ജാലകം നിത്യജീവൻ: ഉപയോഗമില്ലാത്ത ഭൃത്യര്‍ എന്നു സ്വയം കരുതുവിന്‍

nithyajeevan

nithyajeevan

Monday, October 3, 2011

ഉപയോഗമില്ലാത്ത ഭൃത്യര്‍ എന്നു സ്വയം കരുതുവിന്‍

ഈശോ അപ്പസ്തോലന്മാരോടൊപ്പം യാത്രയിലാണ്. രാത്രിസമയം. ഈശോ വളരെ വേഗത്തില്‍ പാദങ്ങള്‍ നീട്ടിവലിച്ച് നടന്ന് മുന്നിലാകുമ്പോള്‍  അപ്പസ്തോലന്മാര്‍ 
പിന്നിലായിപ്പോകുന്നുണ്ട്. ഈശോ അധികസമയവും മൗനമായിട്ടാണു നടക്കുന്നത്. എന്നാല്‍ അപ്പസ്തോലന്മാര്‍ തമ്മില്‍ത്തമ്മില്‍ സംസാരിക്കുന്നുണ്ട്. അങ്ങനെ യാത്ര തുടരുകയാണ്.
                                    ഇടയ്ക്ക് ഫിലിപ്പിന്റെ ചോദ്യം മുഴങ്ങിക്കേള്‍ക്കുന്നു. "വീട്ടിലേക്ക് നമ്മള്‍  പോകുമോ? എങ്കില്‍ എപ്പോഴായിരിക്കും അവിടെയെത്തുക?" വിശ്രമം ആവശ്യമാണെന്ന ചിന്ത, കുടുംബസ്നേഹത്തിനുള്ള ആഗ്രഹം എന്നിവയാണ് ആ ചോദ്യത്തില്‍ ധ്വനിക്കുന്നത്. നന്നേ പ്രായമുള്ള ഫിലിപ്പ് ഒരു ഭര്‍ത്താവും പിതാവുമാണ്.
               ഈശോ അതെല്ലാം മനസ്സിലാക്കി ഫിലിപ്പിന്റെ പക്കലേക്കു തിരിഞ്ഞു. നടപ്പു നിര്‍ത്തി, ഫിലിപ്പ് ഒപ്പമെത്താന്‍ കാത്തുനില്‍ക്കയാണ്. അടുത്തെത്തിയപ്പോള്‍ ഒരു കൈകൊണ്ട് ഈശോ അയാളെ ആലിംഗനം ചെയ്തുപറയുന്നു: "എന്റെ സ്നേഹിതാ, നമ്മള്‍  വേഗമെത്തും. എന്നാല്‍ ഞാന്‍ നിന്നോട് വേറൊരു ചെറിയ ത്യാഗം ആവശ്യപ്പെടുകയാണ്. നേരത്തെ എന്നെ വിട്ടുപോകണമെന്നു നീ ആഗ്രഹിക്കുന്നില്ലെങ്കില്‍.."
"ഞാനോ? നിന്നില്‍ നിന്നകന്നു പോകയോ? ഒരിക്കലുമില്ല."
"എങ്കില്‍  .... ഞാന്‍  നിന്നെ കുറച്ചു സമയത്തേക്ക് ബത്സയ്ദായില്‍ നിന്ന് അകലത്തിലാക്കുവാന്‍ നിശ്ചയിച്ചിരിക്കയാണ്. സമരിയാ വഴി എനിക്ക് കടല്‍ത്തീരത്തുള്ള സെസ്സേറിയായിലേക്കു പോകണം. മടക്കയാത്രയില്‍  നമ്മള്‍ നസ്രസ്സിലേക്കു പോകും. അപ്പോള്‍  ഗലീലിയായില്‍ കുടുംബമില്ലാത്തവരെല്ലാം എന്റെ കൂടെ താമസിക്കും. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞ് ഞാന്‍  കഫര്‍ണാമില്‍  നിങ്ങളുമായി ഒന്നിക്കും. എന്നാല്‍  നിന്റെ സാന്നിദ്ധ്യം ബത്സയ്ദായില്‍ ആവശ്യമാണെന്നു തോന്നുന്നെങ്കില്‍  ഫിലിപ്പേ, നിനക്കു പോകാം. നമുക്ക് അവിടെവച്ചു കാണാം."
