ജാലകം നിത്യജീവൻ: ഒരു ധ്യാനാനുഭവം

nithyajeevan

nithyajeevan

Friday, May 20, 2011

ഒരു ധ്യാനാനുഭവം


ധ്യാനഗുരു ഫാദർ അഗസ്റ്റിൻ വല്ലൂരാൻ പങ്കു വയ്ക്കുന്ന ഒരു ധ്യാനാനുഭവം
"അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഒരു ധ്യാനത്തിന്റെ അവസാനദിനങ്ങളിലൊന്നിൽ ഒരു യുവാവ് എന്നെക്കാണാൻ വന്നു. അദ്ദേഹം പറഞ്ഞു; "അച്ചൻ പറഞ്ഞതൊന്നും എനിക്കു മനസ്സിലാക്കാൻ പറ്റുന്നില്ല." അദ്ദേഹം മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലായതിനാൽ ഞാൻ തമാശ പറഞ്ഞ് അദ്ദേഹത്തിന്റെ ടെൻഷനകറ്റാൻ നോക്കി. "സഹോദരാ,  നന്ദി...  താങ്കൾ ആത്മാർത്ഥമായി സത്യം തുറന്നു പറഞ്ഞുവല്ലോ. താങ്കൾ  സത്യത്തിൽ നിന്നും ദൈവരാജ്യത്തിൽ നിന്നും വളരെ അകലെയല്ല."  പിന്നീടു് കാര്യമായിത്തന്നെ ഞാനദ്ദേഹത്തോടു ചോദിച്ചു; "ഞാൻ പറഞ്ഞതിൽ എന്താണു താങ്കൾക്ക്‌ മനസ്സിലാക്കാൻ കഴിയാതിരുന്നതെന്നു പറയാമോ?"
അദ്ദേഹം പറഞ്ഞു; "ഞാനൊരു homosexual (സ്വവർഗ്ഗാനുരാഗി) ആണ്. ജന്മനാ അങ്ങനെയാണ്;  എന്റെ ഇഷ്ടപ്രകാരവും അങ്ങനെയാണ്; എന്റെ sexual orientation ഇങ്ങനെയാണ്..  അച്ചനെങ്ങനെ എന്നെ കുറ്റപ്പെടുത്താൻ കഴിയും?" 
ഞാൻ പറഞ്ഞു; "എന്റെ പ്രിയ സഹോദരാ, ഞാനൊരിക്കലും താങ്കളെ കുറ്റപ്പെടുത്തുകയില്ല. കുറ്റപ്പെടുത്താൻ ഞാനാളല്ല. പക്ഷേ, മനസ്സിലാക്കൂ... ദൈവം താങ്കളെ വളരെയേറെ സ്നേഹിക്കുന്നു. താങ്കൾ സ്വാഭീഷ്ടപ്രകാരം സ്വവർഗ്ഗാനുരാഗി ആയവനാണെന്നു ഞാൻ  മനസ്സിലാക്കുന്നു. താങ്കളുടെ sexual orientation അപ്രകാരമാണെന്നും ഞാൻ  മനസ്സിലാക്കുന്നു. എന്നാൽ ജന്മനാ താങ്കൾ ഒരു സ്വവർഗ്ഗാനുരാഗി ആണെന്നു താങ്കൾ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, ആരും ജന്മനാ സ്വവർഗ്ഗാനുരാഗികളായി ജനിക്കുന്നില്ല. അങ്ങനെ പറഞ്ഞാൽ അതു വലിയൊരു നുണയാണ്. ബൈബിൾ പഠിപ്പിക്കുന്നു, ദൈവം ആദിയിൽ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. അവർക്ക് പരസ്പരാകർഷണവും അവിടുന്ന് നൽകി.  അത്, കുടുബങ്ങളുടെ നിലനിൽപ്പിനും  പരിശുദ്ധമായ  പിതൃത്വവും  മാതൃത്വവും  വഴി 
സൃഷ്ടികർമ്മത്തിൽ  ദൈവത്തോടൊപ്പം പങ്കുചേരുന്നതിനുമായിട്ടാണ്. ഇതാണു സത്യം; ഇതിനെതിരായി പറയപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ എല്ലാക്കാര്യങ്ങളും അസത്യമാണ്. താങ്കൾ അത്തരത്തിലള്ള കുപ്രചാരണത്തിന് 
ഇരയായിത്തീർന്നിരിക്കുകയാണ്."
പിന്നീടു് അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടെ അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. അപ്പോൾ കർത്താവ് എനിക്കൊരു ദർശനം നൽകി. അതിപ്രകാരമായിരുന്നു; ഒരു ചെറിയ കുഞ്ഞ് ഒരു കട്ടിലിന്റെ ഒരറ്റത്തിരുന്ന് ഏങ്ങലടിച്ചു കരയുകയാണ്.
ഞാൻ സാവധാനം ആ യുവാവിനോടു പറഞ്ഞു; "സഹോദരാ, താങ്കള്‍ക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ എനിക്കൊരു ദർശനം ലഭിച്ചു; അതു  ദൈവത്തിൽ നിന്നാണെന്നു തന്നെ ഞാൻ  വിശ്വസിക്കുന്നു. രാത്രിയിൽ, ഒരു കട്ടിലിന്റെ ഒരറ്റത്തിരുന്നു ഏങ്ങലടിച്ചു കരയുന്ന ഒരു  കൊച്ചുകുഞ്ഞിനെയാണ് ഞാൻ ദർശനത്തിൽക്കണ്ടത്."
