പരിശുദ്ധ അമ്മയും, ഈശോയുടെ മരണ സമയത്ത്, മകനായി ഈശോ ഏല്‍പ്പിച്ചു കൊടുത്ത അപ്പസ്തോലന്‍ ജോണുമൊത്ത് ഗദ്സമെനിലെ ചെറു ഭവനത്തില്‍ വര്‍ഷങ്ങളോളം താമസിച്ചു. കാലം കടന്നു പോകവേ, തന്റെ മരണസമയം അടുത്തതായി അമ്മ മനസ്സിലാക്കുന്നു. ഇതേപ്പറ്റി അമ്മ ജോണിനോട് സംസാരിക്കുന്നു:
"എന്റെ മകനും ദൈവവുമായ ഈശോയുടെ സാന്നിധ്യവും സാമീപ്യവും ആയിരുന്നു ഭൂമിയിലെ എന്റെ പറുദീസാ. അവനില്‍ നിന്നകന്നിരിക്കുന്നത് എപ്പോഴും എനിക്ക് ദുഃഖകരമായിരുന്നു. എന്നാല്‍ ഞാനത് മനസ്സാലെ ശാന്തമായി സഹിച്ചു. കാരണം അവന്റെ പ്രവൃത്തികളെല്ലാം അവന്റെ പിതാവ് ആഗ്രഹിച്ചതു പോലെയാണ് അവന്‍ ചെയ്തത്. അത് ദൈവേഷ്ടത്തോടുള്ള അനുസരണമായിരുന്നു. അങ്ങനെ ഞാനും അത് സ്വീകരിച്ചു. കാരണം ഞാനും ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതികള്‍ക്ക്, നിശ്ചയങ്ങള്‍ക്ക് അനുസരണയുള്ള വളായിരുന്നു. ഈശോ എന്നെ വിട്ടുപോയപ്പോഴെല്ലാം തീര്‍ച്ചയായും ഞാന്‍ സഹിച്ചു. ഞാന്‍ ഏകാകിനിയായി... അവന്‍ ബാലനായിരുന്നപ്പോള്‍ രഹസ്യമായി എന്നെ വിട്ടുപോയതില്‍ ഞാന്‍ അനുഭവിച്ച ദുഃഖത്തിന്റെ പാരമ്യം ദൈവത്തിന് മാത്രമേ അളക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ... ദേവാലയത്തിലെ പണ്ഡിതന്‍മാരുമായുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയം, അവന്റെ അമ്മയായ ഞാന്‍ ന്യായമായി ചോദിച്ച ഒരു ചോദ്യമല്ലാതെ മറ്റൊന്നും ഞാന്‍ അവനോടു പറഞ്ഞില്ല. അതുപോലെ, ഗുരുവാകുന്നതിന് അവന്‍ എന്നെ വിട്ടു പോയപ്പോള്‍ ഞാന്‍ അവനെ പിന്നിലേക്ക് വിളിച്ചില്ല. ആ സമയത്ത് ഞാന്‍ ഒരു വിധവയായിരുന്നു. ഏകയായിരുന്നു.... കാനായിലെ വിവാഹവിരുന്നില്‍ വെച്ച് അവന്‍ എന്നോട് പറഞ്ഞ മറുപടിയില്‍ ഞാന്‍ ഒരു വിസ്മയവും കാണിച്ചില്ല. അവന്‍ അവന്റെ പിതാവിന്റെ ഹിതം നിറവേറ്റുകയായിരുന്നു. അതു ചെയ്യുവാന്‍ അവനു ഞാന്‍ സ്വാതന്ത്ര്യം നല്‍കി. ഒരഭിപ്രായം പറയുവാനോ ഒരു കാര്യം ആവശ്യപ്പെടാനോ എനിക്ക് കഴിയുമായിരുന്നു. ശിഷ്യരെക്കുറിച്ച് ഒരഭിപ്രായം പറയുവാനും ഒരു പാവപ്പെട്ടവനു വേണ്ടി യാചന നടത്തുവാനും എനിക്ക് കഴിയുമായിരുന്നു. അതില്‍ക്കൂടുതല്‍ യാതൊന്നും ഇല്ലായിരുന്നു. പാപപങ്കിലമായ ലോകത്തിലേക്ക് പോകുവാന്‍ അവന്‍ എന്നെ വിട്ടു പിരിഞ്ഞപ്പോഴെല്ലാം ഞാന്‍ വേദന അനുഭവിച്ചു. പാപത്തിന്റെ ലോകത്തില്‍ ജീവിക്കുന്നതും അവനു വലിയ സഹാനമായിരുന്നു. എന്നാല്‍ ഓരോ പ്രാവശ്യവും അവന്‍ എന്റെ പക്കലേക്ക് തിരിച്ചു വന്നപ്പോള്‍ എത്രയധികം സന്തോഷമാണ് ഞാന്‍ അനുഭവിച്ചത്. അതു വേര്‍പാടിന്റെ ദുഃഖത്തെക്കാള്‍ വളരെ വലുതായിരുന്നു. അവന്റെ മരണം മൂലം വന്ന വേര്‍പാടിന്റെ ദുഃഖം ഹൃദയഭേദകമായിരുന്നു. എന്നാല്‍ അവന്‍ മരിച്ചവരില്‍ നിന്നുയിര്‍ത്ത് എനിക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വര്‍ണ്ണിക്കുവാന്‍ ഏതു വാക്കുകള്‍ക്കു കഴിയും?
