ജാലകം നിത്യജീവൻ: നിത്യജീവൻ

nithyajeevan

nithyajeevan

Sunday, June 5, 2011

നിത്യജീവൻ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം പെസഹാത്തിരുന്നാളിന് ജറുസലേമിലേക്കു പോകുകയാണ്. വഴിക്കുവച്ച് ധനികരുടെ ഒരു വലിയ വ്യാപാരസംഘത്തെ കണ്ടുമുട്ടുന്നു. വളരെ ദൂരത്തുനിന്നാണവർ വരുന്നത്. കാരണം സ്ത്രീകളും ഒട്ടകപ്പുറത്ത് പല്ലക്കുകളിൽ യാത്ര ചെയ്യുന്നുണ്ട്. പുരുഷന്മാർ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും യാത്ര ചെയ്യുന്നു. അവരിൽ ഒരു യുവാവ് ഒട്ടകത്തിനെ മുട്ടുകുത്തിച്ച് അതിന്റെ പുറത്തുനിന്ന് ഊർന്നിറങ്ങി ഈശോയുടെ പക്കലേക്കു വന്നു. 

യുവാവ്  ഈശോയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് അഭിവാദ്യം ചെയ്തതിനുശേഷം പറയുന്നു: "ഞാൻ കനാറ്റക്കാരൻ ഫിലിപ്പാണ്. വിശ്വസ്തരായ സാക്ഷാൽ ഇസ്രായേൽക്കാരിൽ നിന്നു ജനിച്ചു. ഞാൻ ഗമാലിയേലിന്റെ ശിഷ്യനായിരുന്നു. എന്നാൽ എന്റെ പിതാവിന്റെ മരണം, എന്നെ അവന്റെ ഈ കച്ചവടത്തിന്റെ അധിപനാക്കി. നീ പ്രസംഗിക്കുന്നത് ഒന്നിലധികം പ്രാവശ്യം ഞാൻ  കേട്ടിട്ടുണ്ട്. നിന്റെ പ്രവൃത്തികളെക്കുറിച്ച് എനിക്കറിയാം. നിത്യജീവൻ പ്രാപിക്കുന്നതിന് നന്നായി ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു. തങ്ങളിൽത്തന്നെ നിന്റെ രാജ്യം സ്ഥാപിക്കുന്നവർക്ക് അത് തീർച്ചയായും കിട്ടുമെന്ന് നീ പറയുന്നുണ്ടല്ലോ. അതിനാൽ എന്നോടു പറയൂ; നല്ലവനായ ഗുരുവേ, നിത്യജീവൻ പ്രാപിക്കുവാൻ ഞാനെന്തു ചെയ്യണം?"
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവനെന്നു വിളിക്കുന്നത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ."
"നീ ദൈവത്തിന്റെ പുത്രനാണ്. പിതാവിനെപ്പോലെ തന്നെ നല്ലവൻ. ഓ! ഞാൻ  എന്തുചെയ്യണമെന്ന് എന്നോടു  പറയൂ."
"നിത്യജീവിതത്തിലേക്കു പ്രവേശിക്കുവാൻ കൽപ്പനകൾ അനുസരിക്കുവിൻ."
"എന്റെ കർത്താവേ, ഏതു കൽപ്പനകൾ ? പഴയവയോ നിന്റെ കൽപ്പനകളോ?"
"പഴയവയിൽ എന്റേതും അടങ്ങിയിട്ടുണ്ടല്ലോ. എന്റേത് പഴയവയെ മാറ്റുന്നില്ല. അവ എപ്പോഴും ഒന്നുതന്നെയാണ്. സത്യദൈവത്തെ മാത്രം ആരാധിക്കുക, ആരാധനയുടെ നിബന്ധനകൾ പാലിക്കുക, കൊല്ലരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷി പറയരുത്, അപ്പനെയും അമ്മയെയും ബഹുമാനിക്കുക, അയൽക്കാരനെ ഉപദ്രവിക്കരുത്, പിന്നെയോ, നിന്നെത്തന്നെ സ്നേഹിക്കുന്നന്നതുപോലെ അവനെയും സ്നേഹിക്കുക. ഇപ്രകാരം ചെയ്താൽ നിനക്ക് നിത്യജീവനുണ്ടാകും."
