ജാലകം നിത്യജീവൻ: മഗ്ദലനാ മേരിയുടെ മാനസാന്തരം - മാർത്ത ഈശോയെ കാണുന്നു

nithyajeevan

nithyajeevan

Thursday, October 6, 2011

മഗ്ദലനാ മേരിയുടെ മാനസാന്തരം - മാർത്ത ഈശോയെ കാണുന്നു

                   ഈശോ ബഥനിയിലെത്തി ലാസറസ്സിനെ  കണ്ട്  
രണ്ടാഴ്ചയ്ക്കുശേഷം മാർത്ത ആകെ മനസ്സു തകർന്നവളായി ഈശോ താമസിക്കുന്ന കഫർണാമിലെ വീട്ടിലെത്തുന്നു. ഈശോയെ കണ്ടപ്പോൾത്തന്നെ മുട്ടിന്മേൽവീണ് പൊട്ടിക്കരയുന്നു. ഈശോ അലിവോടെ ചോദിക്കന്നു; "എന്തുപറ്റി മാർത്താ, എഴുന്നേൽക്കൂ, നീ എന്തിനാണ് ഇത്രയധികം വേദനിച്ചു കരയുന്നത്? എന്നോടു പറയാൻ എന്തെങ്കിലും ദൗർഭാഗ്യമുണ്ടായോ? ഞാൻ ബഥനിയിൽ ചെന്നിരുന്നു എന്നകാര്യം നിനക്കറിയാമോ ? അറിയാം, അല്ലേ? എന്നോടു പറഞ്ഞത് സന്തോഷവാർത്തയുണ്ടെന്നാണല്ലോ. എന്നാൽ നീ ഇപ്പോൾ കരയുകയാണ്. എന്തുപറ്റി ?" ഈശോ അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചിരുത്തി. അഭിമുഖമായി ഈശോയും ഇരുന്നു. അവളുടെ കരഞ്ഞുവീർത്ത കണ്ണുകളും ചുവന്ന മുഖവും കണ്ട് ഈശോ  വീണ്ടും പറയുന്നു; "കൊള്ളാം, ഞാൻ നിന്നെ സഹായിക്കാം. മേരി നിനക്ക് ആളയച്ചു. അവൾ വളരെ കരഞ്ഞു. എന്നെക്കുറിച്ച് വളരെ കാര്യങ്ങളറിയാൻ ആഗ്രഹിച്ചു. നീ ഓർത്തു അതൊരു നല്ല അടയാളമാണെന്ന്. അതിനാൽ അത്ഭുതം പൂർത്തീകരിക്കുവാൻ ഞാൻ വരണമെന്ന് നീ ആവശ്യപ്പെട്ടു. ഞാനിതാ വന്നിരിക്കുന്നു. എന്നിട്ട് ഇപ്പോൾ ........."
    "ഇപ്പോൾ ഒന്നുമില്ല ഗുരുവേ, എനിക്കു തെറ്റിപ്പോയി. എന്റെ ആഗ്രഹത്തിന്റെ ആധിക്യം മൂലം ഇല്ലാത്തതു ഞാൻ കാണുകയായിരുന്നു. നിന്നെ ഞാൻ വരുത്തിയതു വെറുതെയായിപ്പോയി. മേരി മുൻപത്തേക്കാൾ മോശമാണിപ്പോൾ... ഇല്ല, ഞാനെന്താണീ പറയുന്നത്? അവളെക്കുറിച്ചു ദൂഷ്യം പറയുകയാണ്... അതു ശരിയല്ല..      അവൾ  കൂടുതൽ മോശമല്ല. കാരണം പുരുഷന്മാരെ ഇപ്പോൾ അവൾക്കു വേണ്ട. അവൾക്കു വ്യത്യാസം വന്നിട്ടുണ്ട്. എങ്കിലും വളരെ ചീത്തയാണ്. അവൾക്കു ഭ്രാന്താണെന്നു തോന്നും. എനിക്കൊന്നും മനസ്സിലാകുന്നില്ല. ആർക്ക് അവളെ മനസ്സിലാക്കാനാവും ?" ഇങ്ങനെ പറഞ്ഞു് ആശ്വാസരഹിതയായി മാർത്താ കരയുന്നു.
    "ഇപ്പോൾ നീ ശാന്തമാകൂ .... എന്നിട്ട് അവൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എന്നോടു പറയൂ.  അവൾ ചീത്തയാണെന്ന് എന്തുകൊണ്ടാണ് നീ പറയുന്നത് ? ഇപ്പോൾ പുരുഷന്മാർ അവൾക്കു  ചുറ്റും ഇല്ലാത്തതുകൊണ്ട് അവൾ വീട്ടിൽ ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്നു  എന്നല്ലേ കരുതേണ്ടത്? അങ്ങിനെയല്ലേ ? അതു നന്നായി. നീ അവളോടുകൂടി വന്നു താമസിക്കണമെന്നു  പറഞ്ഞതും പ്രലോഭനങ്ങളിൽ വീഴാതെ അവളെ സംരക്ഷിക്കാനാണെന്നു വിചാരിക്കാം. തെറ്റിൽ വീഴിക്കാൻ സാദ്ധ്യതയുള്ള പരിചിതരെയും അതുപോലുള്ള ബന്ധങ്ങളിലേക്കു നയിക്കുന്നവരേയും ഒഴിവാക്കാനായിരിക്കണം നിന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നതും. ഇതെല്ലാം സന്മനസ്സിന്റെ അടയാളങ്ങളാണ്."
    "ഗുരുവേ, അങ്ങ് വാസ്തവമായും അങ്ങനെ വിചാരിക്കുന്നുണ്ടോ ?"
    "തീർച്ചയായും... അപ്പോൾ അവൾ ചീത്തയാണെന്ന് നീ വിചാരിക്കുന്നതെന്തിനാണ് ? അവൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എന്നോടു പറയൂ."
