ജാലകം നിത്യജീവൻ: ഈശോ എഫ്രായിമിലെ സിനഗോഗിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Friday, March 2, 2012

ഈശോ എഫ്രായിമിലെ സിനഗോഗിൽ പ്രസംഗിക്കുന്നു

  ലാസ്സറസ്സിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതോടെ, ഇസ്രായേലിലെ പുരോഹിതപ്രമുഖരുടേയും ഫരിസേയരുടേയും ആലോചനാസംഘത്തിന്റെ (സൻഹെദ്രീൻ) ഈശോയോടുള്ള വിരോധം അതിന്റെ മൂർദ്ധന്യത്തിലെത്തി.  കാരണം,  ലാസ്സറസ്സിന്റെ ഉയിർപ്പോടെ യഹൂദരിൽ വളരെപ്പേർ ഈശോയിൽ വിശ്വസിച്ചു.  അധികം വൈകാതെ, സൻഹെദ്രീൻ  ഈശോയെ ഒരു കുറ്റവാളിയായി പ്രഖ്യാപിക്കുകയും സിനഗോഗിൽ നിന്ന് മുടക്കിക്കൊണ്ടുള്ള വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു.  ഈശോ എവിടെയാണെന്ന് ആർക്കെങ്കിലും വിവരം ലഭിച്ചാൽ അവനെ ബന്ധിക്കേണ്ടതിന് തങ്ങളെ അറിയിക്കണമെന്നും സൻഹെദ്രീൻ കൽപ്പന പുറപ്പെടുവിച്ചു.  അതിനാൽ   ഈശോ പിന്നീടൊരിക്കലും യഹൂദരുടെയിടയിൽ     പരസ്യമായി      സഞ്ചരിച്ചില്ല. അവൻ അപ്പസ്തോലന്മാരുമൊത്ത് സമരിയാക്കാരുടെ പട്ടണമായ എഫ്രായിമിലേക്കു പോയി. 
             എഫ്രായിം നിവാസികൾ വളരെ ബഹുമാനത്തോടെ ഈശോയെ സ്വീകരിക്കുകയും  സിനഗോഗിൽ വന്ന് തങ്ങളെ പഠിപ്പിക്കണമേ എന്ന് ഈശോയോടു് അപേക്ഷിക്കയും ചെയ്തു. 
                           