"ഗുരുവേ, ഈ പ്രമാണങ്ങളെല്ലാം ചെറുപ്പം മുതലേ ഞാൻ  പാലിച്ചു പോന്നിട്ടുണ്ട്."
ഈശോ സ്നേഹത്തോടെ അവനെ ഒരു  നോട്ടം നോക്കി. പിന്നെ കാരുണ്യപൂർവ്വം ചോദിക്കുന്നു: "ഇവ പോരാ എന്നു നീ വിചാരിക്കുന്നുണ്ടോ?"
"ഇല്ല ഗുരുവേ, ദൈവരാജ്യം നമ്മിലുള്ള ഒരു  വലിയ  കാര്യമാണ്. മറ്റേ ജീവിതത്തിലും അങ്ങനെതന്നെ. തന്നെത്തന്നെ നമുക്ക് ദാനം ചെയ്യുന്ന ദൈവം ഒരു വലിയ ദാനമാണ്. ദൈവത്തിന്റെ - അപരിമേയനും പരിപൂർണ്ണനുമായ ദൈവത്തിന്റെ - സ്വയംദാനത്തോടു തുലനം ചെയ്താൽ നമ്മുടെ കടമ വളരെ  നിസ്സാരമെന്നു ഞാൻ വിചാരിക്കുന്നു. ആ 
കൽപ്പനകളേക്കാൾ വലിയ  കാര്യങ്ങൾ ചെയ്യണമെന്നാണ് എനിക്കു തോന്നുന്നത്. നശിച്ചുപോകാതെ അവനു സ്വീകാര്യരായിത്തീരണമെങ്കിൽ."
"നീ പറഞ്ഞത് ശരിയാണ്.  പരിപൂർണ്ണനാകുന്നതിന് ഇപ്പോൾ നിനക്ക് ഒരു കുറവുണ്ട്. 
സ്വർഗ്ഗത്തിലിരിക്കുന്ന  പിതാവ്  ആഗ്രഹിക്കുന്നതുപോലെ പരിപൂർണ്ണനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് ഒരു നിധിയുണ്ടാകും. അതു നിമിത്തം പിതാവ് നിന്നെ സ്നേഹിക്കും. ആ പിതാവ് തന്റെ നിധി ഭൂമിയിലെ ദരിദ്രർക്കു  തന്നിരിക്കുന്നു. പിന്നെ വന്ന് എന്നെ അനുഗമിക്കുക."
യുവാവ് ചിന്താമഗ്നനും ദുഃഖിതനുമായി. എന്നിട്ട് അവൻ എഴുന്നേറ്റുനിന്ന് പറയുന്നു: "നിന്റെ ഉപദേശം ഞാൻ ഓർത്തിരുന്നുകൊള്ളാം...." അവൻ ദുഃഖത്തോടെ പോകുന്നു.
യൂദാസ് സ്കറിയോത്ത അർത്ഥംവച്ചു പുഞ്ചിരിച്ചുകൊണ്ടു പറയുന്നു; "ഞാൻ ഒരുത്തൻ മാത്രമല്ല പണത്തെ സ്നേഹിക്കുന്നത്."
ഈശോ തിരിഞ്ഞ് അവനെ നോക്കുന്നു.... പിന്നീട്‌ മറ്റ് പതിനൊന്നു പേരുടെ മുഖത്തും നോക്കുന്നു. നെടുനിശ്വാസത്തോടെ പറയുന്നു: "ധനവാനായ ഒരു മനുഷ്യൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നത് എത്ര വിഷമമുള്ള കാര്യമാണ്. സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ വീതി കുറഞ്ഞതും വഴി കുത്തനെയുള്ള കയറ്റവുമാണ്. സമ്പത്തിന്റെ വലുതും ഭാരമേറിയതുമായ ചുമടും കൊണ്ട് കയറുക അസാദ്ധ്യമാണ്. അവിടെ പ്രവേശിക്കുന്നതിന് സുകൃതങ്ങളാകുന്ന അരൂപിയുടെ ധനം മതി. ലോകത്തോടും വ്യർത്ഥാഭിമാനത്തോടും ബന്ധപ്പെട്ടിരിക്കുന്ന സകലതിനോടുമുള്ള താത്പര്യം ഉപേക്ഷിക്കാനുള്ള കഴിവ് അവർക്കുണ്ടായിരിക്കണം." ഈശോ വളരെ ദുഃഖിതനാണ്. അപ്പസ്തോലന്മാർ പരസ്പരം നോക്കുന്നു. ധനികനായ ആ യുവാവിന്റെ വ്യാപാരസംഘം അകന്നു പോകുന്നതു നോക്കിക്കൊണ്ട് ഈശോ പറയുന്നു: "ഞാൻ ഗൗരവമായി നിങ്ങളോടു പറയുന്നു; ഒരു ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്."
