ജാലകം നിത്യജീവൻ: യൂദാസിന്റെ വിമർശനം

nithyajeevan

nithyajeevan

Wednesday, October 26, 2011

യൂദാസിന്റെ വിമർശനം

ഈശോ, അപ്പസ്തോലന്മാരും പ്രധാന ശിഷ്യരായ സ്റ്റീഫൻ, ഹെർമാസ്, മനേയൻ, തിമോണയൂസ്, നിക്കോളാസ്, പുരോഹിതനായ ജോൺ തുടങ്ങിയവരുമൊത്ത് ഒലിവുമലയുടെ ചുവട്ടിലാണ്.  ഈശോ പറയുന്നു: "നമുക്കു് മുകളിലേക്ക് ബഥനി റോഡിലേക്കു പോകാം. ഞാൻ  കുറച്ചു നാളത്തേക്ക് പട്ടണം വിട്ടുപോകയാണ്. നിങ്ങൾ എന്തെല്ലാം ചെയ്യണമെന്ന് നടക്കുന്ന വഴി ഞാൻ പറയാം."

"പട്ടണത്തിൽ നിന്നു പോകയാണോ? എന്തെങ്കിലും സംഭവമുണ്ടായോ?" പലരും ചോദിക്കുന്നു.
"ഇല്ല. പക്ഷേ കാത്തിരിക്കുന്ന സ്ഥലങ്ങൾ ഇനിയും ധാരാളമുണ്ട്."
ഈശോയുടെ കൂടെയില്ലാതിരുന്ന പത്ത് അപ്പസ്തോലന്മാരിൽ ചിലർ ചോദിക്കുന്നു; "ഇന്നു രാവിലെ നീ എന്താണു ചെയ്തത്?"
"ഞാൻ  പ്രസംഗിച്ചു... പ്രവാചകന്മാരെക്കുറിച്ച്... പക്ഷേ അവർ ഒന്നും മനസ്സിലാക്കുന്നില്ല."
"ഗുരുവേ, അത്ഭുതമൊന്നും പ്രവർത്തിച്ചില്ലേ?" മാത്യു ചോദിക്കുന്നു.
"ഇല്ല. ഞാൻ  ഒരാളോടു ക്ഷമിക്കുകയും ആ ആളിനുവേണ്ടി നിലകൊള്ളുകയും ചെയ്തു.."
"അതാരായിരുന്നു? ആരാണ് ഉപദ്രവിച്ചത്?"
"തങ്ങൾക്കു പാപമില്ല എന്നു ചിന്തിക്കുന്നവരാണ് പാപിനിയായ ഒരു സ്ത്രീയെ കുറ്റം വിധിച്ചത്. ഞാൻ അവളെ രക്ഷിച്ചു."
"പക്ഷേ, അവൾ പാപിയായിരുന്നെങ്കിൽ അവർ ചെയ്തത് ശരിയാണ്."
"അവളുടെ ശരീരം പാപിനിയുടേതായിരുന്നു... അവളുടെ ആത്മാവ്... ആത്മാക്കളെക്കുറിച്ച് പറയാൻ അനേകം കാര്യങ്ങളുണ്ട്. അറിയപ്പെടുന്ന പാപികളെ മാത്രമല്ല ഞാൻ പാപികളെന്നുദ്ദേശിക്കുന്നത്.  പാപം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരും പാപികളാണ്."
"എന്നാൽ ആ സ്ത്രീ എന്തു പാപമാണു ചെയ്തത്?"
"വ്യഭിചാരം."
"വ്യഭിചാരമോ? എന്നിട്ടു് നീ അവളെ രക്ഷിച്ചോ? നീ അങ്ങനെ ചെയ്യരുതായിരുന്നു.." യൂദാ സ്കറിയോത്താ ആവേശത്തോടെ പറയുന്നു.
ഈശോ അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിക്കുന്നു, "എന്തുകൊണ്ടാണ് അത് പാടില്ലാത്തത്?"

