ജാലകം നിത്യജീവൻ: അന്ത്യഅത്താഴം

nithyajeevan

nithyajeevan

Sunday, March 18, 2012

അന്ത്യഅത്താഴം

ഈശോയുടെ പ്രബോധനം
            "അന്ത്യഅത്താഴദിവസം ഞാനെന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർമ്മിക്കുവിൻ. അന്നു വൈകുന്നേരം, ബാഹ്യമായി നിങ്ങളെല്ലാവരും ശുദ്ധിയുള്ളവരായിക്കഴിഞ്ഞ് ഞാൻ തൂവാല അരയിൽ ചുറ്റിക്കൊണ്ട്  നിങ്ങളുടെ പാദങ്ങൾ കഴുകി. അതുകണ്ട് ഇടർച്ച തോന്നിയ ഒരുവനോടു ഞാൻ പറഞ്ഞു, "ഞാൻ  നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടൊപ്പം ഒരു പങ്കുമില്ല;" ഞാനെന്താണ്  ഉദ്ദേശിച്ചതെന്ന്, എന്തു പങ്കാണെന്ന്, എന്തു  പ്രതീകമാണു ഞാനുപയോഗിച്ചതെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. ശരി; ഞാൻ  പറയാം; എളിമ നിങ്ങളെ പഠിപ്പിക്കണം; പരിശുദ്ധരായിരിക്കേണ്ടതിന്റെ ആവശ്യം നിങ്ങളറിയണം. എന്റെ രാജ്യത്തിൽ പ്രവേശിക്കുന്നതിനും അതിൽ പങ്കാളികളാകുന്നതിനും ഇവ ആവശ്യമാണ്. നീതിമാനായ ഒരു മനുഷ്യനിൽനിന്ന്, അതായത്, അരൂപിയിലും ചിന്തയിലും പരിശുദ്ധനായ ഒരുവനിൽ നിന്ന് ദൈവം ഒരു ക്ഷാളനം മാത്രം അവസാനം ആവശ്യപ്പെടുന്നു; നീതിമാന്മാരിൽപ്പോലും വേഗം അശുദ്ധമാകാനിടയുള്ള ഭാഗത്തിന്റെ ക്ഷാളനം;  മനുഷ്യരുടെ കൂടെ സഹവസിക്കുമ്പോൾ ഉണ്ടാകുന്ന പൊടി കൊണ്ടുള്ള അശുദ്ധി. ഞാൻ  ഒരു കാര്യം കൂടി നിങ്ങളെ പഠിപ്പിച്ചു. ഞാൻ നിങ്ങളുടെ പാദങ്ങൾ- ശരീരത്തിന്റെ ഏറ്റം  അടിയിലത്തെ ഭാഗം- ചെളിയിലും പൊടിയിലും ചിലപ്പോൾ അഴുക്കിലും ചവിട്ടിപ്പോകുന്ന ഭാഗം കഴുകി. ഇതു ജഡത്തെ-  മനുഷ്യനിലെ പദാർത്ഥപരമായ ഭാഗത്തെയാണു സൂചിപ്പിക്കുന്നത്. അതിന് എപ്പോഴും അപൂർണ്ണതകളുണ്ടായിരിക്കും. ഉത്ഭവപാപമില്ലാത്തവർ മാത്രമേ അതിൽനിന്ന് ഒഴിവാക്കപ്പെടുന്നുള്ളൂ; ഒന്നുകിൽ ദൈവത്തിന്റെ പ്രവൃത്തിയാൽ; അല്ലെങ്കിൽ ദൈവത്തിന്റെ സ്വഭാവത്താൽ.
          ഞാൻ   നിങ്ങളുടെ  പാദങ്ങൾ  കഴുകി. എപ്പോൾ? അപ്പവും വീഞ്ഞും വിഭജിക്കുന്നതിനു മുമ്പ്; അവയെ എന്റെ ശരീരവും രക്തവുമായി വസ്തുഭേദം വരുത്തുന്നതിനു മുമ്പ്. ഞാൻ ദൈവത്തിന്റെ  കുഞ്ഞാടായതിനാൽ എനിക്ക് സാത്താന്റെ അടയാളമുള്ള സ്ഥലത്തേക്ക് താഴുവാൻ സാധിക്കില്ല. അതിനാൽ ഞാൻ  ആദ്യമേ നിങ്ങളെ  കഴുകി... പിന്നെ നിങ്ങൾക്ക് എന്നെത്തന്നെ നൽകി. നിങ്ങളും എന്റെപക്കൽ വരാനാഗ്രഹിക്കുന്നവരെ മാമോദീസായാൽ കഴുകണം. അവർ എന്റെ   ശരീരം   അയോഗ്യമായി സ്വീകരിക്കാതിരിക്കുന്നതിനാണിത്. അവർക്ക്   ഭീകരമായ മരണവിധിക്ക് ഇടയാക്കാതിരിക്കുന്നതിനാണ് ഇത്.
