ജാലകം നിത്യജീവൻ: സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ അമ്മയോടു വിട പറയുന്നു.

nithyajeevan

nithyajeevan

Sunday, May 29, 2011

സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ അമ്മയോടു വിട പറയുന്നു.

 പരിശുദ്ധ കന്യകാമേരി അവളുടെ മുറിയിലിരുന്ന് വായിക്കയാണ്. ഇപ്പോൾ അവൾ പീഡിതയല്ല. ദുഃഖിതമായ മുഖമല്ല; രാജകീയം. എന്നാൽ പ്രശാന്തമായ മുഖം.
പ്രഭാതസമയം. സൂര്യപ്രകാശം  ജനലിലൂടെ കടന്നുവന്ന് മുറിയെ പ്രകാശിപ്പിക്കുന്നു.
ഈശോ അകത്തേക്കു കടന്നുവന്നു. പുനരുത്ഥാന പ്രഭാതത്തിൽ ധരിച്ചിരുന്ന വിസ്മയകരമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.  മുഖത്തു നിന്ന് പ്രകാശം പരക്കുന്നു. മുറിവുകൾ ചെറിയ സൂര്യന്മാരായിരിക്കുന്നതു പോലെ.
മേരി പുഞ്ചിരി തൂകിക്കൊണ്ട് മുട്ടിന്മേൽ നിൽക്കുന്നു. പിന്നെ എഴുന്നേറ്റ് ഈശോയുടെ വലതുകരം ചുംബിക്കുന്നു. ഈശോ അമ്മയെ ചങ്കിനോടു ചേർത്തുപിടിച്ചു് പുഞ്ചിരിയോടെ നെറ്റിത്തടത്തിൽ ചുംബിക്കുന്നു. ഈശോയുടെ നെറ്റിത്തടത്തിൽ മേരിയും ചുംബനം
നൽകുന്നു.
ഈശോ പറയുന്നു: "അമ്മേ, ഭൂമിയിലെ എന്റെ വാസം അവസാനിച്ചിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ പക്കലേക്ക് കരേറുകയാണ്. ഞാൻ വന്നത് അമ്മയോടു  പ്രത്യേകമായി യാത്ര ചോദിക്കാനാണ്. അനുഗ്രഹീതയായ അമ്മേ, അമ്മയുടെ മേൽ മകന്റെ അനുഗ്രഹം."
ആനന്ദപാരവശ്യത്തിൽ അമ്മ മേരി പ്രകാശിക്കുന്നു. ക്രിസ്തുവിന്റെ പ്രകാശത്താൽ ആ മുറി ഇപ്പോഴും പ്രകാശപൂരിതമാണ്.
ഈ ദർശനത്തെപ്പറ്റി ഈശോ പറയുന്നു: "മനുഷ്യരേ, എനിക്കു വസ്ത്രം മാറുവാൻ കഴിയുമായിരുന്നോ ഇല്ലയോ എന്നു നിങ്ങൾ ചർച്ച ചെയ്യേണ്ട.... മാനുഷികമായ ആവശ്യങ്ങൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന ആളല്ല ഇപ്പോൾ ഞാൻ.  പ്രപഞ്ചം എന്റെ പാദപീഠമാണ്; എല്ലാ പ്രപഞ്ചശക്തികളും എന്റെ ദാസരുമാണ്. അനുസരണയുള്ള ശുശ്രൂഷികൾ....  ഞാൻ സുവിശേഷ പ്രഘോഷകനായിരുന്ന കാലത്ത് താബോറിൽ ഞാൻ  രൂപാന്തരപ്പെട്ടു എങ്കിൽ, എന്റെ അമ്മയ്ക്കു വേണ്ടി ഞാൻ അപ്രകാരം ഞാൻ ചെയ്യേണ്ടതല്ലേ? മഹത്വത്തിൽ, രൂപാന്തരം പ്രാപിച്ച എന്നെ  അമ്മ കാണുക എന്നുള്ളത് കേവലം ന്യായം മാത്രം.
എല്ലാം, എല്ലാം, മേരിയിലൂടെ നിങ്ങൾക്കു ലഭിക്കും. ഇത് എല്ലായ്പ്പോഴും ഗ്രഹിക്കുവിൻ."