ഈശോ വഴിയിൽവച്ച് തന്റെ അമ്മയെ കാണുന്നു
ഈശോ പറയുന്നു: "ബലിയായി സമർപ്പിക്കപ്പെടുന്നയാളിന്റെ സ്ഥിതി വളരെ കഠിനമാണ്. എന്നാൽ അതു തങ്ങളുടെ ഭാഗധേയമായി തെരഞ്ഞെടുക്കുന്നവരുടെ സ്ഥിതി ഭാഗ്യപ്പെട്ടതാണ്.
പിതാവിന്റെ വചനമാകുന്ന പുത്രൻ, അവന്റെ അരൂപിയിലും ശരീരത്തിലും ധാർമ്മികബോധത്തിലും അനുഭവിച്ച പീഡനങ്ങൾ പിതാവു മാത്രമേ അറിഞ്ഞുള്ളൂ. എന്റെ അമ്മയുടെ സാന്നിദ്ധ്യവും ഒരു പീഡനമായിരുന്നു. എന്റെ ഹൃദയം ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയുടെ സാന്നിദ്ധ്യമാണ്; കാരണം, എനിക്കു നിരാശ വരാതിരിക്കുവാൻ അവളുടെ സാന്നിദ്ധ്യം, മാംസം ധരിച്ച മാലാഖയായ അവളുടെ സാന്നിദ്ധ്യം ആവശ്യമായിരുന്നു. നിങ്ങളുടെ രക്ഷയ്ക്കു വേണ്ടി എന്റെ ദുഃഖത്തോടു കൂടെ അവളുടെ ദുഃഖവും ചേർക്കപ്പെടണമായിരുന്നു. മനുഷ്യകുലത്തിന്റെ അമ്മയായി അവരോധിക്കപ്പെടാനള്ള അവൾ, അതു സ്വീകരിക്കുവാൻ അവിടെ സന്നിഹിതയാകണമായിരുന്നു. എന്റെ കഠിനവേദനയുടെ ഓരോ നടുക്കത്തിലും അവൾ മരിക്കുന്നതു കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം."