ജാലകം നിത്യജീവൻ: കാരുണ്യത്തിന്റെ പ്രവൃത്തികൾ

nithyajeevan

nithyajeevan

Thursday, October 20, 2011

കാരുണ്യത്തിന്റെ പ്രവൃത്തികൾ

            ഈശോ കൊറാസിം സമതലത്തിലാണ്. അപ്പസ്തോലന്മാരും ശിഷ്യരുമടങ്ങുന്ന ചെറിയ ഗണത്തോടാണ് ഈശോ സംസാരിക്കുന്നത്. ശിഷ്യരുടെ കൂട്ടത്തിൽ ഗമാലിയേലിന്റെ ശിഷ്യരായിരുന്ന സ്റ്റീഫൻ, ഹെർമാസ് എന്നിവരും കുഷ്ഠരോഗത്തിൽ നിന്ന് ഈശോ സുഖപ്പെടുത്തിയ പുരോഹിതനായ ജോൺ,  സുവിശേഷഭാഗ്യങ്ങളുടെ മലയിൽ  ഈശോയെ ശ്രവിക്കാനെത്തിയ നിയമജ്ഞനായ ജോൺ തുടങ്ങിയവരുമുണ്ട്.     ഈശോ പറയുന്നു:   "സമാധാനം
 നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ.  ശ്രദ്ധിച്ചു കേൾക്കുക. കുറെക്കാലം മുമ്പ് ഒരു മനുഷ്യൻ എന്നോടു ചോദിച്ചു, പാപികളോട് ദൈവത്തിനു കരുണയുണ്ടോ, എത്രമാത്രം കരുണയുണ്ട് എന്ന്. ആ ചോദ്യം ചോദിച്ചയാൾ ഒരു പാപിയായിരുന്നു. അവന്റെ പാപം ക്ഷമിക്കപ്പെട്ടിരുന്നുവെങ്കിലും ദൈവം അവനോടു
പൂർണ്ണമായും ക്ഷമിച്ചുവെന്ന് വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല. ഉപമകളിൽക്കൂടി ഞാൻ അവന്റെ ഉത്ക്കണ്ഠ ശമിപ്പിച്ചു. (ധൂർത്തപുത്രന്റെ ഉപമ ഇയാൾക്കു വേണ്ടിയാണ് ഈശോ പറഞ്ഞത്) വഴിതെറ്റിപ്പോയ ഒരു കുട്ടി കരയുന്നതുപോലെ അവന്റെ ഹൃദയം അനുതാപത്താൽ കരയുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലിരിക്കുന്ന അവന്റെ പിതാവിന്റെ സ്വത്തായി അവൻ തീർന്നുകഴിഞ്ഞിരിക്കുന്നു എന്ന ബോധം അവനു നൽകാനായി ഞാനിപ്പോൾ കരുണയെക്കുറിച്ച് നിങ്ങളോടു  സംസാരിക്കാം.