"ഇല്ല ഗുരുവേ, നിന്റെ കൂടെ താമസിക്കുകയാണ് കൂടുതല്‍  ആവശ്യം. പക്ഷേ നിനക്കറിയാമല്ലോ ..... വീട് മാധുര്യമുള്ളതാണ്. എന്റെ പുത്രിമാര്‍ ..... അവരെ ഇനി അധികനാൾ എനിക്ക് എന്റെ വീട്ടില്‍  കാണാന്‍  കഴിയുമെന്ന് തോന്നുന്നില്ല... അവരുടെ സ്നേഹവും ശുശ്രൂഷയും അല്‍പ്പം അനുഭവിക്കുവാന്‍  എനിക്കാഗ്രഹമുണ്ട്. എങ്കിലും അവരെയും നിന്നെയും പരിഗണിച്ചുകൊണ്ട് തിരഞ്ഞെടുക്കേണ്ടതായി വന്നാല്‍  ഞാന്‍  നിന്നെയാണ് തിരഞ്ഞെടുക്കുക. അതിന് പല കാരണങ്ങളുണ്ട്...." നെടുനിശ്വാസത്തോടെയാണ് ഫിലിപ്പ് പറഞ്ഞവസാനിപ്പിച്ചത്.
"എന്റെ സ്നേഹിതാ, നീ ശരിയായി
പ്രവര്‍ത്തിക്കുന്നു. കാരണം, പുത്രിമാരേക്കാൾ മുമ്പേ ഞാന്‍  നിന്നില്‍നിന്നെടുക്കപ്പെടും."
ഓ! ഗുരുവേ" ദുഃഖത്തോടെ അപ്പസ്തോലന്മാര്‍  പറയുന്നു.
"അതങ്ങനെയാണ്." ഫിലിപ്പിന്റെ നെറ്റിയില്‍  ചുംബിച്ചുകൊണ്ട് ഈശോ പറയുന്നു.
                           ഫിലിപ്പിനു ചുംബനം ലഭിച്ചതു കണ്ടപ്പോൾ നിലതെറ്റിയതു പോലെയാണു കറിയോത്തുകാരന്‍  യൂദാ. സെസ്സേറിയായിലേക്കു ഈശോ പോകുന്നെന്നു പറഞ്ഞപ്പോള്‍  മുതല്‍  പല്ലിറുമ്മുകയും അവ്യക്തമായി മുറുമുറുക്കുകയും ചെയ്തുകൊണ്ടിരുന്ന യൂദാസ് നിയന്ത്രണം വിട്ടു സംസാരിക്കുന്നു: "ഒരു ഉപകാരവുമില്ലാത്ത എത്രയെത്ര കാര്യങ്ങൾ! സെസ്സേറിയായിലേക്കു പോകുന്നതെന്തിനാണെന്ന് എനിക്കു വാസ്തവത്തില്‍  മനസ്സിലാകുന്നില്ല."
"നമ്മൾ ഓരോ കാര്യവും ചെയ്യുന്നതെന്തിനാണെന്നു തീരുമാനിക്കേണ്ടതു നീയല്ല. അതു ഗുരുവാണ് ചെയ്യേണ്ടത്."
ബര്‍ത്തലോമിയോ അയാൾക്കു മറുപടി നല്‍കുന്നു.
"വാസ്തവത്തില്‍  എന്തുകൊണ്ടു പാടില്ല? സ്വാഭാവിക ആവശ്യങ്ങള്‍  അവന്‍  കാണുന്നുണ്ടോ?"
"ഞാന്‍  ചോദിക്കട്ടെ, നിനക്ക് ഭ്രാന്താണോ? വട്ടാണോ? നീ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ബോധമുണ്ടോ?" അവന്റെ കൈകളില്‍  പിടിച്ചു കുലുക്കിക്കൊണ്ട് പത്രോസ് ചോദിക്കുന്നു.
