ഈശോയെ ഒറ്റിക്കൊടുത്ത അപ്പസ്തോലൻ യൂദാ സ്കറിയോത്തായുടെ അമ്മയും സൈമണിന്റെ ഭാര്യയുമായ മേരി, ഈശോയുടെ വനിതാശിഷ്യഗണത്തിലെ ഒരംഗമായിരുന്നു. യൂദാസിന്റെ ദുഃസ്വഭാവത്തെയോർത്ത് വളരെ വേദനിച്ചിരുന്ന മേരിയെ ഈശോ പലപ്പോഴും അതീവ സ്നേഹത്തോടെ ആശ്വസിപ്പിച്ചിരുന്നു.
ഈശോയുടെ അപ്പസ്തോലനാകുന്നതിനു മുമ്പ് യൂദാസ്, മേരിയുടെ കൂട്ടുകാരിയായ അന്നയുടെ മകൾ യോവന്നായുമായി വിവാഹവാഗ്ദാനം നടത്തിയിരുന്നെന്നും എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ യൂദാസ് അതിൽനിന്നു പിന്മാറുകയാൽ യോവന്നാ ഹൃദയം തകർന്ന് മരിച്ചുവെന്നും അന്നുമുതൽ തന്റെ കൂട്ടുകാരിയും യോവന്നായുടെ അമ്മയുമായ അന്ന തന്നോട് കടുത്ത ശത്രുതയിലാണ് കഴിയുന്നതെന്നും, ഒരിക്കൽ യൂദാസിന്റെ കറിയോത്തിലെ ഭവനത്തിലെത്തിയപ്പോൾ ഈശോയോട് മേരി പറയുകയും ആ ശത്രുത അവസാനിപ്പിക്കുവാൻ ഈശോയുടെ സഹായം തേടുകയുമുണ്ടായി. അന്ന് മേരിയുടെ അഭ്യർത്ഥന പ്രകാരം, ഈശോ മേരിയുമൊത്ത് അന്നയുടെ ഭവനം സന്ദർശിക്കുകയും മകളുടെ മരണത്തിൽ മനംനൊന്ത് രോഗിയായിത്തീർന്നിരുന്ന അന്നയെ സമാധാനിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്തു. അന്ന് ഈശോ അന്നയോട് ഒരു പ്രത്യേകസഹായം ആവശ്യപ്പെടുകയും ചെയ്തു. അതായത്, യൂദാസിന്റെ അമ്മ മേരി, കറിയോത്തിലെ എല്ലാവരാലും വെറുക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സമയം വരും. അന്ന്, യൂദാസിന്റെ അമ്മ മേരിയെ കൈവിടരുത് എന്ന് ഈശോ അന്നയോട് ആവശ്യപ്പെട്ടു. അന്ന, അപ്രകാരം ഈശോയ്ക്ക് വാഗ്ദാനം നൽകുകയും ഈശോയുടെ മരണശേഷം ജനങ്ങളാൽ അധിക്ഷേപിക്കപ്പെടുകയും ഹൃദയതാപത്താൽ രോഗിയായി ശയ്യാവലംബിയായിത്തീരുകയും ചെയ്ത മേരിയെ സ്വഭവനത്തിൽ സ്വീകരിച്ച് ശുശ്രൂഷിക്കുകയും ചെയ്തു. അന്നയുടെ ഈ ഭവനത്തിൽ വച്ച് ഈശോ ഉത്ഥാനശേഷം അവർക്കു പ്രത്യക്ഷനാകുന്നു.
യോവന്നായുടെ അമ്മ അന്നയുടെ വീട്. ഈ വീട്ടിൽ ഒരു സ്ത്രീ മുറിയിൽ കട്ടിലിന്മേൽ കിടക്കുന്നു. മാരകമായ മനോവേദനയാൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വിരൂപയായിത്തീർന്നിരിക്കുന്ന ഒരു സ്ത്രീ.... അവളുടെ മുഖം ശോഷിച്ച് തൊലി മാത്രമായി. പനികൊണ്ട് അത് ചുവന്ന് കവിളിന്റെ എല്ലിന്മേൽ തിളങ്ങുന്നു. കവിളുകൾ ഒട്ടി കുഴിഞ്ഞിരിക്കുന്നു. പനിയുടെ ചുവപ്പില്ലാത്ത ഭാഗമെല്ലാം വെറും മഞ്ഞനിറം. കരങ്ങൾ വിരിപ്പിന്മേൽ തളർന്നു കിടക്കുന്നു. കിതപ്പിനനുസരിച്ച് വിരിപ്പുകൾ അനങ്ങുന്നുണ്ട്.