ദൈവം സ്നേഹമായതിനാൽ അവൻ കരുണയാണ്. ദൈവത്തെ അനുകരിക്കുന്നതിനായി ദൈവത്തിന്റെ ഒരു ദാസൻ കരുണയുള്ളവനായിരിക്കണം.വഴിതെറ്റിപ്പോയിട്ടുള്ള മക്കളെ തന്നിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനായി ദൈവം കരുണ ഉപയോഗപ്പെടുത്തുന്നു. തെറ്റായി നയിക്കപ്പെടുന്ന മനുഷ്യരെ തിരിച്ചു് ദൈവത്തിലേക്കു കൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായി കാരുണ്യത്തെ ദൈവത്തിന്റെ ദാസർ ഉപയോഗപ്പെടുത്തണം.
സ്നേഹത്തിന്റെ നിയമം എല്ലാവർക്കും നൽകിയിരിക്കുന്ന ഒരു നിർബ്ബന്ധിത നിയമമാണ് എങ്കിൽ, ദൈവശുശ്രൂഷയ്ക്ക് അതു മൂന്നിരട്ടി നിർബ്ബന്ധമാണ്. സ്നേഹിക്കാതെ ഒരുവനും സ്വർഗ്ഗം പിടിച്ചടക്കുകയില്ല. വിശ്വാസികളോട് ഇത്രയുമൊക്കെ പറയേണ്ട  ആവശ്യമേയുള്ളൂ. എന്നാൽ ദൈവശുശ്രൂഷകരോടു ഞാൻ പറയുന്നു, നിങ്ങൾ വിശ്വാസികളെ പരിപൂർണ്ണ സ്നേഹത്താൽ സ്നേഹിക്കുന്നില്ലെങ്കിൽ  സ്വർഗ്ഗം പിടിച്ചെടുക്കാൻ  അവരെ പ്രാപ്തരാക്കുന്നതിന് നിങ്ങൾക്കു കഴിവുണ്ടാകയില്ല. എന്റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങൾ ആരാണ്? നിങ്ങളിൽ ഒട്ടുമുക്കാലും പരിപൂർണ്ണതയുടെ ജീവിതം ലക്ഷ്യമാക്കിയിട്ടുള്ള ദൈവമക്കളാണ്. ദൈവത്തിന്റെ ശുശ്രൂഷിയും ക്രിസ്തുവിന്റെ ദാസനും എന്നുള്ള ഭാഗ്യപ്പെട്ട, എന്നാൽ വിഷമമേറിയതും അതേസമയം പ്രഭാമയവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇപ്രകാരം ദൈവദാസരും ശുശ്രൂഷികളുമാകുന്നവരുടെ ചുമതലകൾ എന്തെല്ലാമാണ്?  ദൈവത്തോട് പരിപൂർണ്ണ സ്നേഹം; അയൽക്കാരനോടും പരിപൂർണ്ണ സ്നേഹം...  നിങ്ങളുടെ ലക്ഷ്യം സേവനം ചെയ്യുക എന്നതാണ്. എങ്ങനെ സേവനം ചെയ്യും?  ദൈവത്തിൽ നിന്ന്, ലോകം, പിശാച്, മാംസം എന്നിവയാൽ മോഷ്ടിക്കപ്പെട്ടവരെ ദൈവത്തിന്റെ പക്കലേക്ക് തിരിച്ചുകൊണ്ടുചെന്നാണ് നിങ്ങൾ സേവനം ചെയ്യുന്നത്. ഏത് മാർഗ്ഗത്തിലൂടെ?  സ്നേഹത്തിലൂടെ.... സ്നേഹത്തിന് ഒരായിരം വിധത്തിൽ പ്രവർത്തിക്കുവാനറിയാം! സ്നേഹത്തിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ; സ്നേഹിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുക.

നമുക്കു് നമ്മുടെ സുന്ദരമായ ജോർദ്ദാൻ നദിയുടെ കാര്യം തന്നെയെടുക്കാം. ജറീക്കോയിലെത്തുമ്പോൾ എത്ര ഗംഭീരമായ നദി... എന്നാൽ ആരംഭത്തിൽ അത് അങ്ങനെയായിരുന്നോ? അല്ല. അത് വെറും ഇറ്റിറ്റു വീഴുന്ന വെള്ളം മാത്രമായിരുന്നു. അതു മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അത്  എപ്പോഴും അങ്ങനെതന്നെ ആയിരിക്കുമായിരുന്നു. നേരെമറിച്ച് ആയിരക്കണക്കിനു പോഷകഅരുവികൾ ഇരുവശങ്ങളിലുമുള്ള
പർവതങ്ങളിൽ നിന്നും കുന്നുകളിൽ നിന്നും  ഒറ്റയായും കൂട്ടമായും ഒഴുകി അതിനോടു ലയിച്ചു് ഒരു വലിയ നദിയായി അത് ഒഴുകുന്നു.

