ജാലകം നിത്യജീവൻ: മനോഹരമായ ഒരുപമ

nithyajeevan

nithyajeevan

Wednesday, July 7, 2021

മനോഹരമായ ഒരുപമ


ഈശോ സെസ്സേറിയാ പട്ടണത്തില്‍ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.


                                 "ഈ ഉപമ കേൾക്കൂ. അനേകം മക്കളുണ്ടായിരുന്ന ഒരു പിതാവ്, മക്കൾക്കു പ്രായപൂർത്തിയായപ്പോൾ വളരെ വിലയേറിയ രണ്ടു നാണയങ്ങൾ വീതം കൊടുത്തശേഷം പറഞ്ഞു: 'ഇനി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യാന്‍  ഞാന്‍  ഉദ്ദേശിക്കുന്നില്ല. സ്വന്തം നിത്യവൃത്തിക്കായി അദ്ധ്വാനിക്കുവാന്‍  നിങ്ങൾ പ്രാപ്തരായിട്ടുണ്ട്. അതിനാല്‍  നിങ്ങൾ ഓരോരുത്തർക്കും ഒരുപോലുള്ള തുക ഞാൻ തരുന്നു. നിങ്ങൾക്കു് ഇഷ്ടമായ വിധത്തില്‍  അതുപയോഗിക്കുക. ഞാനിവിടെ കാത്തിരിക്കുന്നുണ്ടാവും. ദൗർഭാഗ്യത്താല്‍  പണം നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ, നിങ്ങൾക്കു് മാർഗ്ഗനിർദ്ദേശം നൽകുവാനും സഹായിക്കുവാനും ഞാന്‍  എപ്പോഴും ഇവിടെയുണ്ടായിരിക്കും. എന്നാൽ മോശമായി പണം ധൂർത്തടിക്കയാണെങ്കില്‍  അത് ക്ഷമിക്കപ്പെടുകയില്ല. മടിനിമിത്തം പണം ഉപയോഗിക്കാതെ അതു നഷ്ടപ്പെടുത്തിക്കളയുന്നവരോടും ഞാന്‍  ക്ഷമിക്കയില്ല. നന്മതിന്മകൾ നിങ്ങളെ ഓരോരുത്തരെയും ഞാന്‍  പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍  ജീവിതം എന്താണെന്നറിയാതെയാണ് നിങ്ങൾ അതിനെ നേരിടുന്നതെന്ന് പറയാന്‍  സാധിക്കയില്ല. ജ്ഞാനത്തോടുകൂടി, നീതിയിലും പരമാർത്ഥതയിലും ജീവിക്കേണ്ടതെങ്ങനെയെന്ന് എന്റെ ജീവിതത്തിലൂടെ ഞാൻ നിങ്ങൾക്ക് മാതൃക നൽകിയിട്ടുണ്ട്. അതിനാ ല്‍  എന്റെ ദുർമാതൃക നിമിത്തം നിങ്ങളെ ഞാൻ ദുഷിപ്പിച്ചെന്നു പറയാന്‍  സാദ്ധ്യമല്ല. ഞാന്‍  എന്റെ കടമ നിർവഹിച്ചു. ഇപ്പോൾ നിങ്ങളുടെ കടമ നിങ്ങൾ നിർവഹിക്കേണ്ട സമയമാണ്. നിങ്ങൾ ബുദ്ധിഹീനരോ ഒരുക്കമില്ലാത്തവരോ അറിവില്ലാത്തവരോ അല്ല. എല്ലാവരും പൊയ്ക്കൊള്ളുക.' അവരെയെല്ലാവരേയും വിട്ടശേഷം അയാൾ വീട്ടില്‍  കാത്തിരുന്നു.

