(വാലൻറ്റീന പാപ്പാഗ്ന എന്ന ദർശകക്ക് ലഭിച്ച ദർശനം )
കാലത്ത് ഏകദേശം ഒൻപതു മണിയായിട്ടുണ്ടാവണം. ഞാൻ വീടിനു വെളിയിൽ തുണികൾ ഉണക്കാനിടുകയായിരുന്നു.
അപ്പോൾ മാലാഖ പ്രത്യക്ഷനായി എന്നോട് പറഞ്ഞു: "അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങൾ നിന്നെ കാണിച്ചു തരുവാനാണ് ഞാൻ വന്നിരിക്കുന്നത്. അവ വളരെ അടുത്തെത്തിയിരിക്കുന്നു. ആളുകൾ അവരുടെ പാപങ്ങളെപ്പറ്റി മനസ്തപിക്കുന്നില്ലെങ്കിൽ അവ ഒഴിവാക്കപ്പെടുകയില്ല. വിശുദ്ധ ഗ്രന്ഥത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന അക്കാര്യങ്ങൾ പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും."
ഇതിനുശേഷം, ലോകത്തിനുമേൽ വരാനിരിക്കുന്ന ത്രിദിനാന്ധകാരം എന്ന പ്രതിഭാസത്തെപറ്റിയുള്ള ഒരു ദർശനം മാലാഖ എന്നെ കാണിച്ചു. അതിപ്രകാരമായിരുന്നു.
അതൊരു പകൽ സമയമായിരുന്നു. പെട്ടെന്ന്, വലിയൊരു കറുത്ത മൂടൽമഞ്ഞു വന്നു മൂടുന്നതുപോലെ ഇരുട്ടു പരക്കുവാൻ തുടങ്ങി. മാലാഖ പറഞ്ഞു: "ഇതാണ് ത്രിദിനാന്ധകാരത്തിന്റെ ആരംഭം.
പകലായിക്കുമ്പോൾത്തന്നെ ഇരുട്ടു പരക്കുകയും രാത്രിയുടെ പ്രതീതി തോന്നിക്കുകയും ചെയ്യുമ്പോൾ, ഇത് ദൈവത്തിന്റെ പ്രവൃത്തിയെന്ന് ആളുകൾ മനസ്സിലാക്കും.
ഇപ്രകാരം സംഭവിക്കുമ്പോൾ, ഉടൻതന്നെ വീട്ടിന്നുള്ളിലേക്കു പോവുക.
ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യരുത്. വീടിന്റെ വാതിലുകളും ജനാലകളുമെല്ലാം അടച്ചു ഭദ്രമാക്കുക.
പ്രാർഥിക്കുക, തീക്ഷ്ണമായി പ്രാർഥിക്കുക. എല്ലാവരോടും പ്രാർത്ഥിക്കാൻ പറയുക. വെഞ്ചരിച്ച തിരികൾ കത്തിക്കുക.