സ്നേഹം ഇങ്ങനെയാണ്. ആദ്യം അതൊരു ചെറിയ ചോലയാണ്. ജീവന്റെ പാതയിലുള്ള ശിശുക്കളുടെ ഇടയിലൂടെ അത് ഒഴുകുന്നു. ഈ ശിശുക്കൾ, ഭയം നിമിത്തം മാരകമായ പാപങ്ങൾ ചെയ്യാതെ അവയിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാൽ തുടർന്ന്
പരിപൂർണ്ണതയുടെ പാതയിലൂടെ അവർ മുന്നേറുമ്പോൾ ഈ സുകൃതത്തിന്റെ അനേകം
ചെറുചോലകൾ,  മനുഷ്യസമൂഹമാകുന്ന പരുപരുത്ത, വരണ്ട, അഹങ്കരിക്കുന്ന, ക്രൂരതയുള്ള പർവതങ്ങളിൽ നിന്നു പ്രത്യക്ഷപ്പെടുന്നു; അതു  നിറഞ്ഞുയരാൻ എല്ലാക്കാര്യങ്ങളും സഹായിക്കുന്നു; ദുഃഖങ്ങള്‍, സന്തോഷം എല്ലാം അതിനെ പോഷിപ്പിക്കും.

എളിമയും അതുപോലെ പശ്ചാത്താപവും എല്ലാം ആദ്യത്തെ അരുവിയിലേക്ക്  -  സ്നേഹത്തിന്റെ  അരുവിയിലേക്ക് - നയിക്കപ്പെടുന്നു. വളരെ ചെറുതായി രൂപംകൊണ്ട സ്നേഹത്തിന്റെ ആ അരുവിയെ പോഷിപ്പിക്കുന്ന ചോലകൾ പുണ്യങ്ങൾ മാത്രമല്ല, പുണ്യങ്ങൾ മനുഷ്യരെ പഠിപ്പിക്കുന്ന സൽകൃത്യങ്ങളും കൂടെയാണ്. സ്നേഹത്തിന്റെ ചോലകളായതിനാൽ അവ കാരുണ്യത്തിന്റെ പ്രവൃത്തികളായിരിക്കും. ചിലതെല്ലാം ഇസ്രായേലിനുമറിയാം; ചിലതെല്ലാം ഞാൻ നിങ്ങളെ പഠിപ്പിക്കും. കാരണം എന്റെ നിയമം സ്നേഹത്തിന്റെ  പൂർണ്ണതയാണ്.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക

ഇത് കൃതജ്ഞതയുടേയും സ്നേഹത്തിന്റെയും പ്രവൃത്തിയാണ്. അനുകരിക്കേണ്ട ഒരു കടമയും. കുട്ടികൾക്കാവശ്യമായ അപ്പം അവരുടെ അപ്പൻ നേടിക്കൊടുക്കുന്നതിനാൽ മക്കൾ അപ്പനോടു നന്ദിയുള്ളവരാണ്. അവർ വളർന്നു വലുതായിക്കഴിയുമ്പോൾ അവരുടെ മക്കൾക്കും പ്രായാധിക്യത്താൽ ഇപ്പോൾ ജോലി ചെയ്യാൻ കഴിവില്ലാത്ത അപ്പനും ഭക്ഷണം സമ്പാദിച്ചു കൊടുക്കുന്നു. സ്വീകരിച്ച  നന്മയ്ക്ക് ഉചിതമായ സ്നേഹം നിറഞ്ഞ പ്രതിഫലം. നാലാം പ്രമാണം ഇപ്രകാരമാണു പറയുന്നത്; "നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക." അവരുടെ പ്രായാധിക്യത്തെ ബഹുമാനിക്കേണ്ടത് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടാണ്.  ഭക്ഷണത്തിനായി മറ്റുള്ളവരോടു യാചിക്കേണ്ട ആവശ്യം ഉണ്ടാക്കാനിടയാകരുത്. എന്നാൽ നാലാം പ്രമാണത്തിനു മുമ്പു വരുന്ന ഒന്നാമത്തെ പ്രമാണം, നിന്റെ സർവ്വശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുക എന്നും രണ്ടാമത്തെ പ്രമാണം നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നും പഠിപ്പിക്കുന്നു. എത്രയോ പ്രാവശ്യം  അത്ഭുതം  ചെയ്ത്  ദൈവം  മനുഷ്യന്റെ  വിശപ്പു തീർത്തിട്ടുണ്ടെന്നോർത്തുകൊണ്ട് വിശക്കുന്നവർക്ക് ആഹാരം കൊടുക്കുമ്പോൾ ഒരുവൻ ദൈവത്തെ സ്നേഹിക്കുകയാണ് ചെയ്യുന്നത്."