ജാലകം നിത്യജീവൻ: പത്തു കുഷ്ഠരോഗികൾ

nithyajeevan

nithyajeevan

Wednesday, May 18, 2011

പത്തു കുഷ്ഠരോഗികൾ


            ഈശോ എഫ്രായിമിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കയാണ്. അപ്പസ്തോലന്മാർ ഒപ്പമുണ്ട്. അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങള്‍ക്കും ഈശോ ക്ഷമയോടെ, കാരുണ്യപൂർവം മറുപടി നൽകുന്നു. പർവതത്തിലൂടെയുള്ള ദുർഘടവഴിയിലൂടെ അവർ മുമ്പോട്ടു നീങ്ങവേ, സമീപെയുള്ള കുന്നിൻമുകളിൽ നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു; "ഈശോയെ, റബ്ബി ഈശോയേ, ദാവീദിന്റെ പുത്രാ, ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ."

"അവർ കുഷ്ഠരോഗികളാണ്. ഗുരുവേ, നമുക്ക് പോകാം. അല്ലെങ്കിൽ ഗ്രാമം മുഴുവനും ഓടിയെത്തി അവരുടെ വീടുകളിൽ നമ്മെ തടഞ്ഞുവയ്ക്കും." അപ്പസ്തോലന്മാർ പറയുന്നു.

കുഷ്ഠരോഗികൾ അവർക്കു മുമ്പിൽ ഉയരത്തിലാണ്. അവർ ഞൊണ്ടിയും വലിഞ്ഞും കരഞ്ഞുകൊണ്ട് ഈശോയുടെ പക്കലേക്കു പാഞ്ഞുവരികയാണ്.

"നമുക്ക് ഗ്രാമത്തിലേക്കു പോകാം ഗുരുവേ, അവർക്ക് അവിടെ വരാൻ സാധിക്കയില്ല." അപ്പസ്തോലന്മാരിൽ ചിലർ പറയുന്നു. "നമ്മൾ ഗ്രാമത്തിൽ പ്രവേശിച്ചാൽ കുഷ്ഠരോഗികളെ ഒഴിവാക്കാൻ കഴിയും. പക്ഷേ നമ്മെ കണ്ടുപിടിക്കുകയും താമസിപ്പിക്കുകയും ചെയ്യാതിരിക്കയില്ല."

കുഷ്ഠരോഗികൾ  ഇതിനോടകം ഈശോയുടെ പക്കലേക്കു  കൂടുതൽ അടുത്തുകഴിഞ്ഞു. അപ്പസ്തോലന്മാരുടെ എതിർപ്പു വകവയ്ക്കാതെ ഈശോ മുമ്പോട്ടുതന്നെ നടക്കുകയാണ്. അപ്പസ്തോലന്മാർ  നിവൃത്തികേടു കൊണ്ട് അവനെ അനുഗമിക്കുന്നു. കുറെ സ്ത്രീകളും ഏതാനും വൃദ്ധന്മാരും കാണുവാൻ ഇറങ്ങിവന്നു. അവർ കുഷ്ഠരോഗികളിൽ നിന്ന് വിവേകപൂർവം അകന്നാണു നിൽക്കുന്നത്. കുഷ്ഠരോഗികൾ  ഈശോയിൽനിന്ന് ഏതാനും മീറ്റർ അകലെ നിന്നുകൊണ്ട് വീണ്ടും കരഞ്ഞപേക്ഷിക്കുന്നു; 'ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.'

ഈശോ ഒരുനിമിഷം അവരെ നോക്കി. അനന്തരം അവരുടെ അടുത്തേക്കു പോകാതെ ചോദിക്കുന്നു: "നിങ്ങൾ ഈ ഗ്രാമത്തിലെ ആളുകളാണോ?"

"അല്ല ഗുരുവേ, ഞങ്ങൾ പല സ്ഥലങ്ങളിൽ നിന്നു വന്നവരാണ്. ഞങ്ങൾ താമസിക്കുന്ന മലയുടെ എതിർവശം ജറീക്കോ റോഡാണ്. അതിനാൽ നല്ല ഒരു സ്ഥാനവും."

"എങ്കിൽ നിങ്ങളുടെ മലയ്ക്ക് ഏറ്റം അടുത്തുള്ള ഗ്രാമത്തിലേക്കു പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുക. 

