ഇന്ന് വി.ജോവാക്കിമിൻ്റെയും വി.അന്നയുടെയും തിരുനാൾ
തൻ്റെ മാതാമഹനെയും മാതാമഹിയെയും പറ്റി ഈശോ ഇപ്രകാരം പറയുന്നു:
"എനിക്ക് മാനുഷികമായി ലഭിച്ച ബന്ധുക്കളിൽ എൻ്റെ ജീവിതത്തോടു കൂടുതൽ ബന്ധപ്പെട്ടവർ ജ്ഞാനമുള്ളവരായിരുന്നു. യോവാക്കിം,അന്ന, ജോസഫ്, സക്കറിയാസ്, അവരെക്കാളും കൂടുതലായി എലിസബത്തും യോഹന്നാനും (സ്നാപകൻ)..
ഇവരെല്ലാം ശരിക്കും ജ്ഞാനികളായിരുന്നില്ലേ? ജ്ഞാനത്തിൻ്റെ വാസസ്ഥലം തന്നെയായിരുന്നു എൻ്റെ അമ്മയുടെ കാര്യം പറയേണ്ടതില്ലല്ലോ?
തങ്ങളുടെ ചെറുപ്പം മുതൽ മരണം വരെയും ദൈവത്തിനിഷ്ടപ്പെട്ട വിധം ജീവിക്കേണ്ടതെങ്ങനെയെന്ന് ജ്ഞാനം എൻ്റെ വല്യപ്പനും വല്യമ്മയ്ക്കും മനസ്സിലാക്കികൊടുത്തിരുന്നു. ഒരു കൂടാരം പ്രകൃതിശക്തികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നതുപോലെ ജ്ഞാനം അവരെ പാപത്തിൻ്റെ അപകടത്തിൽനിന്നു സംരക്ഷിച്ചു. ജ്ഞാനമാകുന്ന വൃക്ഷത്തിൻ്റെ വേര് ദൈവഭയമാകുന്നു. ഈ വൃക്ഷം അതിൻ്റെ ശാഖകളെ നാലുവശത്തേക്കും വളർത്തി ശാന്തവും സമാധാനപൂർണ്ണവുമായ സ്നേഹത്തിൽ എത്തിക്കുന്നു.
യോവാക്കിമും അന്നയും ഇപ്രകാരം ജ്ഞാനത്തെ സ്നേഹിച്ചവരാണ്. അവരുടെ പരീക്ഷണങ്ങളിൽ ജ്ഞാനം അവരോടുകൂടിയുണ്ടായിരുന്നു.
അവരുടെ വിശുദ്ധമായ ജീവിതം അർഹിച്ചിരുന്നതുപോലെ, അവരുടെ വിശുദ്ധി നിമിത്തം, ദൈവത്തിൻ്റെ പ്രിയപ്പെട്ട കന്യകയുടെ രക്ഷകർത്താക്കളാകാൻ അവർ അർഹരായി. തങ്ങളുടെ ജീവിതാന്ത്യത്തിൽ ഒരു വലിയ സൂര്യൻ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമേ തങ്ങൾക്കു ദൈവം നൽകിയ വലിയ അനുഗ്രഹം അവർ മനസ്സിലാക്കിയുള്ളൂ.
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)