ഈശോ പറയുന്നു: "തടവുകാരെ വിധി ചെയ്യാതെ അവരോടു സഹതാപം കാണിക്കുവിൻ. എല്ലാ കൊലപാതകങ്ങളും മോഷണങ്ങളും ശിക്ഷിക്കപ്പെടുകയാണെങ്കിൽ ശിക്ഷയേൽക്കാത്ത സ്ത്രീപുരുഷന്മാരുടെ എണ്ണം വളരെക്കുറവായിരിക്കും. ഗർഭം ധരിച്ചിട്ട് അവരുടെ ഉദരഫലത്തിനു ജന്മം കൊടുക്കാനാഗ്രഹിക്കാത്ത അമ്മമാരെക്കുറിച്ച് എന്താണു പറയേണ്ടത്? അവരെ നമുക്കു് അവരുടെ ശരിക്കുള്ള പേരു വിളിക്കാം - കൊലപാതകികൾ! മറ്റുള്ളവരുടെ സൽപ്പേരും സ്ഥാനവും മോഷ്ടിക്കുന്ന പുരുഷന്മാരെ എന്താണു വിളിക്കേണ്ടത്? അവർ ആയിരിക്കുന്നതെന്തോ അതു വിളിച്ചാൽ മതി - കവർച്ചക്കാർ! വ്യഭിചാരം ചെയ്യുന്ന സ്ത്രീകളുടേയും പുരുഷന്മാരുടെയും പേരെന്താണ്? മറ്റുള്ളവരെ കൊല്ലാൻ, അഥവാ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ബന്ധുക്കളെ പീഡിപ്പിക്കുന്നവരെ എന്തു പേരാണ് വിളിക്കുന്നത്?
കൊലയാളികള്‍! ഇങ്ങനെ നോക്കിയാൽ നാം കുറ്റവാളികളുടെ ഇടയിലാണു ജീവിക്കുന്നതെന്നു മനസ്സിലാകും. എന്നാൽ അതേക്കുറിച്ച് ഒരു വിഷമവും നമുക്കില്ല. ദൈവത്തിന്റെ കരം, മനുഷ്യന്റെ നെറ്റിത്തടത്തിൽ, അവൻ യഥാർത്ഥത്തിൽ എന്താണോ അത് എഴുതുന്നു എന്നു കരുതുക. അപ്പോൾ നിർദ്ദോഷി എന്ന പേരു് എഴുതപ്പെടുന്നവർ വളരെ വിരളമായിരിക്കും. മറ്റ് നെറ്റിത്തടങ്ങളിലെല്ലാം കാണപ്പെടുന്നത് വ്യഭിചാരി, കൊലപാതകി. മോഷ്ടാവ് എന്നിങ്ങനെയായിരിക്കും. അവ അസൂയയുടെ പച്ചനിറത്തിലോ വഞ്ചനയുടെ കറുപ്പുനിറത്തിലോ കുറ്റകൃത്യങ്ങളുടെ ചുവപ്പു നിറത്തിലോ ഉള്ള അക്ഷരങ്ങളിലായിരിക്കും എഴുതപ്പെടുക.
അതുകൊണ്ട് ഒട്ടും അഹങ്കാരികളാകാതെ തടവുകാരായ സഹോദരങ്ങളോടു കരുണയുള്ളവരായിരിക്കുവിൻ.
കുറ്റവാളിക്കും തടവുകാരനും അവന്റെ സഹോദരങ്ങളുടെ സ്നേഹം ലഭിക്കട്ടെ. അത് അന്ധകാരത്തിലെ പ്രകാശമായിരിക്കും. കരുണയുള്ള ദൈവത്തെക്കാണാൻ പ്രകാശം ഇടവരുത്തുന്നു."