ജാലകം നിത്യജീവൻ: പ്രീശരും വ്യഭിചാരിണിയായ സ്ത്രീയും

nithyajeevan

nithyajeevan

Wednesday, October 26, 2011

പ്രീശരും വ്യഭിചാരിണിയായ സ്ത്രീയും

ഈശോ ജറുസലേം ദേവാലയ മതില്‍ ക്കെട്ടുകൾക്കകത്ത് അങ്കണങ്ങളിലൊന്നില്‍  തന്റെ ചുറ്റും കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടുസംസാരിക്കുകയാണ്. മറ്റു റബ്ബിമാരുടെ ചുറ്റുമുള്ളവർ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഈശോയുടെ ചുറ്റും നില്‍ക്കുന്ന  ആളുകൾ മാത്രം അനങ്ങാതെ നില്‍ പ്പുണ്ട്.  അപ്പോഴതാ, വിഷം തുപ്പുന്ന ഒരു ചെറുഗണം പ്രീശരും  നിയമജ്ഞരും ഈശോയുടെ  അടുത്തേക്ക്,  ഏകദേശം മുപ്പതു വയസ്സു പ്രായം വരുന്ന ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു വരുന്നു. അവളുടെ വസ്ത്രം വൃത്തിഹീനമാണ്. മുടി പ്രാകൃതമായിക്കിടക്കുന്നു. അവൾ ഒരു  കെട്ടു പഴന്തുണിയോ ഒരു  ശവമോ എന്നപോലെ അവർ ഈശോയുടെ   പാദത്തിങ്കലേക്ക് അവളെ എറിഞ്ഞു. അവൾ  അവിടെ പതുങ്ങിക്കിടന്നു. മുഖം കൈത്തണ്ടുകളില്‍  വച്ച് നിലത്ത് കമിഴ്ന്നു കിടക്കുകയാണ്.

"ഗുരുവേ, വ്യഭിചാരപ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തുതന്നെ പിടിക്കപ്പെട്ടവളാണ് ഇവൾ. ഇവളുടെ ഭർത്താവ് ഇവളെ സ്നേഹിക്കുന്നു. ഇവൾക്ക് ഒരു  കുറവും വരാതെ സംരക്ഷിക്കുന്നു. എന്നാല്‍  ഇവൾ അവനോടു് അവിശ്വസ്തത കാണിക്കുന്നു. ഇവൾ വ്യഭിചാരിണിയായിരിക്കുന്നു. അതിനാല്‍  ഇവളെ  കല്ലെറിയേണ്ടതാണ്. മോശ അങ്ങനെയാണ് കല്‍ പ്പിച്ചിട്ടുള്ളത്. ഗുരുവേ, നീ ഇതെക്കുറിച്ച് എന്തുപറയുന്നു?"

പ്രീശരുടെ കോലാഹലമായ വരവോടെ ഈശോ പ്രസംഗം നിറുത്തിയിരുന്നു. കോപാവേശം പൂണ്ട ആ പ്രീശരുടെ പറ്റത്തെ ഈശോ തുളച്ചുകയറുന്ന വിധത്തിൽ നിശിതമായി നോക്കി. പിന്നീട് ദൃഷ്ടികൾ താഴ്ത്തി തന്റെ പാദത്തിങ്കലേക്ക്  എറിയപ്പെട്ട സ്ത്രീയെയും നോക്കി. എന്നാല്‍   ഒന്നും പറഞ്ഞില്ല. ഇരുന്നുകൊണ്ടു  തന്നെ  കുനിഞ്ഞ് പൂമുഖം പണിതിരിക്കുന്ന കല്ലിന്മേല്‍  അടിഞ്ഞുകൂടിയിരിക്കുന്ന പൊടിയില്‍  വിരല്‍  കൊണ്ട് എഴുതുകയാണ്. 
"ഗുരുവേ, ഞങ്ങൾ നിന്നോടാണ് സംസാരിക്കുന്നത്. ഞങ്ങളെ ശ്രദ്ധിക്കുക. ഞങ്ങൾക്കു മറുപടി തരിക. നിനക്കു മനസ്സിലായോ? ഈ സ്ത്രീ വ്യഭിചാരപ്രവൃത്തിയില്‍  പിടിക്കപ്പെട്ടവളാണ്. അവളുടെ  വീട്ടില്‍ , അവളുടെ  ഭർത്താവിന്റെ കിടക്കയില്‍ . അവളുടെ   കാമവെറി കൊണ്ട് ആ കിടക്കയെ മലിനമാക്കി."
ഈശോ എഴുത്തു തുടരുകയാണ്.
 "ഗുരുവേ, ഇവൾ നിയമത്തെ അവഹേളിച്ചു; വിവാഹക്കിടക്കയെ മലിനമാക്കി. ഇവൾ ദൈവദൂഷണം പറയുന്നവളാണ്..."

"പക്ഷേ, ഈ മനുഷ്യൻ ഒരു   വിഡ്ഡിയാണ്. അതു കാണാൻ വയ്യേ? ഇവന് ഒന്നും മനസ്സിലാകുന്നതേയില്ല. ഒരു   ഭോഷനെപ്പോലെ ഇവൻ പൊടിയില്‍  ചിത്രം വരയ്ക്കുന്നു?"
"ഗുരുവേ, നിന്റെ പേരിനെപ്രതി സംസാരിക്കൂ. നിന്റെ ജ്ഞാനം ഞങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം നൽകട്ടെ. ഞങ്ങൾ  ആവർത്തിച്ചു പറയുന്നു; ഈ സ്ത്രീക്ക് യാതൊന്നിന്റെയും കുറവുണ്ടായിരുന്നില്ല. എന്നിട്ടും അവൾ അവിശ്വസ്തത  കാണിച്ചു."
ഈശോ എഴുതുകയാണ്.   എഴുതിയത്,  ചെരിപ്പുള്ള കാല്‍  കൊണ്ട് തുടച്ചശേഷം വീണ്ടും എഴുതുന്നു. കൂടുതല്‍  സ്ഥലം കിട്ടാനായി അല്‍ പ്പം തിരിയുന്നു.  അവൻ എഴുതുന്ന വാക്കുകൾ ഇതൊക്കെയാണ്; 'പിടിച്ചുപറിക്കാരൻ, അന്യായപ്പലിശ വാങ്ങുന്നവൻ, കാപട്യക്കാരൻ, ബഹുമാനമില്ലാത്ത മകൻ, മാനഭംഗപ്പെടുത്തുന്നവൻ, കള്ളൻ, കാമാസക്തൻ, ദൈവദൂഷകൻ, വ്യഭിചാരി..........   '  കുറ്റാരോപണക്കാർ മാറി മാറി കുറ്റമാരോപിക്കുമ്പോൾ ഇതേ വാക്കുകൾ ഈശോ ആവർത്തിച്ചാവർത്തിച്ച് എഴുതുന്നു.
"ആകട്ടെ ഗുരുവേ, നിന്റെ അഭിപ്രായം?  ഈ സ്ത്രീ വിധിക്കപ്പെടേണ്ടവളാണ്."

ഈശോ എഴുന്നേറ്റുനിന്നു.  ഈശോയുടെ മുഖം വിധിയാളന്റേതായി. കണ്ണുകൾ ഇടിവാൾ പോലെ കുറ്റാരോപണം ചെയ്തവരുടെ മേല്‍  മിന്നുന്നു... ഗൗരവവുംകാർക്കശ്യവുമാണാ മുഖത്ത്. പുഞ്ചിരിയുടെ നിഴൽ പോലുമില്ല. കഠിനത  സ്ഫുരിക്കുന്ന മുഖം.. കോപം കത്തിജ്ജ്വലിക്കുന്ന കണ്ണുകൾ.. ആ നോട്ടം താങ്ങാനാവാതെ ചുറ്റും നിന്ന ആളുകൾ പിൻവാങ്ങുന്നു. ഈശോ ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം നോക്കുന്നു. അവരുടെ ഉള്ള് പരിശോധിക്കുന്നതായി അനുഭവപ്പെട്ട അവർ ഓരോരുത്തരായി ജനക്കൂട്ടത്തിൽ ഒളിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ഈശോയുടെ ചുറ്റിലുമുണ്ടായിരുന്ന വലയം ഇല്ലാതായി.
അവസാനം ഈശോ സംസാരിക്കുന്നു: "പാപം ചെയ്തിട്ടില്ലാത്ത ആരെങ്കിലും ഒരുവൻ നിങ്ങളിലുണ്ടെങ്കില്‍  അവൻ ആദ്യം അവളെ കല്ലെറിയട്ടെ."

