ജാലകം നിത്യജീവൻ: യഹൂദറബ്ബി ഗമാലിയേൽ ക്രിസ്ത്യാനിയാകുന്നു

nithyajeevan

nithyajeevan

Thursday, May 19, 2011

യഹൂദറബ്ബി ഗമാലിയേൽ ക്രിസ്ത്യാനിയാകുന്നു

ഈശോയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം കുറെ വർഷങ്ങൾ കടന്നുപോയി. ഈശോയുടെ അമ്മ മേരിയും അപ്പസ്തോലനായ ജോണും ലാസറസ്സിന്റെ ഗദ്സെമനിയിലുള്ള ചെറുഭവനത്തിലാണ് വസിക്കുന്നത്. 
മേരി നൂൽ നൂൽക്കുന്നു. ജോൺ അവരുടെ ചെറിയ വീടിന്റെ അടുക്കള വൃത്തിയാക്കുന്നു. മേരിയുടെ മുഖം ശാന്തമാണ്. മകന്റെ മരണം വരുത്തിയ ദുഃഖത്തിന്റെ കണിക പോലും ഇപ്പോഴില്ല. കാലം കടന്നുപോയതിന്റെ അടയാളങ്ങളും ആ മുഖത്തില്ല.
വിളക്കുപീഠത്തിൽ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ പ്രകാശം മേരിയുടെ കരങ്ങളിൽ തട്ടുന്നുണ്ട്. തുറന്നുകിടക്കുന്ന വാതിലിലൂടെ നിലാവ് അടുക്കളയിലേക്ക് കയറുന്നു. വെളിയിൽ, വീടിനു ചുറ്റിലുമുള്ള വൃക്ഷങ്ങളിലിരുന്ന് രാപ്പാടികൾ സ്നേഹഗീതികൾ ആലപിക്കുന്നു.
 ഭയപ്പെട്ടതുപോലെ അവ പെട്ടെന്ന് നിശ്ശബ്ദമായി. താമസിയാതെ കുറെ കാൽപ്പരുമാറ്റം 
കേൾക്കുന്നു. അത് അടുക്കളയുടെ വാതിൽക്കൽ വന്നുനിന്നു. മേരി തലയുയർത്തി 
വാതിൽക്കലേക്കു നോക്കി. ജോണും നോക്കി. രണ്ടുപേരും ഒരുമിച്ച്  'ഓ'  എന്നു പറഞ്ഞുകഴിഞ്ഞു. അടുക്കള വാതിൽക്കൽ കാണുന്നത് ഗമാലിയേലിനെയാണ്. വളരെ വൃദ്ധനായ ഗമാലിയേൽ. 
"റബ്ബീ, നീ ഇവിടെ വന്നോ? അകത്തേക്കു വരൂ! വരൂ! സമാധാനം നിന്നോടു കൂടെ." ജോൺ  പറയുന്നു. മേരി  ഏതാനും ചുവടുകൾ പിന്നിലാണ്.
"നീ എന്നെ നയിക്കുമെങ്കിൽ...... ഞാൻ അന്ധനാണ്..." ഗമാലിയേൽ വിറയാർന്ന ശബ്ദത്തിൽ പറയുന്നു.
ജോൺ സ്തബ്ധനായി, സഹതാപത്തോടെ ചോദിക്കുന്നു; "അന്ധനോ? ഇതെന്ന് സംഭവിച്ചു?"
"ഓ! അതു വളരെക്കാലം മുമ്പു തുടങ്ങി... അതു കഴിഞ്ഞ ഉടനെ എന്റെ കാഴ്ച മങ്ങി, മങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. മനുഷ്യരെ പ്രകാശിപ്പിക്കുവാൻ വന്ന യഥാർത്ഥ പ്രകാശം ഞാൻ തിരിച്ചറിയാതിരുന്ന സമയം മുതൽ ഭൂകമ്പം ദേവാലയ തിരശ്ശീല കീറിക്കളയുകയും കനത്ത ഭിത്തികൾ കുലുക്കുകയും ചെയ്തതു വരെ. അവൻ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. 
