ജാലകം നിത്യജീവൻ: "നന്മ നിറഞ്ഞ മറിയമേ സ്വസ്തി"

nithyajeevan

nithyajeevan

Tuesday, October 18, 2011

"നന്മ നിറഞ്ഞ മറിയമേ സ്വസ്തി"

പരിശുദ്ധ അമ്മയെക്കുറിച്ച് കത്തോലിക്കാ ദൈവശാസ്ത്രം  പഠിപ്പിക്കുന്ന ഏറ്റവും സംക്ഷിപ്ത സംഗ്രഹമാണ് മാലാഖയുടെ അഭിവാദനം അഥവാ "നന്മ നിറഞ്ഞ മറിയമേ സ്വസ്തി" എന്ന പ്രാര്‍ത്ഥന. അത് രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; സ്തുതിയും അപേക്ഷയും. സ്തുതിയിലെ ആദ്യഭാഗം പരിശുദ്ധ ത്രിത്വം  നമുക്ക് വെളിപ്പെടുത്തിത്തന്നു.  രണ്ടാമത്തെ ഭാഗം പരിശുദ്ധാത്മാവിനാല്‍  പ്രചോദിതയായ വി. എലിസബത്ത്
കൂട്ടിച്ചേര്‍ത്തതാണ്.  AD 430 - ല്‍  എഫേസോസ് കൗണ്‍സിലില്‍  വച്ച് നെസ്തോറിയ പാഷണ്ഡതയെ അപലപിക്കുകയും പരിശുദ്ധ കന്യകയെ ദൈവമാതാവായി നിര്‍വചിക്കുകയും ചെയ്തപ്പോഴാണ് സഭാമാതാവ് ഇക്കാര്യത്തില്‍  തീര്‍പ്പു നല്‍കിയത്. ഈ സമയത്താണ് സഭ മഹനീയമായ ഈ സ്ഥാനപ്പേരില്‍  ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍  നമ്മോടാവശ്യപ്പെട്ടത്: "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ
ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ."

ഈ "മാലാഖയുടെ അഭിവാദനം" മുഖേന ദൈവം മനുഷ്യനായിത്തീന്നു. ഒരു കന്യക ദൈവത്തിന്റെ അമ്മയായി; നീതിമാന്മാരുടെ ആത്മാക്കള്‍  പാതാളത്തില്‍  നിന്ന് വിമോചിപ്പിക്കപ്പെട്ടു; സ്വഗ്ഗത്തിലെ ശൂന്യമായ സിംഹാസനങ്ങള്‍  നിറഞ്ഞു; പാപം ക്ഷമിക്കപ്പെട്ടു; നമുക്കു് കൃപ നല്‍കപ്പെട്ടു; രോഗികള്‍ സുഖമാക്കപ്പെട്ടു; മരിച്ചവര്‍  ജീവന്‍  പ്രാപിച്ചു; പരിശുദ്ധ ത്രിത്വത്തിന്റെ കോപം ശമിക്കുകയും മനുഷ്യന്‍  നിത്യജീവന്‍  പ്രാപിക്കുകയും ചെയ്തു.

ദൈവം തനിക്കു പകരമായി മുഖ്യദൂതനായ ഗബ്രിയേലിനെ മറിയത്തെ അഭിവാദനം ചെയ്യുവാന്‍ വേണ്ടി അയച്ചപ്പോള്‍, അവിടുന്ന് അവള്‍ക്കു നല്‍കിയ അതേ ആദരവാണ്, ഓരോ "നന്മ നിറഞ്ഞ മറിയമേ" ചൊല്ലുമ്പോഴും നാം പരിശുദ്ധ 
അമ്മയ്ക്ക് നല്‍കുന്നത്. 
നാം  പരിശുദ്ധ അമ്മയെ, "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥനയാല്‍ അഭിവാദനം ചെയ്യുന്നുവെങ്കില്‍, മാതാവ് നമ്മെ കൃപയാല്‍ അഭിവാദനം ചെയ്യുമെന്നാണ് വി. ബെനവന്തുര്‍ പറയുന്നത്.