"എങ്കിൽ ആർക്കു രക്ഷപെടാൻ കഴിയും? ദാരിദ്ര്യം പലപ്പോഴും പാപത്തിനിടയാക്കുന്നു. അസൂയ കൊണ്ടും അയൽക്കാരന്റെ വസ്തുക്കളോടുള്ള ബഹുമാനമില്ലായ്മ കൊണ്ടും  ദൈവപരിപാലനയിൽ പ്രത്യാശയില്ലാത്തതുകൊണ്ടും പാപം ചചെയ്യുന്നു. ധനം  
പരിപൂർണ്ണതയ്ക്ക് തടസ്സവുമാണ്. അപ്പോൾപ്പിന്നെ ആര് രക്ഷിക്കപ്പെടും?"
ഈശോ അവരെ നോക്കിക്കൊണ്ടു പറയുന്നു; "മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്. കാരണം ദൈവത്തിന്  എല്ലാം കഴിയും. മനുഷ്യൻ അവന്റെ സന്മനസ്സുകൊണ്ട് കർത്താവിനെ സഹായിച്ചാൽമതി. ഉപദേശം സ്വീകരിച്ച് സ്വത്തിൽ നിന്നു സ്വതന്ത്രമാകുക എന്നത് സന്മനസ്സാണ്. ദൈവത്തെ അനുഗമിക്കുന്നതിന് പരിപൂർണ്ണസ്വാതന്ത്ര്യം നേടുവാൻ ഇതുവേണം. കാരണം ഇതാണ് മനുഷ്യന്റെ യഥാർത്ഥമായ സ്വാതന്ത്ര്യം. ദൈവം ഹൃദയത്തിൽ മന്ത്രിക്കുന്ന സ്വരങ്ങൾ ശ്രവിക്കുക, അവന്റെ കൽപ്പനകൾ അനുസരിക്കുക, സ്വന്തം അടിമയാകാതിരിക്കുക, ലോകത്തിന്റെയോ മറ്റുള്ളവരുടെ അഭിപ്രായത്തിന്റെയോ അതുവഴി സാത്താന്റെയോ അടിമയാകാതിരിക്കുക.  നന്മ മാത്രം ആഗ്രഹിക്കുവാനും അതു സ്വതന്ത്രമായി ആഗ്രഹിക്കുവാനും  അങ്ങനെ പ്രഭാപൂരിതമായ, സ്വാതന്ത്ര്യമുള്ള, ആനന്ദപൂരിതമായ നിത്യജീവൻ പ്രാപിക്കാനുമുള്ള വിസ്മയകരമായ മനസ്സിന്റെ കഴിവ് ദൈവം മനുഷ്യന്  
നൽകിയിരിക്കുന്നു. ദൈവത്തിന് എതിരായി നിൽക്കേണ്ടി വന്നാൽ സ്വന്തം ഇഷ്ടത്തെ തൃപ്തിപ്പെടുത്താൻ പോലും  മനുഷ്യൻ തന്റെ തന്നെ അടിമയായിപ്പോകരുത്. ഞാൻ നിങ്ങളോടു  പറഞ്ഞു; എന്നെപ്രതിയും ദൈവത്തിനു ശുശ്രൂഷ ചെയ്യാനുമായി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ,  നിത്യമായി അതിനെ രക്ഷിക്കയാണു ചെയ്യുന്നത്."
"ശരി, നിന്നെ അനുഗമിക്കാൻ ഞങ്ങൾ സകലതും ഉപേക്ഷിച്ചു. അനുവദനീയമായവും ഉപേക്ഷിച്ചു. അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങനെ? ഞങ്ങൾ  നിന്റെ രാജ്യത്തിൽ പ്രവേശിക്കുമോ?" പത്രോസ് ചോദിക്കുന്നു.
