ജാലകം നിത്യജീവൻ: October 2011

nithyajeevan

nithyajeevan

Monday, October 31, 2011

നല്ല സമരിയാക്കാരന്റെ ഉപമ

 ഈശോ ജറുസലേം ദേവാലയത്തിലാണ്. ഈശോയുടെ പ്രഭാഷണം കേൾക്കാന്‍ പതിവുള്ള ജനക്കൂട്ടത്തിനു പുറമേ ഏതാനും നിയമജ്ഞരും അറിയപ്പെടുന്ന റബ്ബിമാരുടെ ശിഷ്യരും എത്തിയിട്ടുണ്ട്.   ഗൗരവത്തോടെ ഈശോയെ  ശ്രവിച്ചുകൊണ്ടിരുന്ന ഒരു നിയമജ്ഞന്‍  ചോദിക്കുന്നു; "ഗുരുവേ, നിത്യജീവന്‍  പ്രാപിക്കുന്നതിന് ഞാന്‍  എന്തു ചെയ്യണം? മറ്റുള്ളവർക്ക് നീ മറുപടി കൊടുത്തല്ലോ. എനിക്കും മറുപടി തരണമേ."
"നീ എന്തിനാണ് എന്നെ പരീക്ഷിക്കാന്‍  ശ്രമിക്കുന്നത്? നിയമത്തിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും ഞാന്‍  പറയുമെന്നാണോ നീ പ്രതീക്ഷിക്കുന്നത്? നിയമത്തിൽ എന്താണു് എഴുതപ്പെട്ടിരിക്കുന്നത്? നിയമത്തിലെ ഒന്നാമത്തെ കൽപ്പന ഏതാണ്?"
"നിന്റെ കർത്താവായ ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക."
"നീ പറഞ്ഞത് ശരിയാണ്. അതു ചെയ്യുക. എന്നാൽ നിനക്ക് നിത്യജീവന്‍  ലഭിക്കും."
"പക്ഷേ, ആരാണ് എന്റെ അയൽക്കാരന്‍ ? ലോകം നിറയെ നല്ലയാളുകളും ചീത്തയാളുകളുമുണ്ട്. അറിയപ്പെടാത്തവരും ഇസ്രായേലിനോടു സ്നേഹമുള്ളവരും വിരോധമുള്ളവരുമുണ്ട്. ഇതിലേതാണ് എന്റെ അയൽക്കാരന്‍?"

                             "ഒരു മനുഷ്യന്‍  ജറുസലേമിൽ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു.  മലയിടുക്കുകളിലൂടെ നടക്കുമ്പോൾ അയാൾ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവർ അവനെ കൊള്ളയടിച്ചു സകല സാധനങ്ങളും അപഹരിച്ചു. അവനെ മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി വഴിയരികിൽ ഇട്ടിട്ടു് കടന്നുകളഞ്ഞു.

ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം ഒരു  പുരോഹിതന്‍ യാത്ര ചെയ്ത് ആ വഴിയേ വന്നു. ഓ! പരിശുദ്ധ സ്ഥലത്തെ കുന്തിരിക്കത്തിന്റെ സുഗന്ധം അപ്പോഴും അവന്റെ കൂടെയുണ്ടായിരുന്നു.  അവന്റെ ആത്മാവും  സ്വഭാവാതീതമായ കാരുണ്യവും സ്നേഹവും കൊണ്ട്  സുഗന്ധപൂരിതമാകേണ്ടതായിരുന്നില്ലേ? ദൈവഭവനത്തിൽ അത്യുന്നതനെ തൊട്ടാലെന്നപോലെ ദൈവത്തോട് അടുത്ത 
ആൾ ... തിരിച്ചു വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു അയാൾ. മുറിവേറ്റു കിടന്ന മനുഷ്യനെ അയാൾ നോക്കി; പക്ഷേ നിന്നില്ല. ധൃതിയിൽ അയാൾ നടന്നുനീങ്ങി.

പിന്നീട് ഒരു ലേവായന്‍  അതിലേ കടന്നുപോയി. ദേവാലയ ശുശ്രൂഷയിലേർപ്പെടാനുള്ള താന്‍  അശുദ്ധനാകുന്നത്  യുക്തമാണോ? അല്ല; ഒരിക്കലും പാടില്ല. അയാൾ കുപ്പായം ചുരുക്കിപ്പിടിച്ചു; രക്തം പുരളാതിരിക്കാന്‍.  വേദന കൊണ്ടു ഞരങ്ങുന്ന ആ മനുഷ്യനെ ആകെ ഒന്നു നോക്കിയ ശേഷം അയാൾ ദേവാലയത്തെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നുനീങ്ങി.

മൂന്നാമത് ഒരു സമരിയാക്കാരന്‍  സമരിയായിൽ നിന്ന് ജോർദ്ദാന്‍  കടവിലേക്കു യാത്ര പോകയായിരുന്നു. രക്തം വഴിയിൽ കണ്ടപ്പോൾ അയാൾ യാത്ര നിർത്തി. സന്ധ്യാസമയമായതിനാൽ മങ്ങിയ വെളിച്ചത്തിൽ മുറിവേറ്റു കിടന്ന മനുഷ്യനെ അയാൾ കണ്ടു. അയാൾ കുതിരപ്പുറത്തു നിന്നു താഴെയിറങ്ങി. അവശനായിരുന്ന മനുഷ്യന് നല്ല  വീര്യമുള്ള വീഞ്ഞു് സ്വൽപ്പം പകർന്നു കൊടുത്തു കുടിപ്പിച്ചു. പിന്നീട് അയാളുടെ പുറങ്കുപ്പായം കീറി ആ തുണി കൊണ്ട് മുറിവുകൾ  വളരെ ശ്രദ്ധയോടെ വെച്ചുകെട്ടി, അയാളെ കുതിരപ്പുറത്തു കയറ്റി വളരെ സൂക്ഷിച്ചു കുതിരയെ ഓടിച്ച് പട്ടണത്തിലെ ഒരു  സത്രത്തിൽ പ്രവേശിപ്പിച്ചു. രാത്രി മുഴുവന്‍ അവന്‍  അയാളെ ശുശ്രൂഷിച്ചു. അയാൾക്കു് ആശ്വാസമുണ്ടെന്നു കണ്ടപ്പോൾ പുലർച്ചയ്ക്ക് അയാളെ സത്രം സൂക്ഷിപ്പുകാരന്റെ പ്രത്യേക അന്വേഷണത്തിന് ഏൽപ്പിച്ചു;
മുൻകൂർ കുറെ പണവും കൊടുത്ത് ഇങ്ങനെ പറഞ്ഞു; "എന്നെ പരിപാലിക്കുന്നു എന്നവിധം അയാളെ സംരക്ഷിക്കുക. നിനക്ക് അധികച്ചെലവു വന്നാൽ മടക്കയാത്രയിൽ ഞാനതു തന്നുകൊള്ളാം." അനന്തരം അയാൾ തന്റെ യാത്ര തുടർന്നു.

നിയമജ്ഞാ, ഇപ്പോൾ എന്നോടു പറയൂ, ഈ മൂന്നുപേരിൽ ആരാണ് കള്ളന്മാരുടെ കയ്യിലകപ്പെട്ട മനുഷ്യന് "അയൽക്കാര"നായത്?"

           നിയമജ്ഞന്‍ അഭിപ്രായപ്പെട്ടു; "അവസാനം വന്നവന്‍, അയാളോട് കരുണ കാണിച്ചവന്‍, ആയിരുന്നു അയാൾക്കു് അയൽക്കാരന്‍."
"ഇതുതന്നെ നീയും ചെയ്യുക. അപ്പോൾ നീ നിന്റെ അയൽക്കാരനെയും അയൽക്കാരനിൽ ദൈവത്തെയും സ്നേഹിക്കുകയായിരിക്കും ചെയ്യുക. അങ്ങനെ നീ നിത്യജീവന് അർഹനായിത്തീരും."

Sunday, October 30, 2011

ഭോഷനായ ധനികന്റെ ഉപമ


ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്: " നിങ്ങളുടെ യുവത്വം ആത്മീയമായി പരിശുദ്ധമായി കാത്തുസൂക്ഷിക്കുക. ആ പരിശുദ്ധി നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ജാഗ്രതയോടെയിരിക്കുക. ശാരീരികസന്തോഷങ്ങൾക്കും അധികാരത്തിനും വേണ്ടി
അത്യാർത്തിയുണ്ടാകാതെ സൂക്ഷിക്കുക. മനുഷ്യന്റെ ജീവിതം, അവന് ഈ ലോകത്തിലുള്ള സ്വത്തിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. നിത്യജീവിതത്തിൽ സ്വത്തിനുള്ള സ്ഥാനം വളരെക്കുറവായിരിക്കും. ജീവിക്കുന്ന വിധത്തെ ആശ്രയിച്ചാണ് ഈ ലോകത്തിലും  സ്വർഗ്ഗത്തിലും അവന്റെ സന്തോഷം നിലനിൽക്കുന്നത്. ദുർവൃത്തനായ ഒരു മനുഷ്യന് ഒരിക്കലും യഥാർത്ഥ സന്തോഷമുണ്ടാകയില്ല. നേരെമറിച്ച്, സുകൃതിയായ ഒരു മനുഷ്യന് എല്ലായ്പ്പോഴും സ്വർഗ്ഗീയമായ ഒരാനന്ദമുണ്ട്. അയാൾ ഏകാകിയും ദരിദ്രനുമാണെങ്കിലും യഥാർത്ഥ സന്തോഷം അനുഭവിക്കും. മരണം പോലും അവനെ അസ്വസ്ഥനാക്കുകയില്ല. കാരണം, ദൈവത്തെക്കാണുവാൻ ഭയപ്പെടത്തക്ക വിധത്തിൽ അവനിൽ പാപമില്ല. ഭൂമിയിൽ വിട്ടുപേക്ഷിക്കാൻ മടിയുള്ള യാതൊന്നുമില്ല. സ്വർഗ്ഗത്തിലാണ് അവന്റെ നിധി.

നിങ്ങളുടെ നിധി ഇപ്പോൾത്തന്നെ നിങ്ങൾ സംഭരിച്ചു വയ്ക്കുക. യുവാക്കന്മാർ ഇത് നിങ്ങളുടെ യുവത്വത്തിൽത്തന്നെ ആരംഭിക്കുക. പ്രായാധിക്യത്താൽ മരണത്തോട് കൂടുതൽ അടുത്തവർ, വീഴ്ച വരുത്താതെ അദ്ധ്വാനം തുടരുക. മരണത്തിന്റെ ദിവസം ആർക്കും അറിഞ്ഞുകൂടല്ലോ. പലപ്പോഴും വൃദ്ധരായവർക്കു മുമ്പ് കൊച്ചുകുട്ടികൾ മരിക്കുന്നു. അതിനാൽ സൽപ്രവൃത്തികളും സുകൃതങ്ങളുമാകുന്ന നിധി ഭാവിജീവിതത്തിനായി സംഭരിച്ചുവയ്ക്കുന്ന ജോലി ഒട്ടും നീട്ടി വയ്ക്കരുത്. പലയാളുകളും പറയും, "ഓ! എനിക്കു ചെറുപ്രായമാണ്, നല്ല ആരോഗ്യമുണ്ട്. ഇപ്പോൾ ഞാനൊന്നു സന്തോഷിക്കട്ടെ. പിന്നീട് ഞാൻ നന്നായിക്കോളാം" എന്ന്. ഒരു വലിയ അബദ്ധമാണത്."

ഈ ഉപമ ശ്രദ്ധിച്ചു കേൾക്കൂ. ധനികനായ ഒരു മനുഷ്യന് അവന്റെ വയലുകൾ ധാരാളം വിഭവങ്ങൾ നൽകി. അത്ഭുതകരമാം വിധം വമ്പിച്ച ഒരു കൊയ്ത്തായിരുന്നു അത്. വയലുകളിലും മെതിക്കളങ്ങളിലുമെല്ലാം  ധാന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതു നോക്കി അയാൾ ആനന്ദിച്ചു. അറപ്പുരകൾ പോരാഞ്ഞ്, വീട്ടിലെ മുറികൾക്കുള്ളിലും തൽക്കാലഷെഡ്ഡുകൾക്കുള്ളിലും   അവ സൂക്ഷിക്കേണ്ടി വന്നു. അയാൾ പറഞ്ഞു; "ഒരടിമയെപ്പോലെ ഞാൻ വേലചെയ്തു; എന്റെ വയലുകൾ  എന്നെ ചതിച്ചില്ല. പത്തു വർഷത്തെ പണി ഞാൻ ഒരുമിച്ചു ചെയ്തു. ഇനി അത്രയും കാലം ഞാൻ വിശ്രമിക്കും. ഈ ധാന്യമെല്ലാം സൂക്ഷിക്കാൻ ഞാൻ എന്തു ചെയ്യും? ഒന്നും വിൽക്കാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ ഇങ്ങനെ ചെയ്യും; എന്റെ അറപ്പുരകളെല്ലാം ഞാൻ പൊളിച്ച് വലുതാക്കിപ്പണിയും. എല്ലാം അവയിൽ സംഭരിച്ച ശേഷം പറയും; 'എന്റെ ആത്മാവേ, അനേക വർഷങ്ങളിലേക്കുള്ള വിഭവങ്ങൾ  നിനക്കുണ്ട്. അതിനാൽ വിശ്രമിക്കുക; ഭക്ഷിച്ചും പാനം ചെയ്തും ആനന്ദിക്കുക.' അനേകം ആളുകളെപ്പോലെ ഈ മനുഷ്യനും ശരീരം ആത്മാവാണെന്നു തെറ്റായിക്കരുതി, വിശുദ്ധമായതിനെ അശുദ്ധമായതുമായി കൂട്ടിക്കലർത്തി.  യഥാർത്ഥത്തിൽ, അലസതയിലും അശുദ്ധിയിലും ആത്മാവ് സന്തോഷിക്കയല്ല, വേദനിക്കയാണു ചെയ്യുന്നത്. വിളവെടുപ്പിനു ശേഷം എല്ലാം തികഞ്ഞു എന്നു കരുതി അയാൾ വിശ്രമിച്ചു.

ബുദ്ധിശൂന്യനായ ആ മനുഷ്യനോടു് ദൈവം പറഞ്ഞു: "ഭോഷാ, ശരീരവും ഭൂമിയിലെ സമ്പത്തും നീ ആത്മാവായി തെറ്റിദ്ധരിച്ചു. ദൈവത്തിന്റെ കൃപയെ നീ തിന്മയാക്കി. ഈ
രാത്രിയിൽത്തന്നെ നിന്റെ ആത്മാവിനെ ഞാൻ തിരിച്ചുവിളിക്കും. അത് നിന്നിൽ നിന്നെടുക്കപ്പെടുകയും നിന്റെ ശരീരം ജീവനില്ലാത്തതായിക്കിടക്കയും ചെയ്യും. അപ്പോൾ നീ ശേഖരിച്ചു കൂട്ടിവച്ചിരിക്കുന്നതെല്ലാം ആരുടേതായിരിക്കും? നീ അതു കൂടെക്കൊണ്ടുപോകുമോ? ഇല്ല; ഭൂമിയിലെ ധാന്യങ്ങളുമില്ല, സുകൃതങ്ങളുമില്ലാത്ത സ്ഥിതിയിൽ നീ എന്റെ സന്നിധിയിലേക്കു വരും.അടുത്ത ജീവിതത്തിൽ നീ ദരിദ്രനായിരിക്കയും ചെയ്യും. നിനക്കു ലഭിച്ച വിളവ് നിന്റെ അയൽക്കാർക്കു വേണ്ടിയും നിനക്കു വേണ്ടിത്തന്നെയും കാരുണ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു. മറ്റുള്ളവരോടു കരുണ കാണിക്കുകയാണെങ്കിൽ നിന്നോടു തന്നെയും നീ കരുണ കാണിക്കയാകും ചെയ്യുന്നത്. നിന്റെ ആത്മാവിനു മഹത്തായ കൃപയും കൈവരുമായിരുന്നു."  ആ രാത്രിയിൽത്തന്നെ അയാൾ മരിച്ചു. കഠിനമായി വിധിക്കപ്പെടുകയും ചെയ്തു. ഞാൻ ഗൗരവമായി പറയുന്നു, തങ്ങൾക്കായി നിധി കൂട്ടിവയ്ക്കുകയും ദൈവത്തിന്റെ സന്നിധിയിൽ സമ്പന്നരാകാതിരിക്കയും ചെയ്യുന്ന എല്ലാവർക്കും ഇങ്ങനെ തന്നെ സംഭവിക്കും."

Saturday, October 29, 2011

ധനമോഹിയായ മനുഷ്യൻ

      അമിതമായ ധനമോഹത്തെക്കുറിച്ചുള്ള   ഈശോയുടെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ,   ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ മുന്നോട്ടുവന്നു പറയുന്നു; "ഞാൻ ഒരു ശിഷ്യനല്ല; എങ്കിലും ഞാൻ  നിന്നെ ബഹുമാനിക്കുന്നു. എന്റെ ഈ ചോദ്യത്തിനു മറുപടി തരിക. 'വേറൊരാളുടെ പണം കൈവശം വച്ചുകൊണ്ടിരിക്കുന്നത് നീതിയാണോ?'

                             "അല്ല. വഴിപോക്കന്റെ പണസഞ്ചി തട്ടിപ്പറിച്ചെടുക്കുന്നതുപോലെയുള്ള അപഹരണമാണത്."

"കുടുംബത്തിന്റെ പണമാണെങ്കിലും അങ്ങനെ തന്നെയാണോ?"

"തീർച്ചയായും. എല്ലാവർക്കും കൂടെയുള്ള പണം ഒരാൾ കൈക്കലാക്കുന്നതു ശരിയല്ല."

"എങ്കിൽ ഗുരുവേ, എന്റെ കൂടെ ആബൻമായിമിലേക്കു വരിക. ഡമാസ്കസിലേക്കുള്ള വഴിയിലാണത്. പിതൃസ്വത്തിൽ എനിക്കുള്ള വീതം തരാൻ എന്റെ സഹോദരനോടു  കൽപ്പിക്കുക. എന്റെ അപ്പൻ മരണപത്രിക എഴുതാതെ മരിച്ചുപോയി. എന്റെ സഹോദരൻ സ്വത്തു മുഴുവൻ കൈക്കലാക്കി. ഞങ്ങൾ ഇരട്ട പിറന്ന സഹോദരന്മാരാണ്. ഞങ്ങൾ രണ്ടു പേർ മാത്രമേ മക്കളായിട്ടുള്ളൂ; അവനുള്ള അവകാശം തന്നെ എനിക്കുമുണ്ട്."

ഈശോ അവനെ നോക്കിക്കൊണ്ട് പറയുന്നു: "ഇത് വേദനയുളവാക്കുന്ന ഒരു ചുറ്റുപാടാണ്. നിന്റെ സഹോദരൻ തീർച്ചയായും നന്നായിട്ടല്ല പെരുമാറുന്നത്. എന്നാൽ എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിനക്കു വേണ്ടിയും അവനു വേണ്ടിയും പ്രാർത്ഥിക്കുക മാത്രമാണ്.  അവനു വ്യത്യാസം വരാനും  എനിക്കു നിങ്ങളുടെ നാട്ടിൽ വന്നു സുവിശേഷം പ്രസംഗിക്കുന്നതിന് ഇടയാകാനും അങ്ങനെ അവന്റെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്നതിനുമായി പ്രാർത്ഥിക്കാം. നിങ്ങളുടെയിടയിൽ സമാധാനം സ്ഥാപിക്കാൻ കഴിയുമെങ്കിൽ നടപ്പ് എനിക്കൊരു പ്രശ്നമല്ല."

