ജാലകം നിത്യജീവൻ: മഗ്ദലനാമേരിയുടെ മാനസാന്തരം പൂർണ്ണമാകുന്നു

nithyajeevan

nithyajeevan

Friday, October 7, 2011

മഗ്ദലനാമേരിയുടെ മാനസാന്തരം പൂർണ്ണമാകുന്നു

ഈശോ അപ്പസ്തോലന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറാൻ തുടങ്ങുകയാണ്. മാർത്തയും ഒരു പരിചാരികയും കൂടി ഈശോയുടെ അടുത്തെത്തുന്നു. മാർത്ത പറയുന്നു; "ഓ, ഗുരുവേ ദൈവത്തെപ്രതി ഒന്നു ശ്രദ്ധിക്കണേ."
   ഈശോ  അപ്പസ്തോലന്മാരോട് പറയുന്നു; "നിങ്ങൾ പോയി വെള്ളപ്പാച്ചിലിന്റെ ഭാഗത്ത് എന്നെ കാത്തിരിക്കൂ. അതേസമയം മഗേദാനിലേക്കു പോകാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊള്ളണം. ദശഗ്രാമങ്ങളും വചനത്തിനായി കാത്തിരിക്കയാണ്. പൊയ്ക്കൊള്ളുക."
   വഞ്ചി നീങ്ങി കായലിന്റെ നടുവിലേക്കു മാറുമ്പോൾ ഈശോ മാർത്തയുടെ കൂടെ നടക്കുന്നു. പരിചാരിക മർസെല്ലാ ബഹുമാനത്തോടെ അനുഗമിക്കുന്നു. ഈശോ പുഞ്ചിരിയോടെ ചോദിക്കുന്നു; "എന്നോടു് എന്തുപറയാനാണു നീ ആഗ്രഹിക്കുന്നത്?"
         "ഓ, ഗുരുവേ, മേരി ഇന്നലെ പാതിരാ കഴിഞ്ഞാണു വീട്ടിലെത്തിയത്. ഉച്ചയ്ക്ക് മർസെല്ലായോട് ഞാൻ  പറഞ്ഞിരുന്നു, വേസ്പരയുടെ സമയത്ത് നമുക്ക് കഫർണാമിൽ എത്തണം; കാരണം ഗുരു ജനക്കൂട്ടത്തോടു സംസാരിക്കുന്നുണ്ട്. അതുകേട്ടു മേരി ഞെട്ടി, വിവർണ്ണയാകുന്നതു ഞാൻ കണ്ടിരുന്നു. അവൾ അസ്വസ്ഥയായി പരവേശം പിടിച്ച് അതിലേയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിക്കയാണ്, നിന്റെ ഒരുടുപ്പും പുറംകുപ്പായവും എനിക്കു തരുമോ എന്ന്. ഞാൻ പറഞ്ഞു, എന്റെ പ്രിയ സഹോദരീ, നിനക്കിഷ്ടമുള്ള ഉടുപ്പെടുത്തുകൊള്ളുക.  എന്റെ ചങ്കിടിക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് അവൾ എന്റെ മുറിയിൽക്കയറി ഏറ്റം ഇരുണ്ടതും വളരെ വിനയമുള്ളതുമായ  ഒരുടുപ്പെടുത്തു. അതു ധരിച്ചുനോക്കി. ഇറക്കം പോരാഞ്ഞ് പരിചാരികയോടു പറഞ്ഞ് താഴത്തെ പടി അഴിച്ചടിപ്പിച്ചു. അനന്തരം എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചിട്ടു പറയുകയാണ്, എനിക്കുവേണ്ടി പ്രാർത്ഥിക്കൂ. സൂര്യാസ്തമയത്തോടെ അവൾ വെളിയിലേക്കു പോയി. എത്രയധികം ഞാൻ പ്രാർത്ഥിച്ചു ! ഇവിടേക്കു വരുന്നതിൽ നിന്ന് അവളെ തടയുന്നതൊന്നും ഉണ്ടാകരുതേയെന്ന് ! അങ്ങയുടെ വചനം അവൾ ഗ്രഹിക്കുകയും അവളെ  അടിമപ്പെടുത്തിയിരിക്കുന്ന