രോഗിണിയായ ഈ സ്ത്രീ യൂദാസിന്റെ അമ്മയാണ്. അവളുടെയടുത്ത് യോവന്നായുടെ അമ്മ അന്നയുണ്ട്. അവൾ രോഗിണിയുടെ വിയർപ്പും കണ്ണീരും തുടയ്ക്കുന്നു. അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയിലും കൈകളിലും തലോടുന്നു. അന്ന കരഞ്ഞുകൊണ്ട് ആശ്വാസവാക്കുകൾ പറയുന്നു; "മേരി, കരയാതിരിക്കൂ... കരഞ്ഞതു മതി; അവൻ പാപംചെയ്തു... പക്ഷേ, നിനക്കറിയാമല്ലോ, കർത്താവായ ഈശോ എങ്ങനെ.....""മിണ്ടാതിരിക്കൂ...... ആ പേര്... എന്നോട്..... എന്നോട്..... പറയുമ്പോൾ അത് അശുദ്ധമാക്കപ്പെടുകയാണ്. ഞാൻ.... കായേന്റെ .... അമ്മ.... ദൈവത്തിന്റെ കായേൻ .... ഹാ!"
ശാന്തമായിരുന്ന അവളുടെ കരച്ചിൽ ഹൃദയഭേദകമായി പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്. ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന അവൾ, സ്നേഹിതയുടെ കഴുത്തിൽ ബലം പിടിച്ച് അൽപ്പം പിത്തവെള്ളം ഛർദ്ദിച്ചു.
"സമാധാനം, സമാധാനം, മേരീ... കർത്താവായ അവൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിന്നെ ബോദ്ധ്യപ്പെടുത്താൻ ഞാനെന്താണ് പറയേണ്ടത്? ഞാനത് ആവർത്തിച്ചു പറയുന്നു. എനിക്കേറ്റവും വിശുദ്ധമായ വസ്തുക്കൾ സാക്ഷിയായി ഞാൻ ശപഥം ചെയ്തു പറയുന്നു; എന്റെ രക്ഷകന്റേയും എന്റെ കുഞ്ഞിന്റേയും പേരിൽ ശപഥം ചെയ്തു പറയുന്നു; നീ അവനെ എന്റെ പക്കലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ അവൻ പറഞ്ഞിരുന്നു, അവൻ നിനക്ക് പരിധിയില്ലാത്ത സ്നേഹത്തിന്റെയും പരിപാലനയുടേയും വാക്കുകളാണ് തന്നിട്ടുള്ളത്. നീ കുറ്റമില്ലാത്തവളാണ്. അവൻ നിന്നെ സ്നേഹിക്കുന്നു. എനിക്കുറപ്പാണ്... നല്ല ഉറപ്പാണ്. അവൻ വീണ്ടും അവനെത്തന്നെ സമർപ്പിക്കും, രക്തസാക്ഷിണിയായ അമ്മേ, നിനക്കു സമാധാനം നൽകുന്നതിന്..."
"ദൈവത്തിന്റെ കായേന് ജന്മം നൽകിയ അമ്മ... നിനക്കിതു കേൾക്കാൻ കഴിയുന്നുണ്ടോ...? ആ കാറ്റ്... വെളിയിൽ... അതങ്ങനെയാണ് പറയുന്നത്.... ആ സ്വരം ലോകം മുഴുവൻ എത്തുന്നു... സൈമണിന്റെ ഭാര്യ മേരി... യൂദാസിന്റെ അമ്മ ... യൂദാസ് ... ഗുരുവിനെ വഞ്ചനയാൽ ഏൽപ്പിച്ചു കൊടുത്തവൻ... കൊലയാളികൾക്ക് ഏൽപ്പിച്ചു കൊടുത്തവൻ... യൂദാസിന്റെ അമ്മ ... നിനക്കതു കേൾക്കാൻ കഴിയുന്നുണ്ടോ? എല്ലാം അങ്ങനെയാണു പറയുന്നത്... അവിടെയുള്ള ആ അരുവി, ആ പ്രാവുകൾ, ആ ആട്ടിൻപറ്റങ്ങൾ.... ഭൂമി മുഴുവനും ഉച്ചത്തിൽ പറയുന്നു... വേണ്ട... എനിക്ക് ആരോഗ്യം വീണ്ടു കിട്ടേണ്ട... എന്നെ ശിക്ഷിക്കയില്ല.. എന്നാൽ ഇവിടെ... ഇല്ല, ലോകം ക്ഷമിക്കയില്ല... ഞാൻ ഭ്രാന്തിയായിപ്പോകുന്നു... കാരണം ലോകം കൂവിപ്പറയുന്നു... നീ യൂദാസിന്റെ അമ്മയാണ്..."