           ഈശോയുടെ വാക്കുകൾ നിമിത്തം ധൈര്യംകിട്ടിയ മാർത്താ പറയുന്നു; "ഞാൻ ചെന്നതിൽപ്പിന്നെ മേരി വീട്ടിൽനിന്നോ ഉദ്യാനത്തിൽനിന്നോ പുറത്തേക്കു പോയിട്ടില്ല. അവളുടെ ധാത്രി എന്നോടു പറഞ്ഞത് ഞാനിവിടെ വരുന്നതിനു മുമ്പും അവൾ പുറത്തേക്കു പോയിരുന്നില്ല എന്നാണ്. ഈ വ്യത്യാസം പെസഹാ മുതലാണു കാണുന്നതെന്നും അവൾ പറഞ്ഞു. എങ്കിലും ഞാൻ ചെല്ലുന്നതിനു മുമ്പ് ചിലയാളുകൾ അവിടെ വരാറുണ്ടായിരുന്നു. എപ്പോഴും അവരെ അവൾ നിരസിച്ചിരുന്നില്ല. ചിലപ്പോൾ ഒരുത്തരെയും അവളുടെ പക്കലേക്ക് വിടരുതെന്ന് നിർദ്ദേശം നൽകിയിരിക്കും. എപ്പോഴും പാലിക്കേണ്ട ഒരു കൽപ്പനയായിരുന്നു അത്. എങ്കിലും  ചിലപ്പോൾ വളരെ ദേഷ്യത്തോടെ ഭൃത്യരെ അവൾ അടിച്ചിരുന്നു. സന്ദർശകരുടെ സ്വരം കേട്ടുകൊണ്ട് അവൾ ഹാളിലേക്കു വരും. ഭൃത്യർ അവരെ പറഞ്ഞയച്ചു എന്നുകാണുമ്പോൾ ദേഷ്യത്തോടെ അവരെ അടിക്കും. എങ്കിലും ഞാൻ വന്നശേഷം അവൾ അതു ചെയ്തിട്ടില്ല. 
                 ഞാൻ  ചെന്ന അന്നു രാത്രി അവൾ  എന്നോടു പറഞ്ഞു "എന്നെ പുറകിലേക്കു പിടിച്ചുകൊള്ളണം. ആവശ്യമെങ്കിൽ കെട്ടിയിടണം.  ഒരു     കാരണവശാലും  എന്നെ വെളിയിലേക്കു വിടരുത്. നിന്നെയും എന്റെ ധാത്രിയെയുമല്ലാതെ മറ്റാരെയും കാണാൻ എന്നെ അനുവദിക്കരുത്. കാരണം എനിക്കു സുഖമില്ല. സുഖം പ്രാപിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. എന്നാൽ എന്റെയടുത്തേക്കു വരുന്നവരും ഞാൻ അങ്ങോട്ടു ചെല്ലണമെന്നാഗ്രഹിക്കുന്നവരും പനിപിടിച്ച ചെളിക്കുണ്ടുകൾ പോലെയാണ്. അവർ എന്നെ കൂടുതൽ വഷളാക്കുന്നു. അവർ കാണാൻ സുന്ദരന്മാരാണ്. എല്ലാ പുഷ്പങ്ങളും സന്തോഷവും അവയുടെ ഫലവുമെല്ലാം പ്രീതിയുളവാക്കുന്നു. ഞാൻ ഒരു സാധു നികൃഷ്ടയായതുകൊണ്ട് അവയെ ചെറുത്തു നിൽക്കാൻ എനിക്കു കഴിയുന്നില്ല. മാർത്താ, നിന്റെ സഹോദരി ദുർബലയാണ്. ഈ ദൗർബല്യം ചിലർ മുതലെടുക്കുന്നു. എന്നെക്കൊണ്ട് ചീത്തക്കാര്യങ്ങൾ ചെയ്യിക്കുന്നു. എന്നാൽ എന്നിലുള്ള ഒരുവശം അത് അംഗീകരിക്കുന്നില്ല. എന്റെ അമ്മയിൽനിന്നു കിട്ടിയതിൽ ബാക്കിയായിട്ടുള്ള ഏകകാര്യം." എന്നിട്ടവൾ കരഞ്ഞു... അവൾ ആവശ്യപ്പെട്ടതുപോലെയെല്ലാം ഞാൻ ചെയ്തു. അവൾ സൽബുദ്ധി കാണിച്ചിരുന്നപ്പോഴെല്ലാം ഞാനതു ശാന്തമായിച്ചെയ്തു. എന്നാൽ കൂട്ടിൽക്കിടക്കുന്ന വന്യമൃഗത്തെപ്പോലെ അവൾ കാണപ്പെട്ടപ്പോഴെല്ലാം ഞാൻ വളരെ കർശനമായി പെരുമാറി. എന്നോട് ഒരിക്കൽപ്പോലും അവൾ എതിർത്തില്ല. നേരെ മറിച്ച് ഏറ്റവും ശക്തമായ പ്രലോഭനങ്ങൾക്കുശേഷം അവൾ എന്റെ പാദത്തിൽ വീണു കരഞ്ഞുകൊണ്ടു പറയുന്നു, എന്നോടു ക്ഷമിക്കണേ, എന്നോടു ക്ഷമിക്കണേ എന്ന്. എന്തിനാണ് നിന്നോടു ക്ഷമിക്കേണ്ടത് എന്നു ചോദിച്ചപ്പോൾ പറഞ്ഞത് നീ പുറത്തേക്കു പോകാത്തതുകൊണ്ട് നിന്നെ എന്റെ മനസ്സിൽ വെറുക്കുകയും ശപിക്കുകയും നീ മരിച്ചുപോയിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തു. എന്റെ കർത്താവേ, അവളോടു് ദയ തോന്നുകയല്ലേ വേണ്ടത്?  അവൾക്ക് ഭ്രാന്തായിരിക്കുമോ ? അവളുടെ തിന്മകൾ അവളെ ഭ്രാന്തിയാക്കിയോ ? എനിക്കു തോന്നുന്നത് അവളുടെ കാമുകന്മാരിലൊരാൾ അവൾക്കു കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ്. അതവളുടെ തലയിൽ കയറിയിട്ടുണ്ടാകണം."