ആ മനുഷ്യന് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല. അയാൾ പൊട്ടിത്തെറിക്കുന്നു; "വാക്കുകൾ കൊണ്ട് എന്തു പ്രയോജനം? ഇക്കാര്യത്തിൽ വാക്കുകളൊന്നും പോരാ."

"നിന്റെ സഹോദരനോടു് കൽപ്പിക്കണമെന്നു നീ പറഞ്ഞില്ലേ? സുവിശേഷം പ്രഘോഷിക്കുന്നത് കൽപ്പനയല്ല. കൽപ്പനയോടു കൂടി എപ്പോഴും ശിക്ഷയും കാണും."

"എനിക്ക് അർഹമായതു തന്നില്ലെങ്കിൽ ശിക്ഷയുണ്ടാകുമെന്ന് അവനോടു പറയണം. നിനക്കതു ചെയ്യാൻ കഴിയും. ആരോഗ്യം നൽകുന്നതുപോലെ രോഗം വരുത്താനും നിനക്കു കഴിയും. അവന് രോഗമുണ്ടാകുമെന്നു പറഞ്ഞ് പേടിപ്പിക്കണം. എങ്കിലേ അവൻ തരൂ.."

"മനുഷ്യാ, ഞൻ വന്നത് ശിക്ഷിക്കാനല്ല; മാനസാന്തരം വരുത്തുന്നതിനാണ്. എന്റെ വാക്കുകൾ നിനക്കു വിശ്വസിക്കാൻ കഴിയുമെങ്കിൽ സമാധാനമുണ്ടാകും."
 "ഏതു വാക്കുകൾ?"
"ഞാൻ നിന്നോടു പറഞ്ഞുവല്ലോ, നിനക്കും നിന്റെ സഹോദരനും വേണ്ടി പ്രാർത്ഥിക്കാമെന്ന്. നിനക്കു സമാധാനമുണ്ടാകാനും അവന് മാനസാന്തമുണ്ടാകാനുമായി."
"എന്തു വിവരക്കേടാ പറയുന്നത്! ഇതു വിശ്വസിക്കാൻ ഞാനത്ര വിഡ്ഡിയൊന്നുമല്ല. വന്ന് അവനോടു കൽപ്പിക്കുക."

ഇത്രയും സമയം വിനയാന്വിതനായി, ക്ഷമയോടെ സംസാരിച്ച ഈശോ, ശക്തിയും കാർക്കശ്യവുമുള്ളവനായി മാറുന്നു. ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്ന ആ കരുത്തനായ മനുഷ്യനോടു് കുനിഞ്ഞ് സംസാരിച്ച ഈശോ, നേരെ നിവർന്നു നിന്നുകൊണ്ടു ചോദിക്കുന്നു: "നിങ്ങളുടെ വിധിയാളനോ മദ്ധ്യസ്ഥനോ ആയി എന്നെ നിയമിച്ചതാരാണ്? ആരുമല്ല. എന്നാൽ  രണ്ടു സഹോദരന്മാർ തമ്മിൽ തെറ്റിപ്പിരിയാതിരിക്കാൻ അവിടം വരെ വരാൻ ഞാൻ  മനസ്സായി. രക്ഷകനും രമ്യതയുളവാക്കുന്നവനും എന്നുള്ള എന്റെ ദൗത്യം നിർവ്വഹിക്കാൻ ഞാനാഗ്രഹിച്ചു. എന്റെ വാക്കുകൾ നീ വിശ്വസിച്ചിരുന്നെങ്കിൽ നീ തിരിച്ചു്
ആബൻമായിമിലെത്തുമ്പോൾ നിന്റെ സഹോദരനിൽ വ്യത്യാസം വന്നുവെന്നു നീ കാണുമായിരുന്നു. പക്ഷേ, നീ വിശ്വസിക്കുകയില്ല. നിനക്ക് അത്ഭുതം കാണാനും കഴിയില്ല.   നിന്റെ സഹോദരൻ കയ്യടക്കി വച്ചിരിക്കുന്ന നിധി നിന്റെ കൈയിലാണു കിട്ടിയിരുന്നതെങ്കിൽ നീയും അവനിപ്പോൾ ചെയ്യുന്നതു തന്നെ ചെയ്യുമായിരുന്നു. നിന്റെ സഹോദരന് നീ കൊടുക്കുമായിരുന്നില്ല. നിനക്കും നിന്റെ സഹോദരനും ഒറ്റ സ്നേഹമേയുള്ളൂ; സ്വർണ്ണത്തോടുള്ള സ്നേഹം. ഒരു വിശ്വാസമേയുള്ളൂ; അതും സ്വർണ്ണം തന്നെ. നിന്റെ വിശ്വാസവും കൊണ്ടിരുന്നുകൊള്ളുക. നിനക്കു പോകാം."

ഈശോയെ ശപിച്ചുകൊണ്ട് ആ മനുഷ്യൻ പോകുന്നു. അത് ജനങ്ങൾക്ക് വലിയ ഇടർച്ചയായി. അവനെ ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

എന്നാൽ ഈശോ അതിനു വഴങ്ങാതെ പറയുന്നു: "അവൻ പൊയ്ക്കൊള്ളട്ടെ. ഒരു മൃഗത്തെച്ചൊല്ലി നിങ്ങളുടെ കൈകളെന്തിനു മലിനമാക്കണം? ഞാനവനോടു ക്ഷമിക്കുന്നു. സ്വർണ്ണത്തിന്റെ സാത്താൻ അവനെ വഴിതെറ്റിച്ചിരിക്കയാണ്. അവനിൽ പിശാച് ബാധിച്ചിരിക്കുന്നു. നിങ്ങളും അവനോടു ക്ഷമിക്കുക. നിർഭാഗ്യനായ ആ മനുഷ്യനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. സുന്ദരമായ ആത്മാവോടെ അവൻ വീണ്ടും  സ്വതന്ത്രനായ ഒരു മനുഷ്യനായിത്തീരട്ടെ!"

അമിതധനമോഹം അരുത്

             ഈശോ സമ്പന്നരുടെ പട്ടണമെന്നറിയപ്പെടുന്ന തിബേരിയാസിലാണ്. ധാരാളം ജനങ്ങൾ ഈശോയെ ശ്രവിക്കാൻ വന്നെത്തിയിട്ടുണ്ട്. ഈശോ രോഗികൾക്ക് സൗഖ്യം നൽകി. അന്യായമായി സമ്പാദിക്കുന്ന സ്വത്തിനെക്കുറിച്ചും സ്വർഗ്ഗരാജ്യം നേടണമെങ്കിൽ   അതിൽനിന്നു  മുക്തി പ്രാപിക്കേണ്ടതാവശ്യമാണെന്നും തന്റെ ശിഷ്യരാകണമെങ്കിൽ ധനത്തോടുള്ള നിർമ്മമത അനിവാര്യമാണെന്നും ഈശോ പപറഞ്ഞപ്പോൾ   ധനികരായ ചില ശിഷ്യർക്ക് മനഃപ്രയാസമായി. അവരുടെ ചോദ്യങ്ങൾക്ക് ഈശോ മറുപടി പറയുകയാണ്.

നിയമജ്ഞനായ ജോൺ ചോദിക്കുന്നു; "എന്റെ സ്വത്ത് നശിപ്പിച്ചു് കുടുംബത്തിന് ഒന്നുമില്ലാത്ത സ്ഥിതിയിൽ ആക്കണമോ?"

"വേണ്ട; ദൈവം നിനക്കു കുറെ സ്വത്ത്  തന്നിട്ടുണ്ട്. അത് നീതിനിർവഹണത്തിന് ഉപയോഗപ്പെടട്ടെ. അതായത് അതുപയോഗിച്ച് കുടുംബത്തെ സഹായിക്കുക; അതു നിന്റെ ചുമതലയാണ്. ഭൃത്യരെ മാനുഷികമായ രീതിയിൽ കരുതുക; അത് ഉപവിയാണ്. ദരിദ്രരേയും ദരിദ്രരായ ശിഷ്യരേയും സഹായിക്കുക; ഇങ്ങനെ ചെയ്താൽ സ്വത്ത് ഒരു തടസ്സമാകയില്ലെന്നു മാത്രമല്ല സഹായവും കൂടിയായിരിക്കും."

പിന്നീട് ജനസമൂഹത്തെ നോക്കിക്കൊണ്ട് ഈശോ പറയുന്നു: "ഏറ്റം ദരിദ്രനായ ഒരു ശിഷ്യൻ, എന്റെ പുരോഹിതനായ ശേഷം സമ്പന്നരുമായി അനീതിക്കുവേണ്ടി ഒത്തുതീർപ്പിലെത്തിയാൽ, അയാൾ സ്വർഗ്ഗം നഷ്ടമാകാൻ പാടുള്ള അപകടത്തിലാണ് ജീവിക്കുന്നത്. എന്റെ ശുശ്രൂഷകരിൽ കുറേപ്പേർ സമ്പത്തിന്റെയും സമ്മാനദാനങ്ങളുടേയും ഈ പ്രലോഭനത്തിന് വഴിപ്പെട്ടു പോകുന്നവരായിരിക്കും. ഇതു സംഭവിക്കാൻ പാടുള്ളതല്ല. സ്നാപകന്റെ മാതൃക അനുകരിക്കുക. അവൻ മജിസ്ട്രേറ്റോ ജഡ്ജിയോ ഒന്നുമല്ലായിരുന്നെങ്കിലും നിയമാവർത്തനപ്പുസ്തകത്തിൽ പറയുന്നതുപോലെ മജിസ്ട്രേറ്റിന്റെയും ജഡ്ജിയുടെയും പൂർണ്ണത അവനിലുണ്ടായിരുന്നു. നിയമാവർത്തനത്തിൽ ഇപ്രകാരമാണു പറയുന്നത്: "നീ പക്ഷപാതരഹിതനായിരിക്കുക; ഒരിക്കലും കൈക്കൂലി വാങ്ങരുത്. കാരണം, കൈക്കൂലി നീതിജ്ഞന്റെ കണ്ണുകളെ അന്ധമാക്കുകയും നീതി അർഹിക്കുന്നവന്റെ  കാര്യം അപകടത്തിലാക്കുകയും ചെയ്യുന്നു." മിക്കപ്പോഴും നീതിയുടെ വായ്ത്തലയ്ക്ക് പാപി സ്വർണ്ണം പൂശി അതിന്റെ മൂർച്ച കെടുത്തുന്നു. അരുത്, അങ്ങനെ സംഭവിക്കരുത്. ദരിദ്രനായിരിക്കാനും മരിക്കാനും പഠിച്ചുകൊള്ളുക; എന്നാൽ പാപവുമായി ഒരിക്കലും ഒത്തുതീർപ്പിലാകരുത്. ആ സ്വർണ്ണം ദരിദ്രർക്കായി ഉപയോഗിക്കാം എന്ന ന്യായത്തിന്മേലും അതു ചെയ്യാവുന്നതല്ല. അത് ശപിക്കപ്പെട്ട സ്വർണ്ണമാണ്. അതിൽനിന്ന് ഒരു നന്മയും ഉണ്ടാകയില്ലെന്നറിഞ്ഞിരിക്കുക. നിങ്ങളെ ഗുരുക്കന്മാരായി നിയമിച്ചിരിക്കയാണ്. നിങ്ങൾ തന്നെ സ്വന്തം കാര്യസാദ്ധ്യത്തിനായി തിന്മയോടു കൂട്ടുകൂടിയാൽ നിങ്ങൾ എന്തായിത്തീരും? തിന്മയുടെ ശാസ്ത്രത്തിന്റെ ഗുരുക്കന്മാരായിരിക്കും. ആത്മാക്കളെ രക്ഷിക്കുന്നവരാകയില്ല."

Friday, October 28, 2011

വി. സൈമൺ, വി.യൂദാ തദേവൂസ്

ഒക്ടോബർ 28
ഇന്ന് അപ്പസ്തോലന്മാരായ വി. സൈമൺ, വി.യൂദാ തദേവൂസ് എന്നിവരുടെ തിരുനാൾ. 

വി. സൈമൺ

സുവിശേഷത്തിൽ കാനാൻകാരനെന്നും തീവ്രവാദിയെന്നും പരാമർശിക്കപ്പെടുന്ന വി.സൈമൺ, 
വി. യോഹന്നാൻ കഴിഞ്ഞാൽ ഈശോയോടു് ഏറ്റവും വിശ്വസ്തത പുലർത്തിയ അപ്പസ്തോലനാണ്. 

ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം, കുരിശിൻചുവട്ടിലുണ്ടായിരുന്ന ജോൺ ഒഴികെയുള്ള അപ്പസ്തോലന്മാരെയും (യൂദാ സ്കറിയോത്താ നേരത്തെതന്നെ ആത്മഹത്യ ചെയ്തിരുന്നു) മറ്റു ശിഷ്യരെയും തേടിപ്പിടിച്ച് ഈശോയുടെ പ്രിയസ്നേഹിതനായ ബഥനിയിലെ ലാസറസ്സിന്റെ ഭവനത്തിൽ എത്തിച്ചത് തീക്ഷ്ണമതിയായ സൈമൺ ആയിരുന്നു. ഈശോയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്.

ഈശോയുടെ ആദ്യ ശിഷ്യന്മാരായ ജോൺ, ആൻഡ്രൂ,  ജയിംസ്, പത്രോസ്, ഫിലിപ്പ്, ബർത്തലോമിയോ, തോമസ്, യൂദാ തദേവൂസ് എന്നിവർക്കു ശേഷം ഒൻപതാമത്തെ ശിഷ്യനായാണ് സൈമണെ ഈശോ സ്വീകരിക്കുന്നത്. പിന്നീടുള്ള സൈമണിന്റെ ആത്മീയ വളർച്ച ദ്രുതഗതിയിലാണ്. സൈമണിന്റെ സ്നേഹിതനും കുടുബസുഹൃത്തുമായ ബഥനിയിലെ ലാസ്സറസ്സിനെ സൈമൺ ഈശോയ്ക്ക് പരിചയപ്പെടുത്തുകയും പിന്നീട് ലാസ്സറസ്സ് ഈശോയുടെയും പ്രിയ സ്നേഹിതനായി മാറുകയും ചെയ്യുന്നു.

സുവിശേഷ പ്രഘോഷണവേളയിൽ ഈശോ പലപ്രാവശ്യം മനസ്സു തളർന്ന് ദുഃഖിതനായി കാണപ്പെടുന്നുണ്ട്. അത്തരമൊരു വേളയിൽ സൈമൺ ഈശോയോടു ചോദിക്കുന്നു:
"കർത്താവേ, അങ്ങിത്ര ദുഃഖിതനായിയിരിക്കുന്നതെന്താണ്?"
ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: "സൈമൺ, വക്രതയുള്ള ലോകത്തിനു മുമ്പിൽ ഞാൻ നിരായുധനാണ്. കാരണം, ലോകത്തിന്റെ ദുഷ്ടതയോ സാത്താന്റെ കൗശലമോ എനിക്കില്ല. ലോകം എന്നെ പരാജയപ്പെടുത്തുന്നു. ഞാൻ വളരെ ക്ഷീണിതനുമാണ്..."
"അങ്ങ് ദുഃഖിതനുമാണ്. അങ്ങയുടെ ദുഃഖം വർദ്ധിക്കാൻ ഞങ്ങൾ സഹായിക്കയുമാണ്. പ്രിയ ഗുരുവേ, അങ്ങയുടെ ശിഷ്യരാകാൻ ഞങ്ങൾ യോഗ്യരല്ല. എന്നോടും എന്റെ സ്നേഹിതരോടും അങ്ങ് ക്ഷമിക്കണമേ.. എല്ലാവർക്കും വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു..."

അവസാന അത്താഴസമയത്ത് ഈശോ അപ്പസ്തോലന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കുന്ന വേളയിൽ, സൈമണിന്റെ  പാദം കഴുകിയിട്ട് ഈശോ അടുത്തയാളിന്റെ പക്കലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ സൈമൺ മുട്ടുകുത്തി ഈശോയുടെ പാദങ്ങൾ ചുംബിച്ചുകൊണ്ടു പറയുന്നു: "ശരീരത്തിന്റെ കുഷ്ഠത്തിൽ നിന്ന് എന്നെ ശുദ്ധീകരിച്ചതുപോലെ പാപമാകുന്ന കുഷ്ഠത്തിൽ  നിന്നും എന്നെ ശുദ്ധീകരിക്കണമേ... അതുവഴി വിധിയുടെ സമയത്ത് ഞാൻ സംഭ്രമിക്കാൻ ഇടയാകാതിരിക്കട്ടെ, എന്റെ രക്ഷകാ.."

ഈശോ ഉറപ്പു നൽകുന്നു:  "ഭയപ്പെടേണ്ട സൈമൺ,  പർവതത്തിലെ മഞ്ഞുപോലെ വെൺമയുള്ളവനായി നീ സ്വർഗ്ഗീയ നഗരത്തിലേക്കു വരും."

വി.യൂദാ തദേവൂസ്


വി.യൗസേപ്പിന്റെ സഹോദരപുത്രനാണ് അപ്പസ്തോലനായ വി.യൂദാ ശ്ലീഹാ.
 
       അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി   ഇന്ന്  ലോകം മുഴുവൻആദരിക്കുന്ന വി.യൂദാ,  ഈശോയുടെ ഏതാണ്ട് സമപ്രായക്കാരനും കളിക്കൂട്ടുകാരനുമായിരുന്നു.  പിതാവായ അൽഫേയൂസിന്റെയും   ജ്യേഷ്ഠസഹോദരങ്ങളായ ജോസഫിന്റെയും ശിമയോന്റെയും കഠിനമായ എതിർപ്പിനെ വകവയ്ക്കാതെയാണ് യൂദാ ഈശോയുടെ  ശിഷ്യനാകുന്നത്. (പിന്നീട് മറ്റൊരു സഹോദരനായ ജയിംസും - ചെറിയ യാക്കോബ് - യൂദായെ അനുഗമിച്ച് അപ്പസ്തോലഗണത്തിലേക്കു വരുന്നുണ്ട്) 

യൂദായുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും വെളിപ്പെടുത്തുന്ന ഒരു വിശിഷ്ടരംഗം 'ദൈവമനുഷ്യന്റെ സ്നേഹഗീത' യിൽക്കാണാം. ഈശോയും യൂദാ സ്കറിയോത്താ ഒഴികെയുള്ള അപ്പസ്തോലന്മാരുമൊത്തായിരിക്കുന്ന ഒരവസരത്തിൽ, കറിയോത്തുകാരൻ യൂദാസിനെപ്പറ്റി മോശമായി സംസാരിച്ചപ്പോൾ ഈശോ ഇടപെടുന്നു: "യൂദാ, നീ എന്റെ സഹോദരനാണെന്നതു  മൂലം  ശാസനയിൽ  നിന്ന് ഒഴിവാക്കപ്പെടുകയില്ല. നിന്റെ സഹോദരനോടു് നിഷ്കരുണമായി വർത്തിക്കുന്നതിനാൽ ഞാൻ നിന്നെ ശാസിക്കുന്നു. അവനു കുറ്റങ്ങളുണ്ട്; നിനക്കും കുറവുകളുണ്ടല്ലോ. അതിൽ ആദ്യത്തേത്, അവന്റെ ആത്മാവിനെ പൂർണ്ണതയിലേക്കു നയിക്കാൻ നീ എന്നെ സഹായിക്കുന്നില്ല എന്നതാണ്. നിന്റെ വാക്കുകൾ കൊണ്ട് നീ അവനെ വിഷമിപ്പിക്കുന്നു. ഹൃദയങ്ങളെ സ്വാധീനിക്കുന്നത് കാർക്കശ്യം കൊണ്ടല്ല. അവന്റെ പ്രവൃത്തികളെ വിധിക്കാൻ നിനക്കെന്തെവകാശം? അതിനുള്ള പൂർണ്ണത നിനക്കുണ്ടെന്നു നീ വിചാരിക്കുന്നുവോ? നിന്റെ ഗുരുവായ ഞാൻ അങ്ങനെ ചെയ്യുന്നില്ലല്ലോ. കാരണം, അപൂർണ്ണതകളുള്ള ആ ആത്മാവിനെ ഞാൻ സ്നേഹിക്കുന്നു.   അവന്റെ അവസ്ഥയിൽ ഞാൻ സന്തുഷ്ടനാണെന്ന് നീ വിചാരിക്കുന്നുവോ? ആത്മാക്കളെ രക്ഷിക്കുന്ന പരിധിയില്ലാത്ത സ്നേഹം നിന്റെ സ്നേഹിതരിൽ ഒരുവനോടു കാണിക്കാൻ കഴിയാതിരിക്കേ, ഭാവിയിൽ ആത്മാക്കളുടെ ഗുരുവാകാൻ നിനക്കു് എങ്ങനെ കഴിയും?"

