ജാലകം നിത്യജീവൻ: ധനമോഹിയായ മനുഷ്യൻ

nithyajeevan

nithyajeevan

Saturday, October 29, 2011

ധനമോഹിയായ മനുഷ്യൻ

      അമിതമായ ധനമോഹത്തെക്കുറിച്ചുള്ള   ഈശോയുടെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ,   ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ മുന്നോട്ടുവന്നു പറയുന്നു; "ഞാൻ ഒരു ശിഷ്യനല്ല; എങ്കിലും ഞാൻ  നിന്നെ ബഹുമാനിക്കുന്നു. എന്റെ ഈ ചോദ്യത്തിനു മറുപടി തരിക. 'വേറൊരാളുടെ പണം കൈവശം വച്ചുകൊണ്ടിരിക്കുന്നത് നീതിയാണോ?'

                             "അല്ല. വഴിപോക്കന്റെ പണസഞ്ചി തട്ടിപ്പറിച്ചെടുക്കുന്നതുപോലെയുള്ള അപഹരണമാണത്."

"കുടുംബത്തിന്റെ പണമാണെങ്കിലും അങ്ങനെ തന്നെയാണോ?"

"തീർച്ചയായും. എല്ലാവർക്കും കൂടെയുള്ള പണം ഒരാൾ കൈക്കലാക്കുന്നതു ശരിയല്ല."

"എങ്കിൽ ഗുരുവേ, എന്റെ കൂടെ ആബൻമായിമിലേക്കു വരിക. ഡമാസ്കസിലേക്കുള്ള വഴിയിലാണത്. പിതൃസ്വത്തിൽ എനിക്കുള്ള വീതം തരാൻ എന്റെ സഹോദരനോടു  കൽപ്പിക്കുക. എന്റെ അപ്പൻ മരണപത്രിക എഴുതാതെ മരിച്ചുപോയി. എന്റെ സഹോദരൻ സ്വത്തു മുഴുവൻ കൈക്കലാക്കി. ഞങ്ങൾ ഇരട്ട പിറന്ന സഹോദരന്മാരാണ്. ഞങ്ങൾ രണ്ടു പേർ മാത്രമേ മക്കളായിട്ടുള്ളൂ; അവനുള്ള അവകാശം തന്നെ എനിക്കുമുണ്ട്."

ഈശോ അവനെ നോക്കിക്കൊണ്ട് പറയുന്നു: "ഇത് വേദനയുളവാക്കുന്ന ഒരു ചുറ്റുപാടാണ്. നിന്റെ സഹോദരൻ തീർച്ചയായും നന്നായിട്ടല്ല പെരുമാറുന്നത്. എന്നാൽ എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിനക്കു വേണ്ടിയും അവനു വേണ്ടിയും പ്രാർത്ഥിക്കുക മാത്രമാണ്.  അവനു വ്യത്യാസം വരാനും  എനിക്കു നിങ്ങളുടെ നാട്ടിൽ വന്നു സുവിശേഷം പ്രസംഗിക്കുന്നതിന് ഇടയാകാനും അങ്ങനെ അവന്റെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്നതിനുമായി പ്രാർത്ഥിക്കാം. നിങ്ങളുടെയിടയിൽ സമാധാനം സ്ഥാപിക്കാൻ കഴിയുമെങ്കിൽ നടപ്പ് എനിക്കൊരു പ്രശ്നമല്ല."

ആ മനുഷ്യന് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല. അയാൾ പൊട്ടിത്തെറിക്കുന്നു; "വാക്കുകൾ കൊണ്ട് എന്തു പ്രയോജനം? ഇക്കാര്യത്തിൽ വാക്കുകളൊന്നും പോരാ."

"നിന്റെ സഹോദരനോടു് കൽപ്പിക്കണമെന്നു നീ പറഞ്ഞില്ലേ? സുവിശേഷം പ്രഘോഷിക്കുന്നത് കൽപ്പനയല്ല. കൽപ്പനയോടു കൂടി എപ്പോഴും ശിക്ഷയും കാണും."

"എനിക്ക് അർഹമായതു തന്നില്ലെങ്കിൽ ശിക്ഷയുണ്ടാകുമെന്ന് അവനോടു പറയണം. നിനക്കതു ചെയ്യാൻ കഴിയും. ആരോഗ്യം നൽകുന്നതുപോലെ രോഗം വരുത്താനും നിനക്കു കഴിയും. അവന് രോഗമുണ്ടാകുമെന്നു പറഞ്ഞ് പേടിപ്പിക്കണം. എങ്കിലേ അവൻ തരൂ.."