ഭൂതത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയും വേണമല്ലോ. അവൾ പോയിക്കഴിഞ്ഞ് ഞാനും മർസെല്ലായും കൂടി വണ്ടിയിൽ ഇങ്ങുപോന്നു. ജനക്കൂട്ടത്തിനിടയിൽ നീ ഞങ്ങളെക്കണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എന്നാൽ മേരിയെക്കാണാഞ്ഞിട്ട് എത്ര വേദനയായിരുന്നു എനിക്ക് ! ഞാൻ എന്നോടുതന്നെ പറഞ്ഞു, 'അവൾ മനസ്സുമാറ്റിയിരിക്കും; അവൾ തിരിച്ചുവീട്ടിലേക്കു തന്നെ മടങ്ങിക്കാണും; അല്ലെങ്കിൽ എന്റെ നിയന്ത്രണം സഹിക്കാനാവാതെ ഓടിപ്പോയതായിരിക്കും.' ഞാൻ നിന്റെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും ശിരോവസ്ത്രത്തിന്റെ മറവിൽ മുഴുവൻ സമയവും കരയുകയായിരുന്നു. നിന്റെ വാക്കുകളെല്ലാം അവൾക്കായിത്തന്നെ പറയുന്നതുപോലെ എനിക്കു തോന്നി. എന്നിട്ട് അവൾ അതൊന്നും കേൾക്കുന്നില്ലല്ലോ എന്നും ഞാൻ ചിന്തിച്ചു. മനസ്സു തളർന്നാണ് ഞാൻ തിരിയെ വീട്ടിലേക്കു പോയത്. ഇതാണു സത്യം. എന്നാൽ ഞാൻ നിന്നോട് അനുസരണയില്ലായ്മ കാട്ടി. കാരണം നീ എന്നോടു പറഞ്ഞിരുന്നല്ലോ, അവൾ വരികയാണെങ്കിൽ നീ വീട്ടിലിരിക്കുക, അവളെ കാത്തിരിക്കുക മാത്രം ചെയ്യുക എന്ന്. എന്നാൽ എന്റെ ഹൃദയത്തിന്റെ വിഷമം ഒന്നോർത്തുനോക്കൂ. നീ എന്നോട് പറഞ്ഞിരുന്നില്ലേ, അവൾ പൊട്ടിത്തകരുമെന്ന്. അപ്പോൾ അവളെ താങ്ങാൻ അവളുടെയടുത്ത് ഞാൻ  വേണമല്ലോയെന്നും ചിന്തിച്ചു. 
     വീട്ടിൽ തിരിച്ചെത്തി ഞാൻ  എന്റെ മുറിയിൽ മുട്ടിന്മേൽവീണ് പ്രാർത്ഥിക്കുകയും കരയുകയുമായിരുന്നു. സമയം പാതിരാ കഴിഞ്ഞു. അപ്പോഴാണ് അവൾ കടന്നുവന്നത്. ഒട്ടും ശബ്ദം കേൾപ്പിക്കാതെയാണ് വന്നത്. അതിനാൽ എന്റെ ദേഹത്തു വന്നുവീണ് എന്നെ ആലിംഗനം ചെയ്തുകൊണ്ട് സംസാരിച്ചപ്പോൾ മാത്രമേ അവൾ വന്ന വിവരം ഞാൻ  അറിഞ്ഞുള്ളൂ. അവൾ പറഞ്ഞു; 'എന്റെ അനുഗ്രഹീതയായ സോദരീ, നീ പറഞ്ഞതെല്ലാം എത്ര വാസ്തവം ! അല്ല,  നീ പറഞ്ഞതിനേക്കാൾ ഏറെയാണ്. അവന്റെ കാരുണ്യം വളരെ വലുതാണ്. ഓ മാർത്താ, ഇനിയും നീ എന്നെ കാത്തുസൂക്ഷിക്കേണ്ട ആവശ്യമില്ല. ഞാനിനി നിന്ദ്യയും നികൃഷ്ടയുമായിരിക്കില്ല. നീ തീർച്ചയായും എനിക്കുവേണ്ടി പ്രാർത്ഥിക്കയായിരുന്നു, അല്ലേ സഹോദരീ. വിജയം നിന്റെ കൈകളിലെത്തിയിരിക്കുന്നു. ഇനി പാപംചെയ്യാൻ ആഗ്രഹമില്ലാത്ത നിന്റെ മേരി ഒരു പുതിയ ജീവിതത്തിലേക്കു പിറന്നിരിക്കുകയാണ്. ഇത് ഒരു പുതിയ മേരിയാണ്. പ്രതീക്ഷയുടേയും അനുതാപത്തിന്റെയും