"എനിക്കു ഭ്രാന്തില്ല. സുബുദ്ധിയുള്ള ഏകവ്യക്തി ഞാന്‍  മാത്രമാണ്. ഞാന്‍  എന്താണു പറയുന്നതെന്ന് എനിക്കറിയാം."
"നീ ഒന്നാന്തരം കാര്യങ്ങളാണ് പറയുന്നത്." സബദീപുത്രന്‍  ജയിംസ് പറയുന്നു.
"ഞാന്‍  മടുത്തു." യൂദാസ് മറുപടി പറയുന്നു. നമ്മള്‍  ഒരു തെറ്റില്‍  നിന്നു മറ്റൊന്നിലേക്കു വീണു നമ്മെത്തന്നെ നശിപ്പിക്കയാണു ചെയ്യുന്നത്. സൻഹെദ്രീന്‍  സഭാംഗങ്ങളുമായി ഏറ്റുമുട്ടല്‍, പ്രീശന്മാരുമായി വാക്കുതര്‍ക്കം. റോമാക്കാരാണ് അവസാനത്തെ വയ്ക്കോല്‍ത്തുണ്ട്."
"എന്ത്?! രണ്ടുമാസമായില്ലല്ലോ, നിനക്കെത്ര സന്തോഷമായിരുന്നു! ക്ളോഡിയാ നിന്റെ സ്നേഹിതയാണെന്നു പറഞ്ഞ്!" ദുരര്‍ത്ഥം വച്ച് ബര്‍ത്തലോമിയൊ പറയുന്നു.
                        ഒരു നിമിഷത്തേക്ക് യൂദാസ് സംസാരിക്കുന്നില്ല. ഒന്നും പറയാന്‍  കിട്ടുന്നില്ല. കാരണം, ബര്‍ത്തലോമിയൊ പറഞ്ഞത് ന്യായമാണ്. എങ്കിലും അയാള്‍  മറുപടി കണ്ടുപിടിച്ചു. "റോമാക്കാര്‍  നിമിത്തമല്ല ഞാനിതു പറയുന്നതു്. അവര്‍  ആകെ എത്രപേരുണ്ട്? നാലു വനിതകള്‍  മാത്രം... കൂടിയാല്‍  ആറ്. അവര്‍  നമ്മെ സഹായിക്കാമെന്നു പറഞ്ഞു. അവരതു ചെയ്യും. എന്നാല്‍  അത് അവന്റെ ശത്രുക്കളുടെ വിരോധം വര്‍ദ്ധിപ്പിക്കയേയുള്ളൂ. അത് അവര്‍  മനസ്സിലാക്കുന്നില്ല."
"അവരുടെ വിരോധം വളരെ കട്ടിയുള്ളതാണു യൂദാസേ! എനിക്കറിയാവുന്നതുപോലെ തന്നെ അക്കാര്യം നിനക്കുമറിയാം. നിനക്കു കൂടുതല്‍  നന്നായറിയാം." ഈശോ ശാന്തനായി പറയുന്നു.
"ഞാനോ? ഞാന്‍  ? നീ എന്താണുദ്ദേശിക്കുന്നത്? നിന്നേക്കാൾ നന്നായി മറ്റാര്‍ക്ക് കാര്യങ്ങളറിയാം?"
" ഇപ്പോൾ നീ പറഞ്ഞല്ലോ ആവശ്യങ്ങൾ എന്തെല്ലാമെന്നും എങ്ങനെ അവ ഉപയോഗപ്പെടുത്താമെന്നും നിനക്കറിയാമെന്ന്." ഈശോ തിരിച്ചടിച്ചു.
"സ്വാഭാവിക കാര്യങ്ങളില്‍, അതെ. ആദ്ധ്യാത്മിക കാര്യങ്ങള്‍  മറ്റാരെയുംകാള്‍  നന്നായി നിനക്കാണറിയാവുന്നത്."