ശാസനയുടെ ആദ്യത്തെ വാക്കുകൾ കേട്ടപ്പോൾ മുതൽ തലകുനിച്ചു നിൽക്കുകയായിരുന്ന യൂദാ, അവസാനമായപ്പോൾ നിലത്തു മുട്ടുകുത്തിക്കൊണ്ടു പറയുന്നു:" എന്നോടു ക്ഷമിച്ചാലും.. ഞാനൊരു പാപിയാണ്. എനിക്കു തെറ്റു പറ്റുമ്പോൾ ശാസിച്ചാലും. കാരണം, ശാസന സ്നേഹമാണ്."

യൂദായുടെ നന്മയ്ക്കായിട്ടാണ് താൻ ശാസിച്ചതെന്നും തിരുത്തപ്പെടുന്നവന്റെ എളിമ തിരുത്തുന്നവന്റെ ആയുധങ്ങളെ താഴെ വീഴിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഈശോ യൂദായെ എഴുന്നേൽപ്പിച്ച് തന്നോടു ചേർത്തുനിർത്തുന്നു.




(അവലംബം:  ദൈവമനുഷ്യന്റെ സ്നേഹഗീത)

Thursday, October 27, 2011

ഒരു ഉപമയും വിശദീകരണവും

 ഒരു ശരത്കാല പ്രഭാതം. ഈശോയും അപ്പസ്തോലന്മാരും ഒരു ഗ്രാമത്തിലാണ്. ഈശോ വഴിവക്കിലുള്ള ഒരു ചെറുഭിത്തിയിൽ ഇരിക്കുകയാണ്. അപ്പസ്തോലന്മാരും ഗ്രാമത്തിലെ ആളുകളും ചുറ്റും നിൽപ്പുണ്ട്. ഗ്രാമീണർ ഈശോയോടു ചോദിക്കുന്നു; "നിങ്ങൾക്കിവിടെ സന്തോഷമല്ലേ? ഞങ്ങൾക്കുള്ളതിൽ ഏറ്റം നല്ലത് നിങ്ങൾക്കു തന്നു."
"മറ്റേതൊരു സ്ഥലത്തേക്കാൾ സന്തോഷമാണ്. നിങ്ങളുടെ കരുണയ്ക്ക് ദൈവം പ്രതിസമ്മാനം നൽകും." ഈശോ മറുപടി പറയുന്നു.
"എങ്കിൽ ഞങ്ങളോട് കുറച്ചുകൂടി സംസാരിക്കുക. തീക്ഷ്ണതയുള്ള പ്രീശന്മാരും അഹങ്കാരികളായ നിയമജ്ഞരും ചിലപ്പോഴെല്ലാം ഇവിടെ വരും. പക്ഷേ അവർ ഞങ്ങളോട് സംസാരിക്കയില്ല. അത് നീതിയാണ്; അവർ വളരെ ഉയർന്നവരാ... ഞങ്ങളോ... പക്ഷേ ഞങ്ങൾ ഒന്നും അറിയാത്തവരായിരിക്കണമോ? ഞങ്ങളുടെ വിധി ഞങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു.."
"എന്റെ പിതാവിന്റെ ഭവനത്തിൽ ഒരു വേർതിരിവും  വ്യത്യാസവും ഇല്ല. അവനിൽ വിശ്വസിക്കയും അവന്റെ പ്രമാണങ്ങൾ അനുസരിക്കയും  ചെയ്യുന്ന  എല്ലാവരും ഒന്നുപോലെ പരിഗണിക്കപ്പെടുന്നു.  അവന്റെ ഹിതം മനുഷ്യരെ അറിയിക്കുന്നതിനുള്ള ഉപാധിയാണ്  കൽപ്പനകൾ.   അവന്റെ രാജ്യത്തിൽ നിത്യസൗഭാഗ്യം നേടുവാൻ മനുഷ്യൻ ശരിയായി ജീവിക്കുന്നതിനായി കൽപ്പനകൾ നൽകിയിരിക്കുന്നു.

ഈ ഉപമ ശ്രദ്ധിച്ചു കേൾക്കുവിൻ. ഒരു  പിതാവിന് കുറെ മക്കളുണ്ടായിരുന്നു. ചില മക്കൾ അവനോടടുത്താണു ജീവിച്ചത്. ചിലർ ഓരോ കാരണങ്ങളാൽ അവനിൽ നിന്നകന്നും ജീവിച്ചുപോന്നു.    എന്നാൽ പിതാവിന്റെ ആഗ്രഹങ്ങൾ എന്താണെന്ന് അവർക്ക്   അറിയാമായിരുന്നതിനാൽ ദൂരെയായിരുന്നെങ്കിലും   പിതാവിന്റെ സാന്നിദ്ധ്യം അവിടെയുള്ളതുപോലെ  അവർ  വർത്തിച്ചു.

പിതാവിൽ നിന്നകന്നു ജീവിച്ചിരുന്ന മക്കളെ വേലക്കാരാണ്  വളർത്തിയത്. ആ വേലക്കാരുടെ ഭാഷയും രീതികളും വ്യത്യസ്തമായിരുന്നു. ആ പിതാവ് തന്റെ ആഗ്രഹങ്ങളും കൽപ്പനകളും അറിയിച്ചിരുന്നെങ്കിലും അവർ അത് മക്കളോടു പറയാൻ കൂട്ടാക്കിയില്ല. കാരണം, അഹങ്കാരികളായ ആ ഭൃത്യന്മാർ ആ മക്കളെ മറ്റുള്ളവരെക്കാൾ താണവരായിക്കരുതി. ഇതെല്ലാം മനസ്സിലാക്കിയ പിതാവ്, മക്കളെയെല്ലാം ഒരുമിച്ചുകൂട്ടാൻ നിശ്ചയിച്ചു. എല്ലാവരേയും അവൻ വിളിച്ചു. മാനുഷികമായ അവകാശങ്ങൾ കണക്കാക്കിയാണ് അവൻ അവരെ വിധിച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീട്ടിൽ,  കൂടെ വസിച്ചവർക്കു മാത്രമേ അവൻ സ്വത്ത് കൊടുക്കുകയുള്ളോ? അവർ പിതാവിന്റെ കൂടെത്തന്നെയായിരുന്നതിനാൽ അവന്റെ
കൽപ്പനകളും അഭീഷ്ടങ്ങളും അവർക്കറിയാമായിരുന്നു. നേരെമറിച്ച്, പാടെ വ്യത്യസ്തമായ ചിന്താഗതിയിൽ, പിതാവിനെയോർത്ത് നീതിയായി പ്രവർത്തിച്ച മക്കളുടെ ചെയ്തികളെ പരിഗണിച്ച് അവരെ  അടുത്തുവിളിച്ച് അയാൾ പറഞ്ഞു: "നിങ്ങളുടെ നീതിയായ  പ്രവൃത്തികൾക്ക് ഇരട്ടി യോഗ്യതയുണ്ട്. കാരണം, നിങ്ങൾ മറ്റു സഹായങ്ങൾ കൂടാതെ സ്വന്തമനസ്സാൽ ഇവ ചെയ്തു. വന്ന് എന്റെ ചുറ്റിലും നിൽക്കുക. നിങ്ങൾക്കു് അതിന്നവകാശമുണ്ട്. മറ്റുള്ളവർക്ക് ഞാൻ എപ്പോഴും കൂടെയുണ്ടായിരുന്നു. അവരുടെ എല്ലാ പ്രവൃത്തികളും എന്റെ ഉപദേശത്താൽ നയിക്കപ്പെടുകയും എന്റെ പുഞ്ചിരിയാൽ സമ്മാനിക്കപ്പെടുകയും ചെയ്തു. നിങ്ങൾക്കു്  വിശ്വാസവും സ്നേഹവും കൊണ്ട് എല്ലാം ചെയ്യേണ്ടിവന്നു. വരൂ... നിങ്ങൾക്കുള്ള സ്ഥലങ്ങൾ എന്റെ വീട്ടിൽ  തയ്യാറായിരിക്കുന്നു. എന്റെ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നവരും വീട്ടിൽ നിന്ന് അകലെ ആയിരുന്നവരും തമ്മിൽ ഒരു   വ്യത്യാസവും എനിക്കില്ല. അടുത്തുള്ളവരായാലും അകലെയുള്ളവരായാലും വ്യത്യാസം വരുന്നത് എന്റെ മക്കൾ ചെയ്യുന്ന പ്രവൃത്തിയിലാണ്."

ഇതാണ് ഉപമ. ഇനി അതിന്റെ വിശദീകരണം കേൾക്കൂ. നിയമജ്ഞരും പ്രീശരുമെല്ലാം ദേവാലയത്തിനു ചുറ്റും വസിക്കുന്നു. നിത്യതയുടെ ദിവസത്തിൽ അവർ കർത്താവിന്റെ ഭവനത്തിൽ ഇല്ലാതിരിക്കാൻ ഇടയുണ്ട്. എന്നാൽ വളരെ ദൂരെയായതിനാൽ ദൈവകാര്യങ്ങൾ തീരെ അറിഞ്ഞുകൂടാത്തവർ അന്ന് അവന്റെ മടിയിലായിരിക്കാം. കാരണം. ദൈവത്തെ അനുസരിക്കാനുള്ള മനുഷ്യന്റെ മനസ്സാണ് രാജ്യം നേടിത്തരുന്നത്; കുറെയേറെ അഭ്യാസങ്ങളും പഠനവുമല്ല.

അതിനാൽ  ഞാൻ നിങ്ങളോടു പറഞ്ഞുതന്ന  കാര്യങ്ങൾ ചെയ്യുവിൻ. ശിക്ഷ ഒഴിവാക്കണമെന്നു ചിന്തിക്കാതെ ദൈവത്തോടുള്ള സ്നേഹത്തെ പ്രതി മാത്രം അവ ചെയ്യുക. നിങ്ങൾക്ക് പിതാവിന്റെ ഭവനത്തിൽ ഒരു സ്ഥലമുണ്ടായിരിക്കും."

Wednesday, October 26, 2011

യൂദാസിന്റെ വിമർശനം

ഈശോ, അപ്പസ്തോലന്മാരും പ്രധാന ശിഷ്യരായ സ്റ്റീഫൻ, ഹെർമാസ്, മനേയൻ, തിമോണയൂസ്, നിക്കോളാസ്, പുരോഹിതനായ ജോൺ തുടങ്ങിയവരുമൊത്ത് ഒലിവുമലയുടെ ചുവട്ടിലാണ്.  ഈശോ പറയുന്നു: "നമുക്കു് മുകളിലേക്ക് ബഥനി റോഡിലേക്കു പോകാം. ഞാൻ  കുറച്ചു നാളത്തേക്ക് പട്ടണം വിട്ടുപോകയാണ്. നിങ്ങൾ എന്തെല്ലാം ചെയ്യണമെന്ന് നടക്കുന്ന വഴി ഞാൻ പറയാം."

"പട്ടണത്തിൽ നിന്നു പോകയാണോ? എന്തെങ്കിലും സംഭവമുണ്ടായോ?" പലരും ചോദിക്കുന്നു.
"ഇല്ല. പക്ഷേ കാത്തിരിക്കുന്ന സ്ഥലങ്ങൾ ഇനിയും ധാരാളമുണ്ട്."
ഈശോയുടെ കൂടെയില്ലാതിരുന്ന പത്ത് അപ്പസ്തോലന്മാരിൽ ചിലർ ചോദിക്കുന്നു; "ഇന്നു രാവിലെ നീ എന്താണു ചെയ്തത്?"
"ഞാൻ  പ്രസംഗിച്ചു... പ്രവാചകന്മാരെക്കുറിച്ച്... പക്ഷേ അവർ ഒന്നും മനസ്സിലാക്കുന്നില്ല."
"ഗുരുവേ, അത്ഭുതമൊന്നും പ്രവർത്തിച്ചില്ലേ?" മാത്യു ചോദിക്കുന്നു.
"ഇല്ല. ഞാൻ  ഒരാളോടു ക്ഷമിക്കുകയും ആ ആളിനുവേണ്ടി നിലകൊള്ളുകയും ചെയ്തു.."
"അതാരായിരുന്നു? ആരാണ് ഉപദ്രവിച്ചത്?"
"തങ്ങൾക്കു പാപമില്ല എന്നു ചിന്തിക്കുന്നവരാണ് പാപിനിയായ ഒരു സ്ത്രീയെ കുറ്റം വിധിച്ചത്. ഞാൻ അവളെ രക്ഷിച്ചു."
"പക്ഷേ, അവൾ പാപിയായിരുന്നെങ്കിൽ അവർ ചെയ്തത് ശരിയാണ്."
"അവളുടെ ശരീരം പാപിനിയുടേതായിരുന്നു... അവളുടെ ആത്മാവ്... ആത്മാക്കളെക്കുറിച്ച് പറയാൻ അനേകം കാര്യങ്ങളുണ്ട്. അറിയപ്പെടുന്ന പാപികളെ മാത്രമല്ല ഞാൻ പാപികളെന്നുദ്ദേശിക്കുന്നത്.  പാപം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരും പാപികളാണ്."
"എന്നാൽ ആ സ്ത്രീ എന്തു പാപമാണു ചെയ്തത്?"
"വ്യഭിചാരം."
"വ്യഭിചാരമോ? എന്നിട്ടു് നീ അവളെ രക്ഷിച്ചോ? നീ അങ്ങനെ ചെയ്യരുതായിരുന്നു.." യൂദാ സ്കറിയോത്താ ആവേശത്തോടെ പറയുന്നു.
ഈശോ അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിക്കുന്നു, "എന്തുകൊണ്ടാണ് അത് പാടില്ലാത്തത്?"

"കാരണം... അത് നിനക്ക് ഉപദ്രവമായിത്തീർന്നേക്കാം.. നിനക്കറിയാമല്ലോ അവർ നിന്നെ എത്രയധികം വെറുക്കുന്നുവെന്ന്. നിനക്കെതിരായി കുറ്റങ്ങൾ കണ്ടുപിടിക്കാൻ അവർ ശ്രമിക്കയാണ്.. തീർച്ചയായും ഒരു വ്യഭിചാരിണിയെ രക്ഷിക്കുന്നത് നിയമത്തിനെതിരായിട്ടുള്ള പോക്കാണ്."
"എനിക്കവളെ രക്ഷിക്കണം എന്നു ഞാൻ പറഞ്ഞില്ല. ഞാൻ ഇത്രമാത്രമേ പറഞ്ഞുള്ളൂ; പാപമില്ലാത്തവർ അവളെ കല്ലെറിയണം എന്ന്. ആരും അവളെ എറിഞ്ഞില്ല; കാരണം പാപമില്ലാത്ത ഒരുത്തരുമില്ലായിരുന്നു. അതിനാൽ വ്യഭിചാരികളെ കല്ലെറിയണം എന്നുള്ള നിയമം ഉറപ്പിക്കയാണ് ഞാൻ ചെയ്തത്. എന്നാൽ ആ സ്ത്രീയെ രക്ഷിക്കയും ചെയ്തു."
"പക്ഷേ നീ..."
"ഞാൻ അവളെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു എന്നാണോ നീ പറയുന്നത്? അങ്ങനെ ചെയ്യുന്നത് നീതിയാകുമായിരുന്നു. എന്നാൽ കാരുണ്യമാകുമായിരുന്നില്ല."
"ഹാ! അവൾ അനുതപിച്ചു... അവൾ നിന്നോടു്  മാപ്പപേക്ഷിച്ചു; അപ്പോൾ നീ..."
"ഇല്ല; അവൾക്കു് അനുതാപമേ ഉണ്ടായിരുന്നില്ല. അവൾക്കു് നിരാശയും ഭയവും മാത്രമാണുണ്ടായിരുന്നത്."
"എങ്കിൽപ്പിന്നെ എന്തുകൊണ്ട്? എനിക്കു നിന്നെ ഒട്ടും മനസ്സിലാകുന്നില്ല."
"എനിക്കറിയാം. നീ എന്നെ മനസ്സിലാക്കുന്നില്ല. നീ ഒരിക്കലും എന്നെ ശരിക്കു മനസ്സിലാക്കിയിട്ടില്ല. ഇപ്രകാരം മനസ്സിലാക്കാത്തത് നീ മാത്രമല്ല. പക്ഷേ അക്കാരണത്താൽ എന്റെ പ്രവൃത്തികൾ മാറ്റാൻ സാധിക്കയില്ല."
"മാപ്പപേക്ഷിക്കുന്നവർക്കാണ് അത് നൽകേണ്ടത്."
"ഓ! പാപപ്പൊറുതിക്കായി അപേക്ഷിക്കുന്നവർക്കു മാത്രം ദൈവം മാപ്പു കൊടുക്കയായിരുന്നെങ്കിൽ!! പാപം ചെയ്തിട്ട് അനുതപിക്കാത്ത എല്ലാവരേയും ഉടനടി പ്രഹരിക്കുകയാണെങ്കിൽ!!  അനുതപിക്കുന്നതിനു മുൻപുതന്നെ പാപപ്പൊറുതി ലഭിച്ച അനുഭവം നിനക്കുണ്ടായിട്ടില്ലേ? നീ അനുതപിച്ചെന്നും അതിനാലാണ് നിനക്കു പാപപ്പൊറുതി ലഭിച്ചതെന്നും നിനക്കു തീർത്തു പറയാൻ കഴിയുമോ?"
"ഗുരുവേ,  ഞാൻ..."
"എല്ലാവരും ശ്രദ്ധിക്കൂ.. കാരണം, നിങ്ങളിൽ പലരും ചിന്തിക്കുന്നത് ഞാൻ ചെയ്തത് തെറ്റാണെന്നും യൂദാസ് പറയുന്നത് ശരിയാണെന്നുമാണ്. അവൾക്കു മാപ്പു കൊടുത്തത് എന്റെ വിഡ്ഡിത്തമല്ല. പൂർണ്ണമായി അനുതപിച്ചതിനാൽ ഞാൻ പാപപ്പൊറുതി നൽകിയ മറ്റാത്മാക്കളോടു പറഞ്ഞത് അവളോട് ഞാൻ പറഞ്ഞില്ല. എന്നാൽ അനുതാപത്തിലെത്തുവാൻ അവൾക്കു് സമയവും സാദ്ധ്യതയും ഞാൻ നൽകി.
അവൾക്കാഗ്രഹമുണ്ടെങ്കിൽ അനുതാപത്തിലേക്കും വിശുദ്ധിയിലേക്കും എത്തുവാൻ അവൾക്കു കഴിയും. നിങ്ങൾ ആത്മാക്കളുടെ ഗുരുനാഥന്മാരാകുമ്പോൾ ഇക്കാര്യം
ഓർമ്മിക്കുവിൻ. യഥാർത്ഥ ഗുരുക്കന്മാരായി വർത്തിക്കുന്നതിനും ആ സ്ഥാനത്തിന് അർഹരാകുന്നതിനും രണ്ടു കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമത്തെ കാര്യം, തനിക്കുതന്നെ
കർശനമായ ഒരു ജീവിതചിട്ട... കാരണം, തന്നോടുതന്നെ അയവു കാണിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റായി വിധിക്കുന്നു എന്ന കാപട്യത്തിൽ വീഴാൻ പാടില്ല. രണ്ടാമത്തെ കാര്യം, ആത്മാക്കൾക്ക് സ്വയം തിരുത്തുവാനും ശക്തി പ്രാപിക്കുവാനും സമയം നൽകാനുള്ള കാരുണ്യവും ക്ഷമയും നിങ്ങൾക്കുണ്ടായിരിക്കണം."