അവൾ അവശയായി തലയണകളിൽ തളർന്നു വീഴുന്നു. അന്ന, അവൾക്കു പരിചരണം നൽകി
സമാധാനപ്പെടുത്തിയ ശേഷം വൃത്തിഹീനമായ തുണികളുമായി പുറത്തേക്കു പോകുന്നു.
മരിച്ചതുപോലെ വിളറിക്കിടക്കുന്ന മേരി തേങ്ങുന്നു.... "യൂദാസിന്റെ അമ്മ... യൂദാസ് ... യൂദാസ് .. എന്നാൽ യൂദാസ് എന്താണ്? ഞാൻ എന്തിനെയാണ് പ്രസവിച്ചത്...?"ഈശോ മുറിയിൽ വന്നു. ചലിക്കുന്ന ഒരു പ്രകാശം. ഈശോ ശാന്തമായി വിളിക്കുന്നു: "മേരീ, സൈമണിന്റെ ഭാര്യ മേരീ..."
ആ സ്ത്രീയുടെ മനസ്സ് സ്വസ്ഥമല്ല. ഈശോയുടെ വിളി അവൾ കാര്യമാക്കിയില്ല. അവളുടെ മനസ്സ് വളരെ വിദൂരത്താണ്. മനസ്സിനെ അലട്ടുന്ന ആശയങ്ങൾ അവൾ യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കയാണ്. "യൂദാസിന്റെ അമ്മ... ഞാൻ എന്തിനെയാണ് പ്രസവിച്ചത്... ലോകം ആക്രോശിക്കുന്നു... യൂദാസിന്റെ അമ്മ..."
ഈശോയുടെ ശാന്തമായ കൺകോണുകളിൽ കണ്ണീർത്തുള്ളികൾ നിറഞ്ഞു. ഈശോ കുനിഞ്ഞ് പനി പിടിച്ച ആ നെറ്റിത്തടത്തിൽ കൈവയ്ക്കുന്നു. ഈശോ പറയുന്നു: "പാവം! ദുരിതം അനുഭവിക്കുന്ന സ്ത്രീ ... ലോകം സ്വരം വയ്ക്കുന്നെങ്കിൽ ദൈവം അതിലും ഉച്ചത്തിൽ നിന്നോടു പറയുന്നു: സമാധാനമായിരിക്കുക; കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ നോക്കൂ, പാവം അമ്മേ, നിന്റെ നഷ്ടപ്പെട്ട അരൂപി സ്വരൂപിച്ച് എന്റെ കൈകളിൽ വയ്ക്കുക. ഞാൻ ഈശോയാണ്."
മേരി ഏതോ പേടിസ്വപ്നത്തിൽ നിന്നുണർന്നു വരുന്നതു പോലെ കണ്ണുകൾ തുറക്കുന്നു. അവൾ കർത്താവിനെക്കാണുന്നു. അവന്റെ കരം അവളുടെ നെറ്റിത്തടത്തിൽ വച്ചിരിക്കയാണെന്നു മനസ്സിലാക്കുന്നു. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ടു മുഖംപൊത്തിക്കരയുന്നു; "എന്നെ ശപിക്കരുതേ... ഞാൻ ഇവനെയാണ് പ്രസവിക്കാൻ പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ എന്റെ ഗർഭപാത്രം വലിച്ചുകീറി അവൻ ജനിക്കുവാൻ ഇടയാക്കുകയില്ലായിരുന്നു."