"അതു ശരിയാണ്. എന്നാല്‍ ഞാന്‍  പറഞ്ഞത് നിനക്ക് എന്നേക്കാള്‍  നന്നായി അറിയാവുന്ന ചില കാര്യങ്ങളുണ്ട്. അതായത്, അപ്രീതി വരുത്തുന്ന, ലജ്ജാകരമായ - സ്വാഭാവികമെന്ന് അവയെ വിളിക്കുന്നെങ്കില്‍  അങ്ങനെ- കാര്യങ്ങൾ എന്നേക്കാൾ കൂടുതലായി അറിയാം. ഉദാഹരണത്തിന്, എന്റെ ശത്രുക്കൾക്ക് എന്നോടുള്ള വിരോധം - അവരുടെ ലക്ഷ്യങ്ങൾ എന്നിത്യാദി കാര്യങ്ങള്‍ ."
"എനിക്കൊന്നും അറിഞ്ഞുകൂടാ... യാതൊന്നും അറിഞ്ഞുകൂടാ.. എന്റെ ആത്മാവാണെങ്കില്‍, എന്റെ അമ്മയാണെങ്കില്‍, യഹോവയാണെങ്കില്‍  ഇതു സത്യമാണ്."

"അതുമതി. നീ ആണയിടരുതെന്ന് എഴുതപ്പെട്ടിരിക്കുന്നു." ഈശോ ഗൗരവമായി കല്‍പ്പിച്ചു. വളരെ കര്‍ശനമായി അതു പറയുന്ന ഈശോയുടെ മുഖം ഭയമുളവാക്കുന്നതാണ്.

"ശരി, ഞാന്‍  ആണയിടുന്നില്ല. എന്നാല്‍  ഞാന്‍  ഒരു അടിമയല്ലാത്തതിനാല്‍  സംസാരിക്കാന്‍  എന്നെ അനുവദിക്കണം. റോമാക്കാരോടു സംസാരിക്കുവാന്‍  സെസ്സേറിയായിലേക്കു പോകുന്നത് ആപത്താണ്. അതാവശ്യമില്ല. അതുകൊണ്ട് ഒന്നും നേടുകയില്ല."
"അങ്ങനെ സംഭവിക്കുമെന്ന് നിന്നോടാരു പറഞ്ഞു?" ഈശോ ചോദിക്കുന്നു.
ആരെന്നോ? എല്ലാം അതല്ലേ പറയുന്നതു്? നീ ഒരു കാര്യം മനസ്സിലാക്കണം. നീ ഒരു പാതയില്‍  ------ ആയി-----" അധികസംസാരം ആയി എന്നു തോന്നിയ യൂദാസ് നിര്‍ത്തി. വീണ്ടും തുടരുന്നു. "ഞങ്ങളുടെ താല്‍പ്പര്യങ്ങളെക്കുറിച്ചും നീ കരുതലുള്ളവനായിരിക്കണമെന്ന് നിന്നോടു 
ഞാന്‍    ആവശ്യപ്പെടുന്നു. നീ ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുത്തി. വീട്, സമ്പാദ്യം, സ്നേഹം, സമാധാനം എല്ലാം. നീ നിമിത്തം ഞങ്ങൾ ഉപദ്രവമേല്‍ക്കുന്നു. കുറെക്കാലം കഴിയുമ്പോൾ കൂടുതല്‍  പീഡിപ്പിക്കപ്പെടും. കാരണം നീ ഒരു നല്ല ദിവസത്തില്‍  പൊയ്ക്കളയും എന്ന് നീ പറയുന്നുണ്ട്. എന്നാല്‍  ഞങ്ങൾ ഉണ്ടായിരിക്കും. ഞങ്ങൾ നശിക്കും. പക്ഷേ ഞങ്ങള്‍  .. "
"ഞാന്‍  നിങ്ങളോടുകൂടെയില്ലാത്തപ്പോള്‍  നിങ്ങള്‍  പീഡിപ്പിക്കപ്പെടുകയില്ല. സത്യമായി ഞാന്‍  നിന്നോടു അത് പറയുന്നു. വീണ്ടും ഞാന്‍  നിന്നോടു പറയുന്നു,  സ്വതന്ത്രമായും നിര്‍ബന്ധമായും നീ തന്നതുമാത്രമേ ഞാന്‍  സ്വീകരിച്ചിട്ടുള്ളൂ. അതിനാല്‍  അധികാരം ദുരുപയോഗിച്ച് നിന്നില്‍നിന്ന്നിര്‍ബ്ബന്ധമായി എടുത്തു എന്നു നിനക്കു പറയാന്‍  സാധിക്കയില്ല. മുടി ചീകി വൃത്തിയാക്കുമ്പോള്‍  വീണുപോകുന്ന ഒരു മുടി പോലും ഞാന്‍ എടുത്തു എന്നു പറയാന്‍  കഴിയില്ല. നീ എന്തുകൊണ്ടാണ് എന്നെ കുറ്റപ്പെടുത്തുന്നത്?"