     "അല്ല, കൈവിഷവും ഭ്രാന്തുമൊന്നുമല്ല. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ കാര്യമാണിത്. എന്നിട്ട് ?"
     "അങ്ങനെ എന്നോടു  ബഹുമാനവും അനുസരണയും കാട്ടുന്നുണ്ട്. ഭൃത്യരെ ഇപ്പോൾ ഉപദ്രവിക്കുന്നുമില്ല. എങ്കിലും ഇപ്പോൾ നിന്നെക്കുറിച്ച്  ഒന്നും ചോദിക്കാറില്ല. ഞാൻ നിന്റെകാര്യം വല്ലതും പറഞ്ഞാൽ  ഉടനെ അവൾ വിഷയം മാറ്റും. മാളികപ്പറമ്പിലെ പാറപ്പുറത്ത് അനേകം മണിക്കൂറുകൾ തടാകത്തിലേക്കു നോക്കി അവളിരിക്കും. ഏതെങ്കിലുമൊരു വള്ളം അതിലേ കടന്നുപോയാൽ അവൾ ചോദിക്കും അത് ഗലീലിയിലെ മുക്കുവരുടേതാണോ എന്ന്. ഒരിക്കലും നിന്റെ നാമമോ അപ്പസ്തോലന്മാരുടെ നാമമോ  അവൾ ഉച്ചരിക്കയില്ല. എന്നാൽ നീയും അവരും പത്രോസിന്റെ വള്ളത്തിൽ കാണുമെന്നവൾ വിചാരിക്കുന്നുണ്ട്. നിന്നെക്കുറിച്ച് അവൾ ചിന്തിക്കുന്നുണ്ട്.  ചിലപ്പോൾ അവൾ കരയും,  ചിലപ്പോൾ നിന്ദയോടെ ചിരിക്കും.  ചിലപ്പോൾ അവളെക്കണ്ടാൽ  ഭ്രാന്തിയെപ്പോലെയോ പിശാചിനെപ്പോലെയോ തോന്നും.  ചിലസമയം അവൾ തന്നെത്താൻ ഉപദ്രവിക്കും. എന്താണങ്ങനെ ചെയ്യുന്നതെന്നു ഞാൻ ചോദിച്ചാൽ നിർജ്ജീവമായ നോട്ടത്തോടെ പറയും, എന്നെത്തന്നെ ചീന്തിക്കളയാൻ, ഞാൻ എന്നെത്തന്നെ നശിപ്പിക്കുകയാണ് എന്ന്. ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചോ നിന്നെക്കുറിച്ചോ ഞാൻ പറയുകയാണെങ്കിൽ അവൾ പറയും, എനിക്കു് കാരുണ്യമൊന്നും ലഭിക്കയില്ല; ഞാൻ എല്ലാ അതിരുകൾക്കും അപ്പുറത്തായിപ്പോയി എന്ന്. പിന്നെ നിരാശയുടെ ഒരു ഭ്രാന്തുകളിയാണ്. എന്നെ പിച്ചിച്ചീന്തുന്ന ഈ സത്വം എന്തുകൊണ്ടാണ് എന്റെ കൂടെയുള്ളത്? അത് എനിക്കൊരു സമാധാനവും തരുന്നില്ല. തിന്മ പ്രവർത്തിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു. പിന്നീട് എന്റെ മാതാപിതാക്കൾ എന്നെ ശപിക്കുന്ന സ്വരം ഞാൻ കേൾക്കുന്നു. നീയും ലാസറസ്സും എന്നെ ശപിക്കുന്നതും ഞാൻ കേൾക്കുന്നുണ്ട്. ഇസ്രായേലും എന്നെ ശപിക്കുന്നു.   അവൾ ഇങ്ങനെ പറയുമ്പോൾ ഞാൻ മറുപടി കൊടുക്കുന്നത് ഇപ്രകാരമാണ് ; ഒരു ജനത മാത്രമായ ഇസ്രായേലിനെക്കുറിച്ച് നീ എന്തിന് ആകുലയാകുന്നു ? ദൈവത്തെക്കുറിച്ച് നീ ചിന്തിക്കുന്നില്ലേ ? ലോകകാര്യങ്ങളെക്കുറിച്ച് വിചാരപ്പെടാതെ ദൈവത്തെ മാത്രം ശ്രദ്ധിക്കുക.  നിന്റെ മാതാപിതാക്കളെയും ഓർമ്മിക്കുക. നിന്റെ ജീവിതം നീ വ്യത്യാസപ്പെടുത്തുമെങ്കിൽ അവർ നിന്നെ ശപിക്കയില്ല. ഇതെല്ലാം ഒരു കെട്ടുകഥ കേൾക്കുന്ന താൽപ്പര്യത്തോടും വിസ്മയത്തോടും കൂടി അവൾ കേൾക്കും. അനന്തരം കരയും. മറുപടിഒന്നും പറയുകയില്ല. എന്നാൽ ചിലപ്പോൾ വീഞ്ഞും ലഹരിയുള്ള മരുന്നുകളും ഭൃത്യരോടാവശ്യപ്പെടും. അവ കഴിച്ചശേഷം പറയും ഞാൻ എല്ലാം മറക്കാൻവേണ്ടിയാണ് ഇവ കഴിക്കുന്നത്. ഇപ്പോൾ ഈ തടാകപ്രദേശത്ത് നീ ഉണ്ടെന്നു മനസ്സിലാക്കി എന്നോടു പറയുന്നുണ്ട്, ഒരിക്കൽ ഞാനും നിന്റെ കൂടെ വരും; പിന്നെ കുറേസമയം അട്ടഹസിച്ചു ചിരിച്ച ശേഷം കൂട്ടിച്ചേർക്കും; അങ്ങനെ ദൈവത്തിന്റെ കണ്ണുകൾ ചാണകക്കൂനയിന്മേലും പതിക്കും. എന്നാൽ അവൾ വരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞാൻ പുറപ്പെടുന്നതിനു മുമ്പ് അവൾ ഉറക്കമായി എന്നുറപ്പു വരുത്തിയിട്ടാണ് ഇറങ്ങുന്നത്. ഇന്നും അങ്ങനെയാണ് പോന്നത്. അവൾ ഉണരുന്നതിനു മുമ്പ് തിരിച്ചെത്തണം...ഗുരുവേ ഇതാണെന്റെ ജീവിതം....എന്റെ പ്രതീക്ഷയെല്ലാം തകർന്നു." മാർത്താ വീണ്ടും കരയുന്നു.
