ജാലകം നിത്യജീവൻ: ജപമാലരാജ്ഞി

nithyajeevan

nithyajeevan

Friday, October 7, 2011

ജപമാലരാജ്ഞി

October 7 - ഇന്ന് ജപമാലരാജ്ഞിയുടെ തിരുനാൾ
              മരിയഭക്തനും ജപമാലയുടെ ഒരു 'അസാധാരണ പ്രഘോഷക'നുമായിരുന്ന   വി. ലൂയിസ് ഡി മോൺട്ഫോർട്ട്, ജപമാലയുടെ  ഉത്ഭവത്തെപ്പറ്റി ഇപ്രകാരം പറയുന്നു:
"പരിശുദ്ധ ജപമാല, ഇന്നത്തെ രൂപത്തിൽ തിരുസഭയ്ക്ക് ലഭിച്ചത് 1214 ൽ വി.ഡൊമിനിക്കിലൂടെയാണ്. ആൽബിജെൻസിയൻസിനെയും (Albigensians) മറ്റ് പാഷണ്ഡികളേയും മാനസാന്തരപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായി പരിശുദ്ധ കന്യകാമാതാവിൽ നിന്നാണു് അദ്ദേഹത്തിന് ജപമാല പ്രാർത്ഥന ലഭിച്ചത്.
ആൽബിജെൻസിയൻസിന്റെ മാനസാന്തരം തടസ്സപ്പെടുന്നതു മനസ്സിലാക്കിയ വി. ഡൊമിനിക്ക്, ടോളോസിനടുത്തുള്ള ഒരു വനത്തിലേക്കു പിൻവാങ്ങി മൂന്നു ദിനരാത്രങ്ങൾ ഇടവിടാതെ പ്രാർത്ഥിച്ചു. ഈ സമയം മുഴുവൻ, ദൈവകോപം ശമിപ്പിക്കുവാൻ വേണ്ടി അദ്ദേഹം കരയുകയും കഠിനമായ പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കുകയും മാത്രമാണ് ചെയ്തത്. ഒടുവിൽ മൂന്നു മാലാഖമാരോടൊത്ത് പരിശുദ്ധകന്യക അദ്ദേഹത്തിന് പ്രത്യക്ഷയായി പറഞ്ഞു: "പ്രിയപ്പെട്ട ഡൊമിനിക്ക്, ലോകത്തെ നവീകരിക്കുവാനായി ഏത് ആയുധം ഉപയോഗിക്കണമെന്നാണ് പരിശുദ്ധത്രിത്വം  ആഗ്രഹിക്കുന്നതെന്ന് നിനക്കറിയാമോ?"

 വി. ഡൊമിനിക്ക് പറഞ്ഞു: "  എന്റെ മാതാവേ, എന്നേക്കാൾ നന്നായി അങ്ങാണല്ലോ അതറിയുന്നത്. കാരണം, അങ്ങേപ്പുത്രനായ യേശുക്രിസ്തു കുഴിഞ്ഞാൽപ്പിന്നെ ഞങ്ങളുടെ രക്ഷയുടെ മുഖ്യ ഉപകരണം എപ്പോഴും അങ്ങു തന്നെയാണ്."
"ഇത്തരത്തിലുള്ള ഒരു യുദ്ധത്തിൽ എപ്പോഴും അടിച്ചു തകർക്കുന്ന കൂടമായിരുന്നത് പുതിയനിയമത്തിന്റെ അടിസ്ഥാന ശിലയായ മാലാഖയുടെ കീർത്തനമായിരുന്നുവെന്ന് നീ അറിയാൻ ഞാനാഗ്രഹിക്കുന്നു. അതിനാൽ കഠിനഹൃദയരായ ഈ ആത്മാക്കളിൽ എത്തിച്ചേരുവാനും  ദൈവത്തിനു വേണ്ടി അവരെ നേടിയെടുക്കുവാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ കീർത്തനം പ്രഘോഷിക്കുക."
ആശ്വാസചിത്തനായി വി.ഡൊമിനിക്ക് എഴുന്നേറ്റു നേരെ കത്തീഡ്രലിലേക്കു നടന്നു. അദൃശ്യരായ മാലാഖമാർ ആളുകളെ ഒരുമിച്ചുകൂട്ടാനായി മണി മുഴക്കി. വിഡൊമിനിക്ക് പ്രസംഗം ആരംഭിച്ചു. ഉടൻതന്നെ അതിഭയങ്കരമായ കൊടുങ്കാറ്റ് വീശാൻ ആരംഭിച്ചു. ഭൂമി കുലുങ്ങി; സൂര്യൻ ഇരുണ്ടു. ഭയാനകമായ ഇടിവെട്ടും മിന്നലും കണ്ട് എല്ലാവരും ഭയന്നുവിറച്ചു. ആ കത്തീഡ്രലിൽ പ്രധാന സ്ഥലത്ത് പരിശുദ്ധകന്യകയുടെ ഒരു  ചിത്രം പ്രതിഷ്ഠിച്ചിരുന്നു. ആളുകൾ ആ ചിത്രത്തിലേക്കു നോക്കിയപ്പോൾ, മാതാവ് തന്റെ കരങ്ങൾ മൂന്നു പ്രാവശ്യം
സ്വർഗ്ഗത്തിലേക്കുയർത്തുന്നത് അവർ കണ്ടു. അതോടെ അവർ കൂടുതൽ പരിഭ്രാന്തരായി.  ഒടുവിൽ വി.ഡൊമിനിക്ക് പ്രാർത്ഥിച്ചപ്പോൾ കൊടുങ്കാറ്റ് ശമിച്ചു. അദ്ദേഹം പ്രസംഗം തുടർന്നു. വളരെയധികം തീക്ഷ്ണതയോടെ പരിശുദ്ധ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും മൂല്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
അങ്ങനെ ടോളോസിലെ ആളുകളെല്ലാം ജപമാലയെ അംഗീകരിക്കുകയും തെറ്റായ വിശ്വാസങ്ങൾ ഉപേക്ഷിക്കയും ചെയ്തു.

പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിക്കപ്പെട്ട അത്ഭുതകരമായ ഈ സംഭവത്തിന്, സീനായ് മലയിൽ വച്ച് സർവ്വശക്തനായ ദൈവം അവിടുത്തെ കൽപ്പനകൾ നൽകിയ രീതിയുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ ജപമാലയുടെ മൂല്യവും പ്രാധാന്യവും സ്പഷ്ടമാകുന്നുണ്ട്."

(From "The Secret of the Rosary" by St.Louis De Montfort)