ജാലകം നിത്യജീവൻ: "സ്വര്‍ഗ്ഗസ്ഥനായ പിതാവേ"

nithyajeevan

nithyajeevan

Wednesday, October 12, 2011

"സ്വര്‍ഗ്ഗസ്ഥനായ പിതാവേ"

"സ്വര്‍ഗ്ഗസ്ഥനായ പിതാവേ"എന്നു തുടങ്ങുന്ന    കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ഥനക്ക് വലിയ മൂല്യമുണ്ട്. ആ പ്രാര്‍ഥനയുടെ രചയിതാവ് ഒരു മനുഷ്യനോ മാലാഖയോ അല്ല; മാലാഖമാരുടെയും മനുഷ്യരുടെയും രാജാവാണ്; നമ്മുടെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവാണ്, എന്നതാണ് സര്‍വോപരിയായ കാരണം.  ചെറിയൊരു പ്രാര്‍ത്ഥനയാണത്. പക്ഷെ, ഈ പ്രാര്‍ത്ഥന യ്ക്ക് നമ്മെ വളരെയധികം പഠിപ്പിക്കുവാന്‍ കഴിയും. വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ക്കു പോലും ഈ പ്രാര്‍ത്ഥന നന്നായി ഗ്രഹിക്കാനാകും. അതേസമയം തന്നെ, പണ്ഡിതര്‍ നമ്മുടെ വിശ്വാസ രഹസ്യങ്ങളെ ക്കുറിച്ചുള്ള ധ്യാനത്തിന്റെ ഒരു നിരന്തര ഉറവിടമായി ഈ പ്രാര്‍ഥനയെ കാണുന്നു.

 "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുമ്പോഴെല്ലാം  നമ്മുടെ ലഘു പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു എന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്. നീതിമാന്‍ ഒരു ദിവസം ഏഴു പ്രാവശ്യം വീഴുന്നു; എന്നാല്‍ കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ഥനയില്‍ നീതിമാനായ വ്യക്തി ഏഴ് അപേക്ഷകള്‍ കണ്ടെത്തും. അവ ആ വ്യക്തിയെ വീഴ്ച കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.   നമ്മുടെ കര്‍ത്താവ്‌,    നാം  എത്രമാത്രം   ദുര്‍ബലരും നിസ്സഹായരുമാണെന്നും എത്രയധികം ബുദ്ധിമുട്ടുകളിലാണ് അനുദിനം നാം ഉള്‍പ്പെടുന്നതെന്നും അറിഞ്ഞു കൊണ്ട് അവിടുത്തെ പ്രാര്‍ത്ഥന ചെറുതും ചൊല്ലുവാന്‍ എളുപ്പമുള്ളതും ആക്കിത്തീര്‍ത്തു. തന്നിമിത്തം, ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഇടയ്ക്കിടെ ചൊല്ലുന്നു വെങ്കില്‍ സര്‍വശക്തനായ ദൈവം നമ്മെ സഹായിക്കുവാന്‍ വേഗം വരുമെന്ന് നമുക്ക് ഉറപ്പാക്കാം.
                          
"സ്വഗ്ഗസ്ഥനായ പിതാവേ" എന്നു നാം  പറയുമ്പോള്‍ വിശ്വാസത്തിന്റേയും ആരാധനയുടേയും എളിമയുടേയും പ്രകരണങ്ങളാണ് നാം ചൊല്ലുന്നത്. അങ്ങയുടെ നാമം പൂജിതമാകണം, മഹത്വപ്പെടണം എന്നു നാം യാചിക്കുമ്പോള്‍  അവിടുത്തെ മഹത്വത്തിനു വേണ്ടിയുള്ള ഒരു ജ്വലിക്കുന്ന ഉത്സാഹം നാം പ്രകടമാക്കുന്നു. അവിടുത്തെ രാജ്യത്തിന്റെ വിസ്തൃതിക്കു വേണ്ടി നാം പ്രാത്ഥിക്കുമ്പോള്‍ പ്രത്യാശയുടെ പ്രകരണമാണ് നാം ചൊല്ലുന്നത്.

"അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണം" എന്ന ആഗ്രഹത്തിലൂടെ, സമ്പൂര്‍ണ്ണ അനുസരണത്തിന്റെ അരൂപിയാണ് നാം കാണിക്കുന്നത്. അന്നന്നു വേണ്ട ആഹാരം ചോദിച്ചുകൊണ്ട് ആത്മീയ ദാരിദ്ര്യവും ലൗകിക വസ്തുക്കളോടുള്ള വിരക്തിയും നാം പരിശീലിക്കുന്നു.
"ഞങ്ങളുടെ തെറ്റുകള്‍  ക്ഷമിക്കണമേ" എന്ന് അവിടുത്തോടു നാം യാചിക്കുമ്പോള്‍  പാപങ്ങളെ പ്രതിയുള്ള ഒരു ദുഃഖപ്രകരണമാണ് നാം ചൊല്ലുന്നത്. നമ്മോടു തെറ്റു ചെയ്യുന്നവരോടു ക്ഷമിച്ചുകൊണ്ട്, അത്യുന്നത നിലയിലുള്ള കാരുണ്യം എന്ന പുണ്യത്തിന്റെ തെളിവു നാം നല്‍കുന്നു.
നമ്മുടെ എല്ലാ പ്രലോഭനങ്ങളിലും ദൈവത്തിന്റെ സഹായം ചോദിക്കുന്നതിലൂടെ, എളിമയുടെയും വിവേകത്തിന്റേയും സഹനശക്തിയുടേയും പ്രകരണങ്ങളും നാം കാഴ്ച വയ്ക്കുന്നു. തിന്മയില്‍  നിന്നും നമ്മെ രക്ഷിക്കുവാന്‍  അവിടുത്തേക്കു വേണ്ടി നാം കാത്തു നിക്കുമ്പോള്‍  ക്ഷമ എന്ന പുണ്യം നാം പരിശീലിക്കുന്നു.
ചുരുക്കത്തില്‍ , ഇക്കാര്യങ്ങള്‍ക്കെല്ലാം വേണ്ടി നാം പ്രാത്ഥിക്കുമ്പോള്‍  (നമുക്കുവേണ്ടി മാത്രമല്ല, നമ്മുടെ അയല്‍ക്കാരനും സഭയിലെ എല്ലാ അംഗങ്ങള്‍ക്കുംവേണ്ടി) ദൈവത്തിന്റെ യഥാര്‍ത്ഥ മക്കള്‍  എന്ന നിലയിലുള്ള നമ്മുടെ കടമ നാം നിര്‍വഹിക്കുകയാണ്. സകല മനുഷ്യരേയും ആശ്ളേഷിക്കുന്ന അവിടുത്തെ സ്നേഹത്തില്‍   നാം അവിടുത്തെ അനുകരിക്കയാണ്; അയല്‍ക്കാരനെ സ്നേഹിക്കണമെന്ന കല്‍പ്പന നാം പാലിക്കയുമാണ്.

(From "The Secret of the Rosary" by St. Louis De Montfort)