കണ്ണീരാൽ മുഖം കഴുകിയിരിക്കുന്ന മേരി. പരിശുദ്ധയായ എന്റെ ചേച്ചീ, നിനക്കെന്നെ ചുംബിക്കാം. നാണംകെട്ട പ്രേമക്കളിയുടെ അടയാളമൊന്നും ഈ മുഖത്ത് ഇപ്പോഴില്ല. അവൻ എന്നോടു പറഞ്ഞു എന്റെ ആത്മാവിനെ അവൻ സ്നേഹിക്കുന്നുവെന്ന്. കാരണം അവൻ എന്റെ ആത്മാവിനെക്കുറിച്ച് നിന്റെ ആത്മാവിനോടു സംസാരിക്കുകയായിരുന്നു. കാണാതായ ആ ആട് ഞാനായിരുന്നു. അനന്തരം നീ പറഞ്ഞ ഉപമ അവൾ അതേപടി പറഞ്ഞു. മേരിക്കു നല്ല ബുദ്ധിയുണ്ട്. അവളെല്ലാം നന്നായി ഓർത്തിരിക്കയും ചെയ്തു. അങ്ങനെ നിന്നെ ഞാൻ  രണ്ടു പ്രാവശ്യം ശ്രവിച്ചു. ആ വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു വന്നപ്പോൾ പരിശുദ്ധവും ആരാദ്ധ്യവുമായിരുന്നെങ്കിൽ അവൾ അതു പറഞ്ഞപ്പോഴും പരിശുദ്ധമായിരുന്നു. കാരണം എന്റെ സഹോദരിയാണ് അതു പറഞ്ഞത്. നഷ്ടപ്പെട്ടിരുന്നവളെ കണ്ടെത്തി; അവൾ കുടുംബമാകുന്ന ആലയിലേക്കു തിരിച്ചുവന്നു. ഞങ്ങൾ രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. വളരെ സമാധാനത്തോടെ കരഞ്ഞു. അനന്തരം, വികാരങ്ങൾ കൊണ്ടും നാനാവിധത്തിലുള്ള അനുഭവങ്ങൾകൊണ്ടും വളരെ ദൂരം നടന്നതുകൊണ്ടും ക്ഷീണിച്ചു തളർന്ന അവൾ, എന്റെ കരങ്ങളിൽ ഉറക്കം പിടിച്ചു. അവളെ എന്റെ കിടക്കയിൽ കിടത്തിയിട്ട് ഞാൻ  നിന്നെക്കാണാനായി ഇങ്ങോട്ടുപോന്നു." വളരെ സന്തോഷഭരിതയായിരിക്കുന്ന മാർത്താ ഈശോയുടെ കരങ്ങൾ ചുംബിക്കുന്നു.
     ഈശോ പറഞ്ഞു; "മേരി പറഞ്ഞതുതന്നെ ഞാനും പറയുന്നു, വിജയം നിന്റെ കൈകളിലെത്തിക്കഴിഞ്ഞിരിക്കുന്നു. സന്തോഷവതിയായി പൊയ്ക്കൊള്ളുക. സമാധാനത്തിൽ പോവുക. വീണ്ടും ജനിച്ച നിന്റെ സഹോദരിയോടുള്ള വർത്തനം കാരുണ്യവും വിവേകവുമുള്ളതായിരിക്കട്ടെ. ലാസറസ്സിനെയും വിവരം അറിയിക്കണം. അവൻ വിഷമിച്ചിരിക്കയാണല്ലോ."
        "ഉവ്വ് ഗുരുവേ, മേരി ഇനിയെന്നാണ് നിന്റെ ശിഷ്യകളായ ഞങ്ങളുടെ കൂട്ടത്തിൽ ചേരുന്നത്?"
   
"ഈശോ പുഞ്ചിരി തൂകിക്കൊണ്ടു പറയുന്നു; "സ്രഷ്ടാവ് ഈ പ്രപഞ്ചത്തെ ആറു ദിവസം കൊണ്ടു സൃഷ്ടിച്ചു. ഏഴാം ദിവസം അവൻ വിശ്രമിച്ചു."
   "എനിക്കു മനസ്സിലായി. ഞാൻ  ക്ഷമയോടെ കാത്തിരിക്കണം."
    "അതെ, ക്ഷമ വേണം. ദീർഘശ്വാസം ഉതിർക്കയും മറ്റും വേണ്ട. ക്ഷമയും ഒരു പുണ്യമാണ്.  സ്ത്രീകളെ, നിങ്ങൾക്കു സമാധാനം. നമുക്ക് താമസിയാതെ കാണാം."
ഈശോ അവരെ വിട്ട് വഞ്ചി കാത്തുകിടക്കുന്ന സ്ഥലത്തേക്കു പോയി.