                                      മക്കൾ പലസ്ഥലങ്ങളിലേക്കു പോയി. എല്ലാവർക്കും തുല്യസ്വത്താണു കിട്ടിയത്. വിലയേറിയ രണ്ടു നാണയങ്ങൾ, നല്ല ആരോഗ്യം, ശക്തി, അറിവ്, പിതാവിന്റെ സന്മാതൃക. അതിനാൽ എല്ലാവരും ഒരുപോലെ വിജയിക്കേണ്ടതായിരുന്നു. എന്നാൽ എന്താണു സംഭവിച്ചത്? ചിലർ ആ പണം ബുദ്ധിപൂർവ്വം ഉപയോഗിച്ചു. ആത്മാർത്ഥമായി ജോലി ചെയ്ത് അപ്പന്റെ ആഗ്രഹപ്രകാരം സത്യസന്ധരായി ജീവിച്ചു. അവർക്കു വേഗം സ്വത്തുവർദ്ധിച്ചു. മറ്റുചിലർ ആദ്യം ആത്മാർത്ഥമായി വർത്തിച്ചു. എന്നാല്‍  പിന്നീട് ധൂർത്തടിച്ചു നശിപ്പിച്ചു. ചിലർ കൊള്ളരുതാത്ത വ്യാപാരങ്ങൾ നടത്തി. വേറെ ചിലർ ഒന്നും ചെയ്തില്ല. മടി നിമിത്തം ജോലി ചെയ്യാതെ അലസരായി ജീവിച്ചു. അധികം വൈകാതെ അവരുടെ പണമെല്ലാം തീർന്നു.

                            കുറെ വർഷങ്ങൾക്കുശേഷം പിതാവ് മക്കളെ അന്വേഷിക്കുവാനും കൂട്ടിക്കൊണ്ടുവരുവാനും ഭൃത്യരെ അയച്ചു. "എന്റെ വീട്ടിലേക്കു വരുവാന്‍  അവരോടു പറയണം. അവർ എന്തുചെയ്തു എന്നതിന്റെ കണക്ക് എനിക്കു കാണണം. അവരുടെ സ്ഥിതിയെന്ത് എന്നു നേരിട്ടു കാണുവാനും ഞാന്‍  ആഗ്രഹിക്കുന്നു." ഭൃത്യന്മാർ എല്ലാ സ്ഥലങ്ങളിലേക്കും പോയി തങ്ങളുടെ യജമാനനന്റെ മക്കളെ കണ്ടുപിടിച്ച് സന്ദേശം അവർക്കു കൊടുത്ത് അവരേയും കൂട്ടി തിരിച്ച് വീട്ടിലെത്തി.

                    പിതാവ് വളരെ ആഘോഷമായി അവരെ സ്വീകരിച്ചു. പുത്രന്മാരുടെ മുഖഭാവത്തിൽ നിന്നുതന്നെ എന്താണു സംഭവിച്ചതെന്നു വ്യക്തമായിരുന്നു. സത്യസന്ധമായി അദ്ധ്വാനിച്ച് പിതാവിന്റെ ഹിതമനുസരിച്ച് നല്ലവരായി ജീവിച്ചവർ സ്വത്തു വർദ്ധിപ്പിച്ചു് അഭിവൃദ്ധിയുള്ളവരായി. അവരെ കാഴ്ചയിൽത്തന്നെ മനസ്സിലാകുമായിരുന്നു. അവർ പിതാവിനെ എളിമയും നന്ദിയും വിജയാഹ്ളാദവും സ്ഫുരിക്കുന്ന പുഞ്ചിരിയോടെ നോക്കി.ചിലർക്ക് ഉന്മേഷമില്ലായ്മയും മനസ്സിടിവും. അവർ ആകെ അലങ്കോലമായി കാണപ്പെടുന്നു. അസന്മാർഗ്ഗികത്വത്തിന്റെയും പട്ടിണിയുടേയും ലക്ഷണങ്ങൾ വ്യക്തമാണ്.ഹീനവും നിഷിദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിച്ചവരുടെ മുഖത്ത് കഠിനതയും ക്രൂരതയുമാണ്. പിതാവ് അവരോടാണ് ആദ്യം സംസാരിച്ചത്.