"മനുഷ്യാ, ഞൻ വന്നത് ശിക്ഷിക്കാനല്ല; മാനസാന്തരം വരുത്തുന്നതിനാണ്. എന്റെ വാക്കുകൾ നിനക്കു വിശ്വസിക്കാൻ കഴിയുമെങ്കിൽ സമാധാനമുണ്ടാകും."
 "ഏതു വാക്കുകൾ?"
"ഞാൻ നിന്നോടു പറഞ്ഞുവല്ലോ, നിനക്കും നിന്റെ സഹോദരനും വേണ്ടി പ്രാർത്ഥിക്കാമെന്ന്. നിനക്കു സമാധാനമുണ്ടാകാനും അവന് മാനസാന്തമുണ്ടാകാനുമായി."
"എന്തു വിവരക്കേടാ പറയുന്നത്! ഇതു വിശ്വസിക്കാൻ ഞാനത്ര വിഡ്ഡിയൊന്നുമല്ല. വന്ന് അവനോടു കൽപ്പിക്കുക."

ഇത്രയും സമയം വിനയാന്വിതനായി, ക്ഷമയോടെ സംസാരിച്ച ഈശോ, ശക്തിയും കാർക്കശ്യവുമുള്ളവനായി മാറുന്നു. ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്ന ആ കരുത്തനായ മനുഷ്യനോടു് കുനിഞ്ഞ് സംസാരിച്ച ഈശോ, നേരെ നിവർന്നു നിന്നുകൊണ്ടു ചോദിക്കുന്നു: "നിങ്ങളുടെ വിധിയാളനോ മദ്ധ്യസ്ഥനോ ആയി എന്നെ നിയമിച്ചതാരാണ്? ആരുമല്ല. എന്നാൽ  രണ്ടു സഹോദരന്മാർ തമ്മിൽ തെറ്റിപ്പിരിയാതിരിക്കാൻ അവിടം വരെ വരാൻ ഞാൻ  മനസ്സായി. രക്ഷകനും രമ്യതയുളവാക്കുന്നവനും എന്നുള്ള എന്റെ ദൗത്യം നിർവ്വഹിക്കാൻ ഞാനാഗ്രഹിച്ചു. എന്റെ വാക്കുകൾ നീ വിശ്വസിച്ചിരുന്നെങ്കിൽ നീ തിരിച്ചു്
ആബൻമായിമിലെത്തുമ്പോൾ നിന്റെ സഹോദരനിൽ വ്യത്യാസം വന്നുവെന്നു നീ കാണുമായിരുന്നു. പക്ഷേ, നീ വിശ്വസിക്കുകയില്ല. നിനക്ക് അത്ഭുതം കാണാനും കഴിയില്ല.   നിന്റെ സഹോദരൻ കയ്യടക്കി വച്ചിരിക്കുന്ന നിധി നിന്റെ കൈയിലാണു കിട്ടിയിരുന്നതെങ്കിൽ നീയും അവനിപ്പോൾ ചെയ്യുന്നതു തന്നെ ചെയ്യുമായിരുന്നു. നിന്റെ സഹോദരന് നീ കൊടുക്കുമായിരുന്നില്ല. നിനക്കും നിന്റെ സഹോദരനും ഒറ്റ സ്നേഹമേയുള്ളൂ; സ്വർണ്ണത്തോടുള്ള സ്നേഹം. ഒരു വിശ്വാസമേയുള്ളൂ; അതും സ്വർണ്ണം തന്നെ. നിന്റെ വിശ്വാസവും കൊണ്ടിരുന്നുകൊള്ളുക. നിനക്കു പോകാം."

ഈശോയെ ശപിച്ചുകൊണ്ട് ആ മനുഷ്യൻ പോകുന്നു. അത് ജനങ്ങൾക്ക് വലിയ ഇടർച്ചയായി. അവനെ ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

എന്നാൽ ഈശോ അതിനു വഴങ്ങാതെ പറയുന്നു: "അവൻ പൊയ്ക്കൊള്ളട്ടെ. ഒരു മൃഗത്തെച്ചൊല്ലി നിങ്ങളുടെ കൈകളെന്തിനു മലിനമാക്കണം? ഞാനവനോടു ക്ഷമിക്കുന്നു. സ്വർണ്ണത്തിന്റെ സാത്താൻ അവനെ വഴിതെറ്റിച്ചിരിക്കയാണ്. അവനിൽ പിശാച് ബാധിച്ചിരിക്കുന്നു. നിങ്ങളും അവനോടു ക്ഷമിക്കുക. നിർഭാഗ്യനായ ആ മനുഷ്യനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. സുന്ദരമായ ആത്മാവോടെ അവൻ വീണ്ടും  സ്വതന്ത്രനായ ഒരു മനുഷ്യനായിത്തീരട്ടെ!"