ജാലകം നിത്യജീവൻ: സമൂഹപ്രാർത്ഥനയുടെ ശക്തി

nithyajeevan

nithyajeevan

Sunday, October 9, 2011

സമൂഹപ്രാർത്ഥനയുടെ ശക്തി


പരിശുദ്ധ ജപമാല  ചൊല്ലുന്നതിന് പല രീതികളുണ്ട്. എന്നാൽ സർവ്വശക്തനായ ദൈവത്തിന്  ഏറ്റവുമധികം മഹത്വം നൽകുന്നതും നമ്മുടെ ആത്മാവിന് ഏറ്റം പ്രയോജനപ്രദവും മറ്റേതൊരു രീതിയേക്കാൾ കൂടുതൽ പിശാച് ഭയപ്പെടുന്നതും പരസ്യമായി, രണ്ടു സമൂഹമായി ജപമാല ചൊല്ലുന്നതിനെയാണ്. 
കാരണം സമൂഹപ്രാർത്ഥനയിൽ ഒരു സൈന്യമാണ് അവനെ ആക്രമിക്കുന്നത്. പിശാചിന് പലപ്പോഴും ഒരു വ്യക്തിയുടെ പ്രാർത്ഥനയെ കീഴടക്കാനാകും. എന്നാൽ ഒരു സമൂഹത്തിന്റെ
പ്രാർത്ഥനയെ തകർക്കുവാൻ അവന് വളരെയേറെ ബുദ്ധിമുട്ടേണ്ടതുണ്ട്. ഒരു വടി ഒടിക്കുക എളുപ്പമാണ്. എന്നാൽ നിങ്ങളതിനെ മറ്റു വടികളോടു ചേർത്ത് വടികളുടെ ഒരു  കെട്ട് ആക്കുന്നുവെങ്കിൽ അത് ഒടിക്കാനാവില്ല. 'ഐകമത്യം മഹാബലം.'

മനുഷ്യർ പ്രാർത്ഥനയിൽ ഒരുമിച്ചു കൂടുന്നത് സർവ്വശക്തനായ ദൈവത്തിനു് വളരെ പ്രീതികരമാണ്. മാലാഖമാരും വിശുദ്ധരും അവിരാമം അവിടുത്തെ സ്തുതിക്കുവാനായി ഒന്നിക്കുന്നു. അനേകം സമൂഹങ്ങളിൽ ഭൂമിയിലെ നീതിമാന്മാർ രാവും പകലും
സമൂഹപ്രാർത്ഥനയിൽ ഒന്നിച്ചു കൂടുന്നുണ്ട്. നമ്മുടെ കർത്താവു തന്നെ അവിടുത്തെ അപ്പസ്തോലന്മാർക്കും ശിഷ്യർക്കും സമൂഹപ്രാർത്ഥന വ്യക്തമായി ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ പേർ അവിടുത്തെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവർക്കു മദ്ധ്യേ താനുണ്ടായിരിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. (മത്തായി 18:20)


സമൂഹപ്രാർത്ഥനകൾ നമ്മുടെ ആത്മാവിന് ഏറെ ഉപകാരപ്രദമാണ്. കാരണം:

1. നാം തനിച്ചിരുന്ന് പ്രാർത്ഥിക്കുമ്പോഴെന്നതിനേക്കാൾ സമൂഹപ്രാർത്ഥനാസമയത്ത് 
നമ്മുടെ മനസ്സു് കൂടുതൽ 
 ജാഗരൂകമായിരിക്കും.
2. നാം സമൂഹമായി പ്രാർത്ഥിക്കുമ്പോൾ ആ സമൂഹത്തിലെ ഓരോരുത്തരുടേയും പ്രാർത്ഥന നാമെല്ലാവരുടേയും ഒരു വലിയ പ്രാർത്ഥനയാകുന്നു. തന്മൂലം ഒരാൾ നന്നായി
പ്രാർത്ഥിക്കുന്നില്ലെങ്കിൽ, കൂടുതൽ നന്നായി പ്രാർത്ഥിക്കുന്ന അതേ സമൂഹത്തിലെ മറ്റാരെങ്കിലും അയാളുടെ കുറവിനെ പരിഹരിച്ചുകൊള്ളും. ഇപ്രകാരം ശക്തന്മാർ ബലഹീനരെ പിന്താങ്ങുന്നു; തീക്ഷ്ണമതികൾ മന്ദോഷ്ണരായവരെ ഉൽസുകരാക്കുന്നു;  സമ്പന്നര്‍ ദരിദ്രരെ സമ്പന്നരാക്കുന്നു;
 മോശമായവർ നല്ലവരായി എണ്ണപ്പെടുന്നു. (എങ്ങനെയാണ് ഒരു മാത്ര പതിര് വിൽക്കാനാവുക? അതിനെ നാലോ അഞ്ചോ വീപ്പ ഗോതമ്പുമായി കലർത്തിക്കൊണ്ട് എളുപ്പത്തിൽ ഇതു ചെയ്യാം.)
 

3. തനിച്ചു ജപമാല ചൊല്ലുമ്പോൾ ഒരു ജപമാലയുടെ മാത്രം യോഗ്യത നേടുന്നു. എന്നാൽ മറ്റ്  30 ആളുകളുടെ കൂടെച്ചേർന്ന് ജപമാല ചൊല്ലുന്നുവെങ്കിൽ ആ വ്യക്തി 30 ജപമാലകളുടെ യോഗ്യത നേടുന്നു. ഇതാണ് സമൂഹപ്രാർത്ഥനയുടെ നിയമം. എത്ര ലാഭകരവും പ്രയോജനപ്രദവുമാണിത്!

(From 'The Secret of The Rosary" by St.Louis De Montfort)