ജാലകം നിത്യജീവൻ: ദിവ്യകാരുണ്യം - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Saturday, June 25, 2011

ദിവ്യകാരുണ്യം - ഈശോയുടെ പ്രബോധനം

1944 ജൂണ്‍ 2 ന്,  മരിയ വാള്‍ത്തോര്‍ത്തക്ക് ആട്ടിടയന്മാര്‍ ഉണ്ണീശോയെ ബെത്ലഹെമില്‍ വന്നുകണ്ട് ആരാധിക്കുന്ന ദര്‍ശനം ഈശോ  നല്‍കി. അന്ന്, പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു. ദര്‍ശനത്തിനുശേഷം അതെപ്പറ്റി ഈശോ ഇപ്രകാരം 
വിശദീകരണം നല്‍കുന്നു. 


"പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസമാണല്ലോ ഇന്ന്.           ദിവ്യകാരുണ്യത്തെക്കുറിച്ചും അതിന്റെ പ്രേഷിതരെക്കുറിച്ചും ഞാന്‍ പറയാം. 
ദൈവത്തിന്റെ ശരീരത്തിന്റെ ആദ്യത്തെ ആരാധകര്‍ ആട്ടിടയന്മാരായിരുന്നു. മാംസമായ വചനത്തിന്റെ ശരീരത്തെ ആദ്യം ആരാധിച്ചത് അവരായിരുന്നു. എന്റെ ശരീരത്തിന്റെ ആരാധകരാകുവനുള്ള എല്ലാ ഗുണവിശേഷങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
ഉറച്ച വിശ്വാസം :
അവര്‍ ദൈവദൂതനെ ചോദ്യം ചെയ്യാതെ ഉത്സാഹപൂര്‍വം വിശ്വസിക്കുന്നു.
ഔദാര്യം :
അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ കര്‍ത്താവിനു കൊടുത്തു.
എളിമ :
മാനുഷികമായ വീക്ഷണത്തില്‍ അവരെക്കാള്‍ ദരിദ്രരായവരെ അവര്‍ സമീപിക്കുന്നു. അവരെ ഒട്ടും താഴ്ത്താതെ വിനയത്തോടെ പെരുമാറുന്നു.തങ്ങളെത്തന്നെ ദാസരായി  ഏറ്റു പറയുന്നു. 
ആഗ്രഹം :
അവര്‍ക്ക് കൊടുക്കാന്‍ സാധിക്കാത്തത് അവരുടെ പരിശ്രമ ഫലമായി മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. 
(ഇടയന്മാരുടെ പരിശ്രമഫലമായി  തിരുക്കുടുംബത്തിനു താമസിക്കാന്‍ അന്ന എന്ന സ്ത്രീയുടെ വീട്ടില്‍ പിന്നീട് സൗകര്യം ലഭിച്ചു. ഇടയന്‍ ഏലിയാസിന്റെ സ്വാമിനിയായിരുന്നു അന്ന.) 
ഉത്സാഹപൂര്‍വമുള്ള അനുസരണം 
ഈശോ ജനിച്ച വിവരം ബന്ധുവായ സക്കറിയാസിനെ അറിയിക്കുവാന്‍ മേരി ആഗ്രഹിക്കുന്നു. ഏലിയാസ് ഉടനെ പോകുന്നു. അക്കാര്യം നീട്ടി വെയ്ക്കുന്നില്ല. 
സ്നേഹം :
ഈശോയുടെ അടുത്തുനിന്നു പോകുന്നത് അവര്‍ക്ക് വേദനയായിരുന്നു.   അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ ഉണ്ണിയുടെ പക്കല്‍ എല്പിച്ചിട്ടാണ് പോയത്.  

                       ഇതു തന്നെ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും 
സംഭവിക്കേണ്ടതല്ലേ? എന്നാല്‍ വേറൊരു കാര്യമുണ്ട്. ദൈവദൂതന്‍ ആര്‍ക്കാണ് ആദ്യമേ സ്വയം വെളിപ്പെടുത്തിയത്? ബാലനായ ലേവിക്കല്ലേ?  (ആട്ടിടയന്മാരില്‍ ഏറ്റം പ്രായം  കുറഞ്ഞവന്‍  ബാലനായ   ലേവിയായിരുന്നു. ലേവിക്കാണ് ദൈവദൂതന്‍ ആദ്യമായി കാണപ്പെട്ടത്)  
ഒരു ശിശുവിന്റെ ആത്മാവുള്ളവര്‍ക്കാണ് ദൈവം സ്വയം  വെളിപ്പെടുത്തുന്നത്. തന്റെ രഹസ്യങ്ങള്‍ അവിടുന്ന് അവര്‍ക്ക് വെളിപ്പെടുത്തികൊടുക്കുന്നു.

ദിവ്യകാരുണ്യത്തിന്റെ വാഹകയാണ് മേരി. ജീവനുള്ള അരുളിക്കയാണവള്‍. മേരിയുടെ പക്കല്‍ പോകുന്നവര്‍ എന്നെ കാണുന്നു. അവളോടു ചോദിക്കുന്നവര്‍ക്ക് അവളില്‍ നിന്ന് എന്നെ ലഭിക്കുന്നു."