                          ഇപ്പോള്‍  ഈശോയുടെ മുഖത്തെ ഗൗരവഭാവം കുറഞ്ഞു. ദുഃഖത്തോടെ, കാരുണ്യത്തോടെ യൂദാസിനെ സല്‍ബുദ്ധിയിലേക്കു നയിക്കുവാന്‍  ശ്രമിക്കുകയാണെന്നുള്ളത് വളരെ വ്യക്തമാണ്. നിറഞ്ഞുനില്‍ക്കുന്ന ദൈവികമായ ആ കാരുണ്യം യൂദാസിന്റെ   സഹചാരികള്‍ക്ക്  ആത്മനിയന്ത്രണത്തിനു പേരകമായിത്തീര്‍ന്നു. കുറ്റവാളിയായ അയാളോട് അവര്‍ക്ക് വലിയ സഹതാപമൊന്നുമില്ല.

                    യൂദാസും അതു മനസ്സിലാക്കുന്നു. പരസ്പര വിരുദ്ധശക്തികള്‍  നൽകുന്ന പ്രേരണകളില്‍  ഒന്നിന്റെ സ്വാധീനത്തിലായി പെട്ടെന്നുള്ള ഒരു മാറ്റം വന്ന് അയാള്‍  നിലത്തുവീണ് തലയ്ക്കും നെഞ്ചിനും ഇടിയേല്‍പ്പിച്ചുകൊണ്ട് ഉച്ചത്തില്‍  വിളിച്ചുപറയുന്നു: "കാരണം ഞാന്‍  ഒരു പിശാചാണ്. ഗുരുവേ, എന്നെ രക്ഷിക്കുക. നീ അനേകം പിശാചുബാധിതരെ രക്ഷിക്കുന്നതുപോലെ എന്നെയും രക്ഷിക്കുക. എന്നെയും രക്ഷിക്കൂ, എന്നെയും രക്ഷിക്കൂ."
"രക്ഷിക്കപ്പെടുവാനുള്ള നിന്റെ ആഗ്രഹം നിഷ്ക്രിയമാകാതിരിക്കട്ടെ."
"അതുണ്ട്. നിനക്കതു കാണാമല്ലോ. രക്ഷിക്കപ്പെടുവാന്‍  ഞാനാഗ്രഹിക്കുന്നു."

"ഞാന്‍  രക്ഷിക്കണമോ? ഞാന്‍  എല്ലാം ചെയ്യണമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍  ഞാന്‍  ദൈവമാണ്. നിന്റെ സ്വതന്ത്രമനസ്സിനെ ഞാന്‍  ബഹുമാനിക്കുന്നു. "എനിക്കു നിശ്ചയമായും വേണം" എന്നു പറയുവാനുള്ള ശക്തി നിനക്കു ഞാന്‍  തരാം. എന്നാല്‍  അടിമയായിത്തീരാതിരിക്കുവാനുള്ള ആഗ്രഹം നിന്നില്‍നിന്ന് ഉളവാകേണ്ടതാകുന്നു."
