ഈശോ പറയുന്നു: "എന്റെ അമ്മയുടെ തീക്ഷ്ണമായ പ്രാര്‍ത്ഥന എന്റെ പുനരുത്ഥാനത്തെ അൽപ്പസമയം മുന്നോട്ടു മാറ്റി.
ഞാന്‍ പറഞ്ഞിരുന്നത്, 'മനുഷ്യപുത്രന്‍ വധിക്കപ്പെടാറായിരിക്കുന്നു. എന്നാൽ, മൂന്നാം ദിവസം അവന്‍ മരിച്ചവരിൽ നിന്നുയിര്‍ക്കും' എന്നാണ്. ഞാന്‍ വെള്ളിയാഴ്ച മൂന്നുമണിക്കാണു മരിച്ചത്. ദിവസങ്ങളുടെ പേരു വച്ച് എണ്ണിയാലും മണിക്കൂള്‍ കണക്കാക്കി എണ്ണിയാലും ഞാന്‍
ഉയിര്‍ക്കുന്നതു കാണാനുള്ള സമയം ഞായറാഴ്ച പുലർച്ചെ അല്ലായിരുന്നു. മണിക്കൂള്‍ കണക്കാക്കിയാൽ എന്റെ ശരീരം ജീവനില്ലാത്തതായി 72 മണിക്കൂറിനു പകരം 38 മണിക്കൂര്‍ മാത്രമേ ഇരുന്നുള്ളൂ. ദിവസങ്ങള്‍ കണക്കാക്കിയാൽ, കല്ലറയിൽ മൂന്നു ദിവസം ആയിരുന്നു എന്നു പറയണമെങ്കിൽ മൂന്നാം ദിവസം സന്ധ്യയാകണമായിരുന്നു. എന്നാൽ എന്റെ അമ്മ മേരി, ആ അത്ഭുതം മുൻകൂറാക്കി. അവളുടെ പ്രാർത്ഥന കൊണ്ട് ലോകരക്ഷയ്ക്ക് നിശ്ചയിക്കപ്പെട്ട സമയം കുറെ മുന്നോട്ടു മാറ്റിയെങ്കിൽ, ഇപ്പോള്‍ മരിക്കുന്ന അവളുടെ ഹൃദയത്തിന് ആശ്വാസം നൽകുവാന്‍ കുറെ മണിക്കൂറുകള്‍ മുമ്പേ പുനരുത്ഥാനത്തിനുള്ള സാദ്ധ്യത അവള്‍ നേടി.
ഞാന്‍ മഹത്വം ധരിപ്പിക്കപ്പെട്ടു. എന്റെ മുറിവുകള്‍ കൊണ്ട് എന്നെത്തന്നെ ഞാന്‍ അലങ്കരിക്കുന്നു. അവ ഇനി രക്തം ചൊരിയുകയില്ല. പ്രകാശം വിതറുകയാണു ചെയ്യുക. എന്റെ അമ്മയ്ക്കും അനുഗൃഹീതരായ ആത്മാക്കള്‍ക്കും സന്തോഷകാരണമായ ആ മുറിവുകള്‍, നശിച്ചുപോയ ആത്മാക്കള്‍ക്കും പിശാചുക്കള്‍ക്കും ഭൂമിയിലും അന്ത്യനാളിലും ഭയം ജനിപ്പിക്കുന്നവയായിരിക്കും.
ഉത്ഥാനം ചെയ്ത എന്റെ മുമ്പിൽ, മനുഷ്യജീവിതത്തിലെ എന്റെ ദൈവദൂതനും എന്റെ ദുഃഖങ്ങളുടെ ദൂതനും പ്രണമിക്കുന്നു. എന്റെ മഹത്വത്തെ ആരാധിക്കുന്നു. അവര്‍ രണ്ടുപേരും ഇവിടെ, എന്റെ കബറിടത്തിലുണ്ട്. ഒരു ദൂതൻ, താൻ കാത്തുസൂക്ഷിച്ചവനെ കണ്ടു സന്തോഷിക്കുന്നതിന്; അവന് ഇനിയും ദൂതന്റെ സംരക്ഷണം ആവശ്യമില്ല. മറ്റേദൂതന്‍, എന്റെ കണ്ണീര്‍ കണ്ടവന്‍, എന്റെ പുഞ്ചിരി കാണുവാന്‍; എന്റെ കഷ്ടപ്പാടു കണ്ടവന്‍, എന്റെ മഹത്വം കാണുവാനാണു വന്നത്.