യഥാർത്ഥത്തിൽ ഇരട്ടവിരികളാണുണ്ടായിരുന്നത്; ഒന്ന് ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ വേർതിരിക്കുന്ന തിരശ്ശീല; മറ്റേത്, യഥാർത്ഥത്തിലുള്ള അതിവിശുദ്ധനെ, ദൈവത്തിന്റെ വചനത്തെ, നിത്യനായ അവന്റെ ഏകജാതനെ, വളരെ വിശുദ്ധമായ മാംസം മറച്ച ആ വിരിയാണ്. അതു നീക്കി ഏറ്റം മന്ദതയുള്ള ബുദ്ധിക്കുപോലും വെളിപ്പെടുത്തിയത് അവന്റെ പീഡാനുഭവവും മഹത്വമേറിയ ഉത്ഥാനവുമാണ്. എല്ലാറ്റിലും ഒന്നാമതായി എനിക്ക് അതു വെളിപ്പെടുത്തപ്പെട്ടു. അതായത്, അവൻ ക്രിസ്തുവാണ്; ദൈവം നമ്മോടുകൂടെ ആയവനാണ് എന്നെനിക്കു ബോദ്ധ്യപ്പെട്ടു. ആ നിമിഷം മുതൽ അന്ധകാരം എന്റെ  കണ്ണുകളിലേക്കിറങ്ങി. അതു കൂടിക്കൂടി വരികയും ചെയ്തു. എനിക്കു ലഭിച്ച നീതിയായ ഒരു ശിക്ഷ.... കുറച്ചുനാൾ ഞാൻ പൂർണ്ണ അന്ധകാരത്തിലായിരുന്നു.... ഞാൻ ഇതാ വന്നിരിക്കുന്നു."
"ജോൺ ഉത്സാഹത്തോടെ ഇടയ്ക്കു കയറിച്ചോദിക്കുന്നു; "ഒരുപക്ഷേ, അത്ഭുതം വേണം എന്നാവശ്യപ്പെടാനായിരിക്കും?"
"അതെ... ഒരു വലിയ അത്ഭുതം...ഞാനതു ചോദിക്കുന്നത് സത്യദൈവത്തിന്റെ അമ്മയോടാണ്."
"ഗമാലിയേൽ, എന്റെ മകനുണ്ടായിരുന്ന അധികാരം എനിക്കില്ല. അവന്, അന്ധമായ കണ്ണുകൾക്ക് ജീവനും കാഴ്ചയും, ഊമർക്ക് സംസാരശേഷിയും തളർന്നുപോയവർക്ക് ചലനവും നൽകാൻ കഴിഞ്ഞു. എന്നാൽ എനിക്കതിനു കഴിവില്ല." മേരി മറുപടി പറയുന്നു. അവൾ തുടരുന്നു: "എന്നാൽ ഇവിടെ, മേശയുടെ അടുത്തേക്കു വരൂ... വന്ന് ഇവിടെ ഇരിക്കുക. നിനക്കു ക്ഷീണമുണ്ട്; പ്രായാധിക്യവും. ഇനി കൂടുതൽ ക്ഷീണിതനാകരുത്." കാരുണ്യത്തോടെ, ജോണിന്റെ സഹായം സ്വീകരിച്ച് അവൾ റബ്ബിയെ മേശയ്ക്കരികിൽ ഒരു  സ്റ്റൂളിന്മേൽ ഇരുത്തി.