ഈശോ നടന്നു പോവുകയാണ്. ഈശോയെ നോക്കിനിൽക്കുന്ന കുഷ്ഠരോഗികളെ സ്പർശിക്കാതിരിക്കാൻ റോഡിന്റെ എതിർവശത്തുകൂടിയാണ് പോകുന്നത്.  ഈശോ  അടുത്തെത്തിയപ്പോൾ അവർ പ്രത്യാശപൂർവ്വം നോക്കുന്നു.  അവർ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ ഈശോ കൈകളുയർത്തി അവരെ അനുഗ്രഹിക്കുന്നു. 
ഗ്രാമത്തിലെ  ആളുകൾ നിരാശരായി വീടുകളിലേക്കു മടങ്ങി. കുഷ്ഠരോഗികൾ നിരങ്ങി മുകളിലേക്കു കയറി അവരവരുടെ ഗുഹകളിലേക്കു പോകുന്നു. ചിലരെല്ലാം ജറീക്കോ റോഡിന്റെ ഭാഗത്തേക്കും.

"അവരെ നീ സുഖപ്പെടുത്താതിരുന്നതു നന്നായി. ഗ്രാമത്തിലെ  ആളുകൾ നമ്മെ വിടില്ലായിരുന്നു.

"അതെ, രാത്രിയാകുന്നതിനു മുമ്പ് നമുക്ക് എഫ്രായിമിൽ എത്തുകയും വേണം."

ഈശോ മൗനം പാലിച്ചു നടക്കുകയാണ്. വളഞ്ഞുകിടക്കുന്ന റോഡായതിനാൽ ഗ്രാമം ഇപ്പോൾ കാണാനില്ല. എന്നാൽ ഒരു മനുഷ്യസ്വരം അവരുടെ കാതുകളിൽ എത്തുന്നു. "അത്യുന്നതനായ ദൈവത്തിനു സ്തുതി. യൂദയായിലും സമരിയായിലും ഗലീലിയായിലും യോർദ്ദാന്റെ അപ്പുറത്തുമുള്ള പട്ടണവാസികളേ, അവനെ സ്തുതിക്കുവിൻ. അത്യുന്നതനും അവന്റെ ക്രിസ്തുവിനുമുള്ള സ്തുതി ഹെർമോന്റെ മുകളിലുളള മഞ്ഞുവരെ മാറ്റൊലിക്കൊള്ളട്ടെ. ബാലാമിന്റെ പ്രവചനം നിറവേറിയിരിക്കുന്നു. ഗോത്രപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഇവിടെ നിറവേറിയിരിക്കുന്നു. പാലസ്തീനായിലെ ജനങ്ങളേ, ഇതു ശ്രദ്ധാപൂർവം ശ്രവിച്ചു മനസ്സിലാക്കുവിൻ. ഇതു കർത്താവാകുന്നു. അവനെ അനുഗമിക്കുവിൻ. ഇവിടെയിതാ പ്രകാശം നമ്മുടെയിടയിൽക്കൂടി കടന്നുപോകുന്നു. ആത്മാവിൽ അന്ധരായിരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ കണ്ണുകൾ തുറക്കുവിൻ. കാണുവിൻ."

കുഷ്ഠരോഗികളിൽ  ഒരുവൻ അവരെ അനുഗമിക്കുന്നു. അവൻ അടുത്തേക്കു  വരികയും ഈശോയെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.

അപ്പസ്തോലന്മാർക്ക് അസഹ്യത. രണ്ടുമൂന്നു പ്രാവശ്യം അവർ തിരിഞ്ഞുനോക്കി,  പൂർണ്ണസൗഖ്യം പ്രാപിച്ച അവനോട് ശബ്ദിക്കരുതെന്ന് ആജ്ഞാപിക്കുന്നു. അവസാനം ഭീഷണിയായി.
അവൻ ഒരുനിമിഷത്തേക്ക് അവന്റെ പ്രഭാഷണം നിർത്തി, എല്ലാവരോടും മറുപടി പറയുവാൻ. "ദൈവം എനിക്കു ചെയ്ത വൻകാര്യങ്ങൾ ഞാൻ പറയാതിരിക്കണമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അവനെ വാഴ്ത്തരുതെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്?"

"നിന്റെ ഹൃദയത്തിൽ അവനെ വാഴ്ത്തുക. എന്നിട്ട് അടങ്ങൂ."