വേര്‍പാടിന്റെ വേദന വളരെ വലുതായിരുന്നു. എന്റെ ഭൌമിക ജീവിതം അവസാനിക്കുമ്പോള്‍ മാത്രമേ അത് തീരുകയുള്ളൂ. ഞാന്‍ ചെയ്യാനുണ്ടായിരുന്നത് ചെയ്തു. ഭൂമിയിലെ എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കി. സ്വര്‍ഗ്ഗത്തിലെ എന്റെ ദൗത്യത്തിന് അന്ത്യമുണ്ടായിരിക്കയില്ല."
ജോണ്‍ വിളറുകയും അസ്വസ്ഥനാവുകയും ചെയ്യുന്നു. അവന്‍ ചോദിക്കുന്നു;"അമ്മെ, അമ്മ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അമ്മയ്ക്ക് അസുഖം വല്ലതുമാണോ?"
"അല്ല, എനിക്ക് സുഖമാണ്."
"എങ്കില്‍, എന്നെ വിട്ടു പോകാന്‍ നീ ആഗ്രഹിക്കുകയാണോ?"
"അല്ല. ഞാന്‍ ഭൂമി യിലായിരിക്കുന്നിടത്തോളം നിന്റെ കൂടെയുണ്ട്. എങ്കിലും, എന്റെ പ്രിയപ്പെട്ട ജോണേ, ഏകനായിക്കഴിയുവാന്‍ നീ ഒരുങ്ങിക്കൊള്ളു."
"ഇല്ലില്ല. അങ്ങനെ പറയുകയേ വേണ്ട. നിനക്ക് മരിക്കാന്‍ സാധിക്കയില്ല. നിന്റെ നിര്‍മലമായ ശരീരം ഒരു പാപിയുടേതു പോലെ മരിക്കാന്‍ പാടില്ല."
"നീ പറയുന്നത് തെറ്റാണു ജോണേ ... എന്റെ മകന്‍ മരിച്ചു. ഞാനും അതുപോലെ മരിക്കും. പക്ഷെ, ജോണ്‍, നീ എന്തിനാണ് ഇങ്ങനെ കരയുന്നത്?"
"കാരണം, നീ എനിക്ക് നഷ്ടപ്പെടാന്‍ പോകയാണ്. ഈ ദുഃഖം താങ്ങാന്‍ എനിക്ക് കഴിവുണ്ടാകയില്ല."
"നീ അത് സഹിച്ചു നില്‍ക്കും. ദൈവം നിന്നെ സഹായിക്കും."
മേരി അവന്റെ അടുത്തേക്കു കുനിഞ്ഞ് അവളുടെ കൈ അവന്റെ ശിരസ്സില്‍ വെയ്ക്കുന്നു. അസ്വസ്ഥനാണെങ്കിലും കുറച്ചു ശാന്തനായിക്കഴിഞ്ഞ ജോണ്‍ മേരിയുടെ മുഖത്തേക്കു തന്നെ നോക്കുന്നു. അവന്റെ മുഖവും മേരിയുടെതുപോലെ വിളറിയിരിക്കുന്നു. എന്നാല്‍ അവളുടെ മുഖത്ത് വളരെ ധവളമായ പ്രകാശം... അവള്‍ വീഴാതെ താങ്ങുന്നതിനിടയില്‍ ജോണ്‍ പറയുന്നു; "മേരീ, നിനക്ക് നില്‍ക്കാന്‍ കഴിവില്ല... വരൂ, ഞാന്‍ നിന്നെ നിന്റെ കിടക്കയില്‍ കിടക്കുവാന്‍ സഹായിക്കാം.." അവന്‍ സ്നേഹത്തോടെ അമ്മയെ കിടക്കയിലേക്കു നയിച്ചു. മേലങ്കി പോലും മാറ്റാതെമേരി ആ കിടക്കയില്‍ കിടന്നു...