മേരി കൈയെടുക്കുന്നതിനു മുമ്പ് ഗമാലിയേൽ ആ കൈ മുത്തുന്നു. പിന്നെ അവളോടു പറയുന്നു; "മേരീ, വീണ്ടും കണ്ണുകൾക്ക്  കാഴ്ച ലഭിക്കുവാനുള്ള അത്ഭുതമല്ല ഞാൻ  ചോദിക്കുന്നത്. ഈ ഭൗതിക കാര്യമല്ല ഞാനാവശ്യപ്പെടുന്നത്. സ്ത്രീകളിൽ ഏറ്റം അനുഗൃഹീതയായ നിന്നോടു ഞാൻ  ചോദിക്കുന്നത്, എന്റെ അരൂപിക്ക് കഴുകന്റെ കാഴ്ചശക്തി തരണമേയെന്നാണ്. അങ്ങനെ സത്യം മുഴുവൻ ഞാൻ കാണാനിടയാകണം. എന്റെ അന്ധമായ കണ്ണുകൾക്ക് പ്രകാശം വേണമെന്നല്ല ഞാൻ പറയുന്നത്; സ്വഭാവാതീതമായ, ദൈവികമായ സത്യവെളിച്ചം; ജ്ഞാനം, സത്യം, ജീവൻ - എന്റെ ആത്മാവിനും ഹൃദയത്തിനും - തരണമെന്നാണ്.  കാരണം, എന്റെ ആത്മാവും ഹൃദയവും വിശ്രമമില്ലാതെ ഇച്ഛാഭംഗത്താൽ എന്നെ കീറുകയും 
തളർത്തുകയുമാണ്. എന്റെ കണ്ണുകൾ കൊണ്ട് ഈ ഹെബ്രായലോകത്തെ കാണാൻ ഞാനാഗ്രഹിക്കുന്നില്ല. അതെ! വലിയ ദുശ്ശാഠ്യത്തോടെ ദൈവത്തോട് എതിരിട്ടവർ!  അവന്റെ കാരുണ്യത്തിന് ഞങ്ങൾക്കു് യാതൊരർഹതയും ഉണ്ടായിരുന്നില്ല. എന്റെ അന്ധത സൻഹെദ്രീന്റെയും ദേവാലയത്തിന്റെയും എല്ലാ വ്യാപാരങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചിരിക്കയാണ്. അവർ നിന്റെ മകനോടും അവന്റെ അനുയായികളോടും അനീതിയായിട്ടാണ് വർത്തിച്ചിട്ടുള്ളത്. ഞാൻ കാണുവാൻ ആഗ്രഹിക്കുന്നത്, എന്റെ മനസ്സും ഹൃദയവും അരൂപിയും കൊണ്ട് നിന്റെ മകൻ ഈശോയെ കാണുവാനാണ്. അവനെ എന്നിൽക്കാണുവാൻ; എന്റെ അരൂപിയിൽ ദർശിക്കുവാൻ; അവനെ ആത്മീയമായി 
ദർശിക്കുവാൻ... ഓ! ദൈവത്തിന്റെ  പരിശുദ്ധയായ അമ്മേ, നീ തീർച്ചയായും കാണുന്നതുപോലെ കാണുവാൻ, പരിശുദ്ധനായ ജോണിനെപ്പോലെ, ജയിംസ് ജീവിച്ചിരുന്നിടത്തോളം കാലം ചെയ്തതുപോലെ, മറ്റുള്ളവർ അവരുടെ കുഴിമാടത്തിൽ അവന്റെ സഹായം ലഭിക്കുവാനും അവരുടെ ബുദ്ധിമുട്ടുള്ള ശുശ്രൂഷയിൽ ശക്തി ലഭിക്കുവാനും ആഗ്രഹിച്ചതു പോലെ, അവനെ ഞാനും കാണുവാൻ എനിക്കനുഗ്രഹം ലഭിക്കണം. എന്റെ ശക്തിയൊക്കെയോടും കൂടെ അവനെ സ്നേഹിക്കുന്നതിനായി അവനെ കാണുന്നതിനും, ആ സ്നേഹത്തിലൂടെ എന്റെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്നതിനുമാണ് ഞാനാഗ്രഹിക്കുന്നത്. അവനിൽനിന്ന് പാപപ്പൊറുതി ലഭിച്ച്, ഞാൻ അർഹിക്കാതിരുന്ന നിത്യജീവൻ എനിക്കു  പ്രാപിക്കണം."  മേശമേൽ മടക്കിവച്ചിരിക്കുന്ന കൈകളിൽ തലചായ്ച്ചുവച്ച് അയാൾ കരയുന്നു.
അയാളുടെ ശിരസ്സിൽ കൈവച്ചുകൊണ്ട് മേരി  പറയുന്നു: "ഇല്ല, നിത്യജീവൻ പ്രാപിക്കുന്നതിൽ നീ പരാജയപ്പെട്ടിട്ടില്ല. മുമ്പു ചെയ്ത അബദ്ധങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്ന എല്ലാവരോടും രക്ഷകൻ ക്ഷമിക്കുന്നു.  അവൻ, അവനെ ഒറ്റിക്കൊടുത്തവനോടു പോലും ക്ഷമിക്കുമായിരുന്നു; അവന്റെ ഭയാനകമായ പാപത്തെക്കുറിച്ച് അവന് അനുതാപമുണ്ടായിരുന്നെങ്കിൽ! 