   "മാർത്താ, ഞാൻ ഒരിക്കൽ നിന്നോടു പറഞ്ഞതോർക്കുന്നുണ്ടോ? അതായത് മേരിക്കു രോഗമാണെന്ന്.  അന്നു നീ അതു വിശ്വസിക്കുവാൻ ശ്രമിച്ചില്ല. ഇപ്പോൾ നീ അതു കാണുന്നു.അവൾക്കു ഭ്രാന്താണെന്നു നീ പറയുന്നു. അവൾ തന്നെത്താൻ അതു പറയുന്നു. അവൾക്കു രോഗമാണെന്നും പാപകരമായ ഒരു പനിയുണ്ടെന്നും ഞാൻ പറയുന്നു. അവൾ രോഗിയായിരിക്കുന്നത് ഒരു പിശാച് അവളെ ബാധിച്ചിരിക്കുന്നതിനാലാണ്. അതും ഒരു രോഗമാണ്. ചിതമല്ലാത്ത പെരുമാറ്റം, വലിയ കോപം, കണ്ണുനീർ, സ്വയംപീഡനം, എന്നെക്കുറിച്ച് അറിയാനുള്ള ആഗ്രഹം ഇവയെല്ലാം അവളുടെ   രോഗത്തിന്റെ വിവിധ   ഘട്ടങ്ങളെയാണ്   കാണിക്കുന്നത്.   എല്ലാം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കയാണിപ്പോൾ. അതാണീ തകർച്ചയ്ക്കു കാരണം. അവളോടു് ക്ഷമ കാണിക്കയും നന്നായി പെരുമാറുകയും ചെയ്യുന്ന നീ ശരിയായി പ്രവർത്തിക്കുന്നു. എന്നെക്കുറിച്ച് നീ അവളോടു് സംസാരിക്കുന്നതും നല്ലതാണ്. മേരിയുടെ പാവപ്പെട്ട ആത്മാവിനെയും എന്റെ പിതാവാണു സൃഷ്ടിച്ചത്. നിന്റെയും ലാസറസ്സിന്റെയും അപ്പസ്തോലന്മാരുടെയും ശിഷ്യരുടേയും ആത്മാക്കളിൽ നിന്നും ഒരുവിധത്തിലും അതു വ്യത്യസ്തമല്ല. ഇത്രയധികം സഹിക്കുന്ന മേരിയുടെ പാവപ്പെട്ട ആത്മാവ് ! സാർവത്രികമായ ആദ്യവിഷത്തിനു പുറമേ ഏഴു വിഷം കൂടി ഉള്ളിൽച്ചെന്നിട്ടുള്ള മേരി. ഓ ! ബന്ധനത്തിലായിരിക്കുന്ന പാവം മേരി ! എങ്കിലും അവൾ എന്റെ പക്കലേക്കു വരട്ടെ. ഞാൻ ശ്വസിക്കുന്ന വായു അവൾ ശ്വസിക്കട്ടെ. എന്റെ സ്വരം അവൾ കേൾക്കുകയും എന്റെ നോട്ടം അവൾ കാണുകയും ചെയ്യട്ടെ. അവൾ ചാണകക്കൂനയെന്നു സ്വയം വിളിക്കുന്നു. ഓ ! സാധു ! അവളിൽ കുടിയിരിക്കുന്ന ഏഴു പിശാചുക്കളിൽ ഏറ്റം ദുർബലനായത് അഹങ്കാരമെന്ന പിശാചാണ്. അക്കാരണം കൊണ്ടുമാത്രം അവൾ രക്ഷിക്കപ്പെടും."
    മാർത്താ വീണ്ടും ചോദിക്കുന്നു; "അവൾ പുറത്തേക്കിറങ്ങുമ്പോൾ അവളെ വഴിതെറ്റിക്കുന്ന ആരെയെങ്കിലും വീണ്ടും കണ്ടുമുട്ടുമോ? അതേക്കുറിച്ച് അവൾക്കുതന്നെ ഭയമാണ്."
