ഫിനീഷ്യൻ പട്ടണമായ അലക്സാൻഡ്രൊസീനിൽ എത്തിയ ഈശോയും അപ്പസ്തോലന്മാരും അവിടെ റോമൻ പട്ടാളക്കാരെ ധാരാളമായി കാണുന്നു. അവർ പട്ടണവാസികളുമായി സൗഹൃദത്തിലാണെന്നു കണ്ട അപ്പസ്തോലന്മാർ പിറുപിറുക്കുന്നു: "ഈ ഫിനീഷ്യന്മാർക്ക് ആത്മാഭിമാനം അശേഷമില്ല."
വലിയ ഒരു ശാലയിൽ അവരെത്തി. ഒരു താടിക്കാരൻ അവരെ സമീപിച്ചു ചോദിക്കുന്നു; "എന്താണു നിങ്ങൾക്കു വേണ്ടത്? ഭക്ഷണസാധനങ്ങളോ?"
അതേ... താമസസൗകര്യവും; തീർത്ഥാടകർക്ക് ആതിഥ്യം നൽകുന്നതിന് നിങ്ങൾക്കു ബുദ്ധിമുട്ടില്ലെങ്കിൽ... ഞങ്ങൾ ദൂരെ നിന്നു വരുന്നവരാണ്. ഇതിനുമുമ്പ് ഇവിടെ വന്നിട്ടില്ല. കർത്താവിന്റെ നാമത്തിൽ ഞങ്ങളെ സ്വീകരിക്കുക."
എല്ലാവരുടേയും പേർക്കു സംസാരിച്ച ഈശോയെ ആ മനുഷ്യൻ സൂക്ഷിച്ചു നോക്കുന്നു. പിന്നെ അയാൾ പോയി തന്റെ രണ്ടു സഹോദരന്മാരെയും കൂട്ടിക്കൊണ്ടു വന്നു. വന്നവരിൽ ഒരാൾ ഈശോയോടു ചോദിക്കുന്നു; "നിങ്ങളുടെ പേരുകളെന്താണ്?"
"നസ്രസ്സിലെ ഈശോ; നസ്രസ്സുകാർ തന്നെയായ ജയിംസും യൂദാസും, ബത്സയ്ദായിലെ ജയിംസും ജോണും ആൻഡ്രൂവും; കഫർണാമിലെ മാത്യുവും."
"നിങ്ങൾ എങ്ങനെ ഇവിടെയെത്തി? പീഡനം നിമിത്തമാണോ?"
"അല്ല; ഞങ്ങൾ സുവിശേഷം പ്രസംഗിക്കുകയാണ്. പാലസ്തീനാ നാടു മുഴുവൻ; ഗലീലിയാ മുതൽ യൂദയാ വരെ, കടൽ മുതൽ കടൽ വരെ, ഒന്നിലധികം പ്രാവശ്യം ഞങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു. ജോർദ്ദാനപ്പുറത്ത് ഹൗറാൻ വരെയും ഞങ്ങൾ പോയി. ഇവിടെ ഇപ്പോൾ വന്നത് പഠിപ്പിക്കാനാണ്."
"ഇവിടെ ഒരു റബ്ബിയോ? വിസ്മയകരമായിരിക്കന്നു; ഇല്ലേ, ഫിലിപ്പ്? ഏലിയാസ്?
നിങ്ങൾ ഏതു വർഗ്ഗത്തിൽപ്പെട്ടവരാണ്?"
"ഒരു വർഗ്ഗത്തിലും പെട്ടവരല്ല. ഞാൻ ദൈവത്തിന്റേതാണ്. ലോകത്തിലുള്ള നല്ല മനുഷ്യർ എന്നെ വിശ്വസിക്കുന്നു. ഞാൻ ദരിദ്രനാണ്; ദരിദ്രരെ ഞാൻ സ്നേഹിക്കുന്നു. എങ്കിലും ധനികരെ ഞാൻ നിന്ദിക്കുന്നില്ല. കാരുണ്യം കാണിക്കാനും സ്നേഹിക്കാനും സമ്പത്തിൽ നിന്ന് മനസ്സിനെ വിടുവിക്കാനും ഞാനവരെ പഠിപ്പിക്കുന്നു. ദാരിദ്ര്യത്തെ സ്നേഹിക്കാനും ദൈവത്തിൽ ആശ്രയിക്കാനും ദരിദ്രരെ ഞാൻ പഠിപ്പിക്കുന്നു. ഒരുത്തരും നശിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ലല്ലോ."
"മ്ശിഹാ എന്നു പറയപ്പെടുന്നവൻ നീയാണോ?"
"ഞാൻ ആകുന്നു."
"ജറുസലേമിൽ വച്ച് ഞങ്ങൾ കേട്ടു, നിന്നെ ദൈവത്തിന്റെ വചനം എന്നാണു വിളിക്കുന്നതെന്ന്; നീ ദൈവത്തിന്റെ വചനമാണെന്ന്; ഇതു സത്യമാണോ?"
"അതെ, അതു സത്യമാണ്. ഇതു വിശ്വസിക്കാൻ നിനക്കു കഴിയുമോ?"
"വിശ്വസിക്കുന്നതിനു ചെലവൊന്നുമില്ലല്ലോ. പ്രത്യേകിച്ച് ഒരുവൻ സഹിക്കുന്നതിനു കാരണമായവ നീക്കിക്കളയാൻ ആ വിശ്വാസത്തിനു കഴിയും എന്നു പ്രതീക്ഷയുള്ളപ്പോൾ എളുപ്പവുമാണ്."
"ഏലിയാസേ, അതു സത്യമാണ്. പക്ഷേ അങ്ങനെ പറയരുത്. അത് ശുദ്ധമല്ലാത്ത ഒരു ചിന്തയാണ്. മനുഷ്യനെന്ന നിലയിൽ മറ്റുള്ളവരാൽ അവഹേളിക്കപ്പെടുന്നതിലുള്ള സഹനം അപ്രത്യക്ഷമാകും എന്നോർത്ത് സന്തോഷിക്കേണ്ട. നേരെമറിച്ച്, സ്വർഗ്ഗരാജ്യം നേടാൻ കഴിയും എന്നുള്ള പ്രത്യാശയിൽ സന്തോഷിക്കുക."