പ്രീശരുടെ വിധിപ്രസ്താവന - ഈശോയുടെ പ്രബോധനം

                                              വ്യഭിചാരിണിയായ സ്ത്രീയെ വിധിക്കാതെ വിട്ടതിനെപ്പറ്റി ഈശോ പറയുന്നു:

"എനിക്കു പ്രയാസം വരുത്തിയത് കുറ്റമാരോപണം ചെയ്തവരുടെ  ആത്മാർത്ഥതയില്ലായ്മയും സ്നേഹമില്ലായ്മയുമാണ്. അവർ കുറ്റമാരോപണം ചെയ്തത് കള്ളമായിരുന്നതുകൊണ്ടല്ല. ആ സ്ത്രീ ശരിക്കും കുറ്റം ചെയ്തു. എന്നാൽ അതിൽ ഇടർച്ച കാണിച്ചത് അവരുടെ ആത്മാർത്ഥതയില്ലായ്മയാണ്. കാരണം, അതേകുറ്റം അനേകായിരം പ്രാവശ്യം അവർ ചെയ്തിട്ടുള്ളതാണ്. എന്നാൽ കൂടുതൽ സൂത്രത്തിലും ഗോപ്യമായും ചെയ്തു. കണ്ടുപിടിക്കപ്പെട്ടില്ല എന്ന ഭാഗ്യവും തുണച്ചു. ആ സ്ത്രീ അവളുടെ ആദ്യപാപത്തിൽ അത്രയും കൗശലം കാണിച്ചില്ല. കണ്ടുപിടിക്കപ്പെടാതിരിക്കക്കാൻ ഭാഗ്യവുമുണ്ടായില്ല.  എന്നാൽ അവളെ കുറ്റം വിധിച്ച  ഒരുത്തരും - പുരുഷന്മാരും   സ്ത്രീകളും  -   പാപവിമുക്തരായിരുന്നില്ല. 
സ്ത്രീകളും   കുറ്റമാരോപണം    നടത്തുന്നുണ്ടായിരുന്നു. 
ശബ്ദമുയർത്തിയില്ല എന്നുമാത്രം.
 
വ്യഭിചാരത്തിന്റെ പ്രവൃത്തി ചെയ്യുന്നവൻ വ്യഭിചാരിയാണ്. അതിനായി ആഗ്രഹമുള്ളവരും എല്ലാ വിധത്തിലും അതിനായി ദാഹിക്കുന്നവരും വ്യഭിചാരികളാണ്. പാപം ചെയ്യുന്നവനും ചെയ്യാനാഗ്രഹിക്കുന്നവനും ജഡികാസക്തിയുള്ളവരാണ്. തിന്മ
പ്രവർത്തിക്കാതിരുന്നാൽപ്പോരാ, അത് ആഗ്രഹിക്കാതിരിക്കയും വേണം. ജഡികചിന്തകൾ ഇഷ്ടപ്പെടുകയും വായന, പ്രവൃത്തികൾ, ആപൽക്കരമായ തഴക്കങ്ങൾ എന്നിവയാൽ ജഡികവിചാരങ്ങളെ ഉത്തേജിപ്പിക്കയും ചെയ്യുന്നവർ, യഥാർത്ഥത്തിൽ പാപപ്രവൃത്തി ചെയ്യുന്നവരെപ്പോലെ തന്നെ അശുദ്ധരാണ്.  അവർ ഏറ്റം അശുദ്ധിയുള്ള മൃഗത്തേക്കാൾ താഴ്ന്നവരാണ്.

 
നീതിയായി വിധിക്കണമെങ്കിൽ ഒരുവൻ പാപത്തിൽ നിന്ന് സ്വതന്ത്രനായിരിക്കണം. പാപിനിയായ ആ സ്ത്രീയെ നിന്ദിക്കാനായി വന്ന പ്രീശരുടേയും മറ്റാളുകളുടേയും ഹൃദയങ്ങൾ എനിക്കറിയാമായിരുന്നു.
  ദൈവത്തിനും അയൽക്കാർക്കുമെതിരെ, തങ്ങളുടെ വിശ്വാസത്തിനെതിരെ,  മാതാപിതാക്കൾക്കെതിരെ, എല്ലാറ്റിലുമധികമായി തങ്ങളുടെ ഭാര്യമാർക്കെതിരെ പാപം ചെയ്തവരാണവർ. ഒരത്ഭുതം ചെയ്ത് അവരുടെ രക്തത്തോട് അവർ ചെയ്ത  പാപങ്ങൾ  അവരുടെ  നെറ്റിയിൽ  എഴുതുവാൻ ഞാനാവശ്യപ്പെട്ടിരുന്നെങ്കിൽ അനവധി പാപങ്ങളിൽ ഏറ്റവും കൂടുതൽ "വ്യഭിചാരം" - പ്രവൃത്തി കൊണ്ടും ആഗ്രഹം കൊണ്ടും - എന്നുള്ളതാകുമായിരുന്നു. ഞാൻ പറഞ്ഞു, 'ഹൃദയത്തിൽ നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.'  ആ സ്ത്രീയെ വിധിക്കാൻ വന്ന ഒരുവന്റെയും ഹൃദയം പരിശുദ്ധമായിരുന്നില്ല. അവർക്കു്  ആത്മാർത്ഥതയും  ഉപവിയും  ഇല്ലാതിരുന്നു. അവളെപ്പോലെ തന്നെ  കാമാസക്തി തങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ടുതന്നെ അവളോട് അവർ ഉപവി കാണിക്കേണ്ടതായിരുന്നു.

മനസ്സു തളർന്ന ആ സ്ത്രീയോട് ഉപവി കാണിച്ചത് ഞാൻ മാത്രമാണ്. അവളോട് അനിഷ്ടം വരേണ്ട ഏകവ്യക്തിയായ ഞാൻ! എന്നാൽ ഇത് ഓർമ്മിക്കുവിൻ: ഒരാൾക്ക് കാരുണ്യം വർദ്ധിക്കുമ്പോൾ അയാൾ കുറ്റവാളികളോട് കൂടുതൽ സഹതാപം കാണിക്കും. ആ തെറ്റിനോട് അയവു കാണിക്കയല്ല ചെയ്യുന്നത്, പ്രലോഭനത്തെ ചെറുത്തു നിൽക്കാൻ കഴിയാതിരുന്ന ദുർബ്ബലരായ ആളുകളോടു കരുണ കാണിക്കയാണു ചെയ്യുന്നത്.

പലപ്പോഴും ദുർബ്ബലരായ ആളുകൾ പാപം ചെയ്യുന്നത് ആശ്വാസം തേടിയാണ്. അതിനാൽ ഞാൻ പറയുന്നു, സ്വന്തം ഭാര്യയോടോ മകളോടോ സ്നേഹമില്ലാത്തവൻ, ഭാര്യയുടേയോ മകളുടെയോ പാപത്തിന് തൊണ്ണൂറു ശതമാനം ഉത്തരവാദിയാണ്. അതിന് അവൻ ഉത്തരം പറയേണ്ടതായി വരും. മക്കളുടെ കാര്യം ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവൻ വ്യഭിചാരത്തിനും വേശ്യാവൃത്തിക്കും വഴിതെളിക്കുന്നു. അവരെ ഞാൻ അപ്രകാരംതന്നെ വിധിക്കുന്നു.


തെറ്റു ചെയ്ത ആ സ്ത്രീ രക്ഷപ്പെടുവാൻ ഏതു മാർഗ്ഗമാണു സ്വീകരിക്കേണ്ടതെന്ന് ഞാനവൾക്കു കാണിച്ചുകൊടുത്തു. അവളുടെ വീട്ടിലേക്കു തിരിച്ചുപോയി ചെയ്ത കുറ്റത്തിന് എളിമയോടെ മാപ്പു ചോദിക്കുവാനും നല്ല ജീവിതം വഴി മാപ്പു നേടുവാനും മേലിൽ മാംസത്തിനടിപ്പെടാതെ ജീവിക്കുവാനും ആവശ്യപ്പെട്ടു. ദൈവം ക്ഷമിക്കുന്നു. അത് അവൻ നന്മയായതുകൊണ്ടാണ്.


ഞാൻ ആ സ്ത്രീയ്ക്ക് സമാധാനം ആശംസിച്ചില്ല. എന്റെ അനുഗ്രഹവും നൽകിയില്ല. കാരണം, അവൾ പാപത്തിൽ  നിന്ന് പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. പാപപ്പൊറുതി ലഭിക്കണമെങ്കിൽ പാപത്തെ വിട്ടുപേക്ഷിക്കണം. അവളുടെ ജഡത്തിലോ അതിലും ദൗർഭാഗ്യകരമായി, അവളുടെ ഹൃദയത്തിലോ പാപത്തെക്കുറിച്ച് അറപ്പോ വെറുപ്പോ ഉണ്ടായിരുന്നില്ല. നാശകാരണമായതിനെ ഛേദിച്ച് രക്ഷാകരമായതിൽ വളരുവാൻ അവൾക്കു കഴിഞ്ഞില്ല.

                  ഞാൻ എല്ലാവരുടേയും രക്ഷകനായിത്തീർന്നില്ല. അങ്ങനെയാകാൻ ഞാനാഗ്രഹിച്ചു; പക്ഷേ അങ്ങനെയായില്ല. ഗദ്സമെനിലെ എന്റെ മരണവേദനയിൽ എന്നെ തുളച്ച മൂർച്ചയേറിയ അമ്പുകളിലൊന്ന് അതായിരുന്നു!"

പ്രീശരും വ്യഭിചാരിണിയായ സ്ത്രീയും

ഈശോ ജറുസലേം ദേവാലയ മതില്‍ ക്കെട്ടുകൾക്കകത്ത് അങ്കണങ്ങളിലൊന്നില്‍  തന്റെ ചുറ്റും കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടുസംസാരിക്കുകയാണ്. മറ്റു റബ്ബിമാരുടെ ചുറ്റുമുള്ളവർ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഈശോയുടെ ചുറ്റും നില്‍ക്കുന്ന  ആളുകൾ മാത്രം അനങ്ങാതെ നില്‍ പ്പുണ്ട്.  അപ്പോഴതാ, വിഷം തുപ്പുന്ന ഒരു ചെറുഗണം പ്രീശരും  നിയമജ്ഞരും ഈശോയുടെ  അടുത്തേക്ക്,  ഏകദേശം മുപ്പതു വയസ്സു പ്രായം വരുന്ന ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു വരുന്നു. അവളുടെ വസ്ത്രം വൃത്തിഹീനമാണ്. മുടി പ്രാകൃതമായിക്കിടക്കുന്നു. അവൾ ഒരു  കെട്ടു പഴന്തുണിയോ ഒരു  ശവമോ എന്നപോലെ അവർ ഈശോയുടെ   പാദത്തിങ്കലേക്ക് അവളെ എറിഞ്ഞു. അവൾ  അവിടെ പതുങ്ങിക്കിടന്നു. മുഖം കൈത്തണ്ടുകളില്‍  വച്ച് നിലത്ത് കമിഴ്ന്നു കിടക്കുകയാണ്.

"ഗുരുവേ, വ്യഭിചാരപ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തുതന്നെ പിടിക്കപ്പെട്ടവളാണ് ഇവൾ. ഇവളുടെ ഭർത്താവ് ഇവളെ സ്നേഹിക്കുന്നു. ഇവൾക്ക് ഒരു  കുറവും വരാതെ സംരക്ഷിക്കുന്നു. എന്നാല്‍  ഇവൾ അവനോടു് അവിശ്വസ്തത കാണിക്കുന്നു. ഇവൾ വ്യഭിചാരിണിയായിരിക്കുന്നു. അതിനാല്‍  ഇവളെ  കല്ലെറിയേണ്ടതാണ്. മോശ അങ്ങനെയാണ് കല്‍ പ്പിച്ചിട്ടുള്ളത്. ഗുരുവേ, നീ ഇതെക്കുറിച്ച് എന്തുപറയുന്നു?"

പ്രീശരുടെ കോലാഹലമായ വരവോടെ ഈശോ പ്രസംഗം നിറുത്തിയിരുന്നു. കോപാവേശം പൂണ്ട ആ പ്രീശരുടെ പറ്റത്തെ ഈശോ തുളച്ചുകയറുന്ന വിധത്തിൽ നിശിതമായി നോക്കി. പിന്നീട് ദൃഷ്ടികൾ താഴ്ത്തി തന്റെ പാദത്തിങ്കലേക്ക്  എറിയപ്പെട്ട സ്ത്രീയെയും നോക്കി. എന്നാല്‍   ഒന്നും പറഞ്ഞില്ല. ഇരുന്നുകൊണ്ടു  തന്നെ  കുനിഞ്ഞ് പൂമുഖം പണിതിരിക്കുന്ന കല്ലിന്മേല്‍  അടിഞ്ഞുകൂടിയിരിക്കുന്ന പൊടിയില്‍  വിരല്‍  കൊണ്ട് എഴുതുകയാണ്. 
"ഗുരുവേ, ഞങ്ങൾ നിന്നോടാണ് സംസാരിക്കുന്നത്. ഞങ്ങളെ ശ്രദ്ധിക്കുക. ഞങ്ങൾക്കു മറുപടി തരിക. നിനക്കു മനസ്സിലായോ? ഈ സ്ത്രീ വ്യഭിചാരപ്രവൃത്തിയില്‍  പിടിക്കപ്പെട്ടവളാണ്. അവളുടെ  വീട്ടില്‍ , അവളുടെ  ഭർത്താവിന്റെ കിടക്കയില്‍ . അവളുടെ   കാമവെറി കൊണ്ട് ആ കിടക്കയെ മലിനമാക്കി."
ഈശോ എഴുത്തു തുടരുകയാണ്.
 "ഗുരുവേ, ഇവൾ നിയമത്തെ അവഹേളിച്ചു; വിവാഹക്കിടക്കയെ മലിനമാക്കി. ഇവൾ ദൈവദൂഷണം പറയുന്നവളാണ്..."

"പക്ഷേ, ഈ മനുഷ്യൻ ഒരു   വിഡ്ഡിയാണ്. അതു കാണാൻ വയ്യേ? ഇവന് ഒന്നും മനസ്സിലാകുന്നതേയില്ല. ഒരു   ഭോഷനെപ്പോലെ ഇവൻ പൊടിയില്‍  ചിത്രം വരയ്ക്കുന്നു?"
"ഗുരുവേ, നിന്റെ പേരിനെപ്രതി സംസാരിക്കൂ. നിന്റെ ജ്ഞാനം ഞങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം നൽകട്ടെ. ഞങ്ങൾ  ആവർത്തിച്ചു പറയുന്നു; ഈ സ്ത്രീക്ക് യാതൊന്നിന്റെയും കുറവുണ്ടായിരുന്നില്ല. എന്നിട്ടും അവൾ അവിശ്വസ്തത  കാണിച്ചു."
ഈശോ എഴുതുകയാണ്.   എഴുതിയത്,  ചെരിപ്പുള്ള കാല്‍  കൊണ്ട് തുടച്ചശേഷം വീണ്ടും എഴുതുന്നു. കൂടുതല്‍  സ്ഥലം കിട്ടാനായി അല്‍ പ്പം തിരിയുന്നു.  അവൻ എഴുതുന്ന വാക്കുകൾ ഇതൊക്കെയാണ്; 'പിടിച്ചുപറിക്കാരൻ, അന്യായപ്പലിശ വാങ്ങുന്നവൻ, കാപട്യക്കാരൻ, ബഹുമാനമില്ലാത്ത മകൻ, മാനഭംഗപ്പെടുത്തുന്നവൻ, കള്ളൻ, കാമാസക്തൻ, ദൈവദൂഷകൻ, വ്യഭിചാരി..........   '  കുറ്റാരോപണക്കാർ മാറി മാറി കുറ്റമാരോപിക്കുമ്പോൾ ഇതേ വാക്കുകൾ ഈശോ ആവർത്തിച്ചാവർത്തിച്ച് എഴുതുന്നു.
"ആകട്ടെ ഗുരുവേ, നിന്റെ അഭിപ്രായം?  ഈ സ്ത്രീ വിധിക്കപ്പെടേണ്ടവളാണ്."

ഈശോ എഴുന്നേറ്റുനിന്നു.  ഈശോയുടെ മുഖം വിധിയാളന്റേതായി. കണ്ണുകൾ ഇടിവാൾ പോലെ കുറ്റാരോപണം ചെയ്തവരുടെ മേല്‍  മിന്നുന്നു... ഗൗരവവുംകാർക്കശ്യവുമാണാ മുഖത്ത്. പുഞ്ചിരിയുടെ നിഴൽ പോലുമില്ല. കഠിനത  സ്ഫുരിക്കുന്ന മുഖം.. കോപം കത്തിജ്ജ്വലിക്കുന്ന കണ്ണുകൾ.. ആ നോട്ടം താങ്ങാനാവാതെ ചുറ്റും നിന്ന ആളുകൾ പിൻവാങ്ങുന്നു. ഈശോ ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം നോക്കുന്നു. അവരുടെ ഉള്ള് പരിശോധിക്കുന്നതായി അനുഭവപ്പെട്ട അവർ ഓരോരുത്തരായി ജനക്കൂട്ടത്തിൽ ഒളിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ഈശോയുടെ ചുറ്റിലുമുണ്ടായിരുന്ന വലയം ഇല്ലാതായി.
അവസാനം ഈശോ സംസാരിക്കുന്നു: "പാപം ചെയ്തിട്ടില്ലാത്ത ആരെങ്കിലും ഒരുവൻ നിങ്ങളിലുണ്ടെങ്കില്‍  അവൻ ആദ്യം അവളെ കല്ലെറിയട്ടെ."

ഈശോയുടെ സ്വരം ഇടിനാദം പോലെയാണ്. കണ്ണുകളുടെ മിന്നൽ അതിലും കഠിനം. 