       നിങ്ങളുടെ മനസ്സിൽ യൂദാസിനെപ്പറ്റി ചോദ്യമുയരുന്നുവോ? ഞാൻ നിങ്ങളോടു പറയുന്നു; യൂദാസ് അവന്റെ മരണമാണു ഭക്ഷിച്ചത്. സ്നേഹത്തിന്റെ പാരമ്യത്തിലുള്ള പ്രവൃത്തി അവന്റെ ഹൃദയത്തെ സ്പർശിച്ചില്ല. ഗുരുവിന്റെ അവസാനത്തെ പരിശ്രമം അവന്റെ ഹൃദയമാകുന്ന കരിങ്കല്ലിൽത്തട്ടി; ആ കല്ലിൽ സാത്താന്റെ  ഭയാനകമായ അടയാളമാണ്‌ കൊത്തിയിരുന്നത്.
      അങ്ങനെ, ദിവ്യകാരുണ്യവിരുന്നിലേക്ക് നിങ്ങളെ ചേർക്കുന്നതിനു  മുമ്പ് ഞാൻ നിങ്ങളെ കഴുകി. നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ്, പരിശുദ്ധാരൂപിയെ നിങ്ങളിൽ ആവസിപ്പിക്കുന്നതിനു മുമ്പ് കഴുകി. പരിശുദ്ധാരൂപിയാണ് സത്യക്രിസ്ത്യാനികളെ കൃപാവരത്തിൽ ഉറപ്പിക്കുന്നതും പൗരോഹിത്യത്തിൽ ഉറപ്പിക്കുന്നതും. ക്രിസ്തീയ ജീവിതത്തിന് നിങ്ങൾ ഒരുക്കുന്നവർക്കു വേണ്ടി ഇതുതന്നെ ചെയ്യുവിൻ.
                 ജലം കൊണ്ട് സ്നാനപ്പെടുത്തുവിൻ; ഏകവും ത്രിത്വവുമായ ദൈവത്തിന്റെ   നാമത്തിലും എന്റെ  അതിരറ്റ യോഗ്യതകളിലും എന്റെ നാമത്തിലും സ്നാനപ്പെടുത്തുവിൻ; ആദിപാപം അങ്ങനെ ഹൃദയങ്ങളിൽ നിന്നു നീങ്ങിപ്പോകട്ടെ; പാപങ്ങൾ പൊറുക്കപ്പെടട്ടെ; കൃപാവരവും ദൈവികനന്മകളും ആത്മാവിൽ നിവേശിക്കപ്പെടട്ടെ; വിശുദ്ധീകരിക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നതിനായി പരിശുദ്ധാരൂപി താണിറങ്ങട്ടെ; കൃപാവരത്തിൽ  ജീവിക്കുന്ന മനുഷ്യരുടെയുള്ളിൽ വസിക്കട്ടെ.
                            പാപം നിഹനിക്കുന്നതിന് ജലം ആവശ്യമായിരുന്നോ? ജലം ആത്മാവിനെ സ്പർശിക്കുന്നില്ല. എല്ലാ പ്രവൃത്തികളിലും വളരെ   പദാർത്ഥപരമായി   വ്യാപരിക്കുന്ന   മനുഷ്യന്റെ കാഴ്ചയെ, പദാർത്ഥപരമല്ലാത്ത അടയാളം സ്പർശിക്കുന്നില്ല. ദൃശ്യമായ ഒരടയാളവും കൂടാതെ ജീവൻ പ്രവേശിപ്പിക്കാം; പക്ഷേ അങ്ങനെ ചെയ്താൽ അതാരു വിശ്വസിക്കും? അവർ കാണുന്നില്ലെങ്കിൽ എത്ര മനുഷ്യർ ഒരുകാര്യം വിശ്വസിക്കും? അതിനാൽ മോശ കൽപ്പിച്ചിട്ടുള്ള ശുദ്ധീകരണജലം എടുക്കുക. അശുദ്ധരായ ആളുകളെ ശുദ്ധീകരിക്കുന്നതിനും അവരെ സംഘങ്ങളിൽ ചേർക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന ശുദ്ധീകരണജലം; മൃതശരീരം നിമിത്തം അശുദ്ധരായവരെ ശുദ്ധീകരിച്ചിരുന്ന ജലം.
