ജാലകം നിത്യജീവൻ: ഈശോ പത്രോസിനെ സഭയുടെ തലവനായി നിയോഗിക്കുന്നു

nithyajeevan

nithyajeevan

Saturday, May 14, 2011

ഈശോ പത്രോസിനെ സഭയുടെ തലവനായി നിയോഗിക്കുന്നു

            ഇല പോലും അനങ്ങാതെ ശ്വാസം മുട്ടിക്കുന്ന ഒരു രാത്രി. ആകാശം നിറയെ നക്ഷത്രങ്ങളുണ്ട്. തടാകത്തിലൂടെ ചില ചെറുവഞ്ചികൾ സഞ്ചരിക്കുന്നുണ്ട്. 
            തടാകതീരത്തുള്ള ഒരു കൂരയിൽ നിന്ന് പത്രോസ് തല പുറത്തേക്കിട്ടു നോക്കുന്നു. അവൻ ആകാശത്തിലേക്കു നോക്കുന്നു; പിന്നെ തടാകത്തിലേക്കും നോക്കുന്നു. അവൻ തീരത്തിന്റെ വക്കു വരെ പോകുന്നു. പിന്നീടു് വെള്ളത്തിലിറങ്ങി നീന്തി, കൈനീട്ടി ഒരു വഞ്ചിയുടെ വക്കിൽ തടവുന്നു. സബദീപുത്രന്മാരായ ജോണും ജയിംസും അവിടേയ്ക്കെത്തി.
"നല്ല രാത്രി."
"ചന്ദ്രൻ ഉടനെ ഉയരും."
"മീൻ പിടിക്കുന്ന രാത്രി."
"പക്ഷേ തുഴയണം."
"കാറ്റ് അശേഷമില്ല."
"എന്തു ചെയ്യും?"
"നമ്മൾ പോകണം. പിടിക്കുന്ന മൽസ്യത്തിൽ കുറച്ചു നമുക്കു വിൽക്കാം."
ആൻഡ്രൂ, തോമസ്, ബർത്തലോമിയോ എന്നിവരും എത്തി.
"എത്ര ചൂടുള്ള രാത്രി!"  ബർത്തലോമിയോ പറയുന്നു.
"കൊടുങ്കാറ്റുണ്ടാവുമോ?" തോമസ് ചോദിക്കുന്നു.
"ഓ! ഇല്ല; ശാന്തമാണ്. കട്ടിയായ മൂടൽമഞ്ഞുണ്ടായേക്കും. പക്ഷേ കൊടുങ്കാറ്റുണ്ടാവുകയില്ല. ഞാൻ മീൻ പിടിക്കാൻ പോകയാണ്. ആരാണ് എന്റെ കൂടെ വരുന്നത്?"
"ഞങ്ങളെല്ലാവരും വരുന്നു. ഒരുപക്ഷേ, അവിടെ കുറേക്കൂടെ തണുപ്പുണ്ടായിരിക്കും."
"ഞാൻ പോയി സൈമണിനോടു പറയട്ടെ. അവൻ തനിയെ അവിടെ നിൽക്കുന്നു." ജോൺ പറഞ്ഞു. 
          പത്രോസ് വഞ്ചി ഒരുക്കിത്തുടങ്ങി. ആൻഡ്രൂവും ജയിംസും കൂടെയുണ്ട്.  പഴയ ദിനങ്ങളിലെ സന്തോഷം ഒരുത്തർക്കുമില്ല. 
"ഞങ്ങൾ തയ്യാറായി. വരൂ, നീ അമരത്ത്; നിങ്ങൾ തുഴയുമായി....  നമ്മൾ  പോകുന്നത് എപ്പോസിന്റെ ആ വളവിലേക്കാണ്. അതൊരു നല്ല സ്ഥാനമാണ്‌."