ആദ്യം ഒരാൾ, പിന്നെ രണ്ടുപേർ, പിന്നെ അഞ്ച്, അതുകഴിഞ്ഞ് കൂട്ടമായി, ഇങ്ങനെ അവിടെയുണ്ടായിരുന്ന സകലരും തലതാഴ്ത്തി സ്ഥലം വിടുകയാണ്. പ്രീശരും  നിയമജ്ഞരും മാത്രമല്ല,   പ്രസംഗം കേൾക്കാൻ ഈശോയുടെ ചുറ്റും കൂടിയിരുന്ന എല്ലാവരുംതന്നെ - അവരെല്ലാം ആ സ്ത്രീയെ കുറ്റം വിധിക്കുകയും അവളെ  കല്ലെറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് - പോയിക്കഴിഞ്ഞു.
ഈശോ മാത്രം അവശേഷിച്ചു. അപ്പസ്തോലന്മാരില്‍  പത്രോസും ജോണും മാത്രം  ഈശോയോടൊപ്പമുണ്ട്.
അങ്കണം പൂർണ്ണമായി വിജനമായി. ഈശോ കാൽക്കൽ കിടക്കുന്ന സ്ത്രീയെ നോക്കുന്നു. മുഖം ഇപ്പോൾ ശാന്തമാണ്. അപ്പസ്തോലന്മാരോട് കവാടത്തിലേക്ക് പൊയ്ക്കൊള്ളുവാൻ ആംഗ്യം കൊണ്ട് നിർദ്ദേശം നല്‍ കി.
ഈശോ തനിച്ചായപ്പോൾ ആ സ്ത്രീയെ വിളിച്ചു: "സ്ത്രീയേ, എന്റെ നേരെ നോക്കൂ."
നിർഭാഗ്യയായ അവൾ മുഖം ഉയർത്തി.
"സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തിയവരെല്ലാം എവിടെ? ആരും നിന്നെ വിധിച്ചില്ലേ?"
സ്ത്രീ  തേങ്ങിക്കരഞ്ഞുകൊണ്ട് പറയുന്നു: "ഗുരുവേ ഒരുത്തരും എന്നെ വിധിച്ചില്ല."
"ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിയും നീ പാപം ചെയ്യരുത്. വീട്ടിലേക്കു പോകൂ. ദൈവവും നീ ഉപദ്രവിച്ച മനുഷ്യനും നിനക്കു  മാപ്പുനൽകത്തക്ക വിധത്തില്‍  
പ്രവർത്തിക്കുക. ദൈവത്തിന്റെ കാരുണ്യത്തെ ധിക്കരിക്കരുത്. പൊയ്ക്കൊള്ളൂ."
ഈശോ എഴുന്നേല്‍ക്കാൻ അവളെ സഹായിക്കുന്നു. എന്നാല്‍   അവളെ അനുഗ്രഹിക്കുകയോ സമാധാനം ആശംസിക്കയോ ചെയ്യുന്നില്ല. അവൾ പോകുന്നത് ഈശോ നോക്കുന്നു. പോയിക്കഴിഞ്ഞപ്പോൾ ഈശോ രണ്ടു ശിഷ്യരുമൊത്ത് യാത്രയായി.

Tuesday, October 25, 2011

കാരുണ്യത്തിന്റെ പ്രവൃത്തികൾ: കാരാഗൃഹത്തിലുള്ളവരെ സന്ദർശിക്കുക

ഈശോ പറയുന്നു: "തടവുകാരെ വിധി ചെയ്യാതെ അവരോടു സഹതാപം കാണിക്കുവിൻ. എല്ലാ കൊലപാതകങ്ങളും മോഷണങ്ങളും ശിക്ഷിക്കപ്പെടുകയാണെങ്കിൽ ശിക്ഷയേൽക്കാത്ത സ്ത്രീപുരുഷന്മാരുടെ എണ്ണം വളരെക്കുറവായിരിക്കും. ഗർഭം ധരിച്ചിട്ട് അവരുടെ ഉദരഫലത്തിനു ജന്മം കൊടുക്കാനാഗ്രഹിക്കാത്ത അമ്മമാരെക്കുറിച്ച് എന്താണു പറയേണ്ടത്? അവരെ നമുക്കു് അവരുടെ ശരിക്കുള്ള പേരു വിളിക്കാം - കൊലപാതകികൾ!  മറ്റുള്ളവരുടെ സൽപ്പേരും സ്ഥാനവും മോഷ്ടിക്കുന്ന പുരുഷന്മാരെ എന്താണു വിളിക്കേണ്ടത്? അവർ ആയിരിക്കുന്നതെന്തോ അതു വിളിച്ചാൽ മതി - കവർച്ചക്കാർ! വ്യഭിചാരം ചെയ്യുന്ന സ്ത്രീകളുടേയും പുരുഷന്മാരുടെയും പേരെന്താണ്? മറ്റുള്ളവരെ കൊല്ലാൻ, അഥവാ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ബന്ധുക്കളെ പീഡിപ്പിക്കുന്നവരെ  എന്തു പേരാണ്  വിളിക്കുന്നത്? 
കൊലയാളികള്‍!     ഇങ്ങനെ നോക്കിയാൽ നാം കുറ്റവാളികളുടെ ഇടയിലാണു ജീവിക്കുന്നതെന്നു മനസ്സിലാകും. എന്നാൽ അതേക്കുറിച്ച് ഒരു വിഷമവും നമുക്കില്ല. ദൈവത്തിന്റെ കരം, മനുഷ്യന്റെ നെറ്റിത്തടത്തിൽ, അവൻ യഥാർത്ഥത്തിൽ എന്താണോ അത് എഴുതുന്നു എന്നു കരുതുക. അപ്പോൾ നിർദ്ദോഷി എന്ന പേരു് എഴുതപ്പെടുന്നവർ വളരെ വിരളമായിരിക്കും. മറ്റ് നെറ്റിത്തടങ്ങളിലെല്ലാം കാണപ്പെടുന്നത് വ്യഭിചാരി, കൊലപാതകി. മോഷ്ടാവ് എന്നിങ്ങനെയായിരിക്കും. അവ അസൂയയുടെ പച്ചനിറത്തിലോ വഞ്ചനയുടെ കറുപ്പുനിറത്തിലോ കുറ്റകൃത്യങ്ങളുടെ ചുവപ്പു നിറത്തിലോ ഉള്ള അക്ഷരങ്ങളിലായിരിക്കും എഴുതപ്പെടുക.

അതുകൊണ്ട് ഒട്ടും അഹങ്കാരികളാകാതെ തടവുകാരായ സഹോദരങ്ങളോടു കരുണയുള്ളവരായിരിക്കുവിൻ.
കുറ്റവാളിക്കും തടവുകാരനും അവന്റെ സഹോദരങ്ങളുടെ സ്നേഹം ലഭിക്കട്ടെ. അത് അന്ധകാരത്തിലെ പ്രകാശമായിരിക്കും. കരുണയുള്ള ദൈവത്തെക്കാണാൻ പ്രകാശം ഇടവരുത്തുന്നു."

Saturday, October 22, 2011

മരിച്ചവരെ സംസ്കരിക്കുക


ഈശോ പറയുന്നു: "മരണത്തെക്കുറിച്ച് ധ്യാനിക്കുന്നത് ജീവിതത്തിന്റെ ഒരു  പാഠമാണ്. നിങ്ങളെ എല്ലാവരേയും മരണത്തിന്റെ മുന്നിൽ കൊണ്ടുവന്നിട്ട് ഞാൻ ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നു: "ഇതുപോലെ മരിക്കാനായി വിശുദ്ധരെപ്പോലെ ജീവിക്കൂ." മരണം ശരീരത്തിന് താൽക്കാലിക വിടുതലാണ്. ആത്മാവും ശരീരവും തമ്മിലുള്ള താൽക്കാലിക വേർപാടു്. പിന്നീട് എല്ലാവരുമൊരുമിച്ച് വലിയ ആനന്ദത്തിന്റെ പ്രതാപത്തോടെ എഴുന്നേൽക്കുന്നതിനു വേണ്ടിയുള്ള വേർപാടു്.

നാമെല്ലാവരും നഗ്നരായിട്ടാണ് ജനിച്ചത്. ഒരുനാൾ നാമെല്ലാം മരിക്കും. നമ്മുടെ മർത്യമായ അവശിഷ്ടങ്ങൾ ചീഞ്ഞഴിയും. രാജാവായാലും യാചകനായാലും ജനിച്ചതു പോലെതന്നെ മരിക്കും. രാജാക്കന്മാരുടെ പ്രൗഢി നിമിത്തം അവരുടെ മൃതശരീരം   മറവു ചെയ്യുന്നത്   കൂടുതൽ  സമയം കുഴിഞ്ഞിട്ടായിരിക്കാം. എന്നാലും മൃതമായ മാംസത്തിന്റെ വിധി ചീഞ്ഞഴിയുക എന്നതാണ്. മമ്മികൾ എന്താണ്? മാംസമോ? അല്ല... അവ പശയും സുഗന്ധദ്രവ്യങ്ങളും  തേച്ച് അജീർണ്ണമാക്കിയ  പദാർത്ഥമാണ്.  അത് പുഴുക്കൾക്കിരയാവുകയില്ല. കാരണം, ചില സത്തുക്കൾ ചേർത്ത് പുകച്ചതാണ്. എന്നാൽ പഴയ തടി പോലെ തടിയിലെ പുഴുക്കൾ നിമിത്തം കുത്തിപ്പോകും.

എന്നാൽ പൊടി (ശരീരം) വീണ്ടും പൊടിയാകും. ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാലും പൊടി (ശരീരം) അരൂപിയെ (ആത്മാവിനെ) ആവരണം ചെയ്തു. അരൂപിയാൽ സജീവമാക്കപ്പെട്ടു. ദൈവത്തിന്റെ മഹത്വത്തിന്മേൽ സ്പർശിച്ചതുപോലെ സജീവമായി. അതുകൊണ്ട് ആ പൊടി വിശുദ്ധമാക്കപ്പെട്ടതാണെന്ന് നാം കരുതണം. ഒരാത്മാവ് പരിപൂർണ്ണതയിലായിരുന്ന ഒരു നിമിഷമെങ്കിലും ഉണ്ടായിരുന്നു;  ദൈവം അതിനെ  സൃഷ്ടിച്ച നിമിഷം...  പാപം അതിനെ വിരൂപമാക്കിയെങ്കിൽ, അതിന്റെ പൂർണ്ണത എടുത്തു കളഞ്ഞെങ്കിൽ, അതിന്റെ ഉത്ഭവം നിമിത്തം ഇപ്പോഴും അത് പദാർത്ഥത്തിന് മനോഹാരിത പകരുന്നു. ആ സൗന്ദര്യത്തിൽ (ദൈവത്തിൽ) നിന്നു വരുന്നതായതിനാൽത്തന്നെ അത് ബഹുമാനിക്കപ്പെടേണ്ടതാകുന്നു.


അതിനാൽ മരിച്ചവർക്ക് ബഹുമാന്യമായ വിശമം നൽകണം. പുനരുത്ഥാനം പ്രതീക്ഷിച്ച് അവർ കഴിയുകയാണ്. മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ ക്രമീകരണത്തിൽ ദൈവത്തിന്റെ മനസ്സിനെയും കരവേലയെയും ഓർത്ത് ധ്യാനിക്കുക. അതിനെ നിർമ്മിച്ചതിനെക്കുറിച്ച് - പരിപൂർണ്ണമാക്കിയതിനെക്കുറിച്ച് ഒക്കെ ധ്യാനിക്കുക. അതിന്റെ പൂജ്യാവശിഷ്ടങ്ങളിലും കർത്താവിന്റെ കരവേലയെ ബഹുമാനിക്കുക"

Friday, October 21, 2011

രോഗികളെ സന്ദർശിക്കുക


                    ഈശോ പ്രസംഗം തുടരുകയാണ്:   "മനുഷ്യർ തീർത്ഥാടകരായിരിക്കുന്നതുപോലെ യഥാർത്ഥത്തിൽ അവർ രോഗികളുമാണ്. ആത്മാവിന്റെ രോഗമാണ് ഏറ്റവും കഠിനമായ രോഗം.   അത്  കാണാൻ  സാദ്ധ്യമല്ല;   എന്നുതന്നെയല്ല, മാരകവുമാണ്. എങ്കിലും ആളുകൾക്ക് അതിനോടു് അരോചകമില്ല.
ധാർമ്മികമായ ഒരു പഴുപ്പു് അനിഷ്ടകരമല്ല. തിന്മയുടെ ദുർഗ്ഗന്ധം നിമിത്തം ഒരു ഓക്കാനവുമില്ല. പൈശാചികമായ ബഹളം ആരേയും ഭയപ്പെടുത്തുന്നില്ല. അഴിഞ്ഞു ചീഞ്ഞ ആത്മാവ് ആരേയും ഓടിച്ചുകളയുന്നില്ല. ഇപ്രകാരമുള്ള അശുദ്ധിയെ സമീപിക്കുന്നവരെ ആരും ഭ്രഷ്ടാക്കുന്നില്ല. മനുഷ്യന്റെ 
ചിന്ത  എത്ര താഴ്ന്നതും ഇടുങ്ങിയതുമാണ്!    എന്നാൽ
ആലോചിച്ചുനോക്കൂ..   ഏതിനാണ് കൂടുതൽ വിലയുള്ളത് ? ആത്മാവിനോ ശരീരത്തിനോ? ശരീരത്തോടു തുലനം ചെയ്താൽ ആത്മാവിന്റെ വില അപരിമിതമാണ്.  ശരീരം ആത്മാവിനേക്കാൾ ശക്തിയുള്ളതല്ല.   ആത്മാവ്  പദാർത്ഥപരമായവ നിമിത്തം ദുഷിപ്പിക്കപ്പെടുന്നില്ല; ആത്മീയമായ  കാര്യങ്ങളാലാണ് ദുഷിപ്പിക്കപ്പെടുന്നത്. ഒരാൾ ഒരു  കുഷ്ഠരോഗിയെ പരിചരിച്ചാൽ കുഷ്ഠം അയാളുടെ ആത്മാവിനെ കുഷ്ഠമുള്ളതാക്കുന്നില്ല.  നേരെമറിച്ച്,  സഹോദരനോടുള്ള സഹതാപം നിമിത്തം മരണത്തിന്റെ താഴ്വരയിലേക്കു സ്വയം പ്രവേശിച്ച വീരോചിതമായ ഉപവി നിമിത്തം, പാപത്തിന്റെ എല്ലാ കറകളും അയാളിൽ നിന്നു മായിക്കപ്പെടും. കാരണം, ഉപവി പാപങ്ങളിൽ നിന്നുള്ള മോചനവും ആദ്യത്തെ ശുദ്ധീകരണവുമാണ്.

                      രോഗത്തെക്കുറിച്ചുള്ള ഈ പുതിയ വീക്ഷണവും വിലയിരുത്തലും നിങ്ങളുടെ ഓർമ്മയിലുണ്ടായിരിക്കട്ടെ. നിങ്ങളെ ആരോഗ്യത്തോടെ   പരിപാലിക്കുന്നതിന്    ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം വേദനിക്കയും മരിക്കയും ചെയ്യുന്നവരുടെ  അടുത്തേക്ക് കുനിയുകയും ചെയ്യുക. എന്റെ അപ്പസ്തോലന്മാരിൽ ഒരാൾ ഒരുദിവസം സഹോദരരിൽ ഒരുവനോടു പറഞ്ഞു; കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ട, ദൈവത്തിന്റെ നിശ്ചയത്താൽ ഒരു രോഗവും നമ്മെ ബാധിക്കയില്ല എന്ന്. അയാൾ പറഞ്ഞത് ശരിയാണ്.   ദൈവം തന്റെ ദാസരെ സംരക്ഷിക്കുന്നു. എന്നാൽ രോഗികൾക്കു  പരിചരണം ചെയ്യുന്നതുവഴി നിങ്ങൾ രോഗികളായാൽത്തന്നെ, അടുത്ത ജീവിതത്തിൽ സ്നേഹത്തിന്റെ രക്തസാക്ഷികളുടെ ഗണത്തിൽ നിങ്ങൾക്കു് സ്ഥാനം ലഭിക്കും."

ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുക

കാരുണ്യത്തിന്റെ   പ്രവൃത്തികള്‍:-                           
                             
               ഈശോ തുടരുന്നു:  "പിതാവ് ഭൂമിയില്‍    മഴ പെയ്യിച്ചില്ലായിരുന്നുവെങ്കില്‍   എന്തു സംഭവിക്കുമായിരുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ദൈവം ഇങ്ങനെ നമ്മോടു പറയുകയാണെങ്കില്‍ നമുക്ക് എതിര്‍ക്കാനോ ശപിക്കാനോ കഴിയുമോ? 'ദാഹിക്കുന്നവരോട് നിങ്ങള്‍ കാണിക്കുന്ന ക്രൂരത നിറഞ്ഞ കാരുണ്യരാഹിത്യം നിമിത്തം മേഘങ്ങള്‍   ഭൂമിയിലേക്കിറങ്ങുന്നതു ഞാൻ തടയു'മെന്ന്. 
ഗോതമ്പിനേക്കാൾ വെള്ളം ദൈവത്തിനു സ്വന്തമാണ്; കാരണം, ഗോതമ്പ് മനുഷ്യൻ കൃഷി ചെയ്യുന്നു. എന്നാൽ മേഘങ്ങളുടെ വയലിൽ കൃഷി ചെയ്യുന്നത് ദൈവമാണ്. ആ മേഘങ്ങൾ മഴയായും മഞ്ഞായും മൂടൽമഞ്ഞായും ഭൂമിയിലേക്കിറങ്ങി വയലുകളെ ഫലഭൂയിഷ്ടമാക്കുന്നു; ജലസംഭരണികൾ, തടാകങ്ങൾ, നദികൾ ഇവയെല്ലാം നിറയ്ക്കുന്നു; മനുഷ്യന്റെ വിശപ്പടക്കുന്ന മത്സ്യങ്ങൾ, മൃഗങ്ങൾ ഇവയ്ക്ക് സംരക്ഷണം നൽകുന്നു. "എനിക്കൽപ്പം കുടിക്കാൻ തരിക"  എന്നാരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, "ഇല്ല, സാദ്ധ്യമല്ല; ഇത് എന്റെ വെള്ളമാണ്, നിനക്കത് തരികയില്ല" എന്നു നിങ്ങൾക്കു പറയാൻ കഴിയുമോ? ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. ജലം ആകാശത്തിൽ നിന്നിറങ്ങി വരികയും ആകാശത്തിലേക്ക് ഉയരുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് ദൈവം മറ്റ് സൃഷ്ടിജാലങ്ങളെ നിയന്ത്രിക്കുന്നതു പോലെ അവയേയും നിയന്ത്രിക്കുന്നതുകൊണ്ടാണ്.

അതുകൊണ്ട് ദാഹിച്ചു വരുന്നവർക്ക് വെള്ളം കൊടുക്കുക.  അത് ഭൂമിയിലെ അരുവികളിൽ നിന്നുവരുന്ന തണുത്ത ജലമാകാം; നിങ്ങളുടെ കിണറ്റിലെ ശുദ്ധജലമാകാം; നിങ്ങളുടെ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നതാകാം; ഏതായാലും അത് ദൈവത്തിന്റെ ജലമാണ്; അത്  എല്ലാവർക്കും വേണ്ടിയുള്ളതാണ്. ദാഹിക്കുന്നവർക്ക് അതു കൊടുക്കുക. അതിന് പണച്ചെലവില്ല; ഒരു കപ്പ് അഥവാ ജഗ്  എടുത്തുകൊടുക്കുന്ന അധ്വാനം 
മാത്രമല്ലേയുള്ളൂ?    അതിനുള്ള പ്രതിസമ്മാനം സ്വർഗ്ഗത്തിൽ ലഭിക്കുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു. കാരണം, വെള്ളത്തിനല്ല, ഉപവിയുടെ ആ പ്രവൃത്തിയ്ക്കാണ്  ദൈവത്തിന്റെ കണ്ണുകളിലും തീരുമാനത്തിലും പ്രാധാന്യമുള്ളത്."