"എനിക്കു വേണം, എനിക്കു വേണം. പക്ഷേ സെസ്സേറിയായിലേക്കു പോകരുതേ. പോകരുത്. ജോണ്‍ പറഞ്ഞത് നീ അനുസരിച്ചതുപോലെ 
ഞാന്‍  പറയുന്നതും ശ്രദ്ധിക്കുക. ആക്കോറിലേക്കു പോകാന്‍ നീ ആഗ്രഹിച്ചപ്പോള്‍  ജോണ്‍ പറഞ്ഞത് നീ സാധിച്ചുകൊടുത്തല്ലോ. 
ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ അവകാശമാണുള്ളത്. ഞങ്ങളെല്ലാവരും ഒരേവിധത്തില്‍  നിനക്കു സേവനം ചെയ്യുന്നു. ഞങ്ങള്‍  ചെയ്യുന്ന ശുശ്രൂഷകള്‍  നിമിത്തം ഞങ്ങളെ തൃപ്തരാക്കുവാന്‍  നിനക്കു ചുമതലയുണ്ട്. നീ ജോണിനോടു വര്‍ത്തിച്ചതുപോലെ എന്നോടും വര്‍ത്തിക്കുക. ഞാന്‍  അതാവശ്യപ്പെടുന്നു. ഞാനും അവനും തമ്മില്‍  എന്താണു വ്യത്യാസം?"
"ആത്മാവ് വ്യത്യസ്തമാണ്. നീ സംസാരിച്ചതുപോലെ എന്റെ അനുജന്‍  ഒരിക്കലും സംസാരിക്കയില്ല. എന്റെ അനുജന്‍  ഒരിക്കലും......"
  "ജയിംസേ, മൗനമായിരിക്കൂ. ഞാന്‍  സംസാരിക്കാം, എല്ലാവരോടും. നീ എഴുന്നേറ്റു നിന്ന് ഒരു മനുഷ്യനെപ്പോലെ വര്‍ത്തിക്കുക. യജമാനന്റെ പാദത്തില്‍  വീണു കരയുന്ന ഒരടിമയെപ്പോലെയല്ല ഞാന്‍  നിന്നെ പരിഗണിക്കുന്നത്. ജോണിനോടു   വര്‍ത്തിക്കുന്നതുപോലെ   നിന്നോടും   ഞാന്‍  
വര്‍ത്തിക്കണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍  ശരിക്ക് ഒരു മനുഷ്യനെപ്പോലെ വര്‍ത്തിക്കുക.   ജോണ്‍ പരിശുദ്ധനും സ്നേഹം നിറഞ്ഞവനുമായതുകൊണ്ട് ഒരു മനുഷ്യനേക്കാള്‍  കൂടിയവനാണ്. നമുക്കു പോകാം. സമയം വൈകിയിരിക്കുന്നു. പുലര്‍ച്ചയ്ക്കുതന്നെ നദി കടക്കണം. ചന്ദ്രന്റെ പ്രകാശത്തില്‍  വേഗം നടക്കുവാന്‍  നമുക്കു കഴിയും."

"ശ്രദ്ധിച്ചുകേള്‍ക്കുക. തന്റെ കടമ നിര്‍വഹിച്ചതിന് ഒരുത്തരും വന്‍പു പറയരുത്. കടപ്പെട്ടതു ചെയ്തതിനെക്കുറിച്ച് പ്രത്യേക ആനുകൂല്യങ്ങള്‍  ആവശ്യപ്പെടുകയുമരുത് എന്നു ഞാന്‍  ഗൗരവമായി പറയുന്നു.