                   എഫ്രായിമിലെ വാസത്തിനിടെ ഈശോ ഒരുനാൾ അവരുടെ സിനഗോഗിൽ പ്രാർത്ഥനയ്ക്കായി എത്തി.  സിനഗോഗ് തലവനായ മലാക്കി ഈശോയോടു പറയുന്നു;  "ഗുരുവേ, നിനക്കായി  കാത്തിരുന്ന  സമയത്ത്  ഞങ്ങൾ     പ്രാർത്ഥനകളെല്ലാം നടത്തി.നീ പ്രസംഗിക്കാനാഗ്രഹിക്കുന്നെങ്കിൽ ഗുരുവേ,  ഏതു ചുരുളാണു നിനക്കു വേണ്ടത്?"
                    "ഒന്നും വേണ്ടാ; ഞാൻ വിശദീകരിക്കാൻ പോകുന്നത് നിങ്ങൾക്കു് ഉണ്ടായിരിക്കയില്ല." (സമരിയാക്കാർ വി.ഗ്രന്ഥത്തിൽ നിന്ന് പഞ്ചഗ്രന്ഥി മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ)  ഇങ്ങനെ മറുപടി പറഞ്ഞശേഷം പ്രസംഗിക്കുവാൻ ഈശോ ജനങ്ങളുടെ നേരെ തിരിഞ്ഞു.
                     "പേർഷ്യാ രാജാവായ സൈറസ് ഹെബ്രായരെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. അൻപതു വർഷം മുമ്പ് നശിപ്പിക്കപ്പെട്ട സോളമന്റെ ദേവാലയം പുനരുദ്ധരിക്കുന്നതിനാണ് അങ്ങനെ ചെയ്തത്.  ബലിപീഠം അതിന്റെ പൂർവ അടിത്തറയിന്മേൽത്തന്നെയാണ് പണിതതും. ദിവസംതോറും അതിന്മേൽ ദഹനബലികൾ അർപ്പിച്ചു.  എല്ലാ ദിവസവും രാവിലെയും വൈകിട്ടും അർപ്പിക്കുന്നതു കൂടാതെ മാസത്തിന്റെ ആദ്യ ദിവസം അസാധാരണ ബലിയും അർപ്പിച്ചിരുന്നു.  കർത്താവിനു വിശുദ്ധമായ മറ്റു ദിവസങ്ങളിലും അങ്ങനെ ചെയ്തു.  കൂടാതെ, വ്യക്തികൾ സ്വമനസ്സാ നൽകിയ കാഴ്ചവസ്തുക്കളുടെ ഹോമബലിയും നടന്നിരുന്നു. അത്യാവശ്യമായ പണികളെല്ലാം പൂർത്തിയാക്കിയ ശേഷം അവരുടെ പ്രത്യാഗമനത്തിന്റെ രണ്ടാം വർഷം അവർ ആരാധനയുടെ  ചട്ടക്കൂടുകളുടെ പുറമേയുള്ള ഭാഗങ്ങൾ ഭംഗിയാക്കാൻ തുടങ്ങി. അതു കുറ്റമല്ല;  കാരണം, അതു ചെയ്യുന്നത് നിത്യനായ പിതാവിനെ ബഹുമാനിക്കുന്നതിനാണ്.  പക്ഷേ, അത് അപരിത്യാജ്യമല്ല; കാരണം, ദൈവാരാധന ദൈവസ്നേഹമാണ്. സ്നേഹം കാണുന്നതും അനുഭവിക്കുന്നതും ഹൃദയത്തിലാണ്.  ചെത്തി മിനുക്കിയ കല്ലുകളോ വിലപിടിച്ച തടിയോ സ്വർണ്ണമോ സുഗന്ധദ്രവ്യങ്ങളോ കൊണ്ടല്ല ദൈവസ്നേഹം ഉണ്ടാകുന്നത്.  ഇതെല്ലാം ബാഹ്യമോടികളാണ്; അവ ദേശീയ പ്രതാപം അഥവാ ജനത്തിന്റെ അഹങ്കാരം നിമിത്തമാണ്;  അധികപങ്കും കർത്താവിനെ ബഹുമാനിക്കാനല്ല ഇങ്ങനെ ചെയ്യുന്നത്.
             ദൈവം ആവശ്യപ്പെടുന്നത് അരൂപിയുടെ ആലയമാണ്. ഭിത്തികൾ കെട്ടി മാർബിളിട്ടിരിക്കുന്ന, എന്നാൽ സ്നേഹം നിറഞ്ഞ അരൂപിയില്ലാത്ത ആലയമല്ല ദൈവം ആഗ്രഹിക്കുന്നത്.  ഞാൻ ഗൗരവമായി പറയുന്നു, സ്നേഹിക്കുന്ന ഒരു പാവപ്പെട്ട ഹൃദയമാകുന്ന ദേവാലയത്തെ മാത്രമാണ് ദൈവം സ്നേഹിക്കുന്നത്. അതിൽ അവൻ വസിക്കുന്നു.  അവന്റെ പ്രകാശത്തോടു കൂടെ അതിൽ  വസിക്കുന്നു. തങ്ങളുടെ പ്രാർത്ഥനാലയങ്ങളുടെ ഭംഗിയെക്കുറിച്ചുള്ള മത്സരങ്ങൾ പട്ടണങ്ങളെയും മറ്റു പ്രദേശങ്ങളെയും ഭിന്നിപ്പിക്കുന്നത് മൗഢ്യമാണ്.  ദൈവത്തെ വിളിക്കുന്ന സ്ഥലങ്ങളിൽ എന്തിനാണ് അതിന്റെ സമ്പന്നതയെയും അലങ്കാരങ്ങളേയും കുറിച്ചു് മത്സരിക്കുന്നത്?  പരിമിതിയുള്ളതിന് അപരിമേയനായവനെ തൃപ്തിപ്പെടുത്താൻ കഴിയുമോ - സോളമന്റെ ദേവാലയത്തെക്കാൾ പത്തിരട്ടി മനോഹരമായാൽത്തന്നെ ? എല്ലാ രാജകീയ മന്ദിരങ്ങളിലേയും വിശിഷ്ട വസ്തുക്കൾ ഒരുമിച്ചുകൂട്ടിയാലും അതു സാധിക്കുമോ?
                 അപരിമേയനായ ദൈവത്തെ ഉൾക്കൊള്ളാൻ ഒരു സ്ഥലത്തിനും കഴിവില്ല. വാസ്തുഭംഗി കൊണ്ട് അവനെ ബഹുമാനിക്കാനും സാധിക്കയില്ല. അവന് അനുയോജ്യമായ വിധത്തിൽ ബഹുമാനിക്കാൻ പറ്റിയ ഒരു സ്ഥലമേയുള്ളൂ. അവൻ ആഗ്രഹിക്കുന്നതും ഒരു സ്ഥലം മാത്രമാണ്. മനുഷ്യന്റെ ഹൃദയം... കാരണം, നീതിമാനായ ഒരു മനുഷ്യന്റെ അരൂപി ഒരു ദേവാലയമാണ്. ദൈവത്തിന്റെ അരൂപി അതിന്മേൽ പറന്നു നിൽക്കുന്നു; സ്നേഹത്തിന്റെ സൗരഭ്യങ്ങളുടെയിടയിൽ, അത് വേഗംതന്നെ അരൂപി വസിക്കുന്ന ആലയമായിത്തീരും."