St. Louis |
അവസരത്തിലും അനവസത്തിലും ജപമാല പ്രാർത്ഥനയെക്കുറിച്ച് പ്രഘോഷിച്ച വിശുദ്ധനായിരുന്നു വി. ലൂയിസ് ഡി മോൺട്ഫോർട്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: "ഒരു പാപിയുടെ കഴുത്തിൽ ഞാനെന്റെ ജപമാല ഇടട്ടെ; പിന്നെ അയാൾ എന്നിൽ നിന്നും രക്ഷപെടില്ല."
ജപമാലപ്രാര്‍ത്ഥന എങ്ങിനെയാണ് ചെല്ലുന്നത് എന്നതിനെപ്പറ്റി വി. ലൂയിസ് പറയുന്നു...
"പ്രാർത്ഥനയുടെ ദൈർഘ്യമല്ല, എത്രമാത്രം തീക്ഷ്ണതയോടെയാണോ പ്രാർത്ഥന ചൊല്ലുന്നത്, അതാണ് സർവ്വശക്തനായ ദൈവത്തെ പ്രസാദിപ്പിക്കുന്നതും അവിടുത്തെ ഹൃദയത്തെ സ്പർശിക്കുന്നതും. അശ്രദ്ധമായി ചൊല്ലുന്ന 150 'നന്മനിറഞ്ഞ മറിയമേ സ്വസ്തി'കളേക്കാൾ ശരിയായ വിധം ചൊല്ലുന്ന ഒരേയൊരു നന്മനിറഞ്ഞ മറിയമേ സ്വസ്തി'ക്ക് കൂടുതൽ മൂല്യമുണ്ട്. ഭൂരിപക്ഷം കത്തോലിക്കരും ജപമാല രഹസ്യങ്ങൾ മുഴുവനോ അല്ലെങ്കിൽ 5 രഹസ്യങ്ങളോ ഏറ്റവും കുറഞ്ഞപക്ഷം ഏതാനും ദശകങ്ങളെങ്കിലുമോ ചൊല്ലുന്നുണ്ട്. എന്നിട്ടും അവരിൽ വളരെക്കുറച്ചുപേർ മാത്രമാണ് അവരുടെ പാപങ്ങൾ ഉപേക്ഷിക്കയും ആത്മീയജീവിതത്തിൽ മുന്നോട്ടു പോവുകയും ചെയ്യുന്നത്. എന്തുകൊണ്ടാണിത്....? അവർ വേണ്ട രീതിയിൽ ജപമാല ചൊല്ലാത്തതുകൊണ്ടാണിത്.
കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ പരിശുദ്ധ ജപമാല ചൊല്ലാൻ ഒരു വ്യക്തി കൃപാവസ്ഥയിൽ ആയിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത്, മാരകപാപം
പൂർണ്ണമായും ഉപേക്ഷിക്കുവാൻ തീരുമാനം എടുത്തിരിക്കേണ്ടതുണ്ട്. കാരണം, മാരകപാപാവസ്ഥയിലാണ് നാമെങ്കിൽ നമ്മുടെ നന്മപ്രവൃത്തികളും പ്രാർത്ഥനകളും
നിർജ്ജീവമാണെന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് "സ്തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല" (പ്രഭാ.15:9) എന്ന് പ്രഭാഷകൻ പറയുന്നത്. ദൈവസ്തുതിയും യേശുക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയും മാലാഖയുടെ അഭിവാദനവും പശ്ചാത്തപിക്കാത്ത പാപികൾ ചൊല്ലുമ്പോൾ അത് ദൈവത്തിനു പ്രീതികരമാകുന്നില്ല.
നമ്മുടെ കർത്താവ് പറഞ്ഞു: "ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ്." (മർക്കോസ്.7:6)
കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ പരിശുദ്ധ ജപമാല ചൊല്ലാൻ ഒരു വ്യക്തി കൃപാവസ്ഥയിലോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത്, മാരകപാപംപൂർണ്ണമായും ഉപേക്ഷിക്കുവാൻ തീരുമാനം എടുത്ത അവസ്ഥയിലോ ആയിരിക്കേണ്ടതുണ്ട് എന്നു പറഞ്ഞുവല്ലോ. കൃപാവസ്ഥയിലായിരിക്കുന്നവരുടെ പ്രാർത്ഥന മാത്രമാണ് ദൈവം കേൾക്കുക എന്നതു ശരിയാണെങ്കിൽ മാരകപാപാവസ്ഥയിലായിരിക്കുന്നവർ
പ്രാർത്ഥിക്കുകയേ അരുത് എന്നുവരും. സഭാമാതാവ് തെറ്റെന്നു വിധിച്ച ഒരു അബദ്ധ പ്രബോധനമാണിത്. കാരണം, തീർച്ചയായും നല്ലയാളുകൾ പ്രാർത്ഥിക്കുന്നതിനേക്കാൾ വളരെക്കൂടുതൽ പാപികൾ പ്രാർത്ഥിക്കേണ്ടതുണ്ട്. ഈ ഭീകര സിദ്ധാന്തം ശരിയായിരുന്നുവെങ്കിൽ സമ്പൂർണ്ണ ജപമാലയോ ജപമാലയുടെ ഒരു ഭാഗമെങ്കിലുമോ ചൊല്ലാൻ ഒരു പാപിയോടു പറയുന്നത് ഉപയോഗശൂന്യവും നിഷ്ഫലവുമായിരിക്കും. കാരണം, അതൊരിക്കലും ആ വ്യക്തിയെ സഹായിക്കുകയില്ലല്ലോ.
പണ്ഡിതനായ കർദ്ദിനാൾ ഹ്യൂഗ്സ് പറയുന്നു: "പരിശുദ്ധകന്യകയെ സമീപിക്കുവാനും മാലാഖയുടെ അഭിവാദനം ചൊല്ലുവാനും ഒരു വ്യക്തി യഥാർത്ഥത്തിൽ മാലാഖയെപ്പോലെ പരിശുദ്ധിയുള്ളവനാകേണ്ടതുണ്ട്."
നിത്യവും ജപമാല ചൊല്ലിയിരുന്ന അസാന്മാർഗ്ഗിയായിരുന്ന ഒരാൾക്ക് പരിശുദ്ധകന്യക ഒരിക്കൽ പ്രത്യക്ഷപ്പെട്ടു. മനോഹരമായ ഫലങ്ങൾ നിറച്ച ഒരു പാത്രം മാതാവ് അയാൾക്കു് കാണിച്ചുകൊടുത്തു. പക്ഷേ ആ പാത്രം അഴുക്കുനിറഞ്ഞതായിരുന്നു. ഇതു കണ്ടപ്പോൾ ആ മനുഷ്യൻ ഭയപ്പെട്ടു. അപ്പോൾ പരിശുദ്ധകന്യക പറഞ്ഞു: "ഈ രീതിയിലാണ് നീ എന്നെ ആദരിച്ചു കൊണ്ടിരിക്കുന്നത്. അഴുക്കുനിറഞ്ഞ പാത്രത്തിലാണ് നീ എനിക്കു മനോഹരമായ റോസാപുഷ്പങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്! ഇത്തരം സമ്മാനങ്ങൾ എനിക്കു സ്വീകരിക്കാനാകുമെന്നാണോ നീ ചിന്തിക്കുന്നത്?"