യുവാവ് എന്നെ അൽപ്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം പറഞ്ഞു; "അതു  ഞാനായിരിക്കണമച്ചോ..." അൽപ്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു; " എന്റെ ശൈശവകാലം അങ്ങിനെയായിരുന്നു ഞാൻ കഴിച്ചുകൂട്ടിയിരുന്നത്; കണ്ണീരിലും വേദനയിലും ദുരിതത്തിലും - " പിന്നീടു് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചു. അദ്ദേഹത്തിന് രണ്ടുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ, അച്ഛനുമായുള്ള വിവാഹബന്ധം വേർപെടുത്തി ധനികനായ മറ്റൊരാളിന്റെ ഭാര്യയായി. അതോടെ ആ കുഞ്ഞിന്റെ ദുർദ്ദശയും തുടങ്ങുകയായിരുന്നു.  മിക്ക രാത്രികളിലും രണ്ടാനച്ഛൻ കഞ്ഞിനെ ലൈംഗികമായി ദുരുപയോഗിച്ചിരുന്നു! പേടിച്ചരണ്ട,  നിസ്സഹായനായ കുഞ്ഞ് രാത്രികളിൽ ഒറ്റയ്ക്കിരുന്ന് ഏങ്ങലടിച്ചു കരഞ്ഞിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ചു് ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണവും കുഞ്ഞിനെ ഞെട്ടിച്ചു. അമ്മ നിസ്സഹായയാണെന്നും രണ്ടാനച്ഛനെ എതിർത്താൽ അയാൾ രണ്ടുപേരെയും കൊല്ലാനും മടിക്കില്ല എന്നായിരുന്നു അമ്മയുടെ മറുപടി. 
യുവാവ് തുടർന്നു; "ഞാനെന്റെ അമ്മയേയും രണ്ടാനച്ഛനേയും കഠിനമായി വെറുത്തു. ഞാൻ മാനസികമായി മുറിവേറ്റവനായി. എന്റെ പകലുകളും രാത്രികളും,  ഭയത്തിലും വെറുപ്പിലും കുറ്റബോധത്തിലും കൂടിയായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്.      ഞാൻ വളർന്നതോടെ, മറ്റ് ആൺകുട്ടികളേയും രണ്ടാനച്ഛൻ  ഇത്തരത്തിൽ ദുരുപയോഗിക്കുന്നതിന് ഞാൻ സാക്ഷിയായി. അതോടെ അയാളെ ഞാൻ അങ്ങേയറ്റം വെറുത്തു. എന്റെ ജീവിതം ഇങ്ങനെയായിത്തീർന്നു. ഞാൻ നശിച്ചു...." അയാൾ നിശ്ശബ്ദനായി.
ഞാൻ കുനിഞ്ഞ് ആ യുവാവിന്റെ കാലിൽപ്പിടിച്ചുകൊണ്ട് പറഞ്ഞു: "എന്റെ പ്രിയ സഹോദരാ, താങ്കളെ  വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി ഞാൻ താങ്കളോടു മാപ്പു ചോദിക്കുന്നു. കാരണം, താങ്കളെ നേർവഴി നയിക്കാൻ ചുമതലപ്പെട്ട താങ്കളുടെ മുതിർന്ന തലമുറ തന്നെയാണ് താങ്കളെ   നശിപ്പിച്ചത്. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു."
യുവാവ് പൊട്ടിക്കരഞ്ഞു. അദ്ദേഹം ശാന്തനായപ്പോൾ ഞാനദ്ദേഹന്റെ ഹൃദയത്തിലേക്ക് പ്രത്യാശയുടെ കിരണങ്ങൾ കടത്തിവിട്ടു. "ലൈംഗികത ദൈവത്തിന്റെ ഏറ്റവും മഹത്തായ ദാനമാണ്. എന്നാൽ താങ്കളിൽ അത് ദുരുപയോഗിക്കപ്പെടുകയാണുണ്ടായത്. അത് താങ്കളുടെ കുറ്റംകൊണ്ടായിരുന്നില്ല. എന്നാലിപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് താങ്കളിലേക്കു കടന്നുവന്ന് താങ്കളെ രൂപാന്തരപ്പെടുത്തുകയാണ്. താങ്കളൊരു കുടുംബനാഥനായിത്തീരണമെന്നും അതുവഴി ദൈവത്തെ മഹത്വപ്പെടുത്തണമെന്നുമാണ് താങ്കളെ സംബന്ധിച്ചുള്ള ദൈവഹിതം. ദൈവത്തിലേക്ക് തിരിയുക. അവിടുന്ന് താങ്കള്‍ക്കു ശക്തി പകരും."
ആ യുവാവ് പാപങ്ങളേറ്റു പറഞ്ഞു കുമ്പസാരിച്ചു. ധ്യാനം മുഴുവൻ കൂടിയശേഷം ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയി.
ആറുവർഷങ്ങൾക്കുശേഷം ഇന്നദ്ദേഹം കുടുബനാഥനായി, രണ്ടു മക്കളോടും ഭാര്യയോടുമൊപ്പം സന്തോഷവാനായി, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിതം നയിക്കുന്നു."