പരിശുദ്ധ അമ്മയും 12 അപ്പസ്തോലന്‍മാരും അന്ത്യ അത്താഴ മുറിയില്‍ ഒന്നിച്ചു കൂടിയിരിക്കയാണ്. .അമ്മ തനിയെ അവളുടെ ഇരിപ്പിടത്തില്‍ ഇരിക്കുന്നു. പത്രോസും ജോണും അവളുടെ ഇരുവശങ്ങളിലും പുതിയ അപ്പസ്തോലന്‍ മത്തിയാസ്, ഈശോയുടെ സഹോദരന്മാരായ (കസിന്‍സ് ) ജയിംസിന്റെയും യുദാ തദ്ദേവുസിന്റെയും ഇടയ്ക്കായും അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു.
മേരി ഒരു ചുരുള്‍ കൈയില്‍ നിവര്‍ത്തിപ്പിടിച്ചു വായിക്കയാണ്. മറ്റുള്ളവര്‍ നിശബ്ട്തയില്‍ അവളെ ശ്രവിച്ചു ധ്യാനിക്കുന്നു. ഇടയ്ക്കിടെ അവര്‍ ഉചിതമായ മറുപടി പ്രാര്‍ത്ഥന നടത്തുന്നു.
മേരിയുടെ വായന പത്രോസിനെ ആഴമായി സ്പര്‍ശിക്കുന്നു. രണ്ടു വലിയ കണ്നീര്‍ത്തുള്ളികള്‍ അയാളുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്നു.
വായന കഴിഞ്ഞു. മേരിയുടെ ശബ്ദം നിന്നു. അവള്‍ ഇരു കരങ്ങളും മാറോടണച്ച് ശിരസ്സു കുനിച്ചു രഹസ്യമായി പ്രാര്‍ഥിക്കുന്നു.
പെട്ടെന്ന്, വളരെ ഉച്ചത്തിലുള്ള ഒരു കുടുക്കം, മാധുര്യമുള്ള ഒരു ശബ്ദം, കാറ്റിന്റെതു പോലെയും വീണയുടേതു പോലെയും ഒരു സ്വരം, പുലരിയുടെ നിശബ്ദതയില്‍ കേള്‍ക്കുന്നു. അത് അടുത്തടുത്ത് വരികയാണ്. ഇമ്പമേറിയ സംഗീതം; ആ സംഗീത പ്രവാഹം ആ ഭവനത്തെ പ്രകമ്പനം കൊള്ളിക്കുന്നു.
അപ്പസ്തോലന്മാര്‍ ഭയപ്പെട്ട് ശിരസ്സുയര്‍ത്തുന്നു. മ്മധുര്യമേറിയ ആ സ്വര്‍ഗ്ഗീയ സംഗീത പ്രകമ്പനം അടുത്തടുത്തു വന്നപ്പോള്‍ ചിലരെല്ലാം ഓടി രക്ഷപ്പെടുവാന്‍ എഴുന്നേറ്റു. ചിലര്‍ നിലത്തു പതുങ്ങിക്കിടന്ന് അവരുടെ ശിരസ്സ് കൈകള്‍ കൊണ്ടും മേലങ്കി കൊണ്ടും മറച്ചു. ചിലര്‍ മാറത്തടിച്ചു നിലവിളിച്ചു കൊണ്ട് ദൈവത്തോട് മാപ്പപേക്ഷിച്ചു; ചിലര്‍ പേടിച്ച് മേരിയുടെ അടുത്തു വന്നു ചേര്‍ന്ന് നില്‍ക്കുന്നു. അവര്‍ക്ക് മേരിയോടുണ്ടായിരുന്ന ആ ബഹുമാനത്തില്‍ നിന്നുള്ള അകല്‍ച്ച, പേടി കൊണ്ട് വിട്ടുപോയി. ജോണിനു മാത്രം ഭയമില്ല. കാരണം, മേരിയുടെ മുഖത്തു കാണുന്ന സമാധാനപൂര്‍ണ്ണമായ വര്‍ദ്ധിച്ച സന്തോഷത്തില്‍, അവള്‍ തലയുയര്‍ത്തി പുഞ്ചിരി തൂകിക്കൊണ്ട് ഊര്‍ന്നിറങ്ങി മുട്ടിന്മേല്‍ നിന്നു. അവളുടെ ഇരു കരങ്ങളും നീട്ടിയപ്പോള്‍ മേലങ്കി ചിറകുകള്‍ പോലെ വിടര്‍ന്നു പത്രോസും ജോണും അതിനുള്ളിലായി. അവളെ അനുകരിച്ച് അവരും മുട്ടു കുത്തി നില്‍ക്കുന്നു.
അതിനുശേഷം, പ്രകാശം, അഗ്നി, പരിശുദ്ധ റൂഹാ, കത്തിജ്ജ്വലിക്കുന്ന ഒരു പ്രകാശഗോളമായി അടച്ചിരിക്കുന്ന ആ മുറിയിലേക്ക് വന്നു. അത് മേരിയുടെ ശിരസ്സിനു മുകളില്‍ ഒരു മിനിറ്റു നിന്നു. പിന്നീട്,
അതിപരിശുദ്ധമായ ആ അഗ്നിഗോളം, പതിമൂന്ന് ശക്തമായ ജ്വാലകളായി വിഭജിച്ച്, ഭൂമിയിലെ യാതൊന്നുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത പ്രഭയോടെ താണ് ഓരോ അപ്പസ്തോലന്റെയും നെറ്റിത്തടത്തില്‍ ചുംബിക്കുന്നു.
എന്നാല്‍ മേരിയുടെ മേല്‍ ഇറങ്ങുന്ന ജ്വാല, നേരെയുള്ള ഒരു തീനാവല്ല. അവളുടെ ശിരസ്സിനു ചുറ്റും വെയ്ക്കുന്ന ഒരു മുടി പോലെയാണുള്ളത്... രാജ്ഞിയും പുത്രിയുമായി അവളെ മുടി ധരിപ്പിക്കയാണ്... അവളുടെ അനുഗ്രഹീതമായ മുഖം, അതി സ്വാഭാവിക ആനന്ദത്താലും പുഞ്ചിരിയാലും രൂപാന്തരപ്പെട്ടിരിക്കുന്നു...
ആ അഗ്നി പ്രകാശം കുറച്ചു സമയത്തേക്കുണ്ട്. പിന്നീട് അത് അപ്രത്യക്ഷമായി...അത് താണിറങ്ങിയതിന്റെ ഓര്‍മ്മക്കായി ഒരു സുഗന്ധം അവശേഷിച്ചിരിക്കുന്നു....