ജാലകം നിത്യജീവൻ: വിളക്കുകളുടെ ഉപമ

nithyajeevan

nithyajeevan

Tuesday, October 18, 2011

വിളക്കുകളുടെ ഉപമ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം ബഥനിയിലെ ലാസ്സറസ്സിന്റെ ഭവനത്തിലാണ്. ശിഷ്യരുടെ അപേക്ഷപ്രകാരം ഈശോ സുന്ദരമായ ഈ ഉപമ പറയുന്നു.

"കേള്‍ക്കൂ, ഒരു മനുഷ്യന്‍ ഒരു തിരുനാള്‍ദിവസം കര്‍ത്താവിനെ ബഹുമാനിക്കുന്നതിനായി രണ്ടു വിളക്കുകള്‍  കത്തിക്കണമെന്ന് നിശ്ചയിച്ചു. അയാള്‍  ഒരേ വലിപ്പമുള്ള രണ്ട് പാത്രങ്ങള്‍  എടുത്തു. രണ്ടിലും ഒരേ എണ്ണ ഒരേ അളവില്‍ ഒഴിച്ചു; ഒരുപോലെയുള്ള തിരിയിട്ടു. ഒരേസമയത്ത് കത്തിച്ചു. അയാള്‍  ജോലിചെയ്യുന്ന സമയത്ത് ആ തിരികള്‍  കത്തിജ്ജ്വലിച്ചു പ്രാര്‍ത്ഥിക്കട്ടെ എന്നു നിശ്ചയിച്ചു.
കുറച്ചുസമയം കഴിഞ്ഞ് അയാള്‍  തിരിച്ചുചെന്ന് വിളക്കുകള്‍  കത്തുന്നതു നോക്കി. ഒരു വിളക്ക് നന്നായി കത്തുന്നുണ്ടായിരുന്നു. മറ്റേതിന് ഒരു ചെറിയ ജ്വാല മാത്രം. അതിന്റെ തിരിക്കെന്തെങ്കിലും തകരാർ കാണുമെന്നു കരുതി അയാൾ അതു പരിശോധിച്ചു. ഒരു കുഴപ്പവുമില്ല. പക്ഷേ അത് മറ്റേതിനെപ്പോലെ പ്രകാശിക്കുന്നില്ല. മറ്റേത് നല്ല ജ്വാലയോടെ ഒരു നാവെന്നപോലെ തത്തിക്കളിക്കുന്നു. ആവേശത്തോടെ കത്തുന്ന അതിന് ഒരു മൂളലുള്ളതുപോലെയും തോന്നി. ഈ വിളക്ക് തീര്‍ ച്ചയായും അത്യുന്നതന്റെ സ്തുതികൾ പോലും പാടുന്നു. എന്നാല്‍  മറ്റേതോ? അതിനെ നോക്കൂ! കര്‍ത്താവിനെ ബഹുമാനിക്കുന്നത് അതിന് ഒരു ഭാരമെന്ന പോലെ തോന്നിക്കുന്നു. അതിന്റെ തീക്ഷ്ണത എത്ര അല്‍ പ്പം? അവന്‍  തന്റെ ജോലിയിലേക്കു തിരിച്ചുപോയി.

അല്‍പ്പസമയം കഴിഞ്ഞ് അവന്‍  വീണ്ടും തിരിച്ചുപോയി വിളക്കുകള്‍  ശ്രദ്ധിച്ചു. ഒന്നിന്റെ ജ്വാല കുറേക്കൂടെ വലുതായി; മറ്റേത് കുറേക്കൂടെ ചെറുതാകയാണ് ചെയ്തത്. അത് അനങ്ങാതെ നിന്ന് ശാന്തമായി കത്തുന്നു. മറ്റേത് ഇളകുന്നു; പ്രകാശിക്കുന്നു. അയാൾ വീണ്ടും ജോലിയിലേക്കു തിരിച്ചുപോയി.