ജലം നിങ്ങൾക്ക്  ഒരു  പ്രിയപ്പെട്ട വസ്തുവായിരിക്കട്ടെ. മുപ്പത്തിമൂന്നു വർഷം കഠിനാദ്ധ്വാനത്തിന്റെ ജീവിതം നയിച്ചു് ഞാൻ പരിഹാരം ചെയ്യുകയും വീണ്ടെടുക്കുകയും ചെയ്തു.  ആ ജീവിതം പാടുപീഡകളിൽ അതിന്റെ പാരമ്യത്തിലെത്തി. മനുഷ്യപാപപരിഹാരത്തിനായി എന്റെ രക്തം മുഴുവൻ കൊടുത്തുകഴിഞ്ഞ് ആദിപാപം കഴുകി മാറ്റുന്നതിനു വേണ്ട ശുദ്ധീകരണജലം, ബലിയായിത്തീർന്ന രക്തസാക്ഷിയുടെ രക്തമില്ലാത്ത മൃതമായ ശരീരത്തിൽ നിന്നെടുക്കപ്പെടും. പൂർത്തിയാക്കപ്പെട്ട ബലി വഴി ആ കറയിൽ നിന്ന് നിങ്ങളെ    ഞാൻ വീണ്ടെടുത്തു. മരണത്തിന്റെ നിമിഷത്തിൽ, ദൈവികമായ ഒരത്ഭുതത്താൽ, എന്നെ കുരിശിൽ നിന്നിറക്കിയിരുന്നെങ്കിൽ ഞാൻ ചിന്തിയ രക്തത്താൽ മനുഷ്യപാപങ്ങൾക്ക് ഞാൻ    പരിഹാരം ചെയ്തുകഴിഞ്ഞിരിക്കുമായിരുന്നുവെങ്കിലും  ആദിപാപത്തിന് പരിഹാരമാകുമായിരുന്നില്ല. പരിപൂർണ്ണമായ പൂർത്തീകരണം അതിനാവശ്യമായിരുന്നു. യഥാർത്ഥത്തിൽ എസക്കിയേൽ പറയുന്ന പരിശുദ്ധമായ ജലം എന്റെ പാർശ്വത്തിൽ നിന്ന്  ഒഴുകി. ആത്മാക്കളെ അതിൽ  മുക്കുവിൻ. അതിൽ നിന്ന് കളങ്കരഹിതരായി അവർ പുറത്തുവരട്ടെ. അരൂപിയെ  സ്വീകരിക്കാൻ തയ്യാറാകട്ടെ. ആദത്തിന്റെ മേൽ ദൈവം നിശ്വസിച്ച ശ്വാസം, അവന് അരൂപിയെ നൽകി. അങ്ങനെ  ദൈവത്തിന്റെ  രൂപവും ഛായയും അവനു ലഭിച്ചു. അതിന്റെ ഓർമ്മയിൽ അതേ അരൂപി വരും. അത് രക്ഷിക്കപ്പെട്ട ആളുകളിൽ നിവേശിക്കയും അവരുടെ ഹൃദയങ്ങളിൽ വാഴുകയും ചെയ്യും.
          എന്റെ സ്നാനം കൊണ്ട് നിങ്ങൾ സ്നാനപ്പെടുത്തുവിൻ; എന്നാല്‍ ത്രിത്വൈകദൈവത്തിന്റെ നാമത്തിൽ അതു ചെയ്യുവിൻ. കാരണം, യഥാർത്ഥത്തിൽ പിതാവ് അതാഗ്രഹിച്ചിരുന്നില്ലെങ്കിൽ, അരൂപി പ്രവർത്തിച്ചിരുന്നില്ലെങ്കിൽ, വചനം മനുഷ്യനായി അവതരിക്കുമായിരുന്നില്ല. അപ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് സംഭവിക്കുമായിരുന്നില്ല. അതിനാൽ ഓരോ മനുഷ്യനും ജീവൻ സ്വീകരിക്കേണ്ടത്, അത് അവനു നൽകുവാൻ ഒന്നിച്ചു പ്രവർത്തിച്ച പിതാവിനെയും പുത്രനെയും പരിശുദ്ധാരൂപിയെയും മാമോദീസായിൽ പേരു പറഞ്ഞ് അനുസ്മരിച്ചുകൊണ്ടായിരിക്കണം.  മാമോദീസാ ലഭിക്കുന്നവർ എന്റെ പേരു ചേർത്ത് ക്രിസ്ത്യാനി എന്നറിയപ്പെടണം. അത് ഭൂതകാലത്തിലും  ഭാവിയിലും   ഉണ്ടാകുന്ന    കർമ്മങ്ങളിൽനിന്ന്  വേർതിരിക്കപ്പെട്ട്, അറിയപ്പെടുന്ന, മായ്ച്ചുകളയാനാവാത്ത അടയാളം അമർത്യമായ ആത്മാവിൽ വരുത്തും.