നിന്റെ കുറ്റം താരതമ്യേന വളരെച്ചെറുതാണ്. തന്നെയല്ല, അതിനെ ഒരു കുറ്റം എന്നു പറയുക തന്നെ അസാദ്ധ്യം. നിന്റേത് അവിശ്വാസമല്ല; നേരെമറിച്ച് അധികവിശ്വാസമാണ്. നീ പന്ത്രണ്ടു വയസ്സായിരുന്ന ബാലനെ അമിതമായി വിശ്വസിച്ചു. അവനിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ചുകൊണ്ട് സത്യസന്ധമായി,  എന്നാൽ നിശ്ചയദാർഢ്യത്തോടെ നീ സംസാരിച്ചു. അവന്റെ അധരങ്ങളിൽ നിന്ന് പരിധിയില്ലാത്ത ജ്ഞാനത്തിന്റെ വാക്കുകൾ നീ ശ്രവിച്ചു. എന്നാൽ അതു വിശ്വസിക്കുവാനും അവനിൽ മിശിഹായെക്കാണുവാനും അതിന് ഒരടയാളം ലഭിക്കുന്നതിനും നീ കാത്തിരുന്നു. അത്രയും ശക്തമായ വിശ്വാസമുള്ളവരോട് ദൈവം ക്ഷമിക്കുന്നു."
"മേരീ, നോക്കൂ... നിന്റെ മകനുമായി അവന്റെ ആദ്യത്തെ പരസ്യമായ വെളിപ്പെടുത്തലിൽത്തന്നെ പരിചയപ്പെടുവാനുള്ള അപൂർവ്വമായ കൃപ എനിക്കു ലഭിച്ചു. അവന്റെ പ്രായപൂർത്തി അംഗീകരിക്കപ്പെട്ട ദിവസമായിരുന്നു അത്.  അന്നുമുതൽ ഞാൻ കാണേണ്ടതായിരുന്നു. ഞാൻ ഗ്രഹിക്കണമായിരുന്നു. ഞാൻ  അന്ധനും ഭോഷനുമായിപ്പോയി. ഞാൻ കണ്ടില്ല;  ഗ്രഹിച്ചില്ല. അവൻ വളർന്നു, വലുതായി; ഗുരുവായി. കൂടുതൽ നീതിയുടെ, ശക്തമായ  വാക്കുകൾ അവനിൽനിന്ന് ഞാൻ  കേട്ടു. എങ്കിലും ഞാൻ ഗ്രഹിച്ചില്ല. ഞാൻ  ശാഠ്യത്തോടെ മാനുഷികമായ ഒരടയാളത്തിനായി കാത്തിരുന്നു പോയി. പ്രവാചകന്മാർ പറഞ്ഞിട്ടുള്ള മൂലക്കല്ല് അവനെണെന്നു ഞാൻ മനസ്സിലാക്കിയില്ല. ലോകത്തെ കുലുക്കിത്തുടങ്ങിയ കല്ല്; ഹെബ്രായരുടേയും അജ്ഞാനികളുടേയും ലോകത്തെ കുലുക്കിയ കല്ല്.... അവൻ പറയുകയും പ്രവർത്തിക്കുകയും ചെയ്തതിലെല്ലാം അവന്റെ പിതാവിന്റെ വ്യക്തമായ അടയാളം ഞാൻ കണ്ടില്ല. ഇത്രയധികം ദുശ്ശാഠ്യം അവൻ എങ്ങനെ പൊറുക്കാനാണ്?"
"ഗമാലിയേൽ, സ്വഭാവാതീത കാര്യങ്ങളിൽ നല്ല ഉപദേശം തരാൻ എനിക്കു കഴിയുമെന്ന് നിനക്കു വിശ്വസിക്കാമോ? കാരണം, ജ്ഞാനം തന്നെയായവൻ എന്നിൽ മാംസം ധരിച്ചു. അവൻ എന്നിൽ കൃപാവരം വർഷിച്ചു. സ്വഭാവാതീത കാര്യങ്ങളിൽ അറിവിന്റെ തികവ് എന്നിലുണ്ട്."