"നിങ്ങൾ ഇവിടുന്നു പോയപ്പോൾ എത്ര ശാന്തരായിരുന്നു. ഇപ്പോൾ മനുഷ്യരെ കടിച്ചുകീറാന്‍  നോക്കുന്ന കാട്ടുമൃഗങ്ങളെപ്പോലെയുണ്ടല്ലോ. ഈ സ്വഭാവം എവിടുന്നുകിട്ടി?"

"ജീവിതം ഞങ്ങൾക്കു തന്നതാണ്. ഞങ്ങളെ വീട്ടില്‍ നിന്നു പറഞ്ഞുവിട്ട നിന്റെ കാർക്കശ്യം കാരണമായി. ലോകത്തോട് ഇടപെടാന്‍  വിട്ടത് നീയാണ്."
"ലോകത്തില്‍  നിങ്ങളെന്തു ചെയ്തു?"

'നീ തന്ന ആ നിസ്സാരപണം കൊണ്ട് ജീവിക്കാന്‍  ശ്രമിച്ച ഞങ്ങളെക്കൊണ്ട് കഴിയുമായിരുന്നത് ചെയ്തു."

 
"ശരി, ആ മൂലയില്‍  നില്‍ക്കൂ. ഇനി നിങ്ങളുടെ ഊഴമാണ്. ക്ഷീണിച്ച് അവശരായി രോഗികളെപ്പോലെ തോന്നിക്കുന്ന നിങ്ങൾ ഈ സ്ഥിതിയിലായതെങ്ങനെ? ഇവിടെനിന്നു പോയപ്പോൾ നിങ്ങൾ ആരോഗ്യമുള്ളവരായിരുന്നല്ലോ?"

                 "ഞങ്ങളുടെ പണം വേഗം തീർന്നു. ആരംഭമുള്ളതിനെല്ലാം അവസാനവുമുണ്ട്."

                         "അതെ. അതിൽനിന്നെടുക്കുകയും തിരിച്ചങ്ങോട്ടിടുകയും ചെയ്യാതിരുന്നാല്‍. നിങ്ങൾ എന്തുകൊണ്ടാണ് എടുക്കുക മാത്രം ചെയ്തത്? അദ്ധ്വാനിച്ചിരുന്നെങ്കിൽ നിങ്ങൾക്കു് അതിനോടു കൂട്ടിച്ചേർക്കാമായിരുന്നു. നിങ്ങളുടെ പണം വർദ്ധിക്കുമായിരുന്നു. ആകട്ടെ, നിങ്ങൾ മുറിയുടെ നടുവിലേക്ക് മാറി നിൽക്കുക." മടിയന്മാരായ മക്കളോട് പിതാവ് പറഞ്ഞു.

          "ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളെന്താണ് പറയാൻ പോകുന്നത്? നിങ്ങളെക്കണ്ടിട്ട് നിങ്ങൾ വിശപ്പു സഹിച്ചെന്നു മാത്രമല്ല രോഗികളായിത്തീർന്നുവെന്നും തോന്നുന്നു. നിങ്ങൾക്കെന്താണു പറ്റിയത്? കഠിനാദ്ധ്വാനം മൂലം നിങ്ങൾ രോഗികളായിത്തീർന്നതാണോ?"

                   ചോദ്യം ചെയ്യപ്പെട്ട ചിലരെല്ലാം മുട്ടിന്മേൽ വീണു നെഞ്ചത്തടിച്ചുകൊണ്ടു പറഞ്ഞു: "അപ്പാ, ഞങ്ങളോടു ക്ഷമിക്കണേ. ദൈവം ഞങ്ങളെ ശിക്ഷിച്ചുകഴിഞ്ഞു. ഞങ്ങൾ അതിന്നർഹരാണ്. എന്നാൽ ഞങ്ങളുടെ പിതാവായ നീ ഞങ്ങളോടു ക്ഷമിക്കണേ.. ഞങ്ങൾ നന്നായി ആരംഭിച്ചു. എന്നാൽ സ്ഥിരമായി നിന്നില്ല. വളരെ എളുപ്പത്തിൽ ഞങ്ങൾ സമ്പന്നരായി. അപ്പോൾ ഞങ്ങൾ പറഞ്ഞു: 'നമ്മുടെ സ്നേഹിതർ പറയുന്നതുപോലെ നമുക്ക് അൽപ്പമായി ആനന്ദിക്കാം. അതിനുശേഷം വീണ്ടും ജോലി ചെയ്ത് പരിഹരിക്കാം.' അങ്ങനെ ഞങ്ങൾ ചെയ്തു. രണ്ടുപ്രാവശ്യം, മൂന്നുപ്രാവശ്യം, ഞങ്ങൾ വിജയിച്ചു. അതു കഴിഞ്ഞപ്പോൾ ഭാഗ്യം ഞങ്ങളെ കൈവിട്ടു... ഞങ്ങളുടെ പണം മുഴുവൻ തീർന്നുപോയി."