മൂന്നാം പ്രാവശ്യവും  അയാള്‍  വന്ന് വിളക്കുകള്‍  കത്തുന്നതു നോക്കി. അവ അപ്രകാരം തന്നെ. നാലാമത്തെ തവണ അയാൾ വന്നപ്പോള്‍  മുറിയിലാകെ പുകയും മണവും കരിയും. പുകയ്ക്കുള്ളിലൂടെ, കത്തിനില്‍ക്കുന്ന ചെറിയ ജ്വാലയുള്ള വിളക്കു കാണാം. വിളക്കുകള്‍  വച്ചിരുന്ന തട്ടിലേക്ക് അയാള്‍  നോക്കി. ആദ്യം നന്നായി കത്തിയ വിളക്ക് ആകെ കറുത്ത് കരി പിടിച്ചിരിക്കുന്നു. അതിന്റെ ജ്വാലയടിച്ച് ഭിത്തിയിലും കരി പിടിച്ചു. മറ്റേ വിളക്ക്, അതിന്റെ ചെറുതെങ്കിലും സ്ഥിരമായ വെളിച്ചം കൊണ്ട് കര്‍ ത്താവിനെ ബഹുമാനിക്കയായിരുന്നു. വൃത്തികേടായതെല്ലാം വെടിപ്പാക്കാൻ അയാള്‍  ഒരുങ്ങുമ്പോള്‍  അയാളുടെയടുത്ത് ഒരു സ്വരം ഇങ്ങനെ പറയുന്നത് കേട്ടു: "എല്ലാം അതുപോലെ വിട്ടേയ്ക്കൂ. എന്നാൽ അവയെക്കുറിച്ച് ധ്യാനിക്കുക. അവ ഒരു പ്രതീകമാണ്. ഞാൻ, കര്‍ ത്താവാണ് സംസാരിക്കുന്നത്." ആ മനുഷ്യൻ തറയില്‍  സാഷ്ടാംഗം വീണു പ്രണമിച്ചു. വലിയ ഭയത്തോടെ അയാള്‍  പറഞ്ഞു; "ഞാൻ ബുദ്ധിഹീനനാണ്. ഓ! ജ്ഞാനമേ, എനിക്കു വിശദീകരിച്ചു തന്നാലും. വിളക്കുകളുടെ അടയാളമെന്ത്? നിന്നെ ബഹുമാനിക്കുന്നതിൽ ഉത്സാഹം കാണിച്ച വിളക്ക് നാശം വരുത്തി; മറ്റേത് സ്ഥിരമായി നിന്ന് പ്രകാശം തരുന്നു."

"ശരി, ഞാൻ പറയാം. മനുഷ്യരുടെ ഹൃദയങ്ങള്‍  ആ രണ്ടു വിളക്കുകള്‍  പോലെയാണ്. ആരംഭത്തില്‍  കത്തിജ്ജ്വലിക്കുന്നവരുണ്ട്. ആളുകള്‍  അവരെ നോക്കി വിസ്മയിക്കുന്നു. കാരണം അവരുടെ ജ്വാല പൂര്‍ ണ്ണവും സ്ഥിരവുമായി കാണപ്പെട്ടു. നേരിയ പ്രകാശമുള്ളവരുണ്ട്. അവര്‍  ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. കര്‍ ത്താവിനെ ബഹുമാനിക്കുന്നതില്‍  മന്ദതയുള്ളവരാണവര്‍  എന്നു തോന്നിക്കുകയും ചെയ്യുന്നു. എന്നാൽ ആദ്യത്തെ കൂട്ടര്‍, ഒന്ന്,രണ്ട്, മൂന്ന്, മൂന്നാമത്തെതിന്റെയും നാലാമത്തെതിന്റെയും മിന്നലിനിടയ്ക്ക് ആപത്തുണ്ടാക്കിയശേഷം കെട്ടുപോകുന്നു. അവര്‍  കര്‍ത്താവിനു വേണ്ടിയല്ല, മനുഷ്യർക്കുവേണ്ടിയാണ് കത്തിജ്ജ്വലിച്ചത്. അവരുടെ അഹങ്കാരം അൽപ്പസമയത്തിനുള്ളിൽ അവരെ വിഴുങ്ങിക്കളഞ്ഞു. മറ്റേ കൂട്ടർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. ദൈവത്തെ ബഹുമാനിക്കുക എന്നുള്ളതു തന്നെ. മനുഷ്യർ അവരെ സ്തുതിക്കുന്നുണ്ടോ എന്നു നോക്കാതെ, അവരെത്തന്നെ അവർ ദഹിപ്പിച്ചു; നീണ്ടുനില്‍ ക്കുന്ന ഒരു ജ്വാലയായിത്തീര്‍ ന്നു. പുകയോ ദുർഗന്ധമോ ഉണ്ടാക്കിയില്ല. സ്ഥിരമായി നിന്നുകത്തിയ വിളക്കിനെ അനുകരിക്കാൻ ശ്രമിക്കുക. അതാണ്‌ കർത്താവിനു പ്രീതികരമായത്.