ഞാന്‍, പൂമൊട്ടുകളും മഞ്ഞും നിറഞ്ഞുനിന്ന തോട്ടത്തിലേക്കിറങ്ങി. ഇമ്പമേറിയ കാറ്റ്, റോസ് നിറമുള്ള മേഘം, വൃക്ഷശിഖരങ്ങളിലിരിക്കുന്ന പക്ഷികൾ ഇവയെല്ലാം എന്നെ അഭിവാദ്യം ചെയ്യുന്നു. ഞാനവരുടെ ദൈവമാണ്. അവര്‍ എന്നെ ആരാധിക്കുന്നു.
ഭൂകമ്പമുണ്ടായതോടെ പേടിച്ചരണ്ട ദേവാലയ കാവൽക്കാരുടെ ഇടയിലൂടെ ഞാന്‍ കടന്നുപോയി. അവരെന്നെ കണ്ടില്ല. മാരകമായ പാപത്തിലായിരിക്കുന്ന ആത്മാക്കളുടെ പ്രതീകമാണവര്‍. കടന്നുപോകുന്ന ദൈവത്തെ അവര്‍ കാണുകയില്ല.
ഞാന്‍ എന്റെ അമ്മയുടെ പക്കലേക്കു പോകുന്നു. അത് നീതിയാണ്. എന്റെ ദൂതന്മാര്‍ക്ക് അതു നീതിയായിരുന്നു. അവള്‍ക്ക് അതിലേറെ അതു നീതി നൽകലാണ്. അവള്‍ , എന്റെ സംരക്ഷകയും ആശ്വാസവും മാത്രമായിരുന്നില്ല; എനിക്ക് അവള്‍ ജീവന്‍ നൽകി. മഹത്വീകൃതമായ എന്റെ ഭാവത്തിൽ, എന്റെ പിതാവിന്റെ പക്കലേക്കു പോകുന്നതിനു മുമ്പ്, ഞാന്‍ എന്റെ അമ്മയുടെ പക്കലേക്കു പോയി. അവള്‍ക്കെന്നെ തൊടാം, ചുബിക്കാം; കാരണം, അവള്‍ പരിശുദ്ധയും ദൈവത്തിന് പ്രിയപ്പെട്ടവളുമാണ്.
പുതിയ ആദം, പുതിയ ഹവ്വായുടെ പക്കലേക്കു പോകുന്നു. തിന്മ ഭൂമിയിൽ പ്രവേശിച്ചത് ഒരു സ്ത്രീയിലൂടെയാണ്. അത് തോൽപ്പിക്കപ്പെട്ടതും സ്ത്രീയാൽ ആണ്. സ്ത്രീയുടെ കനി, ലൂസിഫറിന്റെ വിഷമുള്ള തുപ്പലിൽ നിന്ന് മനുഷ്യനെ മോചിപ്പിച്ചു. ഇപ്പോള്‍ , ആവശ്യമുണ്ടെങ്കിൽ മനുഷ്യന് രക്ഷ പ്രാപിക്കാം.