              പത്രോസാണ് വഞ്ചിയുടെ ഗതി നിയന്ത്രിക്കുന്നത്. ബർത്തലോമിയോ അമരത്ത്; തോമസും സൈമണും പണിക്കാരെപ്പോലെ വലയെറിയാൻ തയ്യാറായി നിൽക്കുന്നു. ചന്ദ്രൻ  ഉയർന്നു കഴിഞ്ഞു. 
"നല്ലൊരു കോളു കിട്ടിയാൽ അതൊരനുഗ്രഹമായിരിക്കും. കാരണം,  നമുക്ക് പണമില്ല. നമ്മൾ  റൊട്ടി വാങ്ങി മൽസ്യവും റൊട്ടിയും കൂടെ മലയിലുള്ളവർക്കു കൊണ്ടുചെന്നു കൊടുക്കാം."
"വല തുറക്കൂ, സാവധാനത്തിൽ..... തുഴയുന്നത് വളരെ സാവധാനത്തിൽ..... തുറമുഖത്തേക്കു തിരിയൂ, ബർത്തലോമിയോ... വലിക്കൂ, തിരിയൂ... വലിക്കൂ, തിരിയൂ... വല ശരിക്കു വിരിഞ്ഞാണോ കിടക്കുന്നത്? തുഴ എടുത്തുകൊള്ളൂ... ഇനി നമുക്കു  കാത്തിരിക്കാം." പത്രോസ്  ആജ്ഞാപിക്കുന്നു.
           മണിക്കൂറുകൾ കടന്നുപോയി. ഇടയ്ക്കിടെ വല വലിക്കുന്നു; വലയിലൊന്നുമില്ല.... അവർ വീണ്ടും വലയിറക്കി. വേറെ സ്ഥലത്ത്.... ഒരു  ഭാഗ്യവുമില്ല.... ചന്ദ്രൻ   അസ്തമിച്ചു. പ്രഭാതം പൊട്ടി വിടരുകയാണ്.... മഞ്ഞ് തീരത്തേക്കു പുകഞ്ഞു പായുന്നു. തിബേരിയാസ് മഞ്ഞുകൊണ്ടു മൂടിപ്പോയി. അതിനെ ഒഴിവാക്കാൻ അവർ കിഴക്കു വശത്തേക്കു പോകുന്നു. ആഴങ്ങളും അവയിലെ ആപത്തും അറിയാവുന്ന അവർ, സൂക്ഷിച്ചാണ് തുഴയുന്നത്.
"വഞ്ചിയിൽ പോകുന്നവരേ, നിങ്ങൾക്കു ഭക്ഷിക്കുവാൻ എന്തെങ്കിലുമുണ്ടോ?"  തീരത്തു നിന്ന് ഒരു മനുഷ്യന്റെ സ്വരം കേൾക്കുന്നു. ആ സ്വരം അവരെ ഞെട്ടിച്ചു.
എന്നാലവർ തോളുകൾ ഉയർത്തിക്കൊണ്ട് വലിയ സ്വരത്തിൽ പറയുന്നു; "ഇല്ല." പിന്നെ അവർ പരസ്പരം പറയുന്നു; "നമുക്കെപ്പോഴും തോന്നുന്നത് കേൾക്കുന്നതെല്ലാം അവന്റെ സ്വരമാണെന്നാണ്."
"വഞ്ചിയുടെ  വലതുഭാഗത്തു വലയിറക്കൂ. അപ്പോൾ മീൻ കിട്ടും."
              അവർ വലയിറക്കി. അവർ സംഭ്രമത്തിലാകുന്നു... ചാട്ടം, കുലുക്കം, ഘനം... വഞ്ചി ആ വശത്തേക്കു ചെരിയുന്നു.
"പക്ഷേ, അതു കർത്താവാണ്..." ജോൺ വിളിച്ചുപറയുന്നു.
"കർത്താവോ?... നിനക്കുറപ്പാണോ?" പത്രോസ്  ചോദിക്കുന്നു.
"നിനക്കു സംശയമാണോ? അവന്റെ സ്വരമാണെന്ന് നമ്മൾ  സംശയിച്ചില്ലേ? ഇതാണ് അതിന്റെ തെളിവ്... വലയിൽ നോക്കൂ!! അന്നത്തേതു പോലെ! ഞാൻ  പറയുന്നു ഇതവനാണെന്ന്... ഓ! എന്റെ ഈശോയേ... നീ എവിടെയാണ്?"
എല്ലാവരും കണ്ണുകൾ തുറന്ന് മഞ്ഞിനിടയിലൂടെ നോക്കുന്നു.
                 വല ബലമായി വഞ്ചിയിൽ  ബന്ധിച്ചു. അത് വഞ്ചിയുടെ പിന്നാലെ വലിച്ചുകൊണ്ടു വരുന്നു. അവർ തീരത്തേക്കു തുഴയുന്നു. പത്രോസിന്റെ തുഴ തോമസെടുത്തു. പത്രോസ് ട്രൗസറിന്റെ മുകളിൽ ഒരു ചെറിയ അങ്കി ധരിച്ച് വെള്ളത്തിലേക്ക്‌ ചാടി; ശക്തിയോടെ ആഞ്ഞു നീന്തി വഞ്ചിക്കു മുന്നിലായി തീരത്ത് കാലുകുത്തി. അവിടെ രണ്ടുകല്ലുകൾ അടുപ്പിച്ചുവച്ച് ഇടയ്ക്ക് തീ കത്തിച്ചിട്ടുണ്ട്. തീയുടെയരികിൽ സ്നേഹത്തോടെ പുഞ്ചിരി തൂകിക്കൊണ്ട് ഈശോ നിൽക്കുന്നു.
"കർത്താവേ, കർത്താവേ..." വികാരാവേശത്താൽ ശ്വാസമെടുക്കാൻ കഴിയാത്ത പത്രോസിന് അതു മാത്രമേ പറയാൻ കഴിയുന്നുള്ളൂ. മണലിൽ സാഷ്ടാംഗപ്രണാമം ചെയ്ത് അയാൾ ഈശോയെ ആരാധിക്കുന്നു. 
                  ചരലുള്ള തീരത്ത് വഞ്ചി ഉരഞ്ഞുകയറി, ഉറച്ചു. അവരെല്ലാം സന്തോഷത്താൽ വിസ്മയഭരിതരായി നിൽക്കുന്നു.
"ആ മൽസ്യത്തിൽ ചിലത് ഇവിടെ കൊണ്ടുവരൂ. തീ ശരിയായിരിക്കുന്നു. വന്നു വല്ലതും ഭക്ഷിക്കുവിൻ." ഈശോ കൽപ്പിച്ചു.
            പത്രോസ് വഞ്ചിയിലേക്കോടി വല വലിച്ചു കയറ്റാൻ സഹായിച്ചു. വളഞ്ഞുപുളഞ്ഞു കൊണ്ടിരുന്ന മൽസ്യക്കൂനയിൽ നിന്ന് മൂന്നു വലിയ മൽസ്യങ്ങൾ അവൻ പിടിച്ചെടുത്തു. അവയെക്കൊല്ലുവാൻ വഞ്ചിയുടെ വക്കിൽ അടിച്ചു. പിന്നെ കത്തിയെടുത്ത് വയറു കീറി വൃത്തിയാക്കി. പക്ഷേ കൈകൾ വിറയ്ക്കുന്നു; തണുപ്പു മൂലമല്ല. മൽസ്യം കഴുകിക്കൊണ്ടുചെന്ന് തീയ്ക്കു മീതേ വച്ചു. അതു വേവുന്നതു ശ്രദ്ധിച്ചു കാത്തുനിന്നു. മറ്റുള്ളവർ കർത്താവിനെ ആരാധിക്കുന്നു.
"എല്ലാം ശരിയായി; റൊട്ടി  ഇവിടെ ഇതാ; നിങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചു. അതിനാൽ ക്ഷീണിച്ചിട്ടുണ്ട്. ഇനി അൽപ്പം ഭക്ഷണം കഴിക്കൂ... അത് തയ്യാറായോ പത്രോസേ?"
