ജാലകം നിത്യജീവൻ: ഭോഷനായ ധനികന്റെ ഉപമ

nithyajeevan

nithyajeevan

Sunday, October 30, 2011

ഭോഷനായ ധനികന്റെ ഉപമ


ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്: " നിങ്ങളുടെ യുവത്വം ആത്മീയമായി പരിശുദ്ധമായി കാത്തുസൂക്ഷിക്കുക. ആ പരിശുദ്ധി നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ജാഗ്രതയോടെയിരിക്കുക. ശാരീരികസന്തോഷങ്ങൾക്കും അധികാരത്തിനും വേണ്ടി
അത്യാർത്തിയുണ്ടാകാതെ സൂക്ഷിക്കുക. മനുഷ്യന്റെ ജീവിതം, അവന് ഈ ലോകത്തിലുള്ള സ്വത്തിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. നിത്യജീവിതത്തിൽ സ്വത്തിനുള്ള സ്ഥാനം വളരെക്കുറവായിരിക്കും. ജീവിക്കുന്ന വിധത്തെ ആശ്രയിച്ചാണ് ഈ ലോകത്തിലും  സ്വർഗ്ഗത്തിലും അവന്റെ സന്തോഷം നിലനിൽക്കുന്നത്. ദുർവൃത്തനായ ഒരു മനുഷ്യന് ഒരിക്കലും യഥാർത്ഥ സന്തോഷമുണ്ടാകയില്ല. നേരെമറിച്ച്, സുകൃതിയായ ഒരു മനുഷ്യന് എല്ലായ്പ്പോഴും സ്വർഗ്ഗീയമായ ഒരാനന്ദമുണ്ട്. അയാൾ ഏകാകിയും ദരിദ്രനുമാണെങ്കിലും യഥാർത്ഥ സന്തോഷം അനുഭവിക്കും. മരണം പോലും അവനെ അസ്വസ്ഥനാക്കുകയില്ല. കാരണം, ദൈവത്തെക്കാണുവാൻ ഭയപ്പെടത്തക്ക വിധത്തിൽ അവനിൽ പാപമില്ല. ഭൂമിയിൽ വിട്ടുപേക്ഷിക്കാൻ മടിയുള്ള യാതൊന്നുമില്ല. സ്വർഗ്ഗത്തിലാണ് അവന്റെ നിധി.

നിങ്ങളുടെ നിധി ഇപ്പോൾത്തന്നെ നിങ്ങൾ സംഭരിച്ചു വയ്ക്കുക. യുവാക്കന്മാർ ഇത് നിങ്ങളുടെ യുവത്വത്തിൽത്തന്നെ ആരംഭിക്കുക. പ്രായാധിക്യത്താൽ മരണത്തോട് കൂടുതൽ അടുത്തവർ, വീഴ്ച വരുത്താതെ അദ്ധ്വാനം തുടരുക. മരണത്തിന്റെ ദിവസം ആർക്കും അറിഞ്ഞുകൂടല്ലോ. പലപ്പോഴും വൃദ്ധരായവർക്കു മുമ്പ് കൊച്ചുകുട്ടികൾ മരിക്കുന്നു. അതിനാൽ സൽപ്രവൃത്തികളും സുകൃതങ്ങളുമാകുന്ന നിധി ഭാവിജീവിതത്തിനായി സംഭരിച്ചുവയ്ക്കുന്ന ജോലി ഒട്ടും നീട്ടി വയ്ക്കരുത്. പലയാളുകളും പറയും, "ഓ! എനിക്കു ചെറുപ്രായമാണ്, നല്ല ആരോഗ്യമുണ്ട്. ഇപ്പോൾ ഞാനൊന്നു സന്തോഷിക്കട്ടെ. പിന്നീട് ഞാൻ നന്നായിക്കോളാം" എന്ന്. ഒരു വലിയ അബദ്ധമാണത്."

