൊന്നാമനെ അന്വേഷിക്കുന്നതു പോലെ ശ്രദ്ധിച്ചു നോക്കുന്നു. വാസ്തവത്തിൽ ഈശോ ആദ്യം തന്നെ തോമസിനെ കണ്ടു; എന്നാൽ ഇങ്ങനെ ചെയ്തുകൊണ്ട് തോമസിനു സമയം കൊടുക്കുകയാണ്, ധൈര്യമാർജ്ജിച്ച് മുന്നോട്ടു വരാൻ. അവിശ്വാസിയായ അവൻ മുന്നോട്ടു  വരുന്നില്ലെന്നു കണ്ടപ്പോൾ ഈശോ അവനെ വിളിക്കുന്നു: "തോമസേ, ഇവിടെ വരൂ.."
             തോമസ് തലയുയർത്തുന്നു; വലിയ വിഷമവും കണ്ണീരും.... എങ്കിലും ഈശോയുടെ  പക്കലേക്കു പോകുന്നില്ല. വീണ്ടും തല കുനിച്ചു മുട്ടിന്മേൽ നിൽക്കയാണ്....
                ഈശോ ഏതാനും ചുവടുകൾ മുന്നോട്ടുവച്ചു. ആവർത്തിച്ചു പറയുന്നു: ""തോമസേ, ഇവിടെ വരൂ.." ആദ്യത്തേക്കാൾ ആജ്ഞാസ്വരത്തിലാണ് ഈശോ പറഞ്ഞത്.
               തോമസ്  എഴുന്നറ്റുനിന്നു; മടിച്ചു മടിച്ച് ലജ്ജിച്ച് ഈശോയുടെ അടുത്തേക്ക് ചെന്നു.
              ഈശോ പറയുന്നു: "കാണാതെ വിശ്വസിക്കയില്ലാത്ത മനുഷ്യൻ ഇതാ..." എന്നാൽ  ആ സ്വരത്തിൽ മാപ്പു നൽകുന്നതിന്റെ പുഞ്ചിരി അടങ്ങിയിട്ടുണ്ട്.
            തോമസിനു് അതു മനസ്സിലായി. അതിനാൽ ഈശോയെ നോക്കാൻ ധൈര്യപ്പെട്ടു. ഈശോ വാസ്തവത്തിൽ പുഞ്ചിരിയോടെയാണു നിൽക്കുന്നതെന്നു മനസ്സിലായപ്പോൾ ധൈര്യപ്പെട്ടു് കൂടുതൽ വേഗത്തിൽ നടന്നു.
"ഇവിടെ വരൂ.... എന്റെയടുത്തു ചേർന്നുനിൽക്കൂ... നോക്കൂ! നോക്കുന്നതു പോരെങ്കിൽ നിന്റെ വിരൽ നിന്റെ ഗുരുവിന്റെ മുറിവുകളിലേക്കു് ഇടുക."
                 ഈശോ രണ്ടു കൈകളും നീട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നീട്‌ മാറിലെ അങ്കി മാറ്റി പാർശ്വത്തിലെ വലിയ മുറിവു കാണിച്ചു. 
                തോമസ് വിറയ്ക്കുന്നു; നോക്കുന്നുണ്ട്, എന്നാൽ സ്പർശിക്കുന്നില്ല. അധരങ്ങൾ ചലിപ്പിക്കുന്നുണ്ട്; എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല.
                      ഈശോ വലിയ കാരുണ്യത്തോടെ പറയുന്നു: "നിന്റെ കൈ ഇവിടെ കൊണ്ടുവരിക, തോമസേ." ഈശോ തന്റെ വലതുകരം കൊണ്ടു് തോമസിന്റെ വലതുകൈയിൽ പിടിച്ചു; അയാളുടെ ചൂണ്ടുവിരൽ ഈശോയുടെ ഇടതുകൈയിലെ മുറിവിലേക്കു കൊണ്ടുവന്നു. ആ വിരൽ മുറിവിനുള്ളിലേക്കു തള്ളിക്കയറ്റി. പിന്നെ ആ കൈയെടുത്ത് മാറിലെ മുറിവിലേക്കു കൊണ്ടുപോയി. തോമസിന്റെ നാലു വിരലുകളും ഒരുമിച്ചു ചേർത്തുപിടിച്ച് മാറിലെ ആഴമേറിയ മുറിവിലേക്കു കടത്തി. അങ്ങനെ പിടിച്ചുകൊണ്ട് തോമസിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. നിശിതമായ, എന്നാലും കാരുണ്യമുള്ള നോട്ടം. ഈശോ പറയുന്നു: "നിന്റെ വിരൽ ഇവിടെ വയ്ക്കുക; നിന്റെ വിരലുകളും കൈ മുഴുവനും വേണമെങ്കിൽ എന്റെ പാർശ്വത്തിൽ ഇടുക; സംശയിക്കാതിരിക്കുക; നീ വിശ്വസിക്കുക."
             തോമസ്  മുട്ടിന്മേൽ വീണ് കൈകൾ രണ്ടും ഉയർത്തിപ്പിടിച്ച് അനുതാപത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ കർത്താവേ.... എന്റെ ദൈവമേ...."  വേറൊന്നും പറയുവാൻ അയാൾക്കു കഴിയുന്നില്ല.
              ഈശോ അവനു മാപ്പു നൽകുന്നു.  തന്റെ വലതുകരം അവന്റെ ശിരസ്സിൽ വച്ചുകൊണ്ട് ഈശോ പറയുന്നു: "തോമസേ, തോമസേ, നീ ഇപ്പോൾ വിശ്വസിക്കുന്നത് നീ കണ്ടതുകൊണ്ടാണ്. എന്നാൽ  കാണാതെ എന്നിൽ വിശ്വസിക്കുന്നവർ അനുഗൃഹീതരാകുന്നു. നിന്റെ വിശ്വാസം,  നിനക്കു കാണാൻ സാധിച്ചു എന്നതുകൊണ്ട് സഹായിക്കപ്പെട്ടു. നിന്റെ ഈ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുകയാണെങ്കിൽ, അവർക്കു ഞാൻ എത്ര വലിയ പ്രതിസമ്മാനമായിരിക്കും കൊടുക്കേണ്ടത്?"
        പിന്നീട്‌ ഈശോ ജോണിന്റെ തോളിൽ കൈയിട്ടുകൊണ്ട് പത്രോസിന്റെ കരം ഗ്രഹിച്ച് മേശയ്ക്കരികിലേക്കു പോയി. ഈശോ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. തോമസിനെ ജോണിന്റെ അടുത്തിരുത്തി.
"എന്റെ സ്നേഹിതരേ, ഭക്ഷണം കഴിക്കുവിൻ."
പക്ഷേ ഒരുത്തർക്കും വിശപ്പില്ല. സന്തോഷത്തിന്റെ നിറവിലാണ് എല്ലാവരും. അനുദ്ധ്യാനത്തിന്റെ ആനന്ദം...