"ഉവ്വ്, എന്റെ കർത്താവേ..." പത്രോസ് മൽസ്യം എടുത്ത് ഒരിലയിൽ വച്ചു. 
                  ഈശോ ഭക്ഷണം സമർപ്പിച്ചു് ആശീർവ്വദിച്ചു. അപ്പവും മീനും ഭാഗിച്ച് എട്ടുപേർക്കും കൊടുത്തു. ഈശോയും അൽപ്പം രുചിച്ചു. അവർ വളരെ ബഹുമാനത്തോടെ, ആദരവോടെയാണു ഭക്ഷിക്കുന്നത്. ഈശോ അവരെ  നോക്കുകയും പുഞ്ചിരി തൂകുകയും ചെയ്യുന്നു. ഈശോ ചോദിക്കുന്നു: "മറ്റുള്ളവർ എവിടെയാണ്?" 
"മലമുകളിൽ, നീ പറഞ്ഞ സ്ഥലത്ത്. ഞങ്ങൾ മീൻ  പിടിക്കുവാൻ പോന്നു; കാരണം ഞങ്ങളുടെ പക്കൽ പണമില്ല. ഞങ്ങൾക്കു് ശിഷ്യരിൽ നിന്നു സ്വീകരിക്കാൻ ആഗ്രഹമില്ല."
"നിങ്ങൾ  ശരിയായി പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾത്തുടങ്ങി അപ്പസ്തോലന്മാരായ നിങ്ങൾ  മലയിൽ പ്രാർത്ഥിക്കണം. ശിഷ്യർക്കു സന്മാതൃക നൽകണം. അവരെ മീൻ  പിടിക്കാൻ വിടണം. നിങ്ങൾ  അവിടെ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതും ആവശ്യമുള്ളവർക്ക് ഉപദേശം നൽകുന്നതുമായിരിക്കും കൂടുതൽ നല്ലത്. ശിഷ്യരെ ഐക്യമുള്ള ഒരു ഗണമായി പരിശീലിപ്പിക്കണം. ഞാൻ  വേഗംതന്നെ വരും."
"കർത്താവേ, ഞങ്ങൾ അങ്ങനെ ചെയ്യും."
                മൗനം... പിന്നെ തല അൽപ്പം കുനിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഈശോ നേരെ നോക്കി. പത്രോസിനെ സൂക്ഷിച്ചു നോക്കുകയാണ്. പത്രോസിന് ഭയമായി; ഞെട്ടിക്കൊണ്ട് അൽപ്പം  പിന്നിലേക്കു വലിഞ്ഞു.... എന്നാൽ ഈശോ സ്നേഹത്തോടെ ഒരു കൈ പത്രോസിന്റെ തോളിൽ വച്ചുകൊണ്ട്, ആ കൈ കൊണ്ട് മുറുകെപ്പിടിച്ചുകൊണ്ടു ചോദിക്കുന്നു: "യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"തീർച്ചയായും, കർത്താവേ.... ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ?" നിശ്ചയദാർഡ്യത്തോടെ പത്രോസ് പറയുന്നു.
" എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക.
.........യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"ഉവ്വ്, എന്റെ കർത്താവേ, ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം." പത്രോസിന്റെ  സ്വരത്തിന് അത്ര ദൃഢതയില്ല.  ഈശോ ചോദ്യം ആവർത്തിച്ചതിൽ വിസ്മയിക്കയും ചെയ്യുന്നു.
"എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക......... യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"കർത്താവേ, നിനക്കെല്ലാം അറിയാം... ഞാൻ  നിന്നെ സ്നേഹിക്കുന്നുണ്ടോ എന്നു നിനക്കറിയാം.." പത്രോസിന്റെ സ്വരം വിറയ്ക്കുന്നു. അവന് അവന്റെ സ്നേഹത്തെക്കുറിച്ച് ഉറപ്പാണ്. എന്നാൽ അവന്റെ വിചാരം ഈശോയ്ക്ക് ഉറപ്പില്ല എന്നാണു്.