"കാരണം... അത് നിനക്ക് ഉപദ്രവമായിത്തീർന്നേക്കാം.. നിനക്കറിയാമല്ലോ അവർ നിന്നെ എത്രയധികം വെറുക്കുന്നുവെന്ന്. നിനക്കെതിരായി കുറ്റങ്ങൾ കണ്ടുപിടിക്കാൻ അവർ ശ്രമിക്കയാണ്.. തീർച്ചയായും ഒരു വ്യഭിചാരിണിയെ രക്ഷിക്കുന്നത് നിയമത്തിനെതിരായിട്ടുള്ള പോക്കാണ്."
"എനിക്കവളെ രക്ഷിക്കണം എന്നു ഞാൻ പറഞ്ഞില്ല. ഞാൻ ഇത്രമാത്രമേ പറഞ്ഞുള്ളൂ; പാപമില്ലാത്തവർ അവളെ കല്ലെറിയണം എന്ന്. ആരും അവളെ എറിഞ്ഞില്ല; കാരണം പാപമില്ലാത്ത ഒരുത്തരുമില്ലായിരുന്നു. അതിനാൽ വ്യഭിചാരികളെ കല്ലെറിയണം എന്നുള്ള നിയമം ഉറപ്പിക്കയാണ് ഞാൻ ചെയ്തത്. എന്നാൽ ആ സ്ത്രീയെ രക്ഷിക്കയും ചെയ്തു."
"പക്ഷേ നീ..."
"ഞാൻ അവളെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു എന്നാണോ നീ പറയുന്നത്? അങ്ങനെ ചെയ്യുന്നത് നീതിയാകുമായിരുന്നു. എന്നാൽ കാരുണ്യമാകുമായിരുന്നില്ല."
"ഹാ! അവൾ അനുതപിച്ചു... അവൾ നിന്നോടു്  മാപ്പപേക്ഷിച്ചു; അപ്പോൾ നീ..."
"ഇല്ല; അവൾക്കു് അനുതാപമേ ഉണ്ടായിരുന്നില്ല. അവൾക്കു് നിരാശയും ഭയവും മാത്രമാണുണ്ടായിരുന്നത്."
"എങ്കിൽപ്പിന്നെ എന്തുകൊണ്ട്? എനിക്കു നിന്നെ ഒട്ടും മനസ്സിലാകുന്നില്ല."
"എനിക്കറിയാം. നീ എന്നെ മനസ്സിലാക്കുന്നില്ല. നീ ഒരിക്കലും എന്നെ ശരിക്കു മനസ്സിലാക്കിയിട്ടില്ല. ഇപ്രകാരം മനസ്സിലാക്കാത്തത് നീ മാത്രമല്ല. പക്ഷേ അക്കാരണത്താൽ എന്റെ പ്രവൃത്തികൾ മാറ്റാൻ സാധിക്കയില്ല."
"മാപ്പപേക്ഷിക്കുന്നവർക്കാണ് അത് നൽകേണ്ടത്."
"ഓ! പാപപ്പൊറുതിക്കായി അപേക്ഷിക്കുന്നവർക്കു മാത്രം ദൈവം മാപ്പു കൊടുക്കയായിരുന്നെങ്കിൽ!! പാപം ചെയ്തിട്ട് അനുതപിക്കാത്ത എല്ലാവരേയും ഉടനടി പ്രഹരിക്കുകയാണെങ്കിൽ!!  അനുതപിക്കുന്നതിനു മുൻപുതന്നെ പാപപ്പൊറുതി ലഭിച്ച അനുഭവം നിനക്കുണ്ടായിട്ടില്ലേ? നീ അനുതപിച്ചെന്നും അതിനാലാണ് നിനക്കു പാപപ്പൊറുതി ലഭിച്ചതെന്നും നിനക്കു തീർത്തു പറയാൻ കഴിയുമോ?"
"ഗുരുവേ,  ഞാൻ..."
"എല്ലാവരും ശ്രദ്ധിക്കൂ.. കാരണം, നിങ്ങളിൽ പലരും ചിന്തിക്കുന്നത് ഞാൻ ചെയ്തത് തെറ്റാണെന്നും യൂദാസ് പറയുന്നത് ശരിയാണെന്നുമാണ്. അവൾക്കു മാപ്പു കൊടുത്തത് എന്റെ വിഡ്ഡിത്തമല്ല. പൂർണ്ണമായി അനുതപിച്ചതിനാൽ ഞാൻ പാപപ്പൊറുതി നൽകിയ മറ്റാത്മാക്കളോടു പറഞ്ഞത് അവളോട് ഞാൻ പറഞ്ഞില്ല. എന്നാൽ അനുതാപത്തിലെത്തുവാൻ അവൾക്കു് സമയവും സാദ്ധ്യതയും ഞാൻ നൽകി.
അവൾക്കാഗ്രഹമുണ്ടെങ്കിൽ അനുതാപത്തിലേക്കും വിശുദ്ധിയിലേക്കും എത്തുവാൻ അവൾക്കു കഴിയും. നിങ്ങൾ ആത്മാക്കളുടെ ഗുരുനാഥന്മാരാകുമ്പോൾ ഇക്കാര്യം
ഓർമ്മിക്കുവിൻ. യഥാർത്ഥ ഗുരുക്കന്മാരായി വർത്തിക്കുന്നതിനും ആ സ്ഥാനത്തിന് അർഹരാകുന്നതിനും രണ്ടു കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമത്തെ കാര്യം, തനിക്കുതന്നെ
കർശനമായ ഒരു ജീവിതചിട്ട... കാരണം, തന്നോടുതന്നെ അയവു കാണിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റായി വിധിക്കുന്നു എന്ന കാപട്യത്തിൽ വീഴാൻ പാടില്ല. രണ്ടാമത്തെ കാര്യം, ആത്മാക്കൾക്ക് സ്വയം തിരുത്തുവാനും ശക്തി പ്രാപിക്കുവാനും സമയം നൽകാനുള്ള കാരുണ്യവും ക്ഷമയും നിങ്ങൾക്കുണ്ടായിരിക്കണം."