1974 ഫെബ്രുവരി 23 ന് പരിശുദ്ധ അമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി നല്‍കിയ സന്ദേശം:
"ഞാന്‍ പ്രത്യേകമായി സ്നേഹിക്കുന്ന എന്റെ മക്കളാണ് വൈദികര്‍. കാരണം അവരുടെ ദൈവവിളി തന്നെ യേശു
ആകുന്നതിനത്രേ.
തങ്ങളുടെ ന്യുനതകള്‍ കൊണ്ടോ വീഴ്ചകള്‍ കൊണ്ടോ അവര്‍ അസ്വസ്ഥരാകാതിരിക്കട്ടെ. ഞാന്‍ അമ്മയാണ്. എന്റെ ഏറ്റവും വലിയ ആനന്ദം മാപ്പു നല്‍കുന്നതിലത്രെ. കാരണം, ഇത് മൂലം പിന്നീട് അവരോടു കൂടുതല്‍ സ്നേഹം കാണിക്കാന്‍ എനിക്ക് കഴിയും.
എന്റെ ഈ മക്കള്‍ തങ്ങളെ പൂര്‍ണ്ണമായും എനിക്ക് തരുന്നതിന് ഭയപ്പെടരുത്. പ്രശ്നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തിലാണ് അവര്‍ ജീവിക്കുന്നത്. അവരില്‍ പലര്‍ക്കും എന്റെ പുത്രനിലും എന്നിലുമുള്ള വിശ്വാസം കുറഞ്ഞു വരുന്നു. ദുര്‍മാതൃകകള്‍ എല്ലായിടത്തും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു. അവരില്‍ അനേകം പേരും വളരെയധികം നിരുല്‍സാഹപ്പെട്ടു പോകുന്നു. എന്നെ വിളിച്ചപേക്ഷിക്കേണ്ട സമയം ഇതാണ്. അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്താന്‍ ഞാന്‍
കാത്തിരിക്കുകയാണ്.
കൊച്ചുകുട്ടികളെപ്പോലെ അവര്‍ നിലവിളിക്കുന്നതു കാണുന്നതാണ് എന്റെ ഹൃദയത്തെ ഏറ്റം ശക്തമായി സ്പര്‍ശിക്കുന്നത്. നിലവിളിക്കുന്ന സ്വന്തം കുഞ്ഞിന്റെ മുന്‍പില്‍ അലിവില്ലാതിരിക്കുവാന്‍ ഒരമ്മക്ക് കഴിയുമോ?കണ്ടാലും!! സര്‍വതും തകരുമ്പോള്‍ അവശേഷിക്കുന്നത്, ശക്തിയായി ഇടപെടാന്‍ എന്നെ നിര്‍ബന്ധിക്കുന്ന അവരുടെ കണ്ണുനീരിന്റെ ശക്തിയത്രേ! എന്റെ വിജയം വൈദികരായ എന്റെ ഈ പ്രിയപ്പെട്ടവരിലാണ് ആരംഭിക്കുന്നത്."