ഈശോ ജെറുസലേം ദേവാലയത്തിൽ പ്രസംഗിക്കുകയാണ്:
നിങ്ങൾക്ക് ഇതുവരേയും അനുവദിച്ചിരുന്ന അറിവിൻ്റെ മങ്ങിയ വെളിച്ചത്തിൽ, നിങ്ങളോട് പറഞ്ഞിരുന്നത് ഇതാണ്; "നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക; നിങ്ങളുടെ ശത്രുക്കളെ വെറുക്കുക." ഇതിനപ്പുറം ഒന്നും ചെയ്യാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല. ആദാമിൻ്റെ പാപം നിങ്ങളെ ദൈവത്തിൻ്റെ ശത്രുക്കളാക്കി. ദൈവത്തിൻ്റെ കോപം നിങ്ങൾക്ക് ചുമക്കാനാകാത്ത ഒരു ഭാരമായി അനുഭവപ്പെട്ടു. നിങ്ങളുടെ രാജ്യാതിർത്തികൾ ലംഘിച്ച അയൽക്കാർ മാത്രമായിരുന്നില്ല നിങ്ങളുടെ ശത്രു; നിങ്ങളെ ഏതെങ്കിലും രീതിയിൽ ദ്രോഹിച്ച ആരും, ദ്രോഹിച്ചെന്നു നിങ്ങൾ കരുതിയ ആരും നിങ്ങളുടെ ശത്രുവായി. വിദ്വേഷം അങ്ങനെ ഓരോ ഹൃദയത്തിലും എരിഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞോ അറിയാതെയോ ഓരോ മനുഷ്യനും തൻ്റെ സഹോദരന് കുറെ ശല്യം ചെയ്യുന്നുണ്ട്. വാർദ്ധക്യത്തിൽ എത്തുന്നതിനു മുൻപ് ആരോടും വിരോധം തോന്നിയിട്ടില്ലാത്ത മനുഷ്യരാരെങ്കിലുമുണ്ടോ?
ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളെ ഉപദ്രവിക്കുന്നവരേയും നിങ്ങൾ സ്നേഹിക്കണം. ആദാമും ആദാമിലൂടെ എല്ലാ മനുഷ്യരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്. ഞാൻ ദൈവത്തിനെതിരായി പാപം ചെയ്തിട്ടില്ലെന്നു പറയാൻ ആർക്കു കഴിയും? എങ്കിലും ദൈവം നിങ്ങളോടു ക്ഷമിക്കുന്നു; ഒന്നല്ല, ഒരായിരം തവണ. അല്ലെങ്കിൽ ഈ ഭൂമുഖത്ത് ഇന്നു മനുഷ്യൻ ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ ക്ഷമിക്കുക. ദൈവം ക്ഷമിക്കുന്നതുപോലെ നിങ്ങളും ക്ഷമിക്കണം. നിങ്ങളെ ഉപദ്രവിച്ച സഹോദരനോട് സ്നേഹപൂർവ്വം ക്ഷമിക്കാൻ പറ്റുന്നില്ലെങ്കിൽ ദൈവത്തോടുള്ള സ്നേഹമോർത്തു ക്ഷമിക്കുക. ജീവനും ആഹാരവും നൽകുന്ന ദൈവം, നിങ്ങളുടെ ലൗകികമായ ആവശ്യങ്ങൾ നിറവേറ്റിത്തരികയും നിങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യുന്ന ദൈവം - ആ ദൈവത്തോടുള്ള സ്നേഹം സഹോദരനോടു ക്ഷമിക്കാൻ നിനക്കു പ്രേരകമാകണം. ഇതാണ് പുതിയ നിയമം. ദൈവത്തിൻ്റെ വസന്തകാലമായ ഈ കാലഘട്ടത്തിലെ നിയമം. മനുഷ്യരുടെമേൽ ദൈവാനുഗ്രഹങ്ങൾ പ്രവഹിക്കുന്ന കാലമാണ് ഇത്. ഈ കാലം നിങ്ങൾക്ക് ഒരു കനി വിളയിക്കും. ആ കനി സ്വർഗ്ഗകവാടം നിങ്ങൾക്കായി തുറന്നുതരും."