               "തിന്മയെ  വെറുക്കാൻ തുടങ്ങിയതുകൊണ്ട് ആ ഭയം ഇനിയെന്നും അവൾക്കുണ്ടായിരിക്കും.  നീ ഭയപ്പെടേണ്ട. ദൈവത്തോട് അടുക്കണം എന്ന് ഒരാത്മാവ്  ആഗ്രഹിക്കുമ്പോൾ തിന്മയുടേയും ദുഷ്ടമനുഷ്യരുടേയും ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ അതു ശക്തമാകും. പൈശാചിക ശക്തിയാണ് അതിനെ ഇതുവരെ നിയന്ത്രിച്ചിരുന്നത്. എന്നാൽ തന്റെ ഇര താമസിയാതെ നഷ്ടപ്പെടും എന്നു പിശാചിനു മനസ്സിലാകും. മാനുഷികമായ രീതിയിൽ മാത്രം ചിന്തിക്കുന്ന 'അഹം' വേറൊരു ശത്രുവാണ്. എന്നാൽ മേരിയുടെ  ആത്മാവ് ധ്രുവനക്ഷത്രം കണ്ടുകഴിഞ്ഞു. ഇനി അതിനു വഴിതെറ്റുകയില്ല. നീ ഇനി അവളെ പരോക്ഷമായിപ്പോലും ശാസിക്കരുത്. അവൾ തീക്കുണ്ഡത്തിൽ നിന്നു പുറത്തു വന്നിട്ടേയുള്ളൂ. ശരീരമാകെ ഏകവ്രണമായിരിക്കുന്നു. ദയ, ക്ഷമ, പ്രത്യാശ എന്നിങ്ങനെയുള്ള  തൈലം കൊണ്ട് മെല്ലെ സ്പർശിക്കാനേ പാടുള്ളൂ. അവൾക്ക് ഇവിടെ വരാനുള്ള സ്വാതന്ത്ര്യം നീ കൊടുക്കണം. നീ വരാനുദ്ദേശിക്കുമ്പോൾ വിവരം അവളോടു പറയണം. എന്നാൽ എന്റെകൂടെ വരൂ എന്നൊരിക്കലും പറയരുത്. നേരെമറിച്ച് അവൾ വരാനാഗ്രഹിക്കുന്നുണ്ട് എന്നു നീ മനസ്സിലാക്കിയാൽ അന്നു വരികയേവേണ്ട. നീ തിരിച്ചുപോയി അവൾക്കായി കാത്തിരിക്കൂ. കാരുണ്യം നിമിത്തം തകർന്നവളായി അവൾ  നിന്റെപക്കലേക്കു തിരിച്ചുവരും. അവളെ പിടിയിലമർത്തി വച്ചിരിക്കുന്ന ദുഷ്ടശക്തികളെ നീക്കിക്കളയേണ്ടതുണ്ട്. ഏതാനും മണിക്കൂറുകൾ അവളുടെ  രക്തക്കുഴലുകളെല്ലാം മുറിഞ്ഞതുപോലെയും അസ്ഥികളെല്ലാം നീക്കം ചെയ്തതുപോലെയും അവൾക്കനുഭവപ്പെടും. എന്നാൽ കുറച്ചു കഴിയുമ്പോൾ അവൾക്കു സുഖംതോന്നും. ഒന്നും സംസാരിക്കാനുള്ള ശക്തി അവൾക്കുണ്ടായിരിക്കയില്ല. വലുതായ വാൽസല്യവും മൗനവും ആണ് അപ്പോൾ വേണ്ടത്. നീ അവളുടെ  രണ്ടാമത്തെ കാവൽദൂതനായിരുന്നാലെന്നപോലെ  അവളെ സഹായിക്കൂ...എന്നാൽ നിന്റെ സാന്നിദ്ധ്യം മനസ്സിലാകരുത്. അവൾ കരയുന്നെങ്കിൽ കരയട്ടെ. സ്വയം ചോദ്യങ്ങൾ ചോദിക്കന്നതു കേട്ടാൽ വിസ്മയിക്കേണ്ട. അവളെ അലട്ടേണ്ട. എന്തുകണ്ടാലും ഒന്നും ചോദിക്കരുത്. ഒരു തരത്തിലും അവൾക്ക് അസഹ്യത വരുത്തരുത്. താഴേക്ക് ഇറങ്ങിയപ്പോൾ സഹിച്ചതിനേക്കാളധികമായി മുകളിലേക്കുള്ള കയറ്റത്തിൽ അവൾ സഹിക്കുന്നുണ്ട്. തന്നെത്താൻ താഴേക്കിറങ്ങിയതുപോലെ തന്നെത്താൻ മുകളിലേക്കു കയറണം. താഴേക്കു നീങ്ങിയപ്പോൾ നിന്റെ കണ്ണുകൾ അവൾക്കസഹ്യമായിരുന്നു. കാരണം നിന്റെ കണ്ണുകൾ നിറയെ ശാസനയായിരുന്നു. ഇപ്പോഴും നിന്റെ നോട്ടം അവൾക്കസഹ്യമാണ്. കാരണം ഇപ്പോൾ ലജ്ജ അവൾക്ക് വീണ്ടുകിട്ടിയിരിക്കുന്നു. അന്ന് സാത്താൻ അവളെ പിടിച്ചിരുന്നു. ഒരു ദുഷ്ടശക്തി അവളെ ശക്തിപ്പെടുത്തിയിരുന്നതിനാൽ ലോകത്തെ മുഴുവൻ അവൾ വെല്ലുവിളിച്ചിരുന്നു. എങ്കിൽത്തന്നെ അവളുടെ പാപത്തിൽ നീ അവളെ കാണുന്നത് അവൾക്കസഹ്യമായിരുന്നു. ഇനി സാത്താൻ അവളുടെ യജമാനനല്ല, ഒരതിഥിയാണ്. എങ്കിലും അവൾ അവന്റെ തൊണ്ടയ്ക്കു പിടിച്ചിരിക്കയാണ്. എന്നെ ഇനിയും അവൾക്കു ലഭിച്ചിട്ടില്ല. അതിനാലാണ് അവൾ ബലഹീനയായിരിക്കുന്നത്. അവളുടെ രക്ഷകനോട് പാപങ്ങൾ  ഏറ്റുപറയുന്നത് നീ കാണുക എന്നത് അവൾക്കു സഹിക്കാൻ പറ്റുകയില്ല. അവളുടെ  ശക്തി മുഴുവൻ  ഏഴുതലയുള്ള പിശാചിന്റെ തൊണ്ടയ്ക്കുപിടിച്ച് കീഴ്പ്പെടുത്തുന്നതിനു് ഉപയോഗിക്കുകയാണ്. ബാക്കി ഒന്നും  ചെയ്യാൻ അവൾക്കു ശക്തിയില്ല.   നിസ്സഹായയാണ്. എന്നാൽ  അവൾ ശക്തി പ്രാപിക്കും. മാർത്താ, നീ സമാധാനത്തിൽ പോകൂ.. നയത്തോടെ അവളെ അറിയിക്കണം നാളെ ഞാൻ കഫർണാമിലെ അരുവിയുടെയടുത്ത് വേസ്പരകഴിഞ്ഞ് പ്രസംഗിക്കുന്നുണ്ടെന്ന്... സമാധാനത്തിൽ പോവുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു."