"ഇല്ല, എനിക്കു സംസാരിക്കാതിരിക്കുക സാദ്ധ്യമല്ല. ദൈവം എന്റെ അധരങ്ങളിൽ വാക്കുകൾ വയ്ക്കുന്നു." അവൻ  അൽപ്പംകൂടി ഉച്ചത്തിൽ അവന്റെ പ്രഭാഷണം  തുടരുന്നു. ആൾക്കൂട്ടം വർദ്ധിച്ചുവരുന്നു. 

"അവനെ നിശ്ശബ്ദനാക്കൂ കർത്താവേ, അവൻ  സമരിയാക്കാരനാണ്. നിന്നെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് മുൻപേ പോകാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ അവൻ   സംസാരിക്കുവാനും നീ അനുവദിക്കരുത്." അപ്പസ്തോലന്മാർ കോപത്തോടെ പറയുന്നു.

"എന്റെ പ്രിയ സ്നേഹിതരേ, മോശ നൂനിന്റെ മകനായ ജോഷ്വായോടു പറഞ്ഞ വാക്കുകൾ ഞാൻ  ഇപ്പോൾ നിങ്ങൾക്കായി ആവർത്തിക്കാം. എൽദാദും മെദാദും കൂടാരത്തിനുള്ളിൽ പ്രവചിക്കുന്നു എന്ന് ജോഷ്വാ പരാതിപ്പെട്ടു. 'എന്നെക്കുറിച്ച് നിനക്ക് അസൂയയാണോ?' ഓ! യാഹ്വേയുടെ ജനം മുഴുവനും പ്രവചിച്ചിരുന്നെങ്കിൽ... യാഹ്വേ തന്റെ അരൂപി അവർക്കെല്ലാവർക്കും കൊടുത്തിരുന്നെങ്കിൽ.... എന്നാലും നിങ്ങളുടെ  സന്തോഷത്തിനായി അവന്റെ സംസാരം ഞാൻ  നിർത്താം."

ഈശോ നിന്ന് പുറകോട്ടു തിരിഞ്ഞ് സുഖം പ്രാപിച്ച  കുഷ്ഠരോഗിയെ വിളിച്ചു. അയാൾ ഓടിച്ചെന്ന് ഈശോയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച് നിലം ചുംബിക്കയാണ്.

"എഴുന്നേൽക്കൂ, മറ്റുള്ളവർ എവിടെ? നിങ്ങൾ  ആകെ പത്തുപേരായിരുന്നില്ലേ? ബാക്കി ഒൻപതുപേർക്കും കർത്താവിനു നന്ദി പറയേണ്ടത് ആവശ്യമാണെന്നു തോന്നിയില്ല. എന്ത്? പത്തു കുഷ്ഠരോഗികളിൽ  സമരിയാക്കാരനായി ഒരുവൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ? ഈ വിദേശിയായ ഒരുത്തനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് കർത്താവിനെ മഹത്വപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നു തോന്നിയില്ലല്ലോ. എന്നിട്ട്  അവർ പറയുന്നു, അവൻ   ഒരു സമരിയാക്കാരനാണെന്ന്. വിദേശീയർ അവന്റെ വാക്കു മനസ്സിലാക്കുന്നു. അവന്റെ നാട്ടുകാർ മനസ്സിലാക്കുന്നുമില്ല. എങ്കിൽ വചനം അന്യഭാഷയാണോ സംസാരിക്കുന്നത്?"

ഈശോ തന്റെ സുന്ദരമായ കണ്ണുകൾ  പാലസ്തീനായുടെ എല്ലാ ഭാഗങ്ങളിൽനിന്നും അവിടെ വന്നുകൂടിയിരിക്കുന്നവരുടെ മേൽ തിരിക്കുന്നു.  ആ നോട്ടം താങ്ങാനാവാതെ പലരും സ്ഥലം വിടുന്നു.
ഈശോ കണ്ണുകൾ   താഴ്ത്തി വളരെ കാരുണ്യത്തോടെ തന്റെ പാദത്തിങ്കൽ മുട്ടിന്മേൽ നിൽക്കുന്ന  സമരിയാക്കാരനെ നോക്കുന്നു. കരമുയർത്തി അവനെ അനുഗ്രഹിച്ചുകൊണ്ട് ഈശോ പറയുന്നു: "എഴുന്നേൽക്കൂ, പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്റെ ജഡത്തേക്കാൾ ശ്രേഷ്ടമായി നിന്നിലുള്ള എന്തിനെയോ രക്ഷിച്ചിരിക്കുന്നു. ദൈവത്തിന്റെ പ്രകാശത്തിൽ മുന്നേറുക. പോകുക."