"ശരി, നിങ്ങളും മുറിയുടെ നടുവിലേക്ക് മാറിനിൽക്കൂ."


                             ആദ്യത്തെ കൂട്ടരോട് പിതാവു ചോദിച്ചു "സമ്പന്നരായി, സമാധാനമായിരിക്കുന്ന എന്റെ മക്കളേ, നിങ്ങൾ എങ്ങനെ ഇതു നേടിയെന്ന് എന്നോടു പറയൂ."

"നിന്റെ പഠിപ്പിക്കൽ, നിന്റെ മാതൃക, നിന്റെ ഉപദേശം, നിന്റെ കൽപ്പനകൾ എല്ലാം ഞങ്ങൾ പ്രവൃത്തിയിലാക്കി. പ്രലോഭനങ്ങളെ ഞങ്ങൾ എതിർത്തു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ ഇതെല്ലാം ചെയ്തത്."

"വളരെ നന്ന്. നിങ്ങൾ എന്റെ വലതുവശത്തേക്കു വരൂ."

"ഇനിഎന്റെ വിധിതീർപ്പും അതിനുള്ള ന്യായങ്ങളും എല്ലാവരും ശ്രവിച്ചുകൊള്ളുവിന്‍.

                 ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരുപോലെ പണവും ജ്ഞാനവും മാതൃകയും തന്നു. എന്റെ പുത്രന്മാർ പലവിധത്തിലാണ് അതിനോടു പ്രതികരിച്ചത്.       സത്യസന്ധനും കഠിനാദ്ധ്വാനിയും ആത്മ നിയന്ത്രണമുള്ളവനുമായ ഒരു പിതാവിൽനിന്നാണ് ഈ മക്കളെല്ലാം ജനിച്ചത്. ചിലർ അപ്പനെപ്പോലെ, ചിലർ അലസന്മാർ, ചിലർ വേഗത്തിൽ പ്രലോഭനങ്ങൾക്കു് ഇരയായവർ, ചിലർ വളരെ ക്രൂരന്മാർ. അവർ അവരുടെ പിതാവിനെ വെറുക്കുന്നു. സഹോദരന്മാരെയും അയൽക്കാരെയും വെറുക്കുന്നു. കഴിവു കുറഞ്ഞവരുടേയും മടിയന്മാരുടേയും ഇടയിൽ തെറ്റു ചെയ്തതിനെക്കുറിച്ച് അനുതാപമുള്ളവരും അനുതാപമില്ലാത്തവരുമുണ്ട്. ഇതാണ് എന്റെ തീരുമാനം. എല്ലാം നന്നായി ചെയ്തവർ ഇപ്പോൾത്തന്നെ എന്റെ വലതുഭാഗത്തുണ്ട്. മഹത്വത്തിലും പ്രവൃത്തിയിലും അവർ എനിക്കു തുല്യരാണ്. അനുതാപമുള്ളവർ, വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികൾക്കു തുല്യരാണ്. അവർ വീണ്ടും എന്റെ കീഴിൽ പരിശീലനം നേടട്ടെ. അനുതാപമില്ലാത്തവരും കുറ്റം ചെയ്തവരും എന്റെ വീട്ടിൽനിന്നു ബഹിഷ്ക്കരിക്കപ്പെടും. ഒരുകാര്യം നിങ്ങളെ എല്ലാവരേയും ഞാൻ അനുസ്മരിപ്പിക്കയാണ്. ഓരോ പുത്രന്റെയും വിധിക്കു കാരണക്കാരൻ അവൻ തന്നെയാണ്. കാരണം എല്ലാവർക്കും ഒരേ ദാനങ്ങളാണ് ഞാൻ നൽകിയത്. എന്നാൽ അത് പലതരത്തിലായിത്തീർന്നു. അവർക്കു തിന്മ വരുത്തുവാൻ ഞാൻ ആഗ്രഹിച്ചു എന്ന് എന്നെ കുറ്റപ്പെടുത്തുക സാദ്ധ്യമല്ല."

