ജാലകം നിത്യജീവൻ: 'പ്രാവുകളെപ്പോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിൻ

nithyajeevan

nithyajeevan

Wednesday, October 5, 2011

'പ്രാവുകളെപ്പോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിൻ

ഈശോ കഫർണാമിലാണ്. അപ്പസ്തോലന്മാരുമൊത്ത് അത്താഴം കഴിച്ചശേഷം വിശ്രമിക്കാനായി പോകുന്നതിനുമുൻപ് ദിവസത്തിലെ  അവസാനത്തെ പ്രബോധനം നൽകുന്നു.
"ശ്രദ്ധിച്ചുകേൾക്കൂ. നമ്മൾ പരദേശിയോട് നമ്മുടെ രഹസ്യങ്ങൾ പറയരുത് എന്നെഴുതപ്പെട്ടിരിക്കുന്നു. കാരണം അവന്റെ  സ്വഭാവം നമുക്കറിഞ്ഞുകൂടാ. എന്നാൽ നമ്മുടെ  സഹപൗരന്മാരുടെ ഹൃദയം തന്നെ നമുക്കറിയാമെന്നു പറയാൻ കഴിയുമോ? അഥവാ നമ്മുടെ സ്നേഹിതരുടെ ഹൃദയങ്ങൾ? അഥവാ നമ്മുടെ ബന്ധുക്കളുടെ ഹൃദയങ്ങൾ?  മനുഷ്യ ഹൃദയത്തെക്കുറിച്ച് പരിപൂർണ്ണ അറിവ് ദൈവത്തിനു മാത്രമേയുള്ളൂ.  സഹജീവികളായ മനുഷ്യരുടെ ഹൃദയം  അറിയാൻ ഒരു മാർഗ്ഗമേയുള്ളൂ. അവന്റെ പ്രവൃത്തിയിലും വാക്കിലും നമ്മുടെ സത്യസന്ധമായ വിധിതീർപ്പിലും അതടങ്ങിയിരിക്കുന്നു. നമ്മുടെ സത്യസന്ധമായ വിലയിരുത്തലിൽ, അയൽക്കാരന്റെ പ്രവൃത്തിയിലും വാക്കിലും യാതൊരു നന്മയും  ഇല്ലന്ന് കാണുകയാണെങ്കിൽ അപ്പോൾ നമുക്കു പറയാം; "ഈ മനുഷ്യന്  സത്യസന്ധമായ ഒരു ഹൃദയം  ഇല്ല. അതിനാൽ ഇയാളെ വിശ്വസിക്കരുത്" എന്ന്. എങ്കിലും സ്നേഹത്തോടെ അയാളോടു വർത്തിക്കണം. കാരണം അയാൾ ഏറ്റം ദയനീയസ്ഥിതിയിലെത്തിയിട്ടുള്ള നികൃഷ്ടനാണ്. ഏറ്റം വലിയ സന്തോഷമില്ലായ്മ അനുഭവിക്കുന്നവനാണ്. രോഗബാധിതമായ ഒരരൂപി. പക്ഷേ അയാളുടെ പ്രവൃത്തികളെ അനുകരിക്കരുത്. അയാളുടെ  ഉപദേശങ്ങൾ അൽപ്പംപോലും ശ്രവിക്കയുമരുത്. 
താഴെപ്പറയുന്ന അഹങ്കാരചിന്തകൾ കൊണ്ട് സ്വയം ഉപദ്രവിക്കരുത്. "എനിക്കു ശക്തിയുണ്ട്; മറ്റുള്ളവരുടെ തിന്മകളൊന്നും എന്നെ ബാധിക്കയില്ല. ഞാൻ നീതിനിഷ്ഠനാണ്; അനീതി കാട്ടുന്നവരോട് ഇടപെട്ടാലും ഞാൻ നീതിമാൻ തന്നെയായിരിക്കും." നന്മയുടേയും തിന്മയുടേയും ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു അഗാധ ഗർത്തമാണ് മനുഷ്യൻ. ആദ്യത്തെ ഘടകം, അതായത് ദൈവസഹായം, നമ്മെ നല്ലവരാകുവാനും രാജാക്കന്മാരാകുവാനും സഹായിക്കുന്നു. രണ്ടാമത്തെത്, അതായത്  തിന്മയുടെ ദുരാഗ്രഹങ്ങളും ചീത്ത കൂട്ടുകെട്ടുകളും കൂടുതൽ ദുഷ്ടരായിത്തീരുവാനും ക്രൂരമായി ഭരിക്കുവാനും സഹായിക്കുന്നു. തിന്മയുടെ  എല്ലാ ബീജങ്ങളും നന്മയുടെ എല്ലാ ആഗ്രഹങ്ങളും മനുഷ്യനിൽ ഒളിഞ്ഞുകിടപ്പുണ്ട്. ദൈവഹിതം നന്മയിലേക്ക് ആകർഷിക്കയും ആശ്വസിപ്പിക്കുകയും സ്നേഹിക്കയും ചെയ്യമ്പോൾ, സാത്താൻ പ്രലോഭിപ്പിക്കയും സ്വാധീനിക്കയും തിന്മയ്ക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. സാത്താൻ വഞ്ചിക്കയും ദൈവത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കയുമാണ്. ദൈവം എപ്പോഴും വിജയിക്കുന്നില്ല. കാരണം സൃഷ്ടികൾക്ക് വലിയ ഭാരമാണ്. ഭാരമായതുകൊണ്ട് താത്ക്കാലിക സംതൃപ്തിയും സന്തോഷവും നൽകുന്ന എന്തിനും  ആഗ്രഹിക്കയും അതിനു് സ്വയം താണുകൊടുക്കുകയും ചെയ്യുന്നു. അതായത്   മനുഷ്യന്റെ അധമപ്രവണതകൾക്ക് വഴങ്ങുന്നു.