"എന്റെ ആടുകളെ മേയിക്കുക. മൂന്നു പ്രാവശ്യം നീ നടത്തിയ സ്നേഹപ്രഖ്യാപനം മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിച്ചു പറഞ്ഞതിനെ റദ്ദാക്കിയിരിക്കുന്നു. നീ പരിപൂർണ്ണമായി ശുദ്ധനാക്കപ്പെട്ടിരിക്കുന്നു. യോനായുടെ പുത്രൻ ശിമയോനെ, നീ അത്യുന്നത പുരോഹിതവസ്ത്രങ്ങൾ അണിയുക. എന്റെ അജഗണങ്ങൾക്കിടയിൽ കർത്താവിന്റെ പരിശുദ്ധിയുള്ളവനായിരിക്കുക. എന്റെ വസ്ത്രങ്ങൾ അരയിൽ കെട്ടിമുറുക്കുക. അത് അപ്രകാരം തന്നെയിരിക്കട്ടെ. ഇടയന്റെ സ്ഥാനത്തുനിന്ന് ആട്ടിൻകുട്ടിയാകുന്നതു വരെ നീയും അതു  ചെയ്യുക. ഞാൻ  ഗൗരവമായിപ്പറയുന്നു,  നീ ചെറുപ്പമായിരുന്നപ്പോൾ നീ തന്നെ നിന്റെ ബൽറ്റ് മുറുക്കിയിരുന്നു. നിനക്കിഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയിരുന്നു. എന്നാല്‍ നിനക്ക് 
വാർദ്ധക്യമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റു ചിലർ നിന്റെ ബൽറ്റു മുറുക്കുകയും നീ പോകുവാനിഷ്ടപ്പെടാത്ത സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകയും ചെയ്യും. എന്നാലിപ്പോൾ ഞാനാണ് നിന്നോടു പറയുന്നത്, അരമുറുക്കി എന്റെ വഴിയിലൂടെ എന്നെ അനുഗമിക്കുക. എഴുന്നറ്റു് വരിക."
        ഈശോ എഴുന്നേൽക്കുന്നു. പത്രോസും എഴുന്നേൽക്കുന്നു. തീരത്തേക്കു  പോകുന്നു. മറ്റുള്ളവർ തീയ് മണ്ണിൽക്കുത്തി കെടുത്തുന്നു.
റൊട്ടി മിച്ചംവന്നത് ശേഖരിച്ചശേഷം ജോൺ ഈശോയെ അനുഗമിക്കുന്നു. പത്രോസ്     പിന്നിലെ കാലൊച്ച കേട്ടു തിരിഞ്ഞുനോക്കി; ജോണിനെക്കണ്ടപ്പോൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയോട് ചോദിക്കുന്നു; "അപ്പോൾ  ഇവന് എന്താണ് സംഭവിക്കുക?"
ഞാൻ തിരിച്ചുവരുന്നതു വരെ അവൻ  ഇവിടെ നിൽക്കട്ടെ എന്നാണു് ഞാൻ   ആവശ്യപ്പെടുന്നതെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കയാണു വേണ്ടത്."
             അവർ തീരത്തെത്തി. പത്രോസിന്  തുടർന്നു സംസാരിച്ചാൽക്കൊള്ളാമെന്നുണ്ട്. എന്നാല്‍  ഈശോയുടെ മഹത്വവും അവനോടു പറഞ്ഞ വാക്കുകളും അവനെ പിന്തിരിപ്പിക്കുന്നു. അവൻ  മുട്ടിന്മേൽ നിന്നു. മറ്റുള്ളവരും അവനെ അനുകരിച്ചു. എല്ലാവരും  ഈശോയെ  ആരാധിക്കുന്നു. ഈശോ അവരെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. അവർ വഞ്ചിയിൽ തുഴഞ്ഞകലുന്നു. അവർ പോകുന്നതുനോക്കി ഈശോ നിൽക്കുന്നു.