ഈശോ പറയുന്നു: "മരണത്തെക്കുറിച്ച് ധ്യാനിക്കുന്നത് ജീവിതത്തിന്റെ ഒരു പാഠമാണ്. നിങ്ങളെ എല്ലാവരേയും മരണത്തിന്റെ മുന്നിൽ കൊണ്ടുവന്നിട്ട് ഞാൻ ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നു: "ഇതുപോലെ മരിക്കാനായി വിശുദ്ധരെപ്പോലെ ജീവിക്കൂ." മരണം ശരീരത്തിന് താൽക്കാലിക വിടുതലാണ്. ആത്മാവും ശരീരവും തമ്മിലുള്ള താൽക്കാലിക വേർപാടു്. പിന്നീട് എല്ലാവരുമൊരുമിച്ച് വലിയ ആനന്ദത്തിന്റെ പ്രതാപത്തോടെ എഴുന്നേൽക്കുന്നതിനു വേണ്ടിയുള്ള വേർപാടു്.
നാമെല്ലാവരും നഗ്നരായിട്ടാണ് ജനിച്ചത്. ഒരുനാൾ നാമെല്ലാം മരിക്കും. നമ്മുടെ മർത്യമായ അവശിഷ്ടങ്ങൾ ചീഞ്ഞഴിയും. രാജാവായാലും യാചകനായാലും ജനിച്ചതു പോലെതന്നെ മരിക്കും. രാജാക്കന്മാരുടെ പ്രൗഢി നിമിത്തം അവരുടെ മൃതശരീരം മറവു ചെയ്യുന്നത് കൂടുതൽ സമയം കുഴിഞ്ഞിട്ടായിരിക്കാം. എന്നാലും മൃതമായ മാംസത്തിന്റെ വിധി ചീഞ്ഞഴിയുക എന്നതാണ്. മമ്മികൾ എന്താണ്? മാംസമോ? അല്ല... അവ പശയും സുഗന്ധദ്രവ്യങ്ങളും തേച്ച് അജീർണ്ണമാക്കിയ പദാർത്ഥമാണ്. അത് പുഴുക്കൾക്കിരയാവുകയില്ല. കാരണം, ചില സത്തുക്കൾ ചേർത്ത് പുകച്ചതാണ്. എന്നാൽ പഴയ തടി പോലെ തടിയിലെ പുഴുക്കൾ നിമിത്തം കുത്തിപ്പോകും.
എന്നാൽ പൊടി (ശരീരം) വീണ്ടും പൊടിയാകും. ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാലും പൊടി (ശരീരം) അരൂപിയെ (ആത്മാവിനെ) ആവരണം ചെയ്തു. അരൂപിയാൽ സജീവമാക്കപ്പെട്ടു. ദൈവത്തിന്റെ മഹത്വത്തിന്മേൽ സ്പർശിച്ചതുപോലെ സജീവമായി. അതുകൊണ്ട് ആ പൊടി വിശുദ്ധമാക്കപ്പെട്ടതാണെന്ന് നാം കരുതണം. ഒരാത്മാവ് പരിപൂർണ്ണതയിലായിരുന്ന ഒരു നിമിഷമെങ്കിലും ഉണ്ടായിരുന്നു; ദൈവം അതിനെ സൃഷ്ടിച്ച നിമിഷം... പാപം അതിനെ വിരൂപമാക്കിയെങ്കിൽ, അതിന്റെ പൂർണ്ണത എടുത്തു കളഞ്ഞെങ്കിൽ, അതിന്റെ ഉത്ഭവം നിമിത്തം ഇപ്പോഴും അത് പദാർത്ഥത്തിന് മനോഹാരിത പകരുന്നു. ആ സൗന്ദര്യത്തിൽ (ദൈവത്തിൽ) നിന്നു വരുന്നതായതിനാൽത്തന്നെ അത് ബഹുമാനിക്കപ്പെടേണ്ടതാകുന്നു.
അതിനാൽ മരിച്ചവർക്ക് ബഹുമാന്യമായ വിശമം നൽകണം. പുനരുത്ഥാനം പ്രതീക്ഷിച്ച് അവർ കഴിയുകയാണ്. മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ ക്രമീകരണത്തിൽ ദൈവത്തിന്റെ മനസ്സിനെയും കരവേലയെയും ഓർത്ത് ധ്യാനിക്കുക. അതിനെ നിർമ്മിച്ചതിനെക്കുറിച്ച് - പരിപൂർണ്ണമാക്കിയതിനെക്കുറിച്ച് ഒക്കെ ധ്യാനിക്കുക. അതിന്റെ പൂജ്യാവശിഷ്ടങ്ങളിലും കർത്താവിന്റെ കരവേലയെ ബഹുമാനിക്കുക"