മനുഷ്യന്റെ ബലഹീനതയെക്കുറിച്ച് നിങ്ങളോടു ഞാൻ  പറഞ്ഞതിൽനിന്നും നിങ്ങൾ മനസ്സിലാക്കണം സ്വയം  വിശ്വസിക്കരുതെന്നും അയൽക്കാരെ നന്നായി സൂക്ഷിച്ചുകൊള്ളണമെന്നും.  അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അശുദ്ധമായ മനസ്സാക്ഷിയുള്ളവന്റെ വിഷത്തോട് നിന്റെ ഉള്ളിൽ പൊന്തിവരുന്ന വിഷവും ചേർക്കുകയായിരിക്കും ചെയ്യുക. ഒരു  സ്നേഹിതൻ നിന്റെ ഹൃദയത്തെ നശിപ്പിക്കുന്നുവെന്ന് നീ മനസ്സിലാക്കുമ്പോൾ, അവന്റെ വാക്കുകൾ നിന്റെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുമ്പോൾ, ഉപദ്രവകരമായ ആ സ്നേഹം നീ ഉപേക്ഷിക്കണം.  ഉപേക്ഷിക്കാതിരുന്നാൽ അവസാനം നിന്റെ ആത്മാവ് നശിക്കുന്നതു കാണാൻ നിനക്കിടയാകും. മാരകമായ പാപം ചെയ്തിട്ടുള്ള ഓരോ മനുഷ്യനും, എങ്ങനെ അപ്രകാരമുള്ള പാപം ഉണ്ടായി എന്നുള്ളത് വ്യക്തമാക്കുവാൻ അവസരം ലഭിച്ചാൽ, എല്ലാവരും പറയുന്നത് ചീത്ത കൂട്ടുകെട്ടാണ് അതിന്റെ ആരംഭം എന്നായിരിക്കും.
കാരണം കൂടാതെ നിങ്ങളോടു കലഹിച്ചതിനുശേഷം സ്തുതികളും സമ്മാനങ്ങളും കൊണ്ട് നിങ്ങളെ മൂടുന്നവരെ വിശ്വസിക്കരുത്. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും സ്തുതിക്കുന്നവരെ, എല്ലാവരേയും എല്ലാറ്റിനേയും സ്തുതിക്കുന്നവരെ വിശ്വസിക്കരുത്. സൊറ പറഞ്ഞിരിക്കുന്നവരെ അദ്ധ്വാനിക്കുന്നവരെന്നും വ്യഭിചാരികളെ വിശ്വസ്തരായ ഭർത്താക്കന്മാരെന്നും അക്രമികളെ ശാന്തശീലരെന്നും അവർ വിളിക്കും. ഇങ്ങനെ അവർ ചെയ്യുന്നത് നിങ്ങളെ നശിപ്പിക്കുവാനും നിങ്ങളുടെ  അധഃപതനം വഴി അവരുടെ കുടിലമാർഗ്ഗങ്ങൾ ലക്ഷ്യത്തിലെത്തിക്കുവാനുമാണ്. സ്തുതികളും  വാഗ്ദാനങ്ങളും കൊണ്ട് നിങ്ങളെ  ലഹരി പിടിപ്പിക്കുന്നവരുടെ സാമീപ്യം നിങ്ങൾ  ഒഴിവാക്കുക. ലഹരിയില്ലാത്ത സമയത്ത് നിങ്ങൾ ചെയ്കയില്ലാത്ത കാര്യങ്ങൾ നിന്നെക്കൊണ്ട് ചെയ്യിക്കുവാനാണ് ഇങ്ങനെ നിന്നെ പുകഴ്ത്തുന്നത്. നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കട്ടെ. ഞാൻ  പറയുന്നു: 'പ്രാവുകളെപ്പോലെ  നിഷ്കളങ്കരായിരിക്കയും അതേസമയം സർപ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരായിരിക്കയും ചെയ്യുവിൻ എന്ന്. കാരണം വിശുദ്ധമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ നിഷ്കളങ്കത വിശുദ്ധമാണ്. എന്നാൽ  തന്നെത്തന്നെയും തന്റെ സ്നേഹിതരെയും നശിപ്പിക്കാതെ ലോകത്തിൽ ജീവിക്കണമെങ്കിൽ, വിശുദ്ധാത്മാക്കളെ വെറുക്കുന്നവരുടെ കൗശലങ്ങൾ കണ്ടുപിടിക്കാനുള്ള കുശാഗ്രബുദ്ധിയുമുണ്ടായിരിക്കണം. ലോകം പാമ്പുകളുടെ കൂടാണ്. ലോകത്തിന്റെയും അതിന്റെ രീതികളുടേയും നീക്കം നിങ്ങൾക്കറിയാമായിരിക്കണം. എന്നിട്ട് സർപ്പങ്ങൾ കിടക്കുന്ന കുഴികളിലല്ല, ഉയർന്ന പാറക്കെട്ടുകളുടെയിടയിൽ അഭയംതേടുന്ന പ്രാവുകളെപ്പോലെ  ഉയരത്തിൽ വസിക്കുവിൻ. ദൈവമക്കൾക്കുള്ള നിഷ്കളങ്കഹൃദയമുള്ളവരായിരിക്കുവിൻ. പ്രാർത്ഥിക്കുക; വീണ്ടും വീണ്ടും പ്രാർത്ഥിക്കുക; കാരണം  ഞാൻ ഗൗരവമായിപറയുന്നു, ആ വലിയ  സർപ്പം നിങ്ങളുടെ   ചുറ്റിലും ചീറ്റുന്നുണ്ട്. അതിനാൽ നിങ്ങൾ വലിയ ആപത്തിലാണ്. ജാഗ്രതയില്ലാത്തവർ നശിക്കും. അതെ, ശിഷ്യരിൽ ചിലർ നശിക്കും. സാത്താനു സന്തോഷവും ക്രിസ്തുവിന് അതിരില്ലാത്ത ദുഃഖവും ഉണ്ടാകും."