       ഞാൻ ചെയ്തതുപോലെ അപ്പവും വീഞ്ഞും എടുക്കുക; ആശീർവദിക്കുക; എന്റെ നാമത്തിൽ കൊടുക്കുവിൻ. ക്രിസ്ത്യാനികൾ എന്നെ ഭക്ഷിക്കട്ടെ. അപ്പവും വീഞ്ഞും എടുത്ത് സ്വർഗ്ഗസ്ഥനായ പിതാവിന് ഒരു കാഴ്ച സമർപ്പിക്കുവിൻ. പിന്നീട്‌, നിങ്ങളുടെ രക്ഷക്കായി കുരിശിന്മേൽ ഞാൻ അർപ്പിക്കുകയും പൂർത്തിയാക്കുകയും ചെയ്ത ബലിയുടെ ഓർമ്മയ്ക്കായി നിങ്ങൾ ഉൾക്കൊള്ളുവിൻ. പുരോഹിതനും ബലിവസ്തുവുമായ ഞാൻ  എന്നെത്തന്നെ സമർപ്പിക്കുകയും ആ സമർപ്പണം പൂർത്തിയാക്കുകയും ചെയ്തു. ഞാനതു ചെയ്തില്ലായിരുന്നുവെങ്കിൽ മറ്റാർക്കും അതു ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ പുരോഹിതരായ നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ. എന്റെ ബലിയുടെ പരിധിയില്ലാത്ത സമ്പത്ത് യാചനാപൂർവ്വം ദൈവത്തിലേക്കുയരട്ടെ. ഉറച്ച വിശ്വാസത്തോടെ അവയുടെ യോഗ്യതകളെക്കുറിച്ച് കൃപകൾ യാചിക്കുന്നവരുടെ മേൽ അത് താണിറങ്ങട്ടെ.
    ഉറച്ച വിശ്വാസം എന്നു ഞാൻ  പറഞ്ഞു. ദിവ്യകാരുണ്യം ലഭിക്കുന്നതിനു് ഒരു ശാസ്ത്രവും ആവശ്യമില്ല. വിശ്വാസം  മതി. അപ്പത്തിലും     വീഞ്ഞിലും     ഞാൻ    അധികാരപ്പെടുത്തുന്നവർ  
സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ അത് എന്റെ യഥാർത്ഥ ശരീരവും യഥാർത്ഥ  രക്തവും ആയിത്തീരും. അതു  ഭക്ഷിക്കുന്നവർ, മാംസവും രക്തവും, ആത്മാവും ദൈവത്വവുമായി എന്നെ സ്വീകരിക്കുന്നു. എന്നെ സമർപ്പിക്കുന്നവൻ, യഥാർത്ഥത്തിൽ ഈശോമിശിഹായെ സമർപ്പിക്കുന്നു; അവൻ ലോകപാപങ്ങൾക്കു വേണ്ടി  സ്വയം സമർപ്പിച്ചതുപോലെ തന്നെ. എനിക്കു പിന്നാലെ വരുന്ന നിങ്ങളാണ് ഇതു ചെയ്യേണ്ടത്. പത്രോസേ, പുതിയ സഭയുടെ പ്രധാനാചാര്യനായ നീ, നീ ജയിംസ് (ഈശോയുടെ കസിൻ), നീ ജോൺ, നീ ആൻഡ്രൂ, നീ സൈമൺ, നീ ഫിലിപ്പ്, നീ ബർത്തലോമിയോ, നീ  തോമസ്, നീ യൂദാസ്, നീ സെബദിയുടെ പുത്രൻ ജയിംസ്, നീ മാത്യു, നിങ്ങൾ എന്റെ പേരിൽ എനിക്കുശേഷം ഈ ബലി അർപ്പിക്കും. ഒരു കൊച്ചുകുട്ടിക്കും അറിവില്ലാത്തവർക്കും എന്നെ സ്വീകരിക്കാം; പഠനമുള്ള ഒരാളെയും പ്രായപൂർത്തിയായ ഒരാളെയും പോലെതന്നെ. ഒരു കൊച്ചുകുട്ടിക്കും അറിവില്ലാത്ത മനുഷ്യനും നിങ്ങളിൽ ആർക്കെങ്കിലും ലഭിക്കുന്ന അതേ നന്മകൾ ലഭിക്കും; വിശ്വാസവും കർത്താവിന്റെ കൃപയും അവരിൽ ഉണ്ടായിരിക്കണമെന്നു മാത്രം."
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)