പരിശുദ്ധ അമ്മ അപ്പസ്തോലന്‍ ജോണിനോട് സംസാരിക്കുകയാണ്.
"ദൈവം സ്നേഹമാണ്. അവന്റെ ഓരോ പ്രവൃത്തിയും സ്നേഹത്തിന്റെ പ്രവൃത്തിയാണ്. സൃഷ്ടികര്‍മം മുതല്‍ മനുഷ്യാവതാരം വരെ;
മനുഷ്യാവതാരം മുതല്‍ രക്ഷാകര്‍മ്മം വരെ; രക്ഷാകര്‍മ്മം മുതല്‍ സഭയുടെ സ്ഥാപനം വരെ; അവസാനം, നീതിമാന്മാരെല്ലാവരും കര്‍ത്താവില്‍ സന്തോഷിക്കുന്നതിന് സ്വര്‍ഗീയ ജെറുസലേമില്‍ ഒന്നിച്ചു ചേരുന്നതു വരെ. ഞാന്‍ നിന്നോട് ഇതു പറയുന്നത് നീ സ്നേഹത്തിന്റെ അപ്പസ്ടോലനായതു കൊണ്ടും മറ്റുള്ളവരേക്കാള്‍ കൂടുതലായി നിനക്ക് ഇവ മനസ്സിലാക്കാന്‍ കഴിവുള്ളതു കൊണ്ടുമാണ്."
ജോണ്‍ ഇടയ്ക്ക് കയറി പറയുന്നു; " മറ്റുള്ളവരും സ്നേഹിക്കുന്നുണ്ട്; പരസ്പരവും സ്നേഹിക്കുന്നുണ്ട്."
"ശരിയാണ്. എങ്കിലും മറ്റുള്ളവരേക്കാള്‍ സ്നേഹത്തില്‍ മുന്‍പന്‍ നീയാണ്. നിങ്ങള്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. പന്ത്രണ്ടു പേരില്‍ നീ എപ്പോഴും സ്നേഹമായിരുന്നു. പരിശുദ്ധവും സ്വഭാവാതീതവുമായ സ്നേഹമായിരുന്നു. തീച്ചയായും നീ വളരെ പരിശുദ്ധനാണ്. പത്രോസിനെ നോക്കുക; പരമാര്‍ഥിയെങ്കിലും വികാരാധീനനായ മനുഷ്യന്‍; അവന്റെ സഹോദരന്‍ ആന്‍ഡ്രൂ മൗനിയും ശങ്കയുള്ളവനും; നിന്റെ സഹോദരന്‍ ജയിംസ്, ഉടനടി
പ്രതികരിക്കുന്നവന്‍; ഈശോ അവനെ ഇടിയുടെ പുത്രന്‍ എന്നു
വിളിക്കുവാന്‍ ഇടയാക്കി. മറ്റേ ജയിംസ്, ഈശോയുടെ കസിന്‍, നീതിമാനും ധീരനും; അവന്റെ സഹോദരന്‍ യുദാസ്, വിശ്വസ്തനും കുലീനനും; ഫിലിപ്പും ബര്‍ത്തലോമിയോയും പാരമ്പര്യവാദികള്‍; തീക്ഷ്ണനായ സൈമണ്‍, വിവേകിയായ മനുഷ്യന്‍; തോമസ്, സമാധാനമുള്ളവന്‍; മാത്യു, എളിയ മനസ്ഥിതിക്കാരന്‍; പിന്നെ,
കറിയോത്തുകാരന്‍ യുദാസ്, ക്രിസ്തുവിന്റെ ആട്ടിന്‍കൂട്ടത്തിലെ കറുത്ത ആട്; ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ചൂടു പറ്റിയ സര്‍പ്പം;
സാത്താനെപ്പോലെ കള്ളം പറയുന്നവന്‍; എന്നാല്‍ മുഴുവനും സ്നേഹമായ നിനക്ക്, സ്നേഹം കൂടുതല്‍ നന്നായി മനസ്സിലാക്കുവാനും എല്ലാവര്‍ക്കും വേണ്ടി സ്നേഹത്തിന്റെ ശബ്ദമാകാനും കഴിയും. ദൂരെയുള്ളവര്‍ക്കും എന്റെയീ അവസാനത്തെ ഉപദേശം കൊടുക്കുവാന്‍ സാധിക്കും. അവരോട് ഇതാണ് പറയേണ്ടത്; അവര്‍ പരസ്പരം സ്നേഹിക്കണം. എല്ലാവരെയും സ്നേഹിക്കണം. അവരെ
പീഡിപ്പിക്കുന്നവരെയും സ്നേഹിക്കണം. ദൈവത്തോട്