"അതാരായിരിക്കും കർത്താവേ? ഒരുപക്ഷേ നമ്മുടെ കൂടെയല്ലാത്ത വല്ലവരുമായിരിക്കും... പാലസ്തീനാക്കാർ ആരുമായിരിക്കയില്ല..."
"അത് അന്വേഷണവിധേയമാക്കേണ്ട. വലിയ അശുദ്ധിയുണ്ടാകും, ദേവാലയത്തിൽ അത് പ്രവേശിച്ചുകഴിഞ്ഞു എന്നെഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധസ്ഥലത്ത് പാപം ചെയ്യുക സാദ്ധ്യമാണെങ്കിൽ എന്റെ അനുയായികളിൽ ഒരു ഗലീലേയനോ യൂദായാക്കാരനോ പാപം ചെയ്യുവാൻ പാടില്ലേ? എന്റെ സ്നേഹിതരേ നിങ്ങൾ ജാഗ്രത പാലിക്കുവിൻ. നിങ്ങളെത്തന്നെയും മറ്റുള്ളവരേയും സൂക്ഷിക്കുക. മറ്റുള്ളവർ നിങ്ങളോടു് എന്തുപറയുന്നു എന്നത് സൂക്ഷിച്ചു മനസ്സിലാക്കുക. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോടു പറയുന്നത് ശ്രദ്ധിക്കുവിൻ. നിങ്ങൾക്കുതന്നെ ഒന്നും വ്യക്തമാകുന്നില്ലെങ്കിൽ എന്റെ പക്കൽ വരിക. കാരണം ഞാൻ പ്രകാശമാകുന്നു."
ജോണിന്റെ പിന്നിൽനിന്ന് പത്രോസ് പരിഭ്രമം കാണിക്കയും എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട്. ഒന്നും സമ്മതിക്കാതെ ജോൺ തലയാട്ടുന്നു. ഈശോ തിരിഞ്ഞപ്പോൾ അതുകണ്ടു. പത്രോസ്, താനൊന്നുമറിഞ്ഞില്ല എന്നു നടിക്കുകയും പോകുവാൻ ഭാവിക്കുകയും ചെയ്യുന്നു. ഈശോ എഴുന്നേറ്റു; ശാന്തമായി പുഞ്ചിരിതൂകി... പിന്നെ പ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥന  കഴിഞ്ഞ് എല്ലാവരേയും അനുഗ്രഹിച്ച് പറഞ്ഞയച്ചു.