"ഞാൻ ഗൗരവമായി പറയുന്നു; എന്നെ ഇപ്പറഞ്ഞപോലെ അനുഗമിച്ചവരും ഇനി അനുഗമിക്കുന്നവരും - ഉദാസീനത മാറ്റി ഉത്സാഹിക്കുന്നതിന് ഇനിയും സമയമുണ്ട്; ഇതുവരെ ചെയ്ത പാപത്തിനു പരിഹാരം ചെയ്യാനും സമയമുണ്ട്; മനുഷ്യൻ ഭൂമിയിലായിരിക്കുന്നിടത്തോളം കാലം എപ്പോഴും സമയമുണ്ട്; ചെയ്ത തെറ്റുകൾക്ക് പരിഹാരം  ചെയ്യാൻ മനുഷ്യന് ദിവസങ്ങൾ മുന്നിലുണ്ട് - ഇങ്ങനെ ചെയ്യുന്നവരും എന്റെ രാജ്യത്തിൽ  എന്നോടു കൂടെയായിരിക്കും. നിങ്ങളോട് ഞാൻ ഗൗരവമായി പറയുന്നു; വീണ്ടും ജനിച്ച് എന്നെ അനുഗമിച്ച നിങ്ങൾ, ഭൂമിയിലെ വംശങ്ങളെ വിധിക്കുവാൻ സിംഹാസനങ്ങളിൽ ഇരിക്കും. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരിക്കുന്ന മനുഷ്യപുത്രനോടൊപ്പം നിങ്ങളും ഇരിക്കും. ഒരിക്കൽക്കൂടി ഞാൻ  നിങ്ങളോട്  ഗൗരവമായി  പറയുന്നു; എന്റെ നാമത്തിൽ വീടിനെയോ നിലങ്ങളെയോ അപ്പനെയോ അമ്മയെയോ ഭാര്യയെയോ പുത്രന്മാരെയോ സഹോദരന്മാരെയോ സഹോദരിമാരെയോ ഉപേക്ഷിച്ചു് സുവിശേഷം പ്രചരിപ്പിച്ച് എന്റെ ജോലി തുടർന്നു ചെയ്താൽ ഈ കാലത്തുതന്നെ നൂറിരട്ടിയും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും പ്രാപിക്കാത്ത യാതൊരുവനും ഉണ്ടായിരിക്കയില്ല."
"പക്ഷേ ഞങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയാൽ എങ്ങനെയാണ് ഉള്ളതിന്റെ  നൂറിരട്ടി ഉണ്ടാക്കാൻ ഞങ്ങൾക്കു കഴിയുന്നത്?" കറിയോത്തുകാരൻ യൂദാസ് ചോദിക്കുന്നു.
"ഞാൻ  ആവർത്തിച്ചു പറയുന്നു; മനുഷ്യർക്ക് സാധിക്കാത്തത് ദൈവത്തിനു സാദ്ധ്യമാണ്. ലോകത്തിന്റെതായിരുന്നവർ ദൈവത്തിന്റെ പുത്രന്മാരായിത്തീരുമ്പോൾ അതായത് ആത്മീയമനുഷ്യരായിത്തീരുമ്പോൾ,  ദൈവം അവർക്ക് നൂറിരട്ടി  ആത്മീയസന്തോഷം 
നൽകും. അവർ ഇവിടെയും ഈ ലോകത്തിനപ്പുറത്തും യഥാർത്ഥ സന്തോഷം അനുഭവിക്കും. ഞാൻ  ഇങ്ങനെയും പറയുന്നു; ഒന്നാമതെന്ന് കാണപ്പെടുന്നവർ മറ്റെല്ലാവരേയുംകാൾ കൂടുതൽ സ്വീകരിച്ചതുകൊണ്ട് ഒന്നാമതായിരിക്കയില്ല. അവസാനത്തെ ആളുകൾ എന്നു കാണപ്പെടുന്നവർ അവസാനത്തെ ആളുകളായിരിക്കയില്ല. സത്യമായും, ഒന്നാമതായിരുന്ന അനേകർ അവസാനത്തെ ആളുകളായിരിക്കും. അവസാനത്തെ  ആളുകളായിരുന്ന, അതിലും കുറവായിരുന്ന അനേകർ  ഒന്നാമന്മാരായിരിക്കും."