ഈശോ സമ്പന്നരുടെ പട്ടണമെന്നറിയപ്പെടുന്ന തിബേരിയാസിലാണ്. ധാരാളം ജനങ്ങൾ ഈശോയെ ശ്രവിക്കാൻ വന്നെത്തിയിട്ടുണ്ട്. ഈശോ രോഗികൾക്ക് സൗഖ്യം നൽകി. അന്യായമായി സമ്പാദിക്കുന്ന സ്വത്തിനെക്കുറിച്ചും സ്വർഗ്ഗരാജ്യം നേടണമെങ്കിൽ അതിൽനിന്നു മുക്തി പ്രാപിക്കേണ്ടതാവശ്യമാണെന്നും തന്റെ ശിഷ്യരാകണമെങ്കിൽ ധനത്തോടുള്ള നിർമ്മമത അനിവാര്യമാണെന്നും ഈശോ പപറഞ്ഞപ്പോൾ ധനികരായ ചില ശിഷ്യർക്ക് മനഃപ്രയാസമായി. അവരുടെ ചോദ്യങ്ങൾക്ക് ഈശോ മറുപടി പറയുകയാണ്.
നിയമജ്ഞനായ ജോൺ ചോദിക്കുന്നു; "എന്റെ സ്വത്ത് നശിപ്പിച്ചു് കുടുംബത്തിന് ഒന്നുമില്ലാത്ത സ്ഥിതിയിൽ ആക്കണമോ?"
"വേണ്ട; ദൈവം നിനക്കു കുറെ സ്വത്ത് തന്നിട്ടുണ്ട്. അത് നീതിനിർവഹണത്തിന് ഉപയോഗപ്പെടട്ടെ. അതായത് അതുപയോഗിച്ച് കുടുംബത്തെ സഹായിക്കുക; അതു നിന്റെ ചുമതലയാണ്. ഭൃത്യരെ മാനുഷികമായ രീതിയിൽ കരുതുക; അത് ഉപവിയാണ്. ദരിദ്രരേയും ദരിദ്രരായ ശിഷ്യരേയും സഹായിക്കുക; ഇങ്ങനെ ചെയ്താൽ സ്വത്ത് ഒരു തടസ്സമാകയില്ലെന്നു മാത്രമല്ല സഹായവും കൂടിയായിരിക്കും."
പിന്നീട് ജനസമൂഹത്തെ നോക്കിക്കൊണ്ട് ഈശോ പറയുന്നു: "ഏറ്റം ദരിദ്രനായ ഒരു ശിഷ്യൻ, എന്റെ പുരോഹിതനായ ശേഷം സമ്പന്നരുമായി അനീതിക്കുവേണ്ടി ഒത്തുതീർപ്പിലെത്തിയാൽ, അയാൾ സ്വർഗ്ഗം നഷ്ടമാകാൻ പാടുള്ള അപകടത്തിലാണ് ജീവിക്കുന്നത്. എന്റെ ശുശ്രൂഷകരിൽ കുറേപ്പേർ സമ്പത്തിന്റെയും സമ്മാനദാനങ്ങളുടേയും ഈ പ്രലോഭനത്തിന് വഴിപ്പെട്ടു പോകുന്നവരായിരിക്കും. ഇതു സംഭവിക്കാൻ പാടുള്ളതല്ല. സ്നാപകന്റെ മാതൃക അനുകരിക്കുക. അവൻ മജിസ്ട്രേറ്റോ ജഡ്ജിയോ ഒന്നുമല്ലായിരുന്നെങ്കിലും നിയമാവർത്തനപ്പുസ്തകത്തിൽ പറയുന്നതുപോലെ മജിസ്ട്രേറ്റിന്റെയും ജഡ്ജിയുടെയും പൂർണ്ണത അവനിലുണ്ടായിരുന്നു. നിയമാവർത്തനത്തിൽ ഇപ്രകാരമാണു പറയുന്നത്: "നീ പക്ഷപാതരഹിതനായിരിക്കുക; ഒരിക്കലും കൈക്കൂലി വാങ്ങരുത്. കാരണം, കൈക്കൂലി നീതിജ്ഞന്റെ കണ്ണുകളെ അന്ധമാക്കുകയും നീതി അർഹിക്കുന്നവന്റെ കാര്യം അപകടത്തിലാക്കുകയും ചെയ്യുന്നു." മിക്കപ്പോഴും നീതിയുടെ വായ്ത്തലയ്ക്ക് പാപി സ്വർണ്ണം പൂശി അതിന്റെ മൂർച്ച കെടുത്തുന്നു. അരുത്, അങ്ങനെ സംഭവിക്കരുത്. ദരിദ്രനായിരിക്കാനും മരിക്കാനും പഠിച്ചുകൊള്ളുക; എന്നാൽ പാപവുമായി ഒരിക്കലും ഒത്തുതീർപ്പിലാകരുത്. ആ സ്വർണ്ണം ദരിദ്രർക്കായി ഉപയോഗിക്കാം എന്ന ന്യായത്തിന്മേലും അതു ചെയ്യാവുന്നതല്ല. അത് ശപിക്കപ്പെട്ട സ്വർണ്ണമാണ്. അതിൽനിന്ന് ഒരു നന്മയും ഉണ്ടാകയില്ലെന്നറിഞ്ഞിരിക്കുക. നിങ്ങളെ ഗുരുക്കന്മാരായി നിയമിച്ചിരിക്കയാണ്. നിങ്ങൾ തന്നെ സ്വന്തം കാര്യസാദ്ധ്യത്തിനായി തിന്മയോടു കൂട്ടുകൂടിയാൽ നിങ്ങൾ എന്തായിത്തീരും? തിന്മയുടെ ശാസ്ത്രത്തിന്റെ ഗുരുക്കന്മാരായിരിക്കും. ആത്മാക്കളെ രക്ഷിക്കുന്നവരാകയില്ല."