"ഇതാണ് ഉപമ. ഇതിന്റെ വിശദീകരണം കേൾക്കൂ.

                       വലിയ കുടുംബത്തിന്റെ പിതാവ് സ്വർഗ്ഗസ്ഥനായ പിതാവാണു്. മക്കളെ ലോകത്തിലേക്ക് അയയ്ക്കുന്നതിനു മുൻപു കൊടുത്ത വിലയേറിയ നാണയങ്ങൾ സമയവും സ്വതന്ത്രമനസ്സുമാണ്. ദൈവം ഇത് എല്ലാ മനുഷ്യർക്കും കൊടുക്കുന്നു. അവർക്കിഷ്ടമുള്ളതുപോലെ അവ ഉപയോഗിക്കാം. ദൈവപ്രമാണങ്ങളും നീതിമാന്മാരുടെ ജീവിതമാതൃകകളും നൽകി വേണ്ടതെല്ലാം അവരെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ ദാനങ്ങൾ ഒരുപോലെ നൽകപ്പെടുന്നു. എന്നാൽ ഓരോ മനുഷ്യനും അവനാഗ്രഹമുള്ളതു പോലെ അത് ഉപയോഗിക്കുന്നു. ചിലർ എല്ലാറ്റിനേയും നിധിയായി കരുതി, സമയം, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ശ്രേഷ്ഠമായ കാര്യങ്ങൾക്കായി ഉപയോഗിച്ച് വിശുദ്ധരും സുഖവുമുള്ളവരും വർദ്ധിച്ച സമ്പത്തിന്റെ ഉടമകളുമായിത്തീരുന്നു. ചിലർ നന്നായി ആരംഭിക്കുന്നു. എന്നാൽ പെട്ടെന്ന് ക്ഷീണിതരായി എല്ലാം നഷ്ടപ്പെടുത്തുകയാണ്. ചിലർ തങ്ങളുടെ തെറ്റുകൾക്ക് പിതാവിനെ കുറ്റപ്പെടുത്തുന്നു. ചിലർക്ക് അനുതാപമുണ്ട്. തെറ്റിനു പരിഹാരം ചെയ്യാനവർ ആഗ്രഹിക്കുന്നുമുണ്ട്. ചിലർക്ക് അനുതാപമില്ല. മറ്റുള്ളവരാണ് തങ്ങളുടെ നാശത്തിനു കാരണമെന്നു കരുതി അവർ കുറ്റാരോപണം നടത്തുകയും ശപിക്കയും ചെയ്യുന്നു. നീതിമാന്മാർക്ക് ദൈവം ഉടനടി പ്രതിസമ്മാനം നൽകുകയും അനുതപിക്കുന്നവരോട് കരുണ കാണിച്ച് പരിഹാരം ചെയ്യുവാന്‍  സമയം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അനുതാപവും പരിഹാരവും വഴി പ്രതിസമ്മാനത്തിന് അവരെ അർഹരാക്കുന്നു. അനുതാപരഹിതരായി സ്നേഹത്തെ ചവിട്ടി മെതിക്കുന്നവർക്ക് അവൻ ശാപവും ശിക്ഷയുമാണ് നൽകുന്നത്. ഓരോരുത്തർക്കും അർഹമായത് അവന്‍ നൽകുന്നു."