"അപ്പോൾ നീ പാപം ചെയ്യുമായിരുന്നു മേരീ! ഓ! മേരീ! മറ്റൊരാളിന്റെ പാപം നിമിത്തം നിന്റെ നീതിയുടെ പാതയിൽനിന്ന് നീ വിട്ടുപോകരുത്. തങ്ങളുടെ ചുമതലകൾ നിർവ്വഹിച്ച അമ്മമാർ, തങ്ങളുടെ മക്കളുടെ പാപങ്ങൾക്ക് ഉത്തരവാദികളാണെന്ന് വിചാരിക്കരുത്. മേരീ... നീ നിന്റെ കടമ നിർവ്വഹിച്ചു. നിന്റെ ക്ഷീണിച്ച കരങ്ങൾ ഇങ്ങുതരൂ... നീ ശാന്തമാകൂ... പാവം അമ്മ!""ഞാൻ യൂദാസിന്റെ അമ്മയാണ്... പിശാച് സ്പർശിച്ച എല്ലാ സാധനങ്ങളും പോലെ ഞാൻ അശുദ്ധയാണ്... ഒരു പിശാചിന്റെ അമ്മ... എന്നെ സ്പർശിക്കരുതേ..." അവളെ താങ്ങുവാൻ ആഗ്രഹിക്കുന്ന കരങ്ങൾ ഒഴിവാക്കുവാൻ അവൾ ശ്രമിക്കുന്നു.
ഈശോയുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന രണ്ടുതുള്ളി കണ്ണീർ, പനി കൊണ്ടു പൊള്ളുന്ന അവളുടെ മുഖത്തേക്കു വീണു. "നിന്നെ ഞാൻ ശുദ്ധീകരിച്ചിരിക്കുന്നു മേരീ... എന്റെ സഹതാപക്കണ്ണീർ നിന്റെമേൽ വീണിരിക്കുന്നു. എന്റെ ദുഃഖങ്ങൾ ഞാൻ ഉൾക്കൊണ്ടശേഷം മറ്റൊരുത്തരുടേയും മേൽഎന്റെ കണ്ണീർ ഞാൻ വീഴ്ത്തിയിട്ടില്ല." അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് കട്ടിലിന്റെ വക്കിൽ ഈശോ ഇരിക്കുന്നു.
ഈശോയുടെ തിളങ്ങുന്ന കണ്ണുകളിലെ സഹതാപം അവളെ ആവരണം ചെയ്യുന്നു. അവളെ സുഖപ്പെടുത്തുന്നു. അവൾ ശാന്തമായി കരഞ്ഞുകൊണ്ട്
ചോദിക്കുന്നു; "നിനക്ക് എന്നോട് ഒരു വിഷമവുമില്ലേ?"
"എനിക്കുള്ളത് സ്നേഹമാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. സമാധാനമായിരിക്കുക."
"നീ ക്ഷമിക്കുന്നു. എന്നാൽ ലോകം! നിന്റെ അമ്മ! അവൾ എന്നെ വെറുക്കും."
"അവൾ ഒരു സഹോദരിയായിട്ടാണ് നിന്നെക്കുറിച്ച് ചിന്തിക്കുന്നത്. ലോകം ക്രൂരമാണ്; അതു ശരി. എന്നാൽ എന്റെ അമ്മ സ്നേഹത്തിന്റെ അമ്മയാണ്. അവൾ നല്ലവളാണ്. നിനക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. എല്ലാം ശാന്തമായിക്കഴിയുമ്പോൾ അവൾ നിന്റെ പക്കലേക്കു വരും. സമയം എല്ലാം ശാന്തമാക്കും."
"നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ മരിപ്പിക്കുക."
"അൽപ്പം കൂടെ കഴിഞ്ഞുകൊള്ളട്ടെ. നിന്റെ മകന് എനിക്കൊന്നും തരാൻ കഴിവുണ്ടായില്ല. സഹനത്തിന്റെ ഒരു കാലം നീയെനിക്കു തരും. അത് ചെറിയ ഒരു കാലമായിരിക്കും."
"എന്റെ മകൻ നിനക്കു വളരെയധികം തന്നു; പരിധിയില്ലാത്ത ഭയങ്കര തിക്താനുഭവങ്ങൾ..."
"നീ നിന്റെ പരിധിയില്ലാത്ത ദുഃഖങ്ങളും. ഭീകരാനുഭവങ്ങൾ കടന്നുപോയി. അവ കൊണ്ട് ഒരുപകാരവുമില്ല. എന്നാൽ നിന്റെ ദുഃഖം കൊണ്ട് പ്രയോജനമുണ്ട്. അത് എന്റെ മുറിവുകളോടു ചേരുന്നു. നിന്റെ കണ്ണീരും എന്റെ രക്തവും ലോകത്തെ കഴുകി ശുദ്ധിയാക്കുന്നു. ലോകത്തെ കഴുകുവാൻ എല്ലാ ദുഃഖങ്ങളും ഒരുമിച്ചു ചേരുന്നു. നിന്റെ കണ്ണുനീർ, എന്റെ രക്തത്തിന്റെയും എന്റെ അമ്മയുടെ കണ്ണീരിന്റെയും ഇടയ്ക്കുണ്ട്. അവയ്ക്കു ചുറ്റും വിശുദ്ധരായ എല്ലാവരുടേയും കണ്ണീരുണ്ട്. അവർ ക്രിസ്തുവിനു വേണ്ടിയും മനുഷ്യർക്കു വേണ്ടിയും സഹിക്കുന്നവരാണ്... പാവം മേരി!"