"ഓ! തീർച്ചയായും ഞാനത് വിശ്വസിക്കുന്നു. നിന്നിൽനിന്ന് പ്രകാശം ലഭിക്കുന്നതിനാണ് ഞാൻ  നിന്റെ പക്കലേക്കു വന്നത്. നീ ദൈവത്തിന്റെ പുത്രിയും അമ്മയും മണവാട്ടിയുമാണ്. എനിക്കു  സമാധാനം വേണം; സത്യം കണ്ടുപിടിക്കണം. യഥാർത്ഥ ജീവൻ എനിക്കു  നേടണം. എന്റെ തെറ്റുകളെക്കുറിച്ച് നല്ല ബോദ്ധ്യം എനിക്കുണ്ട്. ആദ്ധ്യാത്മിക ദുരിതത്താൽ ഞാൻ 
തകർന്നിരിക്കയാണ്. ദൈവസന്നിധിയിലേക്ക് ധൈര്യപ്പെട്ടു പോകാൻ എനിക്കു സഹായം വേണം."

"തടസ്സമെന്നു നീ കരുതുന്നത് നിനക്കു ദൈവസന്നിധിയിലേക്ക് ഉയരാനുള്ള ചിറകാണ്. നീ നിന്നെത്തന്നെ എളിമപ്പെടുത്തി. നീ ഒരു മഹാപർവ്വതമായിരുന്നു; നീ നിന്നെത്തന്നെ  ആഴമുള്ള ഒരു  താഴ്വരയാക്കി. ഇക്കാര്യം ഓർമ്മിക്കുവിൻ; ഏറ്റം വരണ്ട മണ്ണിനെപ്പോലും ഫലപുഷ്ടിയുള്ളതാക്കുന്നത് എളിമയാണ്. ദൈവത്തിലേക്ക് ഉയരാനുള്ള ഗോവണിയാണത്. എളിമയുള്ള ഒരു  മനുഷ്യനെ കാണുമ്പോൾ ദൈവം അവനെ തന്റെ പക്കലേക്കു വിളിക്കുന്നു. അവനെ ഉയർത്തുന്നതിനും തന്റെ സ്നേഹം കൊണ്ട് അവനെ ജ്വലിപ്പിക്കുന്നതിനുമാണ് അതു ചെയ്യുന്നത്. അതുകൊണ്ടാണ് ഞാൻ നിന്നോടു പറയുന്നത്, നീ ഇപ്പോൾത്തന്നെ പ്രകാശത്തിലാണെന്ന്; ശരിയായ വഴിയിലാണെന്ന്. ദൈവപുത്രരുടെ യഥാർത്ഥ ജീവിതത്തിലേക്കാണു നീങ്ങുന്നതെന്ന്."
"എന്നാൽ കൃപാവരം ലഭിക്കുന്നതിനു് ഞാൻ സഭയിൽ പ്രവേശിക്കണം. മാമോദീസാ സ്വീകരിക്കണം. 
ഞാൻ അതിനെതിരല്ല. നേരെമറിച്ചാണ്. നിയമത്തിന്റെ പുത്രൻ എന്നുള്ളത് ഞാൻ എന്നിൽ നിന്ന് നശിപ്പിച്ചു. എനിക്കിനി ദേവാലയത്തെ ബഹുമാനിക്കുവാനോ സ്നേഹിക്കുവാനോ കഴിവില്ല. എന്നാൽ ഒന്നുമില്ലാത്തവനാകുവാൻ ഞാനാഗ്രഹിക്കുന്നുമില്ല. അതിനാൽ എന്നിലെ പഴയതിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ പുതിയ വിശ്വാസം പണിയുവാൻ ഞാനാഗ്രഹിക്കുന്നു. പക്ഷേ, എനിക്കു തോന്നുന്നു, അപ്പസ്തോലന്മാർക്കും ശിഷ്യർക്കും എന്നെ വിശ്വാസമില്ല. കടുത്ത ദുശ്ശാഠ്യക്കാരനായ ഈ റബ്ബിക്കെതിരേ അവർക്കു് നല്ല മുൻവിധിയുണ്ട്."


ജോൺ ഇടയ്ക്കു കയറിപ്പറയുന്നു; "ഗമാലിയേൽ പറയുന്നത് ശരിയല്ല. നിന്നെ സ്നേഹിക്കുന്നവരിൽ ഒന്നാമൻ ഞാനാണ്. ക്രിസ്തുവിന്റെ അജഗണത്തിൽ നീ ഒരാട്ടിൻകുട്ടിയാകുന്ന ദിവസം, ഞാൻ  പ്രത്യേകം അടയാളപ്പെടുത്തും. ആ ദിവസം അസാധാരണ കൃപയുടെ ഒരു ദിവസമായിരിക്കും. എന്റെ കൂടെ വരൂ.. ഞാൻ നിന്നെ ദൈവത്തിന്റെ പുത്രനും രക്ഷകനായ ക്രിസ്തുവിന്റെ സഹോദരനുമാക്കാം."
