ഈശോ പ്രസംഗം തുടരുകയാണ്: "മനുഷ്യർ തീർത്ഥാടകരായിരിക്കുന്നതുപോലെ യഥാർത്ഥത്തിൽ അവർ രോഗികളുമാണ്. ആത്മാവിന്റെ രോഗമാണ് ഏറ്റവും കഠിനമായ രോഗം. അത് കാണാൻ സാദ്ധ്യമല്ല; എന്നുതന്നെയല്ല, മാരകവുമാണ്. എങ്കിലും ആളുകൾക്ക് അതിനോടു് അരോചകമില്ല.
ധാർമ്മികമായ ഒരു പഴുപ്പു് അനിഷ്ടകരമല്ല. തിന്മയുടെ ദുർഗ്ഗന്ധം നിമിത്തം ഒരു ഓക്കാനവുമില്ല. പൈശാചികമായ ബഹളം ആരേയും ഭയപ്പെടുത്തുന്നില്ല. അഴിഞ്ഞു ചീഞ്ഞ ആത്മാവ് ആരേയും ഓടിച്ചുകളയുന്നില്ല. ഇപ്രകാരമുള്ള അശുദ്ധിയെ സമീപിക്കുന്നവരെ ആരും ഭ്രഷ്ടാക്കുന്നില്ല. മനുഷ്യന്റെ
ചിന്ത എത്ര താഴ്ന്നതും ഇടുങ്ങിയതുമാണ്! എന്നാൽ
ആലോചിച്ചുനോക്കൂ.. ഏതിനാണ് കൂടുതൽ വിലയുള്ളത് ? ആത്മാവിനോ ശരീരത്തിനോ? ശരീരത്തോടു തുലനം ചെയ്താൽ ആത്മാവിന്റെ വില അപരിമിതമാണ്. ശരീരം ആത്മാവിനേക്കാൾ ശക്തിയുള്ളതല്ല. ആത്മാവ് പദാർത്ഥപരമായവ നിമിത്തം ദുഷിപ്പിക്കപ്പെടുന്നില്ല; ആത്മീയമായ കാര്യങ്ങളാലാണ് ദുഷിപ്പിക്കപ്പെടുന്നത്. ഒരാൾ ഒരു കുഷ്ഠരോഗിയെ പരിചരിച്ചാൽ കുഷ്ഠം അയാളുടെ ആത്മാവിനെ കുഷ്ഠമുള്ളതാക്കുന്നില്ല. നേരെമറിച്ച്, സഹോദരനോടുള്ള സഹതാപം നിമിത്തം മരണത്തിന്റെ താഴ്വരയിലേക്കു സ്വയം പ്രവേശിച്ച വീരോചിതമായ ഉപവി നിമിത്തം, പാപത്തിന്റെ എല്ലാ കറകളും അയാളിൽ നിന്നു മായിക്കപ്പെടും. കാരണം, ഉപവി പാപങ്ങളിൽ നിന്നുള്ള മോചനവും ആദ്യത്തെ ശുദ്ധീകരണവുമാണ്. രോഗത്തെക്കുറിച്ചുള്ള ഈ പുതിയ വീക്ഷണവും വിലയിരുത്തലും നിങ്ങളുടെ ഓർമ്മയിലുണ്ടായിരിക്കട്ടെ. നിങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം വേദനിക്കയും മരിക്കയും ചെയ്യുന്നവരുടെ അടുത്തേക്ക് കുനിയുകയും ചെയ്യുക. എന്റെ അപ്പസ്തോലന്മാരിൽ ഒരാൾ ഒരുദിവസം സഹോദരരിൽ ഒരുവനോടു പറഞ്ഞു; കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ട, ദൈവത്തിന്റെ നിശ്ചയത്താൽ ഒരു രോഗവും നമ്മെ ബാധിക്കയില്ല എന്ന്. അയാൾ പറഞ്ഞത് ശരിയാണ്. ദൈവം തന്റെ ദാസരെ സംരക്ഷിക്കുന്നു. എന്നാൽ രോഗികൾക്കു പരിചരണം ചെയ്യുന്നതുവഴി നിങ്ങൾ രോഗികളായാൽത്തന്നെ, അടുത്ത ജീവിതത്തിൽ സ്നേഹത്തിന്റെ രക്തസാക്ഷികളുടെ ഗണത്തിൽ നിങ്ങൾക്കു് സ്ഥാനം ലഭിക്കും."