     മാർത്ത ഈശോയെ  ആരാധിച്ചശേഷം മഗ്ദലായിലേക്ക് തിരിച്ചു പോകുന്നു.
               ഈശോ കഫർണാമിൽ പ്രസംഗിക്കുന്നു


     ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.  ഒരരുവിയുടെ വൃക്ഷനിബിഡമായ തീരത്തുനിന്നാണ് പ്രസംഗം. ചേർന്നുള്ള ചോളവയലിൽ വലിയ ഒരു ജനാവലി. സമയം സന്ധ്യയാണ്. ആട്ടിൻപറ്റങ്ങൾ ആലയിലേക്കു നീങ്ങുന്നു.

     ഈശോ പ്രസംഗം ആരംഭിക്കുന്നത് കടന്നുപോകുന്ന ആട്ടിൻപറ്റത്തെ പരാമർശിച്ചുകൊണ്ടാണ്. ഈശോ പറയുന്നു:
           നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ആടുകളെക്കുറിച്ചു വിചാരമുള്ള ഒരു നല്ല ഇടയനാണ്. നല്ല ഇടയൻ എന്താണു ചെയ്യുന്നത്? തന്റെ ആടുകൾക്ക് നല്ല മേച്ചിൽസ്ഥലങ്ങൾ അന്വേഷിക്കുന്നു. പുല്ലു മാത്രമല്ല, തണലും ധാരാളം കുടിവെള്ളം കിട്ടുന്ന അരുവികളും അയാൾ തേടുന്നു. ഏറ്റം സമൃദ്ധമായ പുൽമേടുകൾ അയാൾ തെരഞ്ഞെടുക്കുകയില്ല. കാരണം അവയ്ക്കുള്ളിൽ പാമ്പുകളും രോഗം വരുത്തുന്ന ചെടികളും സർവസാധാരണമാണ്. മലഞ്ചെരിവുകളാണയാൾ ഇഷ്ടപ്പെടുന്നത്. അവിടെ മഞ്ഞുതുള്ളികൾ വീണ് പുല്ലിന്റെ ഇലകൾ വൃത്തിയുള്ളവയായിരിക്കും. നല്ല ശക്തിയുള്ള വെയിലടിക്കുന്നതിനാൽ പാമ്പുകൾ അവിടെയുണ്ടായിരിക്കയില്ല. ആരോഗ്യപ്രദമായ വായു ധാരാളം. നല്ലിടയൻ  എല്ലാ        ആടുകളെയും ഓരോന്നോരോന്നായി ശ്രദ്ധിക്കുന്നു. രോഗമുള്ളവയെ അവൻ സുഖപ്പെടുത്തുന്നു. മുറിവേറ്റവയെ വച്ചുകെട്ടുന്നു. അത്യാഗ്രഹം കൊണ്ട് അധികം തീറ്റ തിന്നു രോഗം വരുത്തുന്നവയെ അവൻ ശാസിക്കുന്നു. ഒരു സ്നേഹിതനോടെന്നപോലെ അവയോട് സംസാരിക്കുന്നു. ഭൂമിയിൽ അലഞ്ഞുതിരിയുന്ന സ്വന്തം മക്കളോട് സ്വർഗ്ഗസ്ഥനായ പിതാവ് ഇങ്ങനെതന്നെയാണ് വർത്തിക്കുന്നത്. പിതാവിന്റെ സ്നേഹമാകുന്ന വടി എല്ലാറ്റിനേയും ഒരുമിച്ചുകൂട്ടുന്നു. അവന്റെ സ്വരമാണ് അവരെ നയിക്കുന്നത്. അവന്റെ നിയമമാണ് അവരുടെ മേച്ചിൽപ്പുറം; സ്വർഗ്ഗമാണ് അവരുടെ ആല.

