ജാലകം നിത്യജീവൻ: ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുക

nithyajeevan

nithyajeevan

Friday, October 21, 2011

ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുക

കാരുണ്യത്തിന്റെ   പ്രവൃത്തികള്‍:-                           
                             
               ഈശോ തുടരുന്നു:  "പിതാവ് ഭൂമിയില്‍    മഴ പെയ്യിച്ചില്ലായിരുന്നുവെങ്കില്‍   എന്തു സംഭവിക്കുമായിരുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ദൈവം ഇങ്ങനെ നമ്മോടു പറയുകയാണെങ്കില്‍ നമുക്ക് എതിര്‍ക്കാനോ ശപിക്കാനോ കഴിയുമോ? 'ദാഹിക്കുന്നവരോട് നിങ്ങള്‍ കാണിക്കുന്ന ക്രൂരത നിറഞ്ഞ കാരുണ്യരാഹിത്യം നിമിത്തം മേഘങ്ങള്‍   ഭൂമിയിലേക്കിറങ്ങുന്നതു ഞാൻ തടയു'മെന്ന്. 
ഗോതമ്പിനേക്കാൾ വെള്ളം ദൈവത്തിനു സ്വന്തമാണ്; കാരണം, ഗോതമ്പ് മനുഷ്യൻ കൃഷി ചെയ്യുന്നു. എന്നാൽ മേഘങ്ങളുടെ വയലിൽ കൃഷി ചെയ്യുന്നത് ദൈവമാണ്. ആ മേഘങ്ങൾ മഴയായും മഞ്ഞായും മൂടൽമഞ്ഞായും ഭൂമിയിലേക്കിറങ്ങി വയലുകളെ ഫലഭൂയിഷ്ടമാക്കുന്നു; ജലസംഭരണികൾ, തടാകങ്ങൾ, നദികൾ ഇവയെല്ലാം നിറയ്ക്കുന്നു; മനുഷ്യന്റെ വിശപ്പടക്കുന്ന മത്സ്യങ്ങൾ, മൃഗങ്ങൾ ഇവയ്ക്ക് സംരക്ഷണം നൽകുന്നു. "എനിക്കൽപ്പം കുടിക്കാൻ തരിക"  എന്നാരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, "ഇല്ല, സാദ്ധ്യമല്ല; ഇത് എന്റെ വെള്ളമാണ്, നിനക്കത് തരികയില്ല" എന്നു നിങ്ങൾക്കു പറയാൻ കഴിയുമോ? ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. ജലം ആകാശത്തിൽ നിന്നിറങ്ങി വരികയും ആകാശത്തിലേക്ക് ഉയരുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് ദൈവം മറ്റ് സൃഷ്ടിജാലങ്ങളെ നിയന്ത്രിക്കുന്നതു പോലെ അവയേയും നിയന്ത്രിക്കുന്നതുകൊണ്ടാണ്.

അതുകൊണ്ട് ദാഹിച്ചു വരുന്നവർക്ക് വെള്ളം കൊടുക്കുക.  അത് ഭൂമിയിലെ അരുവികളിൽ നിന്നുവരുന്ന തണുത്ത ജലമാകാം; നിങ്ങളുടെ കിണറ്റിലെ ശുദ്ധജലമാകാം; നിങ്ങളുടെ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നതാകാം; ഏതായാലും അത് ദൈവത്തിന്റെ ജലമാണ്; അത്  എല്ലാവർക്കും വേണ്ടിയുള്ളതാണ്. ദാഹിക്കുന്നവർക്ക് അതു കൊടുക്കുക. അതിന് പണച്ചെലവില്ല; ഒരു കപ്പ് അഥവാ ജഗ്  എടുത്തുകൊടുക്കുന്ന അധ്വാനം 
മാത്രമല്ലേയുള്ളൂ?    അതിനുള്ള പ്രതിസമ്മാനം സ്വർഗ്ഗത്തിൽ ലഭിക്കുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു. കാരണം, വെള്ളത്തിനല്ല, ഉപവിയുടെ ആ പ്രവൃത്തിയ്ക്കാണ്  ദൈവത്തിന്റെ കണ്ണുകളിലും തീരുമാനത്തിലും പ്രാധാന്യമുള്ളത്."