അവൻ അവളെ മെല്ലെ കിടത്തി അവൾ മെല്ലെ ശാന്തയാകുന്നതു നോക്കി നിൽക്കുന്നു.
അന്ന തിരിച്ചുവന്നു. അവൾ വാതിൽപ്പടിക്കൽ സ്തംഭിച്ചു നിന്നുപോയി. ഈശോ അവളെ നോക്കിക്കൊണ്ടു പറയുന്നു: "നീ എന്റെ ആഗ്രഹപ്രകാരം ചെയ്തു. അനുസരണയുള്ളവർക്ക് സമാധാനമുണ്ട്. നിന്റെ ആത്മാവ് എന്നെ മനസ്സിലാക്കി. നീ എന്റെ സമാധാനത്തിൽ ജീവിക്കുക."
ഈശോ വീണ്ടും മേരിയെ നോക്കുന്നു. അവൾ കണ്ണീർ ധാരധാരയായി ഒഴുക്കിക്കൊണ്ട്, എന്നാൽ ശാന്തമായി ഈശോയെ നോക്കുന്നുണ്ട്. ഈശോ അവളെ നോക്കി പുഞ്ചിരി തൂകുന്നു. ഇങ്ങനെ പറയുകയും ചെയ്യുന്നു: "നിന്റെ പ്രത്യാശ കർത്താവിൽ വയ്ക്കുവിൻ. അവൻ സകലവിധ ആശ്വാസങ്ങളും നിനക്കു തരും." അവൻ അവളെ അനുഗ്രഹിച്ചുകൊണ്ട് പോകാൻ തുടങ്ങുന്നു.
മേരി ശക്തി സംഭരിച്ച് ഉച്ചത്തിൽക്കരഞ്ഞുകൊണ്ട് പറയുന്നു; "ആളുകൾ പറയുന്നത് എന്റെ മകൻ ഒരു ചുംബനം വഴിയാണ് നിന്നെ ശത്രുക്കൾക്കു കാണിച്ചുകൊടുത്തതെന്നാണ്.
കർത്താവേ, അതു സത്യമാണോ? ആണെങ്കിൽ, നിന്റെ കരങ്ങൾ ചുംബിച്ചുകൊണ്ട് അതു കഴുകിക്കളയുവാൻ എന്നെ അനുവദിക്കണമേ... എനിക്കു മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല... അത് ഇല്ലാതാക്കാൻ വേറൊന്നും എനിക്കു ചെയ്യുവാനില്ല..." അവൾക്ക് ആഴമായ ദുഃഖം.
ഈശോ തന്റെ കരം അവൾക്ക് ചുംബിക്കുവാൻ കൊടുക്കുന്നില്ല. മഞ്ഞുപോലെ ധവളമായ അവന്റെ അങ്കിയുടെ വീതികൂടിയ കൈ, മുറിവിനെ മറച്ച് അത്രയും ഇറങ്ങിയാണ് കിടക്കുന്നത്. ഈശോ അവളുടെ ശിരസ്സ് കൈകളിലെടുത്ത് കുനിഞ്ഞ് ആ ദൈവികമായ അധരങ്ങൾ കൊണ്ട് പനിപിടിച്ച നെറ്റിയിൽ മെല്ലെ ചുംബിച്ചു. നിവർന്നുനിന്ന് വീണ്ടും അവളോടു പറയുന്നു: "എന്റെ ചുംബനവും വേറെയൊരുത്തർക്കും ഇത്രയധികം എന്നിൽനിന്ന് കിട്ടിയിട്ടില്ല. അതിനാൽ സമാധാനമായിരിക്കൂ! കാരണം, നമുക്ക് പരസ്പരം സ്നേഹമല്ലാതെ മറ്റൊന്നുമില്ല."
അവളെ അനുഗ്രഹിച്ചശേഷം ഈശോ മുറിയിൽ നിന്ന് അന്നയുടെ പുറകിലൂടെ കടന്നുപോകുന്നു. അന്ന, മുന്നോട്ടു ചെല്ലുവാൻ ധൈര്യപ്പെടാതെ തരളിതയായി കരയുന്നു...