പരിശുദ്ധയായവള്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയ ശേഷം, രക്ഷിക്കപ്പെട്ട സ്ത്രീയ്ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ജഡികതയുടെ കുത്തലിൽ നിന്ന് സ്വതന്ത്രരാകുവാന്‍ കഴിയുന്ന സ്ത്രീലോകത്തിന്റെ പ്രതിനിധിയായി, അവരുടെ മുന്‍നിരയിൽ നിൽക്കുന്ന സ്ത്രീയ്ക്കാണ് ഞാന്‍ രണ്ടാമതു പ്രത്യക്ഷപ്പെട്ടത്. എന്റെ പക്കലേക്കു വരുവാന്‍, വന്നു സുഖം പ്രാപിക്കുവാന്‍, എന്നിൽ വിശ്വസിക്കുവാന്‍, അവരെ മനസ്സിലാക്കുകയും അവര്‍ക്കു മാപ്പു കൊടുക്കുകയും ചെയ്യുന്ന എന്റെ കരുണയിൽ വിശ്വസിക്കുവാന്‍, അവരുടെ മാസത്തിന്മേൽ തപ്പിത്തിരയുന്ന സാത്താനെ പരാജയപ്പെടുത്തുവാന്‍ അവള്‍ അവരോടു സംസാരിക്കും.
അവള്‍ എന്നെ തൊടുവാന്‍ഞാന്‍ സമ്മതിക്കുന്നില്ല. തൊടുവാന്‍ തക്ക പരിശുദ്ധിയുള്ളവളല്ല അവള്‍. പിതാവിന്റെ പക്കലേക്കു തിരിച്ചു പോകുന്ന അവനെ, അവളുടെ സ്പര്‍ശം അശുദ്ധമാക്കും. അവള്‍ക്ക് പരിഹാര പ്രവൃത്തികള്‍ വഴി ഇനിയും ധാരാളം വിശുദ്ധീകരിക്കുവാനുണ്ട്. എന്നാൽ അവളുടെ സ്നേഹം പ്രതിസമ്മാനം അര്‍ഹിക്കുന്നതാണ്. സ്വന്തം നിശ്ചയദാര്‍ഢ്യത്താൽ അവള്‍ക്ക് അവളുടെ ദുര്‍ഗ്ഗുണത്തിന്റെ കല്ലറയിൽ നിന്ന് എഴുന്നേൽക്കാന്‍ കഴിഞ്ഞു. അവളെ പിടിച്ചിരുന്ന സാത്താനെ കൊല്ലുവാന്‍ - ശ്വാസംമുട്ടിച്ചു കൊല്ലുവാന്‍ അവള്‍ക്ക് കഴിഞ്ഞു. രക്ഷകനോടുള്ള സ്നേഹം നിമിത്തം ലോകത്തെ ചെറുത്തു നിൽക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞു. ദൈവത്തിനായി സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്ത് ഇല്ലായ്മയാകുന്ന സ്നേഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവള്‍! ദൈവം അവളെ 'മേരീ' എന്നു വിളിക്കുന്നു. അവളുടെ 'റബ്ബോണീ' എന്ന വിളിയിൽ അവളുടെ ഹൃദയം മുഴുവനുമുണ്ടായിരുന്നു.
അവള്‍ അര്‍ഹിച്ചിരുന്ന ജോലി ഞാനവള്‍ക്കു കൊടുത്തു. പുനരുത്ഥാനത്തിന്റെ ദൗത്യവാഹകയാകുവാന്‍. അവള്‍ സമനില തെറ്റി സംസാരിക്കുകയാണെന്നു പറഞ്ഞ് പരിഹസിക്കപ്പെടുമെന്ന് അവള്‍ക്കറിയാം. എന്നാൽ മനുഷ്യരുടെ വിധികള്‍ അവള്‍ക്ക് ഒട്ടും പ്രധാനമല്ല. മഗ്ദലനയിലെ മേരിക്ക്, മരിച്ചവരിൽ നിന്ന് ഞാനുയിര്‍ത്തതു കണ്ട മേരിക്ക്, മറ്റൊന്നും പ്രധാനമല്ല.
കുറ്റക്കാരായിരുന്നവരേയും ഞാന്‍ എങ്ങനെ സ്നേഹിക്കുന്നു എന്നു നിങ്ങള്‍ കാണുക."