"നീയല്ലല്ലോ പ്രധാനി. പത്രോസാണ് പ്രധാനാചാര്യൻ. പത്രോസ് എന്നോടു നന്നായി വർത്തിക്കുമോ? അവൻ നിന്നിൽനിന്ന് വളരെ വ്യത്യസ്തനാണെന്ന് എനിക്കറിയാം."
"അവൻ അങ്ങനെയായിരുന്നു. എന്നാൽ എത്ര ദുർബ്ബലനാണു താൻ എന്നറിഞ്ഞപ്പോൾ മുതൽ അവൻ  പഴയ ആളല്ല. അവന് സകലരുടേയും മേൽ കരുണയാണുള്ളത്."
"എങ്കിൽ എന്നെ ഉടനെ തന്നെ അവന്റെ പക്കലേക്കു കൊണ്ടുപോകുവിൻ. എനിക്കു വാർദ്ധക്യമായി; ഞാൻ വളരെ വൈകിയാണു വരുന്നത്. എനിക്കു  തീരെ അർഹതയില്ല എന്നാണു ഞാൻ വിചാരിച്ചത്. ഇപ്പോൾ മേരിയുടെ വാക്കുകളും നിന്റെ വാക്കുകളും എനിക്ക് ആശ്വാസമായതിനാൽ എനിക്ക് ഗുരുവിന്റെ അജഗണത്തിൽ ഉടനെതന്നെ ചേരണം. നഷ്ടപ്പെട്ട ആടായ ഞാൻ, നിത്യനായ ഇടയന്റെ യയഥാർത്ഥമായ ആലയിലേക്കു പോകും."
പെട്ടെന്നുള്ള ഒരു  നിവേശനത്താൽ മേരി അവനെ ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു: "ദൈവം  നിനക്കു സമാധാനം നൽകട്ടെ. സമാധാനവും നിത്യമായ മഹത്വവും; കാരണം, നീയത് അർഹിക്കുന്നു. നിന്റെ യഥാർത്ഥമായ ചിന്തകൾ ഇസ്രായേലിന്റെ ശക്തരായ നേതാക്കളെ നീ അറിയിച്ചു. അവരുടെ പ്രതികരണങ്ങളെ നീ ഭയപ്പെട്ടില്ല. ദൈവം എല്ലായ്പ്പോഴും നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ."

ഗമാലിയേൽ അവളുടെ കരങ്ങൾക്കായി തപ്പുന്നു. അവന്റെ കരങ്ങളിൽ ആ കരങ്ങളെടുത്ത് അവയെ ചുംബിക്കുന്നു. അയാൾ മുട്ടിന്മേൽ നിന്ന് അവളുടെ അനുഗൃഹീത കരങ്ങൾ, തന്റെ ക്ഷീണിച്ച, വാർദ്ധക്യത്തിലെത്തിയ ശിരസ്സിന്മേൽ വയ്ക്കുവാൻ പ്രാർത്ഥിക്കുന്നു.


മേരി അപ്രകാരം ചെയ്തു. കുനിച്ചിരിക്കുന്ന ആ ശിരസ്സിൽ അവൾ കുരിശ്ശടയാളം വരച്ചു. പിന്നെ ജോണിനെയും കൂട്ടി അയാളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. അവൾ വാതിൽക്കലേക്കു് അയാളെ നയിച്ചു. അയാൾ ജോണിന്റെ സഹായത്തോടെ നടന്നുപോകുന്നതു് അവൾ 
നോക്കിനിൽക്കുന്നു. യഥാർത്ഥ  ജീവിതത്തിലേക്കു നടന്നുപോകുന്ന മനുഷ്യൻ; മാനുഷികമായി തീർന്നിരിക്കുന്നവൻ; എന്നാൽ  സ്വഭാവാതീതമായി വീണ്ടും സൃഷ്ടിക്കപ്പെട്ടവൻ....