     എന്നാൽ ഒരാട് അവനെ വിട്ടുപോയി. അവന് അതിനെ വലിയ കാര്യമായിരുന്നു. ഇളംപ്രായം, പരിശുദ്ധമായത്, ഏപ്രിൽമാസത്തിലെ വെൺമേഘം പോലെ വെള്ളനിറം. എത്ര നന്നായി അതിനെ വളർത്തണമെന്നും എത്രയധികം സ്നേഹം അതു കാണിക്കുമെന്നും മറ്റും ചിന്തിച്ചുകൊണ്ട് ഇടയൻ വലിയ സ്നേഹത്തോടെ പലപ്പോഴും അതിനെ നോക്കിയിരുന്നു. എന്നാൽ  അത് വഴിമാറിപ്പോയി. മേച്ചിൽപ്പുറത്തിനടുത്തുള്ള വഴിയിലൂടെ ഒരു പ്രലോഭകൻ കടന്നുപോയി. ഒറ്റനിറമുള്ള സാധാരണ  ഉടുപ്പിനു പകരം പലനിറങ്ങളുള്ള വസ്ത്രമാണയാൾ ധരിച്ചിരുന്നത്. ചെറുകോടാലിയും കത്തിയും തൂക്കിയിടുന്ന തുകൽബൽറ്റ് അയാൾക്കില്ല. അയാളുടേതു സ്വർണ്ണബൽറ്റാണ്. ശക്തിയേറിയ സുഗന്ധദ്രവ്യങ്ങളടങ്ങിയ ചെപ്പുകൾ അയാളുടെ കൈവശമുണ്ട്. നല്ലിടയൻ കൊണ്ടുനടക്കുന്നതുപോലുള്ള വടി അയാളുടെ കൈയിലില്ല. നല്ലിടയൻ ആ വടി കൊണ്ട് ആടുകളെ ഒരുമിച്ചു കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ആ വടി പോരാ എന്നുതോന്നുമ്പോൾ കൈക്കോടാലിയും കത്തിയും പ്രയോഗിക്കും. ആവശ്യമെങ്കിൽ ജീവൻതന്നെയും അർപ്പിക്കും. എന്നാൽ പ്രലോഭകന്റെ കൈയിലുള്ളത് ഒരു ധൂമകലശമാണ്. അതിൽനിന്നു പുകയുയരുന്നുണ്ട്. അതിനുള്ളിൽ മിന്നുന്ന രത്നങ്ങളുണ്ട്. അയാൾ പാട്ടുപാടി ഉപ്പു വിതറിക്കൊണ്ടു കടന്നുപോകുന്നു. എന്നാൽ   പോകുന്നില്ല; അവിടെത്തന്നെ നിൽക്കുന്നു. നൂറാമത്തെ ആട്, ഏറ്റം പ്രായം കുറഞ്ഞത്, കാഴ്ചയ്ക്ക് ഏറ്റം യോഗ്യൻ, എടുത്തുചാടി പ്രലോഭകന്റെ പിന്നാലെ ഓടിമറഞ്ഞു കഴിഞ്ഞു. ഇടയൻ അതിനെ വിളിക്കുന്നുണ്ട്, എന്നാൽ   അതുതിരിച്ചു വരുന്നില്ല. അത് വായുവിനേക്കാൾ വേഗത്തിലോടുന്നു, പ്രലോഭകന്റെ ഒപ്പമെത്താൻ. ഓടുന്നവഴിക്ക് അൽപ്പം ശക്തി കിട്ടാൻ അത് ഉപ്പ് തിന്നുന്നു. എന്നാൽ ഉപ്പ് ഉള്ളിൽച്ചെന്നപ്പോൾ ഒരു കത്തൽ അനുഭവം. അതുകൊണ്ട് തണുത്ത വെള്ളംതേടി അത് വനത്തിൽ പച്ചമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലേക്കു പോകയാണ്.  പ്രലോഭകനെ അനുഗമിച്ച് അത് വനത്തിനുള്ളിലേക്കു കടന്ന് കുന്നുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനിടയ്ക്ക് വീഴുന്നു. ഒന്ന്, രണ്ട്,  മൂന്ന്. വീഴുന്ന ഓരോ പ്രാവശ്യവും അതിന്റെ കഴുത്തിനുചുറ്റി വഴുവഴുപ്പുള്ള ഇഴജന്തുക്കളുടെ ആലിംഗനമാണ് അനുഭവപ്പെടുക. ദാഹം ശക്തിയായതിനാൽ അഴുക്കുവെള്ളം കുടിക്കുകയും വിശപ്പടക്കാൻ വിഷസസ്യങ്ങൾ തിന്നുകയും ചെയ്യുന്നു. അതേസമയം നല്ലിടയൻ  എന്താണു ചെയ്യുന്നത്? തൊണ്ണൂറ്റിഒൻപത് ആടുകളെയും സുരക്ഷിതമായ ഒരു സ്ഥലത്താക്കിയശേഷം അയാൾ പുറപ്പെടുന്നു. നഷ്ടപ്പെട്ട ആടിന്റെ സൂചന നൽകുന്ന അടയാളങ്ങൾ കണ്ടെത്തുന്നതുവരെ അയാൾ വിശ്രമിക്കുന്നില്ല.  പോയ ആട് തിരിച്ചുവരാത്തതിനാൽ അയാൾ ഉച്ചസ്വരത്തിൽ അതിനെ വിളിക്കുന്നു. ഒരു  ഫലവുമില്ല. അവസാനം വളരെ ദൂരെ നിന്ന് സർപ്പങ്ങൾ ചുറ്റി ബോധമില്ലാതെ കിടക്കുന്ന ആടിനെ അയാൾ കാണുന്നു. അതിനെ സ്നേഹിക്കുന്ന ആളിനെക്കണ്ടപ്പോൾ വേർതിരിഞ്ഞുപോയതിന്റെ ദുഃഖം കാണിക്കാൻ അതിനു കഴിയുന്നില്ല. പകരം അയാളെ അത് പരിഹസിക്കുന്നു. ഈ ആട് ഒരു  കള്ളനെപ്പോലെ, സ്വന്തമല്ലാത്ത  വീടുകളിൽ കയറിയിട്ടുണ്ടെന്ന് ഇടയനു മനസ്സിലാകുന്നുണ്ട്. കുറ്റബോധം കൊണ്ട് ആട് അയാളെ നോക്കുന്നില്ല. നോക്കാൻ അതിനു ധൈര്യം കിട്ടുന്നില്ല. എന്നിട്ടും നല്ലിടയനു മനസ്സു മടുക്കുന്നില്ല. ആടിന്റെയടുത്തു ചെല്ലാൻ ശ്രമിക്കയാണ്. അവസാനം ആടിന്റെയടുത്തെത്തി. ഓ! എന്റെ പ്രിയകുഞ്ഞേ, നിന്നെ ഞാൻ കണ്ടുപിടിച്ചു. അവസാനം നിന്റെയടുത്ത് ഞാനെത്തി. നിനക്കുവേണ്ടി എത്രദൂരം ഞാൻ നടന്നു? നിന്നെ ആലയിലേക്കു കൊണ്ടുപോകാൻ എത്രയധികം ബുദ്ധിമുട്ടി? നിരാശയിൽ നിന്റെ തലതാഴ്ത്തിക്കളയാതെ..... നിന്റെ പാപം എന്റെ ഹൃദയത്തിൽ ഞാൻ കുഴിച്ചുമൂടിയിരിക്കുന്നു. ആരും അതേക്കുറിച്ച് അറിയുകയില്ല. ഞാൻ മാത്രമേ അതറിയുന്നുള്ളൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.  