                       നിങ്ങള്‍  സകലതും എനിക്കു തന്നു എന്ന് യൂദാസ് എന്നെ അനുസ്മരിപ്പിച്ചു. നിങ്ങൾ ചെയ്യുന്നതിനെപ്രതി നിങ്ങളെ തൃപ്തിപ്പെടുത്തേണ്ടത് എന്റെ കടമയാണെന്ന് അവന്‍  എന്നോടു പറയുകയും ചെയ്തു. എന്നാല്‍  ഇതു കേൾക്കുക. നിങ്ങളുടെയിടയില്‍  ചില മുക്കുവരുണ്ട്, ചില ഭൂവുടമകളുണ്ട്, ചിലര്‍ക്ക് ചില്ലറ പണിപ്പുരകളുണ്ട്..... വഞ്ചിയില്‍  പണി ചെയ്യുന്നവരും ഒലിവുതോട്ടപ്പണിക്കാരും പണിപ്പുരയില്‍  പണി അഭ്യസിക്കുന്നവരും വീട്ടുപണിയും പാചകജോലികളും ചെയ്യുന്നവരും അവരുടെ ജോലികൾ തീര്‍ത്തുകഴിയുമ്പോൾ നിങ്ങൾ അവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍  ആരംഭിക്കുമോ? വയലില്‍  ജോലി ചെയ്യുകയോ ആടു മേയ്ക്കുകയോ പണിപ്പുരയില്‍  അദ്ധ്വാനിക്കുകയോ ചെയ്ത ആളിനോട് ജോലി തീര്‍ത്തുവരുമ്പോൾ "പോയി ഭക്ഷണം കഴിക്കൂ" എന്ന് ആരെങ്കിലും പറയുമോ? ഒരുത്തരും പറയുകയില്ല. ഏതൊരു യജമാനനും ഇപ്രകാരമാണ് പറയുക; "എനിക്ക് അത്താഴം ഒരുക്കുക. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചുവന്ന് ഭക്ഷണം വിളമ്പിത്തന്ന് എന്നെ ശുശ്രൂഷിക്കുക. പിന്നീട് നിനക്ക് ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യാം." ഇങ്ങനെ ചെയ്യുന്നത് സുബോധമില്ലായ്മയാണെന്ന് ഒരുത്തരും പറയുകയില്ല. കാരണം ഭൃത്യന്‍  യജമാനനു് ശുശ്രൂഷ ചെയ്യണം. രാവിലെ യജമാനന്‍  കല്‍പ്പിച്ചതെല്ലാം അയാൾ ചെയ്തു എന്ന കാരണത്താല്‍  യജമാനനു് അയാളോട് കടപ്പാടില്ല. യജമാനന്‍  ഭൃത്യനോട് കരുണയുള്ളവനായിരിക്കണം എന്നുള്ളത് സത്യമാണെങ്കില്‍  ഉദാസീനത കാണിക്കുകയോ പാഴ്ച്ചിലവു ചെയ്യുകയോ ചെയ്യാതിരിക്കാന്‍  ഭൃത്യന് കടമയുണ്ട്. അവന്‍  യജമാനന്റെ സുസ്ഥിതിക്ക് വേണ്ടവിധത്തില്‍  സഹകരിക്കണം. കാരണം യജമാനനാണ് അയാൾക്കു ഭക്ഷണവും വസ്ത്രവും നല്‍കുന്നത്. നിങ്ങളുടെ വഞ്ചിക്കാരോ കൃഷിക്കാരോ വീട്ടുവേലക്കാരോ 'ഞാന്‍  ജോലി ചെയ്തു, അതിനാല്‍  എനിക്കു ശുശ്രൂഷ ചെയ്യുക' എന്നു പറയുവാന്‍  നിങ്ങൾ അനുവദിക്കുമോ?
                      അതുപോലെ നിങ്ങളും എനിക്കായി ചെയ്തവയും ചെയ്തുകൊണ്ടിരിക്കുന്നവയും കണക്കാക്കിയാലും ഇങ്ങനെയാണു പറയേണ്ടത്: "ഞങ്ങൾ പ്രയോജനമില്ലാത്ത ഭൃത്യന്മാരാകുന്നു. കാരണം ഞങ്ങൾ ഞങ്ങളുടെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്." ഭാവിയില്‍  എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് നിങ്ങൾ ജോലി ചെയ്ത് നിങ്ങളുടെ യജമാനനു് ശുശ്രൂഷ ചെയ്യുന്ന അവസരത്തിലും ഇത് ഓര്‍മ്മിച്ചുകൊള്ളണം. ഇങ്ങനെ നിങ്ങൾ ചിന്തിക്കുമെങ്കില്‍  വലിയ ഭാവം കാട്ടാന്‍  നിങ്ങൾ പ്രേരിതരാവുകയില്ല. നിങ്ങൾക്കു് അസ്വസ്ഥതയുണ്ടാവുകയില്ല. നീതിയായിട്ടായിരിക്കും നിങ്ങൾ പ്രവര്‍ത്തിക്കുക."