ആ മനുഷ്യൻ ശിരസ്സുയർത്തി. അന്തരീക്ഷം ശുദ്ധമായി. സ്ഥിരമായി നിന്നുകത്തിയ ദീപം മാത്രമായി ഇപ്പോൾ. പരിശുദ്ധമായി, സ്ഥിരമായി നിന്ന് അതു കത്തി ദൈവത്തെ മഹത്വപ്പെടുത്തി. അതു കത്തുന്നത് അയാൾ ശ്രദ്ധിച്ചു. വ്യത്യാസം കൂടാതെ അനേകം മണിക്കൂറുകൾ കത്തിയശേഷം പുകയോ ദുർഗന്ധമോ കൂടാതെ ഒരു മിന്നൽ പോലെ അത് അണഞ്ഞു. നക്ഷത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാനായി അത്  ആകാശത്തിലേക്കുയർന്നതു പോലെ തോന്നി. അതിന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെയും കർത്താവിനെ വേണ്ടവിധത്തിൽ അത് ബഹുമാനിച്ചു.

ഇതാണ് ഉപമ. ഞാൻ ഗൗരവമായി പറയുന്നു; ആരംഭത്തില്‍  കത്തിജ്ജ്വലിക്കുന്നവര്‍  അനേകരാണ്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നവരാണിവര്‍. മനുഷ്യന്റെ പ്രവൃത്തിയുടെ പുറം മാത്രമാണ് ലോകം കാണുന്നത്. പിന്നീട്‌ അവർ കരിപിടിച്ച് പുകയുയര്‍ ത്തി സ്വയം മലിനമാക്കി നശിക്കുന്നു. ഞാൻ ഗൗരവമായി പറയുന്നു; അവർ കത്തിജ്ജ്വലിക്കുന്നത് ദൈവം വീക്ഷിക്കുന്നേയില്ല. കാരണം മാനുഷികമായ കാരണങ്ങളാലാണവര്‍  അഹങ്കാരത്തോടെ കത്തിജ്ജ്വലിക്കുന്നത്. രണ്ടാമത്തെ ദീപത്തെ അനുകരിക്കാൻ അറിയാവുന്നവർ ഭാഗ്യവാന്മാരാണ്. കരിപിടിക്കാതെ, തങ്ങളുടെ ഹൃദയത്തിന്റെ സ്ഥിരമായ സ്ധേഹം അവസാനമായി തുടിക്കുന്നതോടെ സ്വർഗ്ഗത്തിലേക്കുയരുന്നവര്‍."

അപ്പസ്തോലന്മാര്‍  പരസ്പരം പറയുന്നു; "എത്ര വാസ്തവം! എത്ര നല്ലത്! സ്വര്‍ഗ്ഗത്തിലേക്കുയരുന്ന ദീപങ്ങളാണോ നമ്മൾ എന്നറിഞ്ഞാല്‍ ക്കൊള്ളാമെന്നുണ്ട്."

യൂദാസ് കുത്തുവാക്കു പറയുന്നു; "നിങ്ങള്‍  സൂക്ഷിക്കണം മേരീ, ജോണേ നീയും. നിങ്ങളാണ് നമ്മുടെയിടയിലെ കത്തിജ്ജ്വലിക്കുന്ന ദീപങ്ങള്‍ .... നിങ്ങള്‍ക്കു് ഒരു തിന്മയും ഉണ്ടാകാതിരിക്കട്ടെ."

മഗ്ദലനാ മേരി അവനു മറുപടികൊടുക്കാൻ ഒരുങ്ങി. പക്ഷേ സംസാരിക്കാതിരിക്കാനായി അവള്‍  ചുണ്ടുകള്‍  കടിച്ചുപിടിച്ചു. അവള്‍  യൂദാസിനെ നോക്കുക മാത്രം ചെയ്യുന്നു. ജോണ്‍ ശാന്തനായി മറുപടികൊടുക്കുന്നു: "ഞാൻ എത്ര കഴിവില്ലാത്തവനാണ്. അതിനാൽ അതു സംഭവിക്കാൻ പാടുണ്ട്. എന്നാൽ കർത്താവിന്റെ സഹായത്തില്‍  ഞാൻ പ്രത്യാശ വയ്ക്കുന്നു. അവസാന നിമിഷം വരെയും നമ്മുടെ 
കര്‍ത്താവായ ദൈവത്തെ ബഹുമാനിക്കുന്നതിന് കത്തിജ്ജ്വലിക്കാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു."