ജാലകം നിത്യജീവൻ: കൃപയുടെ താക്കോല്‍

nithyajeevan

nithyajeevan

Monday, October 10, 2011

കൃപയുടെ താക്കോല്‍

വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: "നമ്മുടെ ചിന്തകളെ,  നിരന്തരം നമ്മുടെ രക്ഷകന്റെ സഹനങ്ങളിലേക്കു തിരിക്കുക എന്നതിനേക്കാൾ നമ്മുടെ രക്ഷയ്ക്ക് കൂടുതല്‍  ഫലപ്രദവും ഉത്തമവുമായ മറ്റൊരു ആത്മീയ അഭ്യാസവുമില്ല."

ഒരു ക്രിസ്ത്യാനി ഒരു  വർഷത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ഉപവസിക്കുന്നതു കൊണ്ടോ അല്ലെങ്കില്‍  ആഴ്ചയില്‍  ഒരിക്കൽ ഒരു  ശിക്ഷണമായി രക്തം ഒഴുകുന്നതുവരെ സ്വയം പ്രഹരിക്കുന്നതു കൊണ്ടോ അതുമല്ലെങ്കില്‍ അനുദിനം സങ്കീർത്തനപ്പുസ്തകം മുഴുവന്‍    വായിക്കുന്നതുകൊണ്ടോ   അയാൾ നേടിയെടുക്കുമായിരുന്നതിനേക്കാൾ കൂടുതല്‍  യോഗ്യത, ആ വ്യക്തി നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് വെറുതെ ചിന്തിക്കുന്നതിലൂടെ  അല്ലെങ്കില്‍    അവിടുത്തെ പീഢാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിലൂടെ നേടുന്നുവെന്ന് വിശുദ്ധ തോമസ് അക്വിനാസിന്റെ  ഗുരുഭൂതനായിരുന്ന വിശുദ്ധ ആൽബർട്ട്  (St.Albert the Great) ഒരു  വെളിപാടിലൂടെ മനസ്സിലാക്കുകയുണ്ടായി. അങ്ങനെയെങ്കില്‍  നമ്മുടെ രക്ഷകന്റെ  ജീവിതവും പീഢാനുഭവവും മുഴുവന്‍  അനുസ്മരിക്കുന്ന ജപമാലയിലൂടെ നമുക്കു നേടിയെടുക്കുവാനാവുന്ന യോഗ്യതകൾ എത്രമാത്രം മഹനീയമായമായിരിക്കണം!

                       നമ്മുടെ കർത്താവിന്റെ  ജീവിതത്തിന്റെയും പീഢാനുഭവത്തിന്റെയും  സുപ്രധാനവും  സജീവവുമായ സ്മരണികയായ വിശുദ്ധബലി കഴിഞ്ഞാല്‍പ്പിന്നെ, നമ്മുടെ കർത്താവിന്റെ ജീവിതത്തിന്റെയും പീഢാനുഭവത്തിന്റെയും ഒരു  പുനഃസ്മരണികയും ചിത്രീകരണവുമാണ് ജപമാലപ്രാർത്ഥന. വിശുദ്ധന്മാർ പഠിപ്പിക്കുന്നതു പോലെ യേശുക്രിസ്തുവിന്റെ  ജീവിതത്തെയും പീഢാനുഭവത്തെയും കുറിച്ചു  ധ്യാനിച്ചുകൊണ്ടു ചൊല്ലുന്ന ജപമാല, തീർച്ചയായും നമ്മുടെ കർത്താവിനും പരിശുദ്ധഅമ്മയ്ക്കും ഏറ്റം പ്രീതികരമാണ്. സകല കൃപകളും നേടിയെടുക്കുന്നതിനുള്ള വിജയപ്രദമായ മാർഗ്ഗവുമാണത്.  

ആകയാല്‍,   നമുക്കുവേണ്ടിയും നാം  പ്രാർത്ഥിക്കാന്‍  ആഗ്രഹിക്കുന്നവർക്കു വേണ്ടിയും സഭ മുഴുവനുവേണ്ടിയും നമുക്കു് ജപമാല ചൊല്ലി പ്രാര്‍ഥിക്കാം.