ഒന്നായിത്തീരണമെങ്കില്‍ അത് വേണം. നിത്യനായ സ്നേഹത്തിന്റെ മനവാട്ടിയായി തെരെഞ്ഞെടുക്കപ്പെടുന്നതിന് അത് ആവശ്യമായിരുന്നു. പരിധികളൊന്നും വെയ്ക്കാതെ ഞാന്‍ എന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. ആ സമര്‍പ്പണം എത്രയധികം ദുഃഖം എനിക്കു വരുത്തുമെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാന്‍ അപ്രകാരം ചെയ്തു. പ്രവാചകന്മാര്‍ എന്റെ മനസ്സിലുണ്ടായിരുന്നു. ദൈവിക പ്രകാശം അവരുടെ വാക്കുകള്‍ എനിക്കു വ്യക്തമാക്കിത്തന്നു. അതിനാല്‍ എന്റെ ആദ്യത്തെ "അപ്രകാരം ഭവിക്കട്ടെ" എന്നുള്ള വാക്ക് ദൈവദൂതനോടു പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ എന്നെത്തന്നെ ഒരമ്മയ്ക്ക് സഹിക്കാനുണ്ടാവുന്ന ഏറ്റവും വലിയ ദുഃഖത്തിനു സമര്‍പ്പിക്കയായിരുന്നു. എങ്കിലും ഒന്നും എന്റെ സ്നേഹത്തിന് അതിര്‍ത്തി വെച്ചില്ല. സ്നേഹം വാസ്തവത്തില്‍ ഒരു തീജ്വാലയാണ്. നശ്വരമായതിനെ തീജ്വാല നശിപ്പിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിന് അര്‍ഹമായ വിശുദ്ധീകരിക്കപ്പെട്ട അരൂപിയെ അതില്‍നിന്ന് ഉയര്‍ത്തുന്നു. പുരോഹിതരായ നിങ്ങളുടെ പാതകളില്‍, തകര്‍ന്നവരെ, പങ്കിലമാക്കപ്പെട്ടവരെ, തുരുമ്പുപിടിച്ചു നശിക്കാറായവരെ,
എത്രയധികമായി നിങ്ങള്‍ കാണും! അവരില്‍ ഒരുവനെപ്പോലും നിരസിക്കരുത്. അവരെ സ്നേഹിക്കണം. അവര്‍ സ്നേഹത്തിലെത്തുവാനും അങ്ങനെ രക്ഷിക്കപ്പെടുവാനും ഇടയാക്കണം.
പലപ്പോഴും മനുഷ്യര്‍ ദുഷ്ടരാകുന്നത് അവരെ ഒരിക്കലും ആരും സ്നേഹിച്ചിട്ടില്ലാത്തതു കൊണ്ടാണ്; അഥവാ, മോശമായി സ്നേഹിച്ചതു കൊണ്ടാണ്. അങ്ങനെയുള്ളവരെ സ്നേഹിക്കുവിന്‍. പരിശുദ്ധനായ അരൂപി അവരെ വിശുദ്ധീകരിച്ച് ആ ദേവാലയങ്ങളില്‍ വന്നു വസിക്കുവാന്‍ ഇടയാകട്ടെ.
മനുഷ്യനെ സൃഷ്ടിക്കുവാന്‍ ദൈവം ഒരു മാലാഖയെയോ വിശിഷ്ട വസ്തുവിനെയോ അല്ല ഉപയോഗപ്പെടുത്തിയത്; അവന്‍ അല്‍പ്പം
ചെളി യാണെടുത്തത്. വിലയില്ലാത്ത വസ്തു; എന്നാല്‍ അവന്റെ നിശ്വാസം മനുഷ്യനില്‍ പ്രവേശിച്ച്, അതായത്, അവന്റെ സ്നേഹം മനുഷ്യനില്‍ നിക്ഷേപിച്ച് വില കെട്ട വസ്തുവിനെ, ഏറ്റം ഉന്നതനായ ദൈവത്തിന്റെ ദത്തുപുത്ര സ്ഥാനത്തേക്കുയര്‍ത്തി. എന്റെ പുത്രന്‍, അഴുക്കില്‍ വീണ അനേകരെ അവന്റെ മാര്‍ഗ്ഗത്തില്‍ക്കണ്ടു. അവന്‍ അവരെ ഒരിക്കല്‍പ്പോലും ചവിട്ടി മെതിച്ചില്ല. നേരെ മറിച്ച്, അവന്‍ അവരെ ശേഖരിച്ചു; സ്വീകരിച്ചു; സ്വര്‍ഗ്ഗത്തിന് അനുയോജ്യരായി
രൂപാന്തരപ്പെടുത്തി. ഇക്കാര്യം എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. അവന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യുക. എല്ലാം ഓര്‍ത്തിരിക്കുവിന്‍. എന്റെ പുത്രന്റെ വാക്കുകളും പ്രവൃത്തികളും ഓര്‍ത്തിരിക്കുവിന്‍. അവന്റെ ഉപമകള്‍ - കാരുണ്യത്തിന്റെ ഉപമകള്‍ ഓര്‍മ്മിക്കുവിന്‍. അവയില്‍ ജീവിക്കുവിന്‍. അതായത് അവ പ്രവൃത്തിയിലാക്കുവിന്‍. അവ എഴുതുവിന്‍. അങ്ങനെ അവ ഭാവി തലമുറകള്‍ക്കും ലഭിക്കുവാനിടയാകട്ടെ. കാലത്തിന്റെ അന്ത്യം വരെ സന്മനസ്സുള്ള ഏവര്‍ക്കും അവ വഴികാട്ടിയായിരിക്കട്ടെ!"