മറ്റുള്ളവരുടെ വിമർശനത്തിൽനിന്ന് ഞാൻ  നിന്നെ രക്ഷിക്കും. വരൂ, നിനക്കു മുറിവേറ്റുപോയോ? നിന്റെ മുറിവുകൾ ഞാൻ  കാണട്ടെ. എനിക്കവയറിയാം. എന്നാലും നീ എന്നെ അതു കാണിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നീ പരിശുദ്ധി പാലിച്ചിരുന്ന കാലത്ത് നിന്റെ ഇടയനും ദൈവവുമായ എന്നെ നീ നിഷ്കളങ്കമായ കണ്ണുകളോടെ നോക്കുമായിരുന്നല്ലോ. ആ വിശ്വാസത്തോടെ നീ എന്നെ നിന്റെ മുറിവുകൾ കാണിക്കൂ....ശരി, ഇതെല്ലാമാണ് നിന്റെ മുറിവുകൾ അല്ലേ? എല്ലാ മുറിവുകൾക്കും ഒരു പേരു തന്നെ. എത്ര ആഴമായ മുറിവുകൾ ? ആരാണ് ഈ വലിയ മുറിവുകൾ നിന്റെ ചങ്കിലുണ്ടാക്കിയത്? പ്രലോഭകൻ തന്നെ. എനിക്കറിയാം. അവന് കൈക്കോടാലിയോ കത്തിയോ ഇല്ല. എങ്കിലും വിഷമുള്ള അവന്റെ കടി ആഴത്തിൽ മുറിവേൽപ്പിക്കുന്നു. നോക്കൂ, എത്രയധികം മുറിവുകൾ ! എത്രയധികം രക്തമാണു വാർന്നുപോയത് ! എത്രയേറെ മുള്ളുകൾ തറച്ചിരിക്കുന്നു!

          ഓ ! നിരാശയിലാണ്ടിരിക്കുന്ന എന്റെ പാവപ്പെട്ട ആത്മാവേ, എന്നോടു പറയൂ, നിന്നോടു ഞാൻ എല്ലാം ക്ഷമിച്ചാൽ നീ എന്നെ ഇനിയും സ്നേഹിക്കുമോ? എന്റെ കരങ്ങൾ നിന്റെ പക്കലേക്കു നീട്ടിയാൽ ഇങ്ങോട്ടു വരുമോ? എന്നോടൊന്നു പറയൂ, എങ്കിൽവന്ന് വീണ്ടും ജനിക്കുക. പരിശുദ്ധമായ മേച്ചിൽപ്പുറങ്ങളിലേക്കു വീണ്ടും വരിക. നീ കരയൂ ... നിന്റെ കണ്ണീരും എന്റെ കണ്ണീരും കൂടെ നിന്റെ പാപത്തിന്റെ അടയാളങ്ങൾ കഴുകിക്കളയും. നിന്നെ ദഹിപ്പിച്ച തിന്മ നിമിത്തം നീ അവശതയിലായതിനാൽ എന്റെ നെഞ്ചും എന്റെ രക്തക്കുഴലുകളും നിനക്കായി തുറന്നുകൊണ്ടു ഞാൻ  പറയുന്നു, ഇവ ഭക്ഷിക്കുക; അങ്ങനെ ജീവിക്കൂ .... നിന്നെ എന്റെ കരങ്ങളിൽ ഞാൻ  വഹിക്കുന്നതിന് എന്റടുത്തേക്കു വരൂ.... നമുക്ക് അതിവേഗത്തിൽ നടന്ന് ശുദ്ധമായ പുൽമേടുകളിലേക്കു പോകാം. നീ ദുരിതത്തിന്റെ ഈ  സമയത്തെ വിസ്മരിക്കുക. നിന്റെ തൊണ്ണൂറ്റിഒൻപത് നല്ല സഹോദരങ്ങളും നീ തിരിച്ചുവന്നല്ലോ എന്നോർത്തു സന്തോഷിക്കും. ഞാൻ  നിന്നോടു പറയുന്നു, ആല വിട്ടു പോകാതിരുന്ന തൊണ്ണൂറ്റിഒൻപത് നീതിമാന്മാരേക്കാൾ, നഷ്ടപ്പെട്ടശേഷം കണ്ടെടുക്കപ്പെട്ട ഒന്നിനെക്കുറിച്ച് നല്ലവരുടെ ഇടയിൽ കൂടുതൽ സന്തോഷമുണ്ടാകും."

         ഈശോ പിന്നിലെ റോഡിലേക്ക് ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കിയിട്ടില്ല. ആ വഴിയേ, സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ മഗ്ദലായിലെ മേരിവന്നുചേർന്നിരിക്കുന്നു. ഒരു കറുത്ത ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. ഈശോ, 'എന്റെ പ്രിയപ്പെട്ട നിന്നെ ഞാൻ കണ്ടെത്തി' എന്നുതുടങ്ങി തുടർന്നു പറയുന്ന വാക്കുകൾ കേട്ട് മേരി അവളുടെ മുഖാവരണം കൊണ്ട് മുഖം പൊത്തി നിർത്താതെ കരയുന്നു.

   ആളുകൾക്ക് അവളെ കാണാൻ കഴിയുന്നില്ല. കാരണം അവൾ അരുവിയുടെ ഇങ്ങേക്കരയിലാണ്. തലയ്ക്കുമീതേ വന്നിട്ടുള്ള ചന്ദ്രനും ഈശോയുടെ അരൂപിയും മാത്രമേ അവളെക്കാണുന്നുള്ളൂ.