ദരിദ്രരെ സഹായിക്കുക

നഗ്നരായവർ, ലജ്ജിതരായവർ, ദയനീയമായ ദുരിതങ്ങൾ അനുഭവിക്കുന്നവർ, ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങൾ, രോഗം, അഥവാ ആപത്തുകളും അനർത്ഥങ്ങളും നിമിത്തം ഒന്നിനും കഴിവില്ലാത്തവർ, വിധവകൾ, നിഷ്ക്കളങ്കരായ അനാഥക്കുട്ടികൾ.... ഞാൻ ലോകമൊട്ടാകെ ഒന്നു കണ്ണോടിച്ചാൽ ഇങ്ങനെയുള്ള ധാരാളമാളുകളെ എല്ലാ സ്ഥലങ്ങളിലും എനിക്കു കാണാൻ കഴിയും. അവരെല്ലാം നല്ല മാർദ്ദവമുള്ള വസ്ത്രങ്ങളും മയമുള്ള ചെരിപ്പുകളും ധരിച്ച് വഴിയിലൂടെ കടന്നുപോകുന്ന സമ്പന്നരെ നോക്കി കണ്ണുകൾ താഴ്ത്തിനിൽക്കും. അവരിൽ (ദരിദ്രരിൽ) നല്ലവർക്ക് ദൃഷ്ടി താഴുമെങ്കിലും ഹൃദയത്തിൽ കാരുണ്യമാണ്. എന്നാൽ നല്ലവരല്ലാത്തവരിൽ താണദൃഷ്ടിയും ഉള്ളിൽ വൈരാഗ്യവും ഉളവാകുന്നു. അവരുടെ മനസ്സിടിവിൽ അവരെ സഹായിച്ചുകൊണ്ട് നല്ലവരെ കൂടുതൽ നന്നാക്കാനും അത്ര നല്ലവരല്ലാത്തവരെ വൈരാഗ്യത്തിൽ നിന്നു മോചിപ്പിക്കാനും നിങ്ങളുടെ   സ്നേഹം   കൊണ്ട്   നിങ്ങൾ സഹായിക്കാത്തതെന്തുകൊണ്ടാണ്?

എന്റെ ആവശ്യത്തിനു വേണ്ടതു മാത്രമേ എനിക്കുള്ളൂ എന്നു നിങ്ങൾ പറയരുത്. അപ്പത്തിന്റെ കാര്യത്തിൽ എന്നപോലെ എപ്പോഴും മേശപ്പുറത്തും അലമാരയിലും എന്തെങ്കിലും മിച്ചം കാണും; നിങ്ങൾ അത്ര പാപ്പരല്ലെങ്കിൽ!  ഇപ്പോൾ എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്നവരിൽ ഒന്നിലധികംപേർ, ഇപ്രകാരം അനാഥരെയും ദരിദ്രരേയും സഹായിക്കുന്നവരായുണ്ട്. പിന്നെ, വർഷങ്ങളായി ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ഒരുവനുണ്ട്; അയാൾക്കു ലഭിക്കുന്ന ഭക്ഷണം, വീടുകളിൽപ്പോയി ഭിക്ഷ യാചിക്കാൻ കഴിവില്ലാത്ത ഒരു കുഷ്ഠരോഗിയുമായി പങ്കുവച്ചു കഴിയുന്നു. ഞാൻ ഗൗരവമായി പറയുന്നു, ഇതുപോലെ കാരുണ്യമുള്ള ആളുകളെ സമ്പന്നരുടെ ഇടയിൽ കണ്ടെത്തുകയില്ല; നേരെമറിച്ച് ദരിദ്രരുടെ സമൂഹങ്ങളിലാണ് അത്തരക്കാരെ കാണുക.


ദൈവത്തിന്റെ ദാനങ്ങൾ സമ്പന്നർക്കു വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർക്കുക. നിങ്ങൾക്കു ലഭിച്ചതുപോലെ നിങ്ങളും കൊടുക്കുക. കൊടുത്താൽ നിങ്ങൾക്കുള്ളത് കുറഞ്ഞുപോകുമോ എന്നു ഭയപ്പെടാതെ കർത്താവിന്റെ നാമത്തിൽ കൊടുക്കുക. 

വിശക്കുകയും ദാഹിക്കുകയും നഗ്നരായിരിക്കുകയും ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പരിശുദ്ധമായ മിതത്വവും അനുഗൃഹീതമായ നീതിയും ഏറ്റം പരിശുദ്ധമായ ഉപവിയും ഒരുമിച്ചു ചേർക്കുകയാണെങ്കിൽ നമ്മുടെ ആ വിശുദ്ധി വഴി നിർഭാഗ്യരായ നമ്മുടെ ദരിദ്രസഹോദരങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയായിരിക്കും നമ്മൾ ചെയ്യുക. ദൈവത്തിന്റെ അനുഗ്രഹത്താൽ നമുക്കു് ധാരാളമായി ലഭിച്ചിട്ടുള്ളതിൽ നിന്നാണു് ഇല്ലാത്തവർക്ക് നാം നൽകുന്നത്. രോഗം നിമിത്തമോ മനുഷ്യരുടെ ദുഷ്ടത നിമിത്തമോ ദരിദ്രരായിത്തീർന്നവരായിരിക്കാം അവർ. അപരിചിതനായ ഒരുവനെ അഭിവാദ്യം ചെയ്ത്, ദൈവത്തെപ്രതി 'സഹോദരാ' എന്നു സംബോധന ചെയ്യുകയാണെങ്കിൽ,   നമ്മുടെ വീടും കൈകളും തുറന്നു കൊടുക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്ന ഓരോ പ്രാവശ്യവും സ്വർഗ്ഗത്തിലേക്കുള്ള വഴിയിലൂടെ അനേക ദൂരം നമ്മൾ താണ്ടിക്കഴിഞ്ഞിരിക്കും."


(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)