                   ഈശോ മൗനമായിരിക്കുന്നു. അപ്പസ്തോലന്മാര്‍  എല്ലാവരും ചിന്താമഗ്നരായിരിക്കുന്നു. പത്രോസ് ജോണിനെ തോണ്ടുന്നു. "ചുമതലയിൽക്കവിഞ്ഞ് ഒരുവന്‍  എങ്ങനെയാണ് ശുശ്രൂഷ ചെയ്യുക എന്നു ഗുരുവിനോടു ചോദിക്കൂ. എന്റെ കടമയേക്കാൾ കൂടുതല്‍  ചെയ്യാന്‍  ഞാനാഗ്രഹിക്കുന്നു."
"എനിക്കും ആഗ്രഹമുണ്ട് സൈമൺ; ഞാനിപ്പോൾ അതേക്കുറിച്ച് ചിന്തിക്കയായിരുന്നു." സ്വതസിദ്ധമായ, സുന്ദരമായ പുഞ്ചിരിയോടെ ജോൺ പറയുന്നു. അനന്തരം ഉച്ചത്തില്‍  ജോൺ ചോദിക്കുന്നു: "ഗുരുവേ, എന്നോടു പറയൂ, ഒരുവന്‍  നിന്നെ പൂര്‍ണ്ണമായി സ്നേഹിക്കുന്നു എന്നു നിന്നെ മനസ്സിലാക്കുവാന്‍, കടപ്പെട്ടതിനേക്കാൾ കൂടുതല്‍  ചെയ്യുന്നതെപ്പോഴാണ്?"

"കുഞ്ഞേ, ദൈവം നിനക്ക് ധാരാളം ദാനങ്ങൾ നല്‍കിയിട്ടുണ്ട്. നീതിയായി പരിഗണിക്കയാണെങ്കില്‍  നിന്റെ സകല ധീരപ്രവൃത്തികളും ഒരുമിച്ചു കൂട്ടിയാലും അതു വളരെ തുച്ഛമായിരിക്കും. എന്നാല്‍  കർത്താവ് വളരെ നല്ലവനായതിനാല്‍  നീ അവനു നല്‍കുന്നത് അവന്റെ പരിമിതിയില്ലാത്ത അളവു കൊണ്ടായിരിക്കയില്ല അളക്കുക. അവന്‍  അളക്കുന്നത് മനുഷ്യന്റെ പരിമിതമായ കഴിവു കണക്കാക്കിയാണ്. നീ ലുബ്ധു കൂടാതെ, നിറവില്‍  നല്‍കുമ്പോൾ, കവിഞ്ഞൊഴുകുന്ന വിധത്തില്‍  നൽകുമ്പോൾ അവന്‍  ഇങ്ങനെ പറയും; "എന്റെ ഈ ഭൃത്യന്‍  അവന്റെ കടമയില്‍ക്കൂടുതല്‍ എനിക്കുനല്‍കിയിരിക്കുന്നു. അതിനാല്‍  ഞാനവനു് എന്റെ പ്രതിസമ്മാനം അതിധാരാളമായി നല്‍കും."
"ഓ! ഞാന്‍  എത്രയധികം സന്തോഷിക്കുന്നു! ആ അതിധാരാളം ലഭിക്കുവാന്‍  ഞാന്‍ നിനക്ക് കവിഞ്ഞൊഴുകുന്ന വിധത്തില്‍  അളന്നുതരും." പത്രോസ് ഉദ്ഘോഷിക്കുന്നു.
"ശരി, നീ എനിക്കതു തരും. നിങ്ങളെല്ലാവരും തരും. സത്യത്തിന്റെയും പ്രകാശത്തിന്റെയും സ്നേഹിതരായ എല്ലാവരും തരും. അവരെല്ലാവരും സ്വഭാവാതീതമായ വിധത്തില്‍ എന്നോടൊത്തു സന്തോഷിക്കും." ഈശോ പറയുന്നു.