ദരിദ്രരെ സഹായിക്കുക

നഗ്നരായവർ, ലജ്ജിതരായവർ, ദയനീയമായ ദുരിതങ്ങൾ അനുഭവിക്കുന്നവർ, ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങൾ, രോഗം, അഥവാ ആപത്തുകളും അനർത്ഥങ്ങളും നിമിത്തം ഒന്നിനും കഴിവില്ലാത്തവർ, വിധവകൾ, നിഷ്ക്കളങ്കരായ അനാഥക്കുട്ടികൾ.... ഞാൻ ലോകമൊട്ടാകെ ഒന്നു കണ്ണോടിച്ചാൽ ഇങ്ങനെയുള്ള ധാരാളമാളുകളെ എല്ലാ സ്ഥലങ്ങളിലും എനിക്കു കാണാൻ കഴിയും. അവരെല്ലാം നല്ല മാർദ്ദവമുള്ള വസ്ത്രങ്ങളും മയമുള്ള ചെരിപ്പുകളും ധരിച്ച് വഴിയിലൂടെ കടന്നുപോകുന്ന സമ്പന്നരെ നോക്കി കണ്ണുകൾ താഴ്ത്തിനിൽക്കും. അവരിൽ (ദരിദ്രരിൽ) നല്ലവർക്ക് ദൃഷ്ടി താഴുമെങ്കിലും ഹൃദയത്തിൽ കാരുണ്യമാണ്. എന്നാൽ നല്ലവരല്ലാത്തവരിൽ താണദൃഷ്ടിയും ഉള്ളിൽ വൈരാഗ്യവും ഉളവാകുന്നു. അവരുടെ മനസ്സിടിവിൽ അവരെ സഹായിച്ചുകൊണ്ട് നല്ലവരെ കൂടുതൽ നന്നാക്കാനും അത്ര നല്ലവരല്ലാത്തവരെ വൈരാഗ്യത്തിൽ നിന്നു മോചിപ്പിക്കാനും നിങ്ങളുടെ   സ്നേഹം   കൊണ്ട്   നിങ്ങൾ സഹായിക്കാത്തതെന്തുകൊണ്ടാണ്?

എന്റെ ആവശ്യത്തിനു വേണ്ടതു മാത്രമേ എനിക്കുള്ളൂ എന്നു നിങ്ങൾ പറയരുത്. അപ്പത്തിന്റെ കാര്യത്തിൽ എന്നപോലെ എപ്പോഴും മേശപ്പുറത്തും അലമാരയിലും എന്തെങ്കിലും മിച്ചം കാണും; നിങ്ങൾ അത്ര പാപ്പരല്ലെങ്കിൽ!  ഇപ്പോൾ എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്നവരിൽ ഒന്നിലധികംപേർ, ഇപ്രകാരം അനാഥരെയും ദരിദ്രരേയും സഹായിക്കുന്നവരായുണ്ട്. പിന്നെ, വർഷങ്ങളായി ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ഒരുവനുണ്ട്; അയാൾക്കു ലഭിക്കുന്ന ഭക്ഷണം, വീടുകളിൽപ്പോയി ഭിക്ഷ യാചിക്കാൻ കഴിവില്ലാത്ത ഒരു കുഷ്ഠരോഗിയുമായി പങ്കുവച്ചു കഴിയുന്നു. ഞാൻ ഗൗരവമായി പറയുന്നു, ഇതുപോലെ കാരുണ്യമുള്ള ആളുകളെ സമ്പന്നരുടെ ഇടയിൽ കണ്ടെത്തുകയില്ല; നേരെമറിച്ച് ദരിദ്രരുടെ സമൂഹങ്ങളിലാണ് അത്തരക്കാരെ കാണുക.


ദൈവത്തിന്റെ ദാനങ്ങൾ സമ്പന്നർക്കു വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർക്കുക. നിങ്ങൾക്കു ലഭിച്ചതുപോലെ നിങ്ങളും കൊടുക്കുക. കൊടുത്താൽ നിങ്ങൾക്കുള്ളത് കുറഞ്ഞുപോകുമോ എന്നു ഭയപ്പെടാതെ കർത്താവിന്റെ നാമത്തിൽ കൊടുക്കുക. 

വിശക്കുകയും ദാഹിക്കുകയും നഗ്നരായിരിക്കുകയും ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പരിശുദ്ധമായ മിതത്വവും അനുഗൃഹീതമായ നീതിയും ഏറ്റം പരിശുദ്ധമായ ഉപവിയും ഒരുമിച്ചു ചേർക്കുകയാണെങ്കിൽ നമ്മുടെ ആ വിശുദ്ധി വഴി നിർഭാഗ്യരായ നമ്മുടെ ദരിദ്രസഹോദരങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയായിരിക്കും നമ്മൾ ചെയ്യുക. ദൈവത്തിന്റെ അനുഗ്രഹത്താൽ നമുക്കു് ധാരാളമായി ലഭിച്ചിട്ടുള്ളതിൽ നിന്നാണു് ഇല്ലാത്തവർക്ക് നാം നൽകുന്നത്. രോഗം നിമിത്തമോ മനുഷ്യരുടെ ദുഷ്ടത നിമിത്തമോ ദരിദ്രരായിത്തീർന്നവരായിരിക്കാം അവർ. അപരിചിതനായ ഒരുവനെ അഭിവാദ്യം ചെയ്ത്, ദൈവത്തെപ്രതി 'സഹോദരാ' എന്നു സംബോധന ചെയ്യുകയാണെങ്കിൽ,   നമ്മുടെ വീടും കൈകളും തുറന്നു കൊടുക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്ന ഓരോ പ്രാവശ്യവും സ്വർഗ്ഗത്തിലേക്കുള്ള വഴിയിലൂടെ അനേക ദൂരം നമ്മൾ താണ്ടിക്കഴിഞ്ഞിരിക്കും."


(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)

Thursday, October 20, 2011

കാരുണ്യത്തിന്റെ പ്രവൃത്തികൾ

            ഈശോ കൊറാസിം സമതലത്തിലാണ്. അപ്പസ്തോലന്മാരും ശിഷ്യരുമടങ്ങുന്ന ചെറിയ ഗണത്തോടാണ് ഈശോ സംസാരിക്കുന്നത്. ശിഷ്യരുടെ കൂട്ടത്തിൽ ഗമാലിയേലിന്റെ ശിഷ്യരായിരുന്ന സ്റ്റീഫൻ, ഹെർമാസ് എന്നിവരും കുഷ്ഠരോഗത്തിൽ നിന്ന് ഈശോ സുഖപ്പെടുത്തിയ പുരോഹിതനായ ജോൺ,  സുവിശേഷഭാഗ്യങ്ങളുടെ മലയിൽ  ഈശോയെ ശ്രവിക്കാനെത്തിയ നിയമജ്ഞനായ ജോൺ തുടങ്ങിയവരുമുണ്ട്.     ഈശോ പറയുന്നു:   "സമാധാനം
 നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ.  ശ്രദ്ധിച്ചു കേൾക്കുക. കുറെക്കാലം മുമ്പ് ഒരു മനുഷ്യൻ എന്നോടു ചോദിച്ചു, പാപികളോട് ദൈവത്തിനു കരുണയുണ്ടോ, എത്രമാത്രം കരുണയുണ്ട് എന്ന്. ആ ചോദ്യം ചോദിച്ചയാൾ ഒരു പാപിയായിരുന്നു. അവന്റെ പാപം ക്ഷമിക്കപ്പെട്ടിരുന്നുവെങ്കിലും ദൈവം അവനോടു
പൂർണ്ണമായും ക്ഷമിച്ചുവെന്ന് വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല. ഉപമകളിൽക്കൂടി ഞാൻ അവന്റെ ഉത്ക്കണ്ഠ ശമിപ്പിച്ചു. (ധൂർത്തപുത്രന്റെ ഉപമ ഇയാൾക്കു വേണ്ടിയാണ് ഈശോ പറഞ്ഞത്) വഴിതെറ്റിപ്പോയ ഒരു കുട്ടി കരയുന്നതുപോലെ അവന്റെ ഹൃദയം അനുതാപത്താൽ കരയുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലിരിക്കുന്ന അവന്റെ പിതാവിന്റെ സ്വത്തായി അവൻ തീർന്നുകഴിഞ്ഞിരിക്കുന്നു എന്ന ബോധം അവനു നൽകാനായി ഞാനിപ്പോൾ കരുണയെക്കുറിച്ച് നിങ്ങളോടു  സംസാരിക്കാം.

ദൈവം സ്നേഹമായതിനാൽ അവൻ കരുണയാണ്. ദൈവത്തെ അനുകരിക്കുന്നതിനായി ദൈവത്തിന്റെ ഒരു ദാസൻ കരുണയുള്ളവനായിരിക്കണം.വഴിതെറ്റിപ്പോയിട്ടുള്ള മക്കളെ തന്നിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനായി ദൈവം കരുണ ഉപയോഗപ്പെടുത്തുന്നു. തെറ്റായി നയിക്കപ്പെടുന്ന മനുഷ്യരെ തിരിച്ചു് ദൈവത്തിലേക്കു കൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായി കാരുണ്യത്തെ ദൈവത്തിന്റെ ദാസർ ഉപയോഗപ്പെടുത്തണം.
സ്നേഹത്തിന്റെ നിയമം എല്ലാവർക്കും നൽകിയിരിക്കുന്ന ഒരു നിർബ്ബന്ധിത നിയമമാണ് എങ്കിൽ, ദൈവശുശ്രൂഷയ്ക്ക് അതു മൂന്നിരട്ടി നിർബ്ബന്ധമാണ്. സ്നേഹിക്കാതെ ഒരുവനും സ്വർഗ്ഗം പിടിച്ചടക്കുകയില്ല. വിശ്വാസികളോട് ഇത്രയുമൊക്കെ പറയേണ്ട  ആവശ്യമേയുള്ളൂ. എന്നാൽ ദൈവശുശ്രൂഷകരോടു ഞാൻ പറയുന്നു, നിങ്ങൾ വിശ്വാസികളെ പരിപൂർണ്ണ സ്നേഹത്താൽ സ്നേഹിക്കുന്നില്ലെങ്കിൽ  സ്വർഗ്ഗം പിടിച്ചെടുക്കാൻ  അവരെ പ്രാപ്തരാക്കുന്നതിന് നിങ്ങൾക്കു കഴിവുണ്ടാകയില്ല. എന്റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങൾ ആരാണ്? നിങ്ങളിൽ ഒട്ടുമുക്കാലും പരിപൂർണ്ണതയുടെ ജീവിതം ലക്ഷ്യമാക്കിയിട്ടുള്ള ദൈവമക്കളാണ്. ദൈവത്തിന്റെ ശുശ്രൂഷിയും ക്രിസ്തുവിന്റെ ദാസനും എന്നുള്ള ഭാഗ്യപ്പെട്ട, എന്നാൽ വിഷമമേറിയതും അതേസമയം പ്രഭാമയവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇപ്രകാരം ദൈവദാസരും ശുശ്രൂഷികളുമാകുന്നവരുടെ ചുമതലകൾ എന്തെല്ലാമാണ്?  ദൈവത്തോട് പരിപൂർണ്ണ സ്നേഹം; അയൽക്കാരനോടും പരിപൂർണ്ണ സ്നേഹം...  നിങ്ങളുടെ ലക്ഷ്യം സേവനം ചെയ്യുക എന്നതാണ്. എങ്ങനെ സേവനം ചെയ്യും?  ദൈവത്തിൽ നിന്ന്, ലോകം, പിശാച്, മാംസം എന്നിവയാൽ മോഷ്ടിക്കപ്പെട്ടവരെ ദൈവത്തിന്റെ പക്കലേക്ക് തിരിച്ചുകൊണ്ടുചെന്നാണ് നിങ്ങൾ സേവനം ചെയ്യുന്നത്. ഏത് മാർഗ്ഗത്തിലൂടെ?  സ്നേഹത്തിലൂടെ.... സ്നേഹത്തിന് ഒരായിരം വിധത്തിൽ പ്രവർത്തിക്കുവാനറിയാം! സ്നേഹത്തിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ; സ്നേഹിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുക.

നമുക്കു് നമ്മുടെ സുന്ദരമായ ജോർദ്ദാൻ നദിയുടെ കാര്യം തന്നെയെടുക്കാം. ജറീക്കോയിലെത്തുമ്പോൾ എത്ര ഗംഭീരമായ നദി... എന്നാൽ ആരംഭത്തിൽ അത് അങ്ങനെയായിരുന്നോ? അല്ല. അത് വെറും ഇറ്റിറ്റു വീഴുന്ന വെള്ളം മാത്രമായിരുന്നു. അതു മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അത്  എപ്പോഴും അങ്ങനെതന്നെ ആയിരിക്കുമായിരുന്നു. നേരെമറിച്ച് ആയിരക്കണക്കിനു പോഷകഅരുവികൾ ഇരുവശങ്ങളിലുമുള്ള
പർവതങ്ങളിൽ നിന്നും കുന്നുകളിൽ നിന്നും  ഒറ്റയായും കൂട്ടമായും ഒഴുകി അതിനോടു ലയിച്ചു് ഒരു വലിയ നദിയായി അത് ഒഴുകുന്നു.

സ്നേഹം ഇങ്ങനെയാണ്. ആദ്യം അതൊരു ചെറിയ ചോലയാണ്. ജീവന്റെ പാതയിലുള്ള ശിശുക്കളുടെ ഇടയിലൂടെ അത് ഒഴുകുന്നു. ഈ ശിശുക്കൾ, ഭയം നിമിത്തം മാരകമായ പാപങ്ങൾ ചെയ്യാതെ അവയിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാൽ തുടർന്ന്
പരിപൂർണ്ണതയുടെ പാതയിലൂടെ അവർ മുന്നേറുമ്പോൾ ഈ സുകൃതത്തിന്റെ അനേകം
ചെറുചോലകൾ,  മനുഷ്യസമൂഹമാകുന്ന പരുപരുത്ത, വരണ്ട, അഹങ്കരിക്കുന്ന, ക്രൂരതയുള്ള പർവതങ്ങളിൽ നിന്നു പ്രത്യക്ഷപ്പെടുന്നു; അതു  നിറഞ്ഞുയരാൻ എല്ലാക്കാര്യങ്ങളും സഹായിക്കുന്നു; ദുഃഖങ്ങള്‍, സന്തോഷം എല്ലാം അതിനെ പോഷിപ്പിക്കും.

എളിമയും അതുപോലെ പശ്ചാത്താപവും എല്ലാം ആദ്യത്തെ അരുവിയിലേക്ക്  -  സ്നേഹത്തിന്റെ  അരുവിയിലേക്ക് - നയിക്കപ്പെടുന്നു. വളരെ ചെറുതായി രൂപംകൊണ്ട സ്നേഹത്തിന്റെ ആ അരുവിയെ പോഷിപ്പിക്കുന്ന ചോലകൾ പുണ്യങ്ങൾ മാത്രമല്ല, പുണ്യങ്ങൾ മനുഷ്യരെ പഠിപ്പിക്കുന്ന സൽകൃത്യങ്ങളും കൂടെയാണ്. സ്നേഹത്തിന്റെ ചോലകളായതിനാൽ അവ കാരുണ്യത്തിന്റെ പ്രവൃത്തികളായിരിക്കും. ചിലതെല്ലാം ഇസ്രായേലിനുമറിയാം; ചിലതെല്ലാം ഞാൻ നിങ്ങളെ പഠിപ്പിക്കും. കാരണം എന്റെ നിയമം സ്നേഹത്തിന്റെ  പൂർണ്ണതയാണ്.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക

ഇത് കൃതജ്ഞതയുടേയും സ്നേഹത്തിന്റെയും പ്രവൃത്തിയാണ്. അനുകരിക്കേണ്ട ഒരു കടമയും. കുട്ടികൾക്കാവശ്യമായ അപ്പം അവരുടെ അപ്പൻ നേടിക്കൊടുക്കുന്നതിനാൽ മക്കൾ അപ്പനോടു നന്ദിയുള്ളവരാണ്. അവർ വളർന്നു വലുതായിക്കഴിയുമ്പോൾ അവരുടെ മക്കൾക്കും പ്രായാധിക്യത്താൽ ഇപ്പോൾ ജോലി ചെയ്യാൻ കഴിവില്ലാത്ത അപ്പനും ഭക്ഷണം സമ്പാദിച്ചു കൊടുക്കുന്നു. സ്വീകരിച്ച  നന്മയ്ക്ക് ഉചിതമായ സ്നേഹം നിറഞ്ഞ പ്രതിഫലം. നാലാം പ്രമാണം ഇപ്രകാരമാണു പറയുന്നത്; "നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക." അവരുടെ പ്രായാധിക്യത്തെ ബഹുമാനിക്കേണ്ടത് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടാണ്.  ഭക്ഷണത്തിനായി മറ്റുള്ളവരോടു യാചിക്കേണ്ട ആവശ്യം ഉണ്ടാക്കാനിടയാകരുത്. എന്നാൽ നാലാം പ്രമാണത്തിനു മുമ്പു വരുന്ന ഒന്നാമത്തെ പ്രമാണം, നിന്റെ സർവ്വശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുക എന്നും രണ്ടാമത്തെ പ്രമാണം നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നും പഠിപ്പിക്കുന്നു. എത്രയോ പ്രാവശ്യം  അത്ഭുതം  ചെയ്ത്  ദൈവം  മനുഷ്യന്റെ  വിശപ്പു തീർത്തിട്ടുണ്ടെന്നോർത്തുകൊണ്ട് വിശക്കുന്നവർക്ക് ആഹാരം കൊടുക്കുമ്പോൾ ഒരുവൻ ദൈവത്തെ സ്നേഹിക്കുകയാണ് ചെയ്യുന്നത്."

Tuesday, October 18, 2011

വിളക്കുകളുടെ ഉപമ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം ബഥനിയിലെ ലാസ്സറസ്സിന്റെ ഭവനത്തിലാണ്. ശിഷ്യരുടെ അപേക്ഷപ്രകാരം ഈശോ സുന്ദരമായ ഈ ഉപമ പറയുന്നു.

"കേള്‍ക്കൂ, ഒരു മനുഷ്യന്‍ ഒരു തിരുനാള്‍ദിവസം കര്‍ത്താവിനെ ബഹുമാനിക്കുന്നതിനായി രണ്ടു വിളക്കുകള്‍  കത്തിക്കണമെന്ന് നിശ്ചയിച്ചു. അയാള്‍  ഒരേ വലിപ്പമുള്ള രണ്ട് പാത്രങ്ങള്‍  എടുത്തു. രണ്ടിലും ഒരേ എണ്ണ ഒരേ അളവില്‍ ഒഴിച്ചു; ഒരുപോലെയുള്ള തിരിയിട്ടു. ഒരേസമയത്ത് കത്തിച്ചു. അയാള്‍  ജോലിചെയ്യുന്ന സമയത്ത് ആ തിരികള്‍  കത്തിജ്ജ്വലിച്ചു പ്രാര്‍ത്ഥിക്കട്ടെ എന്നു നിശ്ചയിച്ചു.
കുറച്ചുസമയം കഴിഞ്ഞ് അയാള്‍  തിരിച്ചുചെന്ന് വിളക്കുകള്‍  കത്തുന്നതു നോക്കി. ഒരു വിളക്ക് നന്നായി കത്തുന്നുണ്ടായിരുന്നു. മറ്റേതിന് ഒരു ചെറിയ ജ്വാല മാത്രം. അതിന്റെ തിരിക്കെന്തെങ്കിലും തകരാർ കാണുമെന്നു കരുതി അയാൾ അതു പരിശോധിച്ചു. ഒരു കുഴപ്പവുമില്ല. പക്ഷേ അത് മറ്റേതിനെപ്പോലെ പ്രകാശിക്കുന്നില്ല. മറ്റേത് നല്ല ജ്വാലയോടെ ഒരു നാവെന്നപോലെ തത്തിക്കളിക്കുന്നു. ആവേശത്തോടെ കത്തുന്ന അതിന് ഒരു മൂളലുള്ളതുപോലെയും തോന്നി. ഈ വിളക്ക് തീര്‍ ച്ചയായും അത്യുന്നതന്റെ സ്തുതികൾ പോലും പാടുന്നു. എന്നാല്‍  മറ്റേതോ? അതിനെ നോക്കൂ! കര്‍ത്താവിനെ ബഹുമാനിക്കുന്നത് അതിന് ഒരു ഭാരമെന്ന പോലെ തോന്നിക്കുന്നു. അതിന്റെ തീക്ഷ്ണത എത്ര അല്‍ പ്പം? അവന്‍  തന്റെ ജോലിയിലേക്കു തിരിച്ചുപോയി.

