ഈശോയുമായി കണ്ടുമുട്ടിയ രണ്ടുതവണയും അവിടുന്ന് മഗ്ദലനാ മേരിയെ പരോക്ഷമായി, എന്നാല്‍ കരുണാമസൃണമായും അവളുടെ ഹൃദയത്തില്‍ ആഞ്ഞുതറയ്ക്കുന്ന വിധത്തിലും ശാസിച്ചു. ഈശോയുടെ വാക്കുകള്‍ അവളെ ആഴത്തില്‍ സ്പര്‍ശിച്ചു. മഗ്ദലായിലെ അവളുടെ കൊട്ടാരസദൃശ്യമായ ഭവനത്തില്‍ വിരുന്നുസല്‍ക്കാരങ്ങളും വെറിക്കൂത്തുകളും അവൾ ഒഴിവാക്കിത്തുടങ്ങി. കാമുകരുടെ ക്ഷണം സ്വീകരിച്ച് അവരുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്ന പതിവും അവള്‍ നിര്‍ത്തി. സഹോദരിയായ മാര്‍ത്തയെ അവള്‍ ബഥനിയില്‍ നിന്ന് ആളയച്ചു വരുത്തി.
(ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീര്‍ന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീര്‍ ന്ന ബഥനിയിലെ ലാസറിന്റെ ( ലാസറസ് ) സഹോദരിമാരാണ് മാര്‍ത്തയും മേരിയും. സിറിയയിലെ റോമന്‍ ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോള്‍ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തില്‍ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാർത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിക്കുകയും പ്രാർത്ഥിച്ച് കാത്തിരിക്കാന്‍ ഈശോ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.)
മാർത്തയെ മഗ്ദലായിലേക്കു പറഞയച്ച ശേഷം ഉത്കണ്ഠയോടും പ്രതീക്ഷയോടും കൂടി ലാസറസ് ബഥനിയില്‍ കാത്തിരിക്കുമ്പോള്‍ ഈശോ തീക്ഷ്ണമതിയായ സൈമണുമൊത്ത് അവിടെയെത്തുന്നു. മഗ്ദലായില്‍ ചെന്നശേഷം മാർത്ത ഭൃത്യന്‍ വശം കൊടുത്തുവിട്ട ഒരു കത്ത് ലാസറസ് ഈശോയ്ക്ക് വായിക്കാനായി കൊടുത്തു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.
"ലാസറസ്സേ, എന്റെ സഹോദരാ, നിനക്ക് സമാധാനവും അനുഗ്രഹവും നേരുന്നു. സുരക്ഷിതരായി കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങളിവിടെയെത്തി. എനിക്കു ഭയം കൊണ്ടുണ്ടായ ചങ്കിടിപ്പെല്ലാം മാറി. മേരി, നമ്മുടെ മേരി സുഖമായിരിക്കുന്നു. ഇനിയത്തെ കാര്യം ഞാന്‍ പറയട്ടെ ?...........അവള്‍ എന്നെ കെട്ടിപ്പിടിച്ചു വളരെ ദുഃഖത്തോടെ കരഞ്ഞു. പിന്നീട് രാത്രി ഉറങ്ങാന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. മുറിയില്‍ വച്ച് ഗുരുവിനെക്കുറിച്ച് പലതും എന്നോടു ചോദിച്ചു. അവളെ കാണുകയും അവളുടെ സംസാരം കേൾക്കുകയും ചെയ്തപ്പോള്‍ എന്റെയുള്ളില്‍ പ്രത്യാശ വളരുന്നു. എന്റെ പ്രിയസഹോദരാ, പ്രാർത്ഥിക്കൂ, പ്രത്യാശയുള്ളവനായിരിക്കൂ. ഞാന്‍ ഇവിടെ കുറച്ചു ദിവസങ്ങള്‍ കൂടി ചെലവഴിക്കുകയാണ്. കാരണം, പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവളെ ശക്തിപ്പെടുത്തുന്നതിന് ഞാനും കൂടെയുണ്ടാകണമെന്ന് അവളാഗ്രഹിക്കുന്നു. അവള്‍ക്ക് പഠിക്കണമെന്നും പറയുന്നു. എന്താണെന്നോ ? നമുക്ക് പണ്ടേ അറിയാവുന്ന കാര്യം. ഈശോയുടെ പരിധിയില്ലാത്ത ഔദാര്യം. അവള്‍ ഇപ്പോള്‍ വളരെ ചിന്താമഗ്നയാണ്. ഈശോ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാശിച്ചുപോകയാണ്. പ്രാർത്ഥിച്ചു കാത്തിരിക്കൂ. കർത്താവു് നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ. എന്ന് സഹോദരി മാർത്ത."
ഈശോ കത്ത് വായിച്ചശേഷം തിരിച്ചേല്‍ പ്പിച്ചുകൊണ്ടു പറഞ്ഞു: "ഞാന്‍ പോകാം. രണ്ടാഴ്ചയ്ക്കകം കഫര്‍ണാമില്‍ വന്ന് എന്നെക്കാണാന്‍ മാര്‍ത്തയോടു പറയുക. അതു സാധിക്കുമോ"?
"സാധിക്കും.അതു ചെയ്യാന്‍ പറ്റും. അപ്പോള്‍ എന്റെ കാര്യമോ?"
"നീ ഇവിടെത്തന്നെ താമസിക്കുക. ഞാന്‍ മാർത്തയെയും ഇങ്ങോട്ടു പറഞ്ഞയയ്ക്കാം."
"എന്തുകൊണ്ടാണങ്ങനെ ?"
"കാരണം രക്ഷയിലേക്കു കടന്നുവരുന്നതു് ഏറ്റം രഹസ്യമായിട്ടുവേണം. അതങ്ങിനെയാണ്. മാതാപിതാക്കളോ സഹോദരങ്ങളോ കാണുന്നതാണ് അവര്‍ക്ക് ഏറ്റം ലജ്ജ വരുത്തുന്നത്. ഞാനും നിന്നോടു പറയുന്നു, പ്രാർത്ഥിക്കുക, പ്രാര്‍ത്ഥിക്കുക."
ഈശോയുടെ മാറില്‍ച്ചാരി ലാസറസ്സ് വലിയ ദുഃഖത്തോടെ കരയുന്നു. കരച്ചില്‍ കുറച്ചു ശാന്തമായപ്പോൾ മനസ്സിലെ ഉത്കണ്ഠയും നിരാശയുമെല്ലാം ഈശോയോട് പറയുന്നു; "ഒരു വർഷത്തോളമായി ഞാന്‍ പ്രത്യാശയോടെയും .......... നിരാശയോടെയും കഴിയുകയാണ്. ഉത്ഥാനമുണ്ടാകുന്നതിന് ഇത്രയധികം സമയം വേണ്ടിവരുമോ ?" വിസ്മയത്തോടെ ലാസറസ്സ് ചോദിക്കുന്നു.
മനസ്സിലുള്ളതെല്ലാം പറയുന്നതിന് ഈശോ ലാസറസ്സിനെ അനുവദിക്കുന്നു.