ഇരുകരങ്ങളും കുരിശാകൃതിയില്‍ മാറോടു ചേര്‍ത്തുവെച്ച് സ്നേഹത്താല്‍ തിളങ്ങുന്ന ആ ശാന്തമായ കണ്ണുകള്‍ അടച്ച് അവളുടെ അരികിലേക്കു കുനിഞ്ഞു നില്‍ക്കുന്ന ജോണിനോട് അവള്‍ പറയുന്നു: "ഞാന്‍ ദൈവത്തിലാണ്; ദൈവം എന്നിലും. ഞാന്‍ അവനെ ധ്യാനിക്കുമ്പോള്‍ നീ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. എനിക്ക് യോജിച്ച വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വായിക്കുക. ജ്ഞാനത്തിന്റെ അരൂപി നിനക്ക് അവ കാണിച്ചു തരും. പിന്നീട് എന്റെ പുത്രന്റെ പ്രാര്‍ത്ഥന ചൊല്ലുക. മുഖ്യ ദൂതന്റെ മംഗള വാര്‍ത്തയും എലിസബത്തിന്റെ വാക്കുകളും ആവര്‍ത്തി ക്കുവിന്‍. എന്റെ സ്തുതികീര്‍ത്തനവും ആലപിക്കുക. ഭൂമിയില്‍ എനിക്ക് എന്ത് അവശേഷിച്ചി ട്ടുണ്ടോ അതുപയോഗിച്ചു ഞാനും നിന്നോട് ചേരാം."
ഹൃദയത്തില്‍ നിന്നുയരുന്ന കണ്ണീരിനോടു പടവെട്ടി ജോണ്‍, അവന്റെ സുന്ദരമായ സ്വരത്തില്‍ നൂറ്റിപ്പതിനെട്ടാം സങ്കീര്‍ത്തനം ആലപിക്കുന്നു. അതു തീര്‍ന്നപ്പോള്‍ നാല്പ്പത്തൊന്നാം സങ്കീര്‍ത്തനത്തിന്റെ ആദ്യത്തെ മൂന്നു പാദങ്ങളും മുപ്പത്തെട്ടാം സങ്കീര്‍ത്തനത്തിന്റെ ആദ്യത്തെ എട്ടു പാദങ്ങളും ഇരുപത്തിരണ്ടാം സങ്കീര്‍ത്തനവും ഒന്നാം സങ്കീര്‍ത്തനവും ഉരുവിട്ടു. പിന്നീട് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയും തോബിയാസിന്റെ ഗീതവും നിയമാവര്‍ത്തനപ്പുസ്തകത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായവും ഗബ്രിയേലിന്റെയും എലിസബത്തിന്റെയും വാക്കുകളും ചൊല്ലി. അവസാനം മേരിയുടെ "എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു..." എന്ന സ്തുതിഗീതവും ആലപിച്ചു. എന്നാല്‍ ഒന്‍പതാം പാദമായപ്പോള്‍ മേരി ശ്വസിക്കുന്നില്ലെന്നു ജോണിന് മനസ്സിലായി. കാഴ്ചയില്‍ ഒരു വ്യത്യാസവുമില്ല. പുഞ്ചിരിയോടെ സമാധാനത്തില്‍ കിടക്കുന്നു...
ജോണ്‍ ചങ്ക് പൊട്ടിക്കുന്ന ഒരു കരച്ചിലോടെ നിലത്തു വീണു... അവന്‍ മേരിയെ വീണ്ടും വീണ്ടും വിളിക്കുന്നു. അവള്‍ മരിച്ചെന്ന് അവനു ബോധ്യം വരുന്നില്ല... എന്നാല്‍ ഒടുവില്‍ യാഥാര്‍ധ്യത്തിന് അവന്‍
വഴങ്ങേണ്ടതായി വരുന്നു... അവന്റെ കണ്ണുകളില്‍ നിന്ന് ധാരധാരയായി കണ്ണീരൊഴുകി ആ മാധുര്യമേറിയ മുഖത്തു വീഴുന്നു... മേരിക്ക് കൊടുത്ത ഏക ക്ഷാളനം അതായി... സ്നേഹത്തിന്റെ അപ്പസ്തോലന്റെ, ഈശോയുടെ മരണപത്രിക മൂലം അവളുടെ
ദത്തുപുത്രനായവന്റെ കണ്ണീര്‍ ക്ഷാളനം .....
(ദൈവ മനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)