അല്‍പ്പസമയം കഴിഞ്ഞ് അവന്‍  വീണ്ടും തിരിച്ചുപോയി വിളക്കുകള്‍  ശ്രദ്ധിച്ചു. ഒന്നിന്റെ ജ്വാല കുറേക്കൂടെ വലുതായി; മറ്റേത് കുറേക്കൂടെ ചെറുതാകയാണ് ചെയ്തത്. അത് അനങ്ങാതെ നിന്ന് ശാന്തമായി കത്തുന്നു. മറ്റേത് ഇളകുന്നു; പ്രകാശിക്കുന്നു. അയാൾ വീണ്ടും ജോലിയിലേക്കു തിരിച്ചുപോയി.

മൂന്നാം പ്രാവശ്യവും  അയാള്‍  വന്ന് വിളക്കുകള്‍  കത്തുന്നതു നോക്കി. അവ അപ്രകാരം തന്നെ. നാലാമത്തെ തവണ അയാൾ വന്നപ്പോള്‍  മുറിയിലാകെ പുകയും മണവും കരിയും. പുകയ്ക്കുള്ളിലൂടെ, കത്തിനില്‍ക്കുന്ന ചെറിയ ജ്വാലയുള്ള വിളക്കു കാണാം. വിളക്കുകള്‍  വച്ചിരുന്ന തട്ടിലേക്ക് അയാള്‍  നോക്കി. ആദ്യം നന്നായി കത്തിയ വിളക്ക് ആകെ കറുത്ത് കരി പിടിച്ചിരിക്കുന്നു. അതിന്റെ ജ്വാലയടിച്ച് ഭിത്തിയിലും കരി പിടിച്ചു. മറ്റേ വിളക്ക്, അതിന്റെ ചെറുതെങ്കിലും സ്ഥിരമായ വെളിച്ചം കൊണ്ട് കര്‍ ത്താവിനെ ബഹുമാനിക്കയായിരുന്നു. വൃത്തികേടായതെല്ലാം വെടിപ്പാക്കാൻ അയാള്‍  ഒരുങ്ങുമ്പോള്‍  അയാളുടെയടുത്ത് ഒരു സ്വരം ഇങ്ങനെ പറയുന്നത് കേട്ടു: "എല്ലാം അതുപോലെ വിട്ടേയ്ക്കൂ. എന്നാൽ അവയെക്കുറിച്ച് ധ്യാനിക്കുക. അവ ഒരു പ്രതീകമാണ്. ഞാൻ, കര്‍ ത്താവാണ് സംസാരിക്കുന്നത്." ആ മനുഷ്യൻ തറയില്‍  സാഷ്ടാംഗം വീണു പ്രണമിച്ചു. വലിയ ഭയത്തോടെ അയാള്‍  പറഞ്ഞു; "ഞാൻ ബുദ്ധിഹീനനാണ്. ഓ! ജ്ഞാനമേ, എനിക്കു വിശദീകരിച്ചു തന്നാലും. വിളക്കുകളുടെ അടയാളമെന്ത്? നിന്നെ ബഹുമാനിക്കുന്നതിൽ ഉത്സാഹം കാണിച്ച വിളക്ക് നാശം വരുത്തി; മറ്റേത് സ്ഥിരമായി നിന്ന് പ്രകാശം തരുന്നു."

"ശരി, ഞാൻ പറയാം. മനുഷ്യരുടെ ഹൃദയങ്ങള്‍  ആ രണ്ടു വിളക്കുകള്‍  പോലെയാണ്. ആരംഭത്തില്‍  കത്തിജ്ജ്വലിക്കുന്നവരുണ്ട്. ആളുകള്‍  അവരെ നോക്കി വിസ്മയിക്കുന്നു. കാരണം അവരുടെ ജ്വാല പൂര്‍ ണ്ണവും സ്ഥിരവുമായി കാണപ്പെട്ടു. നേരിയ പ്രകാശമുള്ളവരുണ്ട്. അവര്‍  ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. കര്‍ ത്താവിനെ ബഹുമാനിക്കുന്നതില്‍  മന്ദതയുള്ളവരാണവര്‍  എന്നു തോന്നിക്കുകയും ചെയ്യുന്നു. എന്നാൽ ആദ്യത്തെ കൂട്ടര്‍, ഒന്ന്,രണ്ട്, മൂന്ന്, മൂന്നാമത്തെതിന്റെയും നാലാമത്തെതിന്റെയും മിന്നലിനിടയ്ക്ക് ആപത്തുണ്ടാക്കിയശേഷം കെട്ടുപോകുന്നു. അവര്‍  കര്‍ത്താവിനു വേണ്ടിയല്ല, മനുഷ്യർക്കുവേണ്ടിയാണ് കത്തിജ്ജ്വലിച്ചത്. അവരുടെ അഹങ്കാരം അൽപ്പസമയത്തിനുള്ളിൽ അവരെ വിഴുങ്ങിക്കളഞ്ഞു. മറ്റേ കൂട്ടർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. ദൈവത്തെ ബഹുമാനിക്കുക എന്നുള്ളതു തന്നെ. മനുഷ്യർ അവരെ സ്തുതിക്കുന്നുണ്ടോ എന്നു നോക്കാതെ, അവരെത്തന്നെ അവർ ദഹിപ്പിച്ചു; നീണ്ടുനില്‍ ക്കുന്ന ഒരു ജ്വാലയായിത്തീര്‍ ന്നു. പുകയോ ദുർഗന്ധമോ ഉണ്ടാക്കിയില്ല. സ്ഥിരമായി നിന്നുകത്തിയ വിളക്കിനെ അനുകരിക്കാൻ ശ്രമിക്കുക. അതാണ്‌ കർത്താവിനു പ്രീതികരമായത്.

ആ മനുഷ്യൻ ശിരസ്സുയർത്തി. അന്തരീക്ഷം ശുദ്ധമായി. സ്ഥിരമായി നിന്നുകത്തിയ ദീപം മാത്രമായി ഇപ്പോൾ. പരിശുദ്ധമായി, സ്ഥിരമായി നിന്ന് അതു കത്തി ദൈവത്തെ മഹത്വപ്പെടുത്തി. അതു കത്തുന്നത് അയാൾ ശ്രദ്ധിച്ചു. വ്യത്യാസം കൂടാതെ അനേകം മണിക്കൂറുകൾ കത്തിയശേഷം പുകയോ ദുർഗന്ധമോ കൂടാതെ ഒരു മിന്നൽ പോലെ അത് അണഞ്ഞു. നക്ഷത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാനായി അത്  ആകാശത്തിലേക്കുയർന്നതു പോലെ തോന്നി. അതിന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെയും കർത്താവിനെ വേണ്ടവിധത്തിൽ അത് ബഹുമാനിച്ചു.

ഇതാണ് ഉപമ. ഞാൻ ഗൗരവമായി പറയുന്നു; ആരംഭത്തില്‍  കത്തിജ്ജ്വലിക്കുന്നവര്‍  അനേകരാണ്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നവരാണിവര്‍. മനുഷ്യന്റെ പ്രവൃത്തിയുടെ പുറം മാത്രമാണ് ലോകം കാണുന്നത്. പിന്നീട്‌ അവർ കരിപിടിച്ച് പുകയുയര്‍ ത്തി സ്വയം മലിനമാക്കി നശിക്കുന്നു. ഞാൻ ഗൗരവമായി പറയുന്നു; അവർ കത്തിജ്ജ്വലിക്കുന്നത് ദൈവം വീക്ഷിക്കുന്നേയില്ല. കാരണം മാനുഷികമായ കാരണങ്ങളാലാണവര്‍  അഹങ്കാരത്തോടെ കത്തിജ്ജ്വലിക്കുന്നത്. രണ്ടാമത്തെ ദീപത്തെ അനുകരിക്കാൻ അറിയാവുന്നവർ ഭാഗ്യവാന്മാരാണ്. കരിപിടിക്കാതെ, തങ്ങളുടെ ഹൃദയത്തിന്റെ സ്ഥിരമായ സ്ധേഹം അവസാനമായി തുടിക്കുന്നതോടെ സ്വർഗ്ഗത്തിലേക്കുയരുന്നവര്‍."

അപ്പസ്തോലന്മാര്‍  പരസ്പരം പറയുന്നു; "എത്ര വാസ്തവം! എത്ര നല്ലത്! സ്വര്‍ഗ്ഗത്തിലേക്കുയരുന്ന ദീപങ്ങളാണോ നമ്മൾ എന്നറിഞ്ഞാല്‍ ക്കൊള്ളാമെന്നുണ്ട്."

യൂദാസ് കുത്തുവാക്കു പറയുന്നു; "നിങ്ങള്‍  സൂക്ഷിക്കണം മേരീ, ജോണേ നീയും. നിങ്ങളാണ് നമ്മുടെയിടയിലെ കത്തിജ്ജ്വലിക്കുന്ന ദീപങ്ങള്‍ .... നിങ്ങള്‍ക്കു് ഒരു തിന്മയും ഉണ്ടാകാതിരിക്കട്ടെ."

മഗ്ദലനാ മേരി അവനു മറുപടികൊടുക്കാൻ ഒരുങ്ങി. പക്ഷേ സംസാരിക്കാതിരിക്കാനായി അവള്‍  ചുണ്ടുകള്‍  കടിച്ചുപിടിച്ചു. അവള്‍  യൂദാസിനെ നോക്കുക മാത്രം ചെയ്യുന്നു. ജോണ്‍ ശാന്തനായി മറുപടികൊടുക്കുന്നു: "ഞാൻ എത്ര കഴിവില്ലാത്തവനാണ്. അതിനാൽ അതു സംഭവിക്കാൻ പാടുണ്ട്. എന്നാൽ കർത്താവിന്റെ സഹായത്തില്‍  ഞാൻ പ്രത്യാശ വയ്ക്കുന്നു. അവസാന നിമിഷം വരെയും നമ്മുടെ 
കര്‍ത്താവായ ദൈവത്തെ ബഹുമാനിക്കുന്നതിന് കത്തിജ്ജ്വലിക്കാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു."

"നന്മ നിറഞ്ഞ മറിയമേ സ്വസ്തി"

പരിശുദ്ധ അമ്മയെക്കുറിച്ച് കത്തോലിക്കാ ദൈവശാസ്ത്രം  പഠിപ്പിക്കുന്ന ഏറ്റവും സംക്ഷിപ്ത സംഗ്രഹമാണ് മാലാഖയുടെ അഭിവാദനം അഥവാ "നന്മ നിറഞ്ഞ മറിയമേ സ്വസ്തി" എന്ന പ്രാര്‍ത്ഥന. അത് രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; സ്തുതിയും അപേക്ഷയും. സ്തുതിയിലെ ആദ്യഭാഗം പരിശുദ്ധ ത്രിത്വം  നമുക്ക് വെളിപ്പെടുത്തിത്തന്നു.  രണ്ടാമത്തെ ഭാഗം പരിശുദ്ധാത്മാവിനാല്‍  പ്രചോദിതയായ വി. എലിസബത്ത്
കൂട്ടിച്ചേര്‍ത്തതാണ്.  AD 430 - ല്‍  എഫേസോസ് കൗണ്‍സിലില്‍  വച്ച് നെസ്തോറിയ പാഷണ്ഡതയെ അപലപിക്കുകയും പരിശുദ്ധ കന്യകയെ ദൈവമാതാവായി നിര്‍വചിക്കുകയും ചെയ്തപ്പോഴാണ് സഭാമാതാവ് ഇക്കാര്യത്തില്‍  തീര്‍പ്പു നല്‍കിയത്. ഈ സമയത്താണ് സഭ മഹനീയമായ ഈ സ്ഥാനപ്പേരില്‍  ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍  നമ്മോടാവശ്യപ്പെട്ടത്: "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ
ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ."

ഈ "മാലാഖയുടെ അഭിവാദനം" മുഖേന ദൈവം മനുഷ്യനായിത്തീന്നു. ഒരു കന്യക ദൈവത്തിന്റെ അമ്മയായി; നീതിമാന്മാരുടെ ആത്മാക്കള്‍  പാതാളത്തില്‍  നിന്ന് വിമോചിപ്പിക്കപ്പെട്ടു; സ്വഗ്ഗത്തിലെ ശൂന്യമായ സിംഹാസനങ്ങള്‍  നിറഞ്ഞു; പാപം ക്ഷമിക്കപ്പെട്ടു; നമുക്കു് കൃപ നല്‍കപ്പെട്ടു; രോഗികള്‍ സുഖമാക്കപ്പെട്ടു; മരിച്ചവര്‍  ജീവന്‍  പ്രാപിച്ചു; പരിശുദ്ധ ത്രിത്വത്തിന്റെ കോപം ശമിക്കുകയും മനുഷ്യന്‍  നിത്യജീവന്‍  പ്രാപിക്കുകയും ചെയ്തു.

ദൈവം തനിക്കു പകരമായി മുഖ്യദൂതനായ ഗബ്രിയേലിനെ മറിയത്തെ അഭിവാദനം ചെയ്യുവാന്‍ വേണ്ടി അയച്ചപ്പോള്‍, അവിടുന്ന് അവള്‍ക്കു നല്‍കിയ അതേ ആദരവാണ്, ഓരോ "നന്മ നിറഞ്ഞ മറിയമേ" ചൊല്ലുമ്പോഴും നാം പരിശുദ്ധ 
അമ്മയ്ക്ക് നല്‍കുന്നത്. 
നാം  പരിശുദ്ധ അമ്മയെ, "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥനയാല്‍ അഭിവാദനം ചെയ്യുന്നുവെങ്കില്‍, മാതാവ് നമ്മെ കൃപയാല്‍ അഭിവാദനം ചെയ്യുമെന്നാണ് വി. ബെനവന്തുര്‍ പറയുന്നത്.  

Wednesday, October 12, 2011

"സ്വര്‍ഗ്ഗസ്ഥനായ പിതാവേ"

"സ്വര്‍ഗ്ഗസ്ഥനായ പിതാവേ"എന്നു തുടങ്ങുന്ന    കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ഥനക്ക് വലിയ മൂല്യമുണ്ട്. ആ പ്രാര്‍ഥനയുടെ രചയിതാവ് ഒരു മനുഷ്യനോ മാലാഖയോ അല്ല; മാലാഖമാരുടെയും മനുഷ്യരുടെയും രാജാവാണ്; നമ്മുടെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവാണ്, എന്നതാണ് സര്‍വോപരിയായ കാരണം.  ചെറിയൊരു പ്രാര്‍ത്ഥനയാണത്. പക്ഷെ, ഈ പ്രാര്‍ത്ഥന യ്ക്ക് നമ്മെ വളരെയധികം പഠിപ്പിക്കുവാന്‍ കഴിയും. വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ക്കു പോലും ഈ പ്രാര്‍ത്ഥന നന്നായി ഗ്രഹിക്കാനാകും. അതേസമയം തന്നെ, പണ്ഡിതര്‍ നമ്മുടെ വിശ്വാസ രഹസ്യങ്ങളെ ക്കുറിച്ചുള്ള ധ്യാനത്തിന്റെ ഒരു നിരന്തര ഉറവിടമായി ഈ പ്രാര്‍ഥനയെ കാണുന്നു.

 "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുമ്പോഴെല്ലാം  നമ്മുടെ ലഘു പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു എന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്. നീതിമാന്‍ ഒരു ദിവസം ഏഴു പ്രാവശ്യം വീഴുന്നു; എന്നാല്‍ കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ഥനയില്‍ നീതിമാനായ വ്യക്തി ഏഴ് അപേക്ഷകള്‍ കണ്ടെത്തും. അവ ആ വ്യക്തിയെ വീഴ്ച കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.   നമ്മുടെ കര്‍ത്താവ്‌,    നാം  എത്രമാത്രം   ദുര്‍ബലരും നിസ്സഹായരുമാണെന്നും എത്രയധികം ബുദ്ധിമുട്ടുകളിലാണ് അനുദിനം നാം ഉള്‍പ്പെടുന്നതെന്നും അറിഞ്ഞു കൊണ്ട് അവിടുത്തെ പ്രാര്‍ത്ഥന ചെറുതും ചൊല്ലുവാന്‍ എളുപ്പമുള്ളതും ആക്കിത്തീര്‍ത്തു. തന്നിമിത്തം, ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഇടയ്ക്കിടെ ചൊല്ലുന്നു വെങ്കില്‍ സര്‍വശക്തനായ ദൈവം നമ്മെ സഹായിക്കുവാന്‍ വേഗം വരുമെന്ന് നമുക്ക് ഉറപ്പാക്കാം.
                          
"സ്വഗ്ഗസ്ഥനായ പിതാവേ" എന്നു നാം  പറയുമ്പോള്‍ വിശ്വാസത്തിന്റേയും ആരാധനയുടേയും എളിമയുടേയും പ്രകരണങ്ങളാണ് നാം ചൊല്ലുന്നത്. അങ്ങയുടെ നാമം പൂജിതമാകണം, മഹത്വപ്പെടണം എന്നു നാം യാചിക്കുമ്പോള്‍  അവിടുത്തെ മഹത്വത്തിനു വേണ്ടിയുള്ള ഒരു ജ്വലിക്കുന്ന ഉത്സാഹം നാം പ്രകടമാക്കുന്നു. അവിടുത്തെ രാജ്യത്തിന്റെ വിസ്തൃതിക്കു വേണ്ടി നാം പ്രാത്ഥിക്കുമ്പോള്‍ പ്രത്യാശയുടെ പ്രകരണമാണ് നാം ചൊല്ലുന്നത്.

"അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണം" എന്ന ആഗ്രഹത്തിലൂടെ, സമ്പൂര്‍ണ്ണ അനുസരണത്തിന്റെ അരൂപിയാണ് നാം കാണിക്കുന്നത്. അന്നന്നു വേണ്ട ആഹാരം ചോദിച്ചുകൊണ്ട് ആത്മീയ ദാരിദ്ര്യവും ലൗകിക വസ്തുക്കളോടുള്ള വിരക്തിയും നാം പരിശീലിക്കുന്നു.
"ഞങ്ങളുടെ തെറ്റുകള്‍  ക്ഷമിക്കണമേ" എന്ന് അവിടുത്തോടു നാം യാചിക്കുമ്പോള്‍  പാപങ്ങളെ പ്രതിയുള്ള ഒരു ദുഃഖപ്രകരണമാണ് നാം ചൊല്ലുന്നത്. നമ്മോടു തെറ്റു ചെയ്യുന്നവരോടു ക്ഷമിച്ചുകൊണ്ട്, അത്യുന്നത നിലയിലുള്ള കാരുണ്യം എന്ന പുണ്യത്തിന്റെ തെളിവു നാം നല്‍കുന്നു.
നമ്മുടെ എല്ലാ പ്രലോഭനങ്ങളിലും ദൈവത്തിന്റെ സഹായം ചോദിക്കുന്നതിലൂടെ, എളിമയുടെയും വിവേകത്തിന്റേയും സഹനശക്തിയുടേയും പ്രകരണങ്ങളും നാം കാഴ്ച വയ്ക്കുന്നു. തിന്മയില്‍  നിന്നും നമ്മെ രക്ഷിക്കുവാന്‍  അവിടുത്തേക്കു വേണ്ടി നാം കാത്തു നിക്കുമ്പോള്‍  ക്ഷമ എന്ന പുണ്യം നാം പരിശീലിക്കുന്നു.
ചുരുക്കത്തില്‍ , ഇക്കാര്യങ്ങള്‍ക്കെല്ലാം വേണ്ടി നാം പ്രാത്ഥിക്കുമ്പോള്‍  (നമുക്കുവേണ്ടി മാത്രമല്ല, നമ്മുടെ അയല്‍ക്കാരനും സഭയിലെ എല്ലാ അംഗങ്ങള്‍ക്കുംവേണ്ടി) ദൈവത്തിന്റെ യഥാര്‍ത്ഥ മക്കള്‍  എന്ന നിലയിലുള്ള നമ്മുടെ കടമ നാം നിര്‍വഹിക്കുകയാണ്. സകല മനുഷ്യരേയും ആശ്ളേഷിക്കുന്ന അവിടുത്തെ സ്നേഹത്തില്‍   നാം അവിടുത്തെ അനുകരിക്കയാണ്; അയല്‍ക്കാരനെ സ്നേഹിക്കണമെന്ന കല്‍പ്പന നാം പാലിക്കയുമാണ്.

(From "The Secret of the Rosary" by St. Louis De Montfort)

Tuesday, October 11, 2011

വിശ്വാസപ്രമാണം

                   ജപമാലയുടെ ക്രൂശിത രൂപത്തിന്മേല്‍ 
പിടിച്ചു കൊണ്ട് ചൊല്ലുന്ന വിശ്വാസപ്രമാണം, സകല ക്രിസ്തീയ സത്യങ്ങളുടെയും ഒരു വിശ്വാസ സംഗ്രഹമാണ്. വലിയ യോഗ്യതയുള്ള   ഒരു പ്രാര്‍ത്ഥനയാണത്. കാരണം സകല 
ക്രിസ്തീയ പുണ്യങ്ങളുടെയും നിത്യനന്മകളുടെയും  സകല പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനം വിശ്വാസമാണ്. ഒരാളുടെ വിശ്വാസം എത്രമാത്രം   വലുതാണോ അത്രമാത്രം  യോഗ്യത അയാളുടെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരിക്കും. 

               "ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു" എന്നുള്ള ആ വാക്കുകളില്‍ മൂന്ന് 
പുണ്യങ്ങളായ വിശ്വാസത്തിന്റെയും  പ്രത്യാശയുടെയും സ്നേഹത്തിന്റെയും പ്രകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.  വിശുദ്ധര്‍ അവരുടെ ജീവിതകാലത്തും  മരണസമയത്തും കടന്നു വന്ന പ്രലോഭ നങ്ങളെ, പ്രത്യേകിച്ച്    വിശ്വാസത്തിനും   പ്രത്യാശയ്ക്കും  സ്നേഹത്തിനും എതിരായവയെ കീഴടക്കിയത് വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ടായിരുന്നു. 

പരിശുദ്ധ ജപമാലയില്‍ യേശുവിന്റെയും മാതാവിന്റെയും ധാരാളം രഹസ്യങ്ങള്‍ ഉണ്ട്. ഈ രഹസ്യങ്ങള്‍ നമുക്കുവേണ്ടി തുറന്നു തരുന്ന  ഏക  താക്കോല്‍ വിശ്വാസമാണ്. അതിനാല്‍, വളരെ ഭക്തിപൂര്‍വ്വം വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ടു വേണം നാം ജപമാല ആരംഭിക്കാന്‍. നമ്മുടെ വിശ്വാസം എത്രമാത്രം  ശക്തമാണോ അത്രമാത്രം  യോഗ്യത നമ്മുടെ ജപമാലപ്രാര്‍ത്ഥനയ്ക്കുണ്ടായിരിക്കും. 

(From 'The Secret of The Rosary" by St.Louis De Montfort)

Monday, October 10, 2011

കൃപയുടെ താക്കോല്‍

വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: "നമ്മുടെ ചിന്തകളെ,  നിരന്തരം നമ്മുടെ രക്ഷകന്റെ സഹനങ്ങളിലേക്കു തിരിക്കുക എന്നതിനേക്കാൾ നമ്മുടെ രക്ഷയ്ക്ക് കൂടുതല്‍  ഫലപ്രദവും ഉത്തമവുമായ മറ്റൊരു ആത്മീയ അഭ്യാസവുമില്ല."

ഒരു ക്രിസ്ത്യാനി ഒരു  വർഷത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ഉപവസിക്കുന്നതു കൊണ്ടോ അല്ലെങ്കില്‍  ആഴ്ചയില്‍  ഒരിക്കൽ ഒരു  ശിക്ഷണമായി രക്തം ഒഴുകുന്നതുവരെ സ്വയം പ്രഹരിക്കുന്നതു കൊണ്ടോ അതുമല്ലെങ്കില്‍ അനുദിനം സങ്കീർത്തനപ്പുസ്തകം മുഴുവന്‍    വായിക്കുന്നതുകൊണ്ടോ   അയാൾ നേടിയെടുക്കുമായിരുന്നതിനേക്കാൾ കൂടുതല്‍  യോഗ്യത, ആ വ്യക്തി നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് വെറുതെ ചിന്തിക്കുന്നതിലൂടെ  അല്ലെങ്കില്‍    അവിടുത്തെ പീഢാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിലൂടെ നേടുന്നുവെന്ന് വിശുദ്ധ തോമസ് അക്വിനാസിന്റെ  ഗുരുഭൂതനായിരുന്ന വിശുദ്ധ ആൽബർട്ട്  (St.Albert the Great) ഒരു  വെളിപാടിലൂടെ മനസ്സിലാക്കുകയുണ്ടായി. അങ്ങനെയെങ്കില്‍  നമ്മുടെ രക്ഷകന്റെ  ജീവിതവും പീഢാനുഭവവും മുഴുവന്‍  അനുസ്മരിക്കുന്ന ജപമാലയിലൂടെ നമുക്കു നേടിയെടുക്കുവാനാവുന്ന യോഗ്യതകൾ എത്രമാത്രം മഹനീയമായമായിരിക്കണം!

                       നമ്മുടെ കർത്താവിന്റെ  ജീവിതത്തിന്റെയും പീഢാനുഭവത്തിന്റെയും  സുപ്രധാനവും  സജീവവുമായ സ്മരണികയായ വിശുദ്ധബലി കഴിഞ്ഞാല്‍പ്പിന്നെ, നമ്മുടെ കർത്താവിന്റെ ജീവിതത്തിന്റെയും പീഢാനുഭവത്തിന്റെയും ഒരു  പുനഃസ്മരണികയും ചിത്രീകരണവുമാണ് ജപമാലപ്രാർത്ഥന. വിശുദ്ധന്മാർ പഠിപ്പിക്കുന്നതു പോലെ യേശുക്രിസ്തുവിന്റെ  ജീവിതത്തെയും പീഢാനുഭവത്തെയും കുറിച്ചു  ധ്യാനിച്ചുകൊണ്ടു ചൊല്ലുന്ന ജപമാല, തീർച്ചയായും നമ്മുടെ കർത്താവിനും പരിശുദ്ധഅമ്മയ്ക്കും ഏറ്റം പ്രീതികരമാണ്. സകല കൃപകളും നേടിയെടുക്കുന്നതിനുള്ള വിജയപ്രദമായ മാർഗ്ഗവുമാണത്.  

ആകയാല്‍,   നമുക്കുവേണ്ടിയും നാം  പ്രാർത്ഥിക്കാന്‍  ആഗ്രഹിക്കുന്നവർക്കു വേണ്ടിയും സഭ മുഴുവനുവേണ്ടിയും നമുക്കു് ജപമാല ചൊല്ലി പ്രാര്‍ഥിക്കാം.

Sunday, October 9, 2011

സമൂഹപ്രാർത്ഥനയുടെ ശക്തി


പരിശുദ്ധ ജപമാല  ചൊല്ലുന്നതിന് പല രീതികളുണ്ട്. എന്നാൽ സർവ്വശക്തനായ ദൈവത്തിന്  ഏറ്റവുമധികം മഹത്വം നൽകുന്നതും നമ്മുടെ ആത്മാവിന് ഏറ്റം പ്രയോജനപ്രദവും മറ്റേതൊരു രീതിയേക്കാൾ കൂടുതൽ പിശാച് ഭയപ്പെടുന്നതും പരസ്യമായി, രണ്ടു സമൂഹമായി ജപമാല ചൊല്ലുന്നതിനെയാണ്. 
കാരണം സമൂഹപ്രാർത്ഥനയിൽ ഒരു സൈന്യമാണ് അവനെ ആക്രമിക്കുന്നത്. പിശാചിന് പലപ്പോഴും ഒരു വ്യക്തിയുടെ പ്രാർത്ഥനയെ കീഴടക്കാനാകും. എന്നാൽ ഒരു സമൂഹത്തിന്റെ
പ്രാർത്ഥനയെ തകർക്കുവാൻ അവന് വളരെയേറെ ബുദ്ധിമുട്ടേണ്ടതുണ്ട്. ഒരു വടി ഒടിക്കുക എളുപ്പമാണ്. എന്നാൽ നിങ്ങളതിനെ മറ്റു വടികളോടു ചേർത്ത് വടികളുടെ ഒരു  കെട്ട് ആക്കുന്നുവെങ്കിൽ അത് ഒടിക്കാനാവില്ല. 'ഐകമത്യം മഹാബലം.'

മനുഷ്യർ പ്രാർത്ഥനയിൽ ഒരുമിച്ചു കൂടുന്നത് സർവ്വശക്തനായ ദൈവത്തിനു് വളരെ പ്രീതികരമാണ്. മാലാഖമാരും വിശുദ്ധരും അവിരാമം അവിടുത്തെ സ്തുതിക്കുവാനായി ഒന്നിക്കുന്നു. അനേകം സമൂഹങ്ങളിൽ ഭൂമിയിലെ നീതിമാന്മാർ രാവും പകലും
സമൂഹപ്രാർത്ഥനയിൽ ഒന്നിച്ചു കൂടുന്നുണ്ട്. നമ്മുടെ കർത്താവു തന്നെ അവിടുത്തെ അപ്പസ്തോലന്മാർക്കും ശിഷ്യർക്കും സമൂഹപ്രാർത്ഥന വ്യക്തമായി ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ പേർ അവിടുത്തെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവർക്കു മദ്ധ്യേ താനുണ്ടായിരിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. (മത്തായി 18:20)


സമൂഹപ്രാർത്ഥനകൾ നമ്മുടെ ആത്മാവിന് ഏറെ ഉപകാരപ്രദമാണ്. കാരണം:

1. നാം തനിച്ചിരുന്ന് പ്രാർത്ഥിക്കുമ്പോഴെന്നതിനേക്കാൾ സമൂഹപ്രാർത്ഥനാസമയത്ത് 
നമ്മുടെ മനസ്സു് കൂടുതൽ 
 ജാഗരൂകമായിരിക്കും.
2. നാം സമൂഹമായി പ്രാർത്ഥിക്കുമ്പോൾ ആ സമൂഹത്തിലെ ഓരോരുത്തരുടേയും പ്രാർത്ഥന നാമെല്ലാവരുടേയും ഒരു വലിയ പ്രാർത്ഥനയാകുന്നു. തന്മൂലം ഒരാൾ നന്നായി
പ്രാർത്ഥിക്കുന്നില്ലെങ്കിൽ, കൂടുതൽ നന്നായി പ്രാർത്ഥിക്കുന്ന അതേ സമൂഹത്തിലെ മറ്റാരെങ്കിലും അയാളുടെ കുറവിനെ പരിഹരിച്ചുകൊള്ളും. ഇപ്രകാരം ശക്തന്മാർ ബലഹീനരെ പിന്താങ്ങുന്നു; തീക്ഷ്ണമതികൾ മന്ദോഷ്ണരായവരെ ഉൽസുകരാക്കുന്നു;  സമ്പന്നര്‍ ദരിദ്രരെ സമ്പന്നരാക്കുന്നു;
 മോശമായവർ നല്ലവരായി എണ്ണപ്പെടുന്നു. (എങ്ങനെയാണ് ഒരു മാത്ര പതിര് വിൽക്കാനാവുക? അതിനെ നാലോ അഞ്ചോ വീപ്പ ഗോതമ്പുമായി കലർത്തിക്കൊണ്ട് എളുപ്പത്തിൽ ഇതു ചെയ്യാം.)
 

3. തനിച്ചു ജപമാല ചൊല്ലുമ്പോൾ ഒരു ജപമാലയുടെ മാത്രം യോഗ്യത നേടുന്നു. എന്നാൽ മറ്റ്  30 ആളുകളുടെ കൂടെച്ചേർന്ന് ജപമാല ചൊല്ലുന്നുവെങ്കിൽ ആ വ്യക്തി 30 ജപമാലകളുടെ യോഗ്യത നേടുന്നു. ഇതാണ് സമൂഹപ്രാർത്ഥനയുടെ നിയമം. എത്ര ലാഭകരവും പ്രയോജനപ്രദവുമാണിത്!

(From 'The Secret of The Rosary" by St.Louis De Montfort)

ജപമാല ചൊല്ലാൻ ഒരു നല്ല രീതി


വി. ലൂയിസ് പറയുന്നു: "നന്നായി പ്രാർത്ഥിക്കാൻ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചതിനു ശേഷംനിങ്ങൾഒരു
നിമിഷനേരത്തേക്ക്
ദൈവസാന്നിദ്ധ്യത്തില്‍ ആയിരിക്കുക.
പിന്നീട്, ഓരോ ദശകവും ആരംഭിക്കുന്നതിനു മുമ്പ് സമയമനുസരിച്ച് ഒന്നോ രണ്ടോ നിമിഷനേരത്തേക്കു നിറുത്തി വരും ദശകത്തിൽ ആരംഭിക്കുന്ന രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുക. ഈ രഹസ്യത്താലും പരിശുദ്ധഅമ്മയുടെ മദ്ധ്യസ്ഥതയിലൂടെയും നിങ്ങൾക്കു് പ്രത്യേകമായി ആവശ്യമായിരിക്കുന്ന ഒരു  പുണ്യം, അല്ലെങ്കിൽ പരിശുദ്ധഅമ്മയിൽ വിളങ്ങി നിൽക്കുന്ന ഏതെങ്കിലുമൊരു പുണ്യം നൽകാൻ സർവ്വശക്തനായ ദൈവത്തോട്
പ്രാർത്ഥിക്കാൻ മറക്കരുത്.
 

ജപമാല ചൊല്ലുമ്പോൾ ഭൂരിപക്ഷം ആളുകളും ചെയ്യാറുള്ള രണ്ടു് അബദ്ധങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യത്തെ അബദ്ധം, യാതൊരുവിധ കൃപകൾക്കും വേണ്ടി പ്രാർത്ഥിക്കാതിരിക്കുക എന്നുള്ളതാണ്. ചിലരോട് അവരുടെ ജപമാലാനിയോഗം എന്താണെന്നു ചോദിച്ചാൽ എന്തു പറയണം എന്നവർക്കറിയില്ല. ജപമാല  ചൊല്ലുമ്പോഴെല്ലാം എന്തെങ്കിലും പ്രത്യേക കൃപയ്ക്കു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. മഹനീയമായ ക്രിസ്തീയ പുണ്യങ്ങളിലൊന്ന് നട്ടു വളർത്തുന്നതിൽ, അല്ലെങ്കിൽ നിങ്ങളുടെ  പാപങ്ങളിലൊന്ന് അതിജീവിക്കുന്നതിൽ ദൈവത്തിന്റെ സഹായം ചോദിക്കുക.
 

രണ്ടാമത്തെ അബദ്ധം, സാധിക്കുന്നിടത്തോളം വേഗത്തിൽ ജപമാല ചൊല്ലിത്തീർക്കുക എന്നതല്ലാതെ മറ്റൊരു നിയോഗം ചൊല്ലുന്നവർക്കില്ല എന്നതാണ്.  നമ്മിൽ ധാരാളംപേർ ജപമാല ചൊല്ലുന്നതിനെ ഒരു  ഭാരമായി കാണുന്നതുകൊണ്ടാണിത്.
ഭൂരിപക്ഷം പേരും ജപമാല ചൊല്ലുന്നത് വിസ്മയകരമാംവിധം വേഗത്തിലാണ്. തന്മൂലം അവർ വാക്കുകൾ യഥാവിധം ഉച്ചരിക്കുന്നേയില്ല. ഇത്തത്തിലുള്ള അശ്രദ്ധമായ  അഭിവാദനത്താൽ യേശുവും മാതാവും സംപ്രീതരാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു! ആയിരക്കണക്കിനു ജപമാലകൾ ചൊല്ലിയിട്ടും നാം മുമ്പ് ആയിരുന്നതിനേക്കാൾ ഒട്ടുംതന്നെ നന്നായിട്ടില്ലെന്നതിൽ അത്ഭുതമില്ല! 

പ്രിയ സഹോദരങ്ങളേ, വളരെ എളുപ്പത്തിൽ നിങ്ങളിലേക്കു കടന്നുവരുന്ന വേഗതയെ നിയന്ത്രിക്കണമെന്നും 'സ്വർഗ്ഗസ്ഥനായ പിതാവേ'യും 'നന്മനിറഞ്ഞ മറിയമേ' യും ചൊല്ലുമ്പോൾ പലതവണ അൽപ്പമൊന്നു നിർത്തണമെന്നും ഞാൻ നിങ്ങളോടു് അപേക്ഷിക്കയാണ്.
 പ്രാർത്ഥനകൾ കഴിയുന്നത്ര വേഗത്തിൽ  ചൊല്ലിത്തീർക്കുക എന്ന നിങ്ങളുടെ ദുഃശീലം നിമിത്തം ഇത് ആദ്യമൊക്കെ ബുദ്ധിമുട്ടായിത്തോന്നും. ഇപ്രകാരം ധ്യാനാത്മകമായി ചൊല്ലുന്ന ഒരു   ദശകം, അതിവേഗം ചൊല്ലിത്തീർക്കുന്ന ആയിരക്കണക്കിനു  ജപമാലകളേക്കാൾ കൂടുതൽ യോഗ്യതയുള്ളതാണ്.

  
അവസാനമായി, ഇതും ഓർക്കുക; നാം പരിശുദ്ധകന്യകാമാതാവിന് വിശ്വസ്തതയോടെ കാഴ്ചവയ്ക്കുന്ന ചെറിയ ശുശ്രൂഷകൾക്ക് ജീവിതത്തിലും മരണത്തിലും നിത്യതയിലും വളരെയധികം ഉദാരമായി മാതാവ് പ്രതിഫലം നൽകും.


(From 'The Secret of The Rosary by St.Louis De Montfort)