ജാലകം നിത്യജീവൻ: വി. സൈമൺ, വി.യൂദാ തദേവൂസ്

nithyajeevan

nithyajeevan

Friday, October 28, 2011

വി. സൈമൺ, വി.യൂദാ തദേവൂസ്

ഒക്ടോബർ 28
ഇന്ന് അപ്പസ്തോലന്മാരായ വി. സൈമൺ, വി.യൂദാ തദേവൂസ് എന്നിവരുടെ തിരുനാൾ. 

വി. സൈമൺ

സുവിശേഷത്തിൽ കാനാൻകാരനെന്നും തീവ്രവാദിയെന്നും പരാമർശിക്കപ്പെടുന്ന വി.സൈമൺ, 
വി. യോഹന്നാൻ കഴിഞ്ഞാൽ ഈശോയോടു് ഏറ്റവും വിശ്വസ്തത പുലർത്തിയ അപ്പസ്തോലനാണ്. 

ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം, കുരിശിൻചുവട്ടിലുണ്ടായിരുന്ന ജോൺ ഒഴികെയുള്ള അപ്പസ്തോലന്മാരെയും (യൂദാ സ്കറിയോത്താ നേരത്തെതന്നെ ആത്മഹത്യ ചെയ്തിരുന്നു) മറ്റു ശിഷ്യരെയും തേടിപ്പിടിച്ച് ഈശോയുടെ പ്രിയസ്നേഹിതനായ ബഥനിയിലെ ലാസറസ്സിന്റെ ഭവനത്തിൽ എത്തിച്ചത് തീക്ഷ്ണമതിയായ സൈമൺ ആയിരുന്നു. ഈശോയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്.

ഈശോയുടെ ആദ്യ ശിഷ്യന്മാരായ ജോൺ, ആൻഡ്രൂ,  ജയിംസ്, പത്രോസ്, ഫിലിപ്പ്, ബർത്തലോമിയോ, തോമസ്, യൂദാ തദേവൂസ് എന്നിവർക്കു ശേഷം ഒൻപതാമത്തെ ശിഷ്യനായാണ് സൈമണെ ഈശോ സ്വീകരിക്കുന്നത്. പിന്നീടുള്ള സൈമണിന്റെ ആത്മീയ വളർച്ച ദ്രുതഗതിയിലാണ്. സൈമണിന്റെ സ്നേഹിതനും കുടുബസുഹൃത്തുമായ ബഥനിയിലെ ലാസ്സറസ്സിനെ സൈമൺ ഈശോയ്ക്ക് പരിചയപ്പെടുത്തുകയും പിന്നീട് ലാസ്സറസ്സ് ഈശോയുടെയും പ്രിയ സ്നേഹിതനായി മാറുകയും ചെയ്യുന്നു.

സുവിശേഷ പ്രഘോഷണവേളയിൽ ഈശോ പലപ്രാവശ്യം മനസ്സു തളർന്ന് ദുഃഖിതനായി കാണപ്പെടുന്നുണ്ട്. അത്തരമൊരു വേളയിൽ സൈമൺ ഈശോയോടു ചോദിക്കുന്നു:
"കർത്താവേ, അങ്ങിത്ര ദുഃഖിതനായിയിരിക്കുന്നതെന്താണ്?"
ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: "സൈമൺ, വക്രതയുള്ള ലോകത്തിനു മുമ്പിൽ ഞാൻ നിരായുധനാണ്. കാരണം, ലോകത്തിന്റെ ദുഷ്ടതയോ സാത്താന്റെ കൗശലമോ എനിക്കില്ല. ലോകം എന്നെ പരാജയപ്പെടുത്തുന്നു. ഞാൻ വളരെ ക്ഷീണിതനുമാണ്..."
"അങ്ങ് ദുഃഖിതനുമാണ്. അങ്ങയുടെ ദുഃഖം വർദ്ധിക്കാൻ ഞങ്ങൾ സഹായിക്കയുമാണ്. പ്രിയ ഗുരുവേ, അങ്ങയുടെ ശിഷ്യരാകാൻ ഞങ്ങൾ യോഗ്യരല്ല. എന്നോടും എന്റെ സ്നേഹിതരോടും അങ്ങ് ക്ഷമിക്കണമേ.. എല്ലാവർക്കും വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു..."

അവസാന അത്താഴസമയത്ത് ഈശോ അപ്പസ്തോലന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കുന്ന വേളയിൽ, സൈമണിന്റെ  പാദം കഴുകിയിട്ട് ഈശോ അടുത്തയാളിന്റെ പക്കലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ സൈമൺ മുട്ടുകുത്തി ഈശോയുടെ പാദങ്ങൾ ചുംബിച്ചുകൊണ്ടു പറയുന്നു: "ശരീരത്തിന്റെ കുഷ്ഠത്തിൽ നിന്ന് എന്നെ ശുദ്ധീകരിച്ചതുപോലെ പാപമാകുന്ന കുഷ്ഠത്തിൽ  നിന്നും എന്നെ ശുദ്ധീകരിക്കണമേ... അതുവഴി വിധിയുടെ സമയത്ത് ഞാൻ സംഭ്രമിക്കാൻ ഇടയാകാതിരിക്കട്ടെ, എന്റെ രക്ഷകാ.."