ഈശോയുടെ സ്വരം ഇടിനാദം പോലെയാണ്. കണ്ണുകളുടെ മിന്നൽ അതിലും കഠിനം. 

ആദ്യം ഒരാൾ, പിന്നെ രണ്ടുപേർ, പിന്നെ അഞ്ച്, അതുകഴിഞ്ഞ് കൂട്ടമായി, ഇങ്ങനെ അവിടെയുണ്ടായിരുന്ന സകലരും തലതാഴ്ത്തി സ്ഥലം വിടുകയാണ്. പ്രീശരും  നിയമജ്ഞരും മാത്രമല്ല,   പ്രസംഗം കേൾക്കാൻ ഈശോയുടെ ചുറ്റും കൂടിയിരുന്ന എല്ലാവരുംതന്നെ - അവരെല്ലാം ആ സ്ത്രീയെ കുറ്റം വിധിക്കുകയും അവളെ  കല്ലെറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് - പോയിക്കഴിഞ്ഞു.
ഈശോ മാത്രം അവശേഷിച്ചു. അപ്പസ്തോലന്മാരില്‍  പത്രോസും ജോണും മാത്രം  ഈശോയോടൊപ്പമുണ്ട്.
അങ്കണം പൂർണ്ണമായി വിജനമായി. ഈശോ കാൽക്കൽ കിടക്കുന്ന സ്ത്രീയെ നോക്കുന്നു. മുഖം ഇപ്പോൾ ശാന്തമാണ്. അപ്പസ്തോലന്മാരോട് കവാടത്തിലേക്ക് പൊയ്ക്കൊള്ളുവാൻ ആംഗ്യം കൊണ്ട് നിർദ്ദേശം നല്‍ കി.
ഈശോ തനിച്ചായപ്പോൾ ആ സ്ത്രീയെ വിളിച്ചു: "സ്ത്രീയേ, എന്റെ നേരെ നോക്കൂ."
നിർഭാഗ്യയായ അവൾ മുഖം ഉയർത്തി.
"സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തിയവരെല്ലാം എവിടെ? ആരും നിന്നെ വിധിച്ചില്ലേ?"
സ്ത്രീ  തേങ്ങിക്കരഞ്ഞുകൊണ്ട് പറയുന്നു: "ഗുരുവേ ഒരുത്തരും എന്നെ വിധിച്ചില്ല."
"ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിയും നീ പാപം ചെയ്യരുത്. വീട്ടിലേക്കു പോകൂ. ദൈവവും നീ ഉപദ്രവിച്ച മനുഷ്യനും നിനക്കു  മാപ്പുനൽകത്തക്ക വിധത്തില്‍  
പ്രവർത്തിക്കുക. ദൈവത്തിന്റെ കാരുണ്യത്തെ ധിക്കരിക്കരുത്. പൊയ്ക്കൊള്ളൂ."
ഈശോ എഴുന്നേല്‍ക്കാൻ അവളെ സഹായിക്കുന്നു. എന്നാല്‍   അവളെ അനുഗ്രഹിക്കുകയോ സമാധാനം ആശംസിക്കയോ ചെയ്യുന്നില്ല. അവൾ പോകുന്നത് ഈശോ നോക്കുന്നു. പോയിക്കഴിഞ്ഞപ്പോൾ ഈശോ രണ്ടു ശിഷ്യരുമൊത്ത് യാത്രയായി.