ഈ ഉപമ ശ്രദ്ധിച്ചു കേൾക്കൂ. ധനികനായ ഒരു മനുഷ്യന് അവന്റെ വയലുകൾ ധാരാളം വിഭവങ്ങൾ നൽകി. അത്ഭുതകരമാം വിധം വമ്പിച്ച ഒരു കൊയ്ത്തായിരുന്നു അത്. വയലുകളിലും മെതിക്കളങ്ങളിലുമെല്ലാം  ധാന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതു നോക്കി അയാൾ ആനന്ദിച്ചു. അറപ്പുരകൾ പോരാഞ്ഞ്, വീട്ടിലെ മുറികൾക്കുള്ളിലും തൽക്കാലഷെഡ്ഡുകൾക്കുള്ളിലും   അവ സൂക്ഷിക്കേണ്ടി വന്നു. അയാൾ പറഞ്ഞു; "ഒരടിമയെപ്പോലെ ഞാൻ വേലചെയ്തു; എന്റെ വയലുകൾ  എന്നെ ചതിച്ചില്ല. പത്തു വർഷത്തെ പണി ഞാൻ ഒരുമിച്ചു ചെയ്തു. ഇനി അത്രയും കാലം ഞാൻ വിശ്രമിക്കും. ഈ ധാന്യമെല്ലാം സൂക്ഷിക്കാൻ ഞാൻ എന്തു ചെയ്യും? ഒന്നും വിൽക്കാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ ഇങ്ങനെ ചെയ്യും; എന്റെ അറപ്പുരകളെല്ലാം ഞാൻ പൊളിച്ച് വലുതാക്കിപ്പണിയും. എല്ലാം അവയിൽ സംഭരിച്ച ശേഷം പറയും; 'എന്റെ ആത്മാവേ, അനേക വർഷങ്ങളിലേക്കുള്ള വിഭവങ്ങൾ  നിനക്കുണ്ട്. അതിനാൽ വിശ്രമിക്കുക; ഭക്ഷിച്ചും പാനം ചെയ്തും ആനന്ദിക്കുക.' അനേകം ആളുകളെപ്പോലെ ഈ മനുഷ്യനും ശരീരം ആത്മാവാണെന്നു തെറ്റായിക്കരുതി, വിശുദ്ധമായതിനെ അശുദ്ധമായതുമായി കൂട്ടിക്കലർത്തി.  യഥാർത്ഥത്തിൽ, അലസതയിലും അശുദ്ധിയിലും ആത്മാവ് സന്തോഷിക്കയല്ല, വേദനിക്കയാണു ചെയ്യുന്നത്. വിളവെടുപ്പിനു ശേഷം എല്ലാം തികഞ്ഞു എന്നു കരുതി അയാൾ വിശ്രമിച്ചു.

ബുദ്ധിശൂന്യനായ ആ മനുഷ്യനോടു് ദൈവം പറഞ്ഞു: "ഭോഷാ, ശരീരവും ഭൂമിയിലെ സമ്പത്തും നീ ആത്മാവായി തെറ്റിദ്ധരിച്ചു. ദൈവത്തിന്റെ കൃപയെ നീ തിന്മയാക്കി. ഈ
രാത്രിയിൽത്തന്നെ നിന്റെ ആത്മാവിനെ ഞാൻ തിരിച്ചുവിളിക്കും. അത് നിന്നിൽ നിന്നെടുക്കപ്പെടുകയും നിന്റെ ശരീരം ജീവനില്ലാത്തതായിക്കിടക്കയും ചെയ്യും. അപ്പോൾ നീ ശേഖരിച്ചു കൂട്ടിവച്ചിരിക്കുന്നതെല്ലാം ആരുടേതായിരിക്കും? നീ അതു കൂടെക്കൊണ്ടുപോകുമോ? ഇല്ല; ഭൂമിയിലെ ധാന്യങ്ങളുമില്ല, സുകൃതങ്ങളുമില്ലാത്ത സ്ഥിതിയിൽ നീ എന്റെ സന്നിധിയിലേക്കു വരും.അടുത്ത ജീവിതത്തിൽ നീ ദരിദ്രനായിരിക്കയും ചെയ്യും. നിനക്കു ലഭിച്ച വിളവ് നിന്റെ അയൽക്കാർക്കു വേണ്ടിയും നിനക്കു വേണ്ടിത്തന്നെയും കാരുണ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു. മറ്റുള്ളവരോടു കരുണ കാണിക്കുകയാണെങ്കിൽ നിന്നോടു തന്നെയും നീ കരുണ കാണിക്കയാകും ചെയ്യുന്നത്. നിന്റെ ആത്മാവിനു മഹത്തായ കൃപയും കൈവരുമായിരുന്നു."  ആ രാത്രിയിൽത്തന്നെ അയാൾ മരിച്ചു. കഠിനമായി വിധിക്കപ്പെടുകയും ചെയ്തു. ഞാൻ ഗൗരവമായി പറയുന്നു, തങ്ങൾക്കായി നിധി കൂട്ടിവയ്ക്കുകയും ദൈവത്തിന്റെ സന്നിധിയിൽ സമ്പന്നരാകാതിരിക്കയും ചെയ്യുന്ന എല്ലാവർക്കും ഇങ്ങനെ തന്നെ സംഭവിക്കും."