ഈശോ ഉറപ്പു നൽകുന്നു:  "ഭയപ്പെടേണ്ട സൈമൺ,  പർവതത്തിലെ മഞ്ഞുപോലെ വെൺമയുള്ളവനായി നീ സ്വർഗ്ഗീയ നഗരത്തിലേക്കു വരും."

വി.യൂദാ തദേവൂസ്


വി.യൗസേപ്പിന്റെ സഹോദരപുത്രനാണ് അപ്പസ്തോലനായ വി.യൂദാ ശ്ലീഹാ.
 
       അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി   ഇന്ന്  ലോകം മുഴുവൻആദരിക്കുന്ന വി.യൂദാ,  ഈശോയുടെ ഏതാണ്ട് സമപ്രായക്കാരനും കളിക്കൂട്ടുകാരനുമായിരുന്നു.  പിതാവായ അൽഫേയൂസിന്റെയും   ജ്യേഷ്ഠസഹോദരങ്ങളായ ജോസഫിന്റെയും ശിമയോന്റെയും കഠിനമായ എതിർപ്പിനെ വകവയ്ക്കാതെയാണ് യൂദാ ഈശോയുടെ  ശിഷ്യനാകുന്നത്. (പിന്നീട് മറ്റൊരു സഹോദരനായ ജയിംസും - ചെറിയ യാക്കോബ് - യൂദായെ അനുഗമിച്ച് അപ്പസ്തോലഗണത്തിലേക്കു വരുന്നുണ്ട്) 

യൂദായുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും വെളിപ്പെടുത്തുന്ന ഒരു വിശിഷ്ടരംഗം 'ദൈവമനുഷ്യന്റെ സ്നേഹഗീത' യിൽക്കാണാം. ഈശോയും യൂദാ സ്കറിയോത്താ ഒഴികെയുള്ള അപ്പസ്തോലന്മാരുമൊത്തായിരിക്കുന്ന ഒരവസരത്തിൽ, കറിയോത്തുകാരൻ യൂദാസിനെപ്പറ്റി മോശമായി സംസാരിച്ചപ്പോൾ ഈശോ ഇടപെടുന്നു: "യൂദാ, നീ എന്റെ സഹോദരനാണെന്നതു  മൂലം  ശാസനയിൽ  നിന്ന് ഒഴിവാക്കപ്പെടുകയില്ല. നിന്റെ സഹോദരനോടു് നിഷ്കരുണമായി വർത്തിക്കുന്നതിനാൽ ഞാൻ നിന്നെ ശാസിക്കുന്നു. അവനു കുറ്റങ്ങളുണ്ട്; നിനക്കും കുറവുകളുണ്ടല്ലോ. അതിൽ ആദ്യത്തേത്, അവന്റെ ആത്മാവിനെ പൂർണ്ണതയിലേക്കു നയിക്കാൻ നീ എന്നെ സഹായിക്കുന്നില്ല എന്നതാണ്. നിന്റെ വാക്കുകൾ കൊണ്ട് നീ അവനെ വിഷമിപ്പിക്കുന്നു. ഹൃദയങ്ങളെ സ്വാധീനിക്കുന്നത് കാർക്കശ്യം കൊണ്ടല്ല. അവന്റെ പ്രവൃത്തികളെ വിധിക്കാൻ നിനക്കെന്തെവകാശം? അതിനുള്ള പൂർണ്ണത നിനക്കുണ്ടെന്നു നീ വിചാരിക്കുന്നുവോ? നിന്റെ ഗുരുവായ ഞാൻ അങ്ങനെ ചെയ്യുന്നില്ലല്ലോ. കാരണം, അപൂർണ്ണതകളുള്ള ആ ആത്മാവിനെ ഞാൻ സ്നേഹിക്കുന്നു.   അവന്റെ അവസ്ഥയിൽ ഞാൻ സന്തുഷ്ടനാണെന്ന് നീ വിചാരിക്കുന്നുവോ? ആത്മാക്കളെ രക്ഷിക്കുന്ന പരിധിയില്ലാത്ത സ്നേഹം നിന്റെ സ്നേഹിതരിൽ ഒരുവനോടു കാണിക്കാൻ കഴിയാതിരിക്കേ, ഭാവിയിൽ ആത്മാക്കളുടെ ഗുരുവാകാൻ നിനക്കു് എങ്ങനെ കഴിയും?"

ശാസനയുടെ ആദ്യത്തെ വാക്കുകൾ കേട്ടപ്പോൾ മുതൽ തലകുനിച്ചു നിൽക്കുകയായിരുന്ന യൂദാ, അവസാനമായപ്പോൾ നിലത്തു മുട്ടുകുത്തിക്കൊണ്ടു പറയുന്നു:" എന്നോടു ക്ഷമിച്ചാലും.. ഞാനൊരു പാപിയാണ്. എനിക്കു തെറ്റു പറ്റുമ്പോൾ ശാസിച്ചാലും. കാരണം, ശാസന സ്നേഹമാണ്."

യൂദായുടെ നന്മയ്ക്കായിട്ടാണ് താൻ ശാസിച്ചതെന്നും തിരുത്തപ്പെടുന്നവന്റെ എളിമ തിരുത്തുന്നവന്റെ ആയുധങ്ങളെ താഴെ വീഴിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഈശോ യൂദായെ എഴുന്നേൽപ്പിച്ച് തന്നോടു ചേർത്തുനിർത്തുന്നു.




(അവലംബം:  ദൈവമനുഷ്യന്റെ സ്നേഹഗീത)