ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോ പറയുന്നു: "എന്റെ മുറിവുകളിലാണ് ലോകത്തിന്റെ ആരോഗ്യം സ്ഥിതിചെയ്യുന്നത്. വിരോധത്തിന്റെ ലോകം അവയെ തുറന്നു; എന്നാൽ സ്നേഹം അവയെ ഔഷധവും പ്രകാശവുമാക്കി. അവയിലൂടെ കുറ്റം കുരിശിൽ തറയ്ക്കപ്പെട്ടു. അവയിലൂടെ മനുഷ്യരുടെ സകല പാപങ്ങളും താങ്ങിനിർത്തപ്പെട്ടു. ഞാൻ തുളയ്ക്കപ്പെട്ടു. ലോകപാപം മുഴുവന്റെയും ഭാരം ഞാൻ വഹിച്ചു. ലോകം അതോർമ്മിച്ചിരിക്കണം. ഒരു ദൈവത്തിന് അതെത്ര വലിയ ത്യാഗമായിരുന്നെന്ന് ഓർമ്മിക്കണം. ദൈവം ലോകത്തെ എത്രയേറെ സ്നേഹിച്ചു എന്ന് ഓർമ്മിക്കണം. ലോകം എന്റെ മുറിവുകളുടെ ചുവപ്പു കാണുന്നില്ലെങ്കിൽ എല്ലാം മറന്നുകളയും. ലോകത്തിന്റെ പാപപ്പരിഹാരത്തിനായി ഒരു ദൈവം തന്നെത്തന്നെ ബലിയാക്കി എന്നുള്ളത്, ഏറ്റം ക്രൂരമായ പീഡനങ്ങളേറ്റാണ് ഞാൻ മരിച്ചതെന്നുള്ളത്, എല്ലാം ലോകം വിസ്മരിക്കും. ഞാൻ ഗൗരവമായി പറയുന്നു; ലോകത്തിനു് വിശുദ്ധീകരണവും കൃപയും ഒരിക്കലും മതിയാകുന്നതല്ല. കാരണം സ്വർഗ്ഗം നിവേശിപ്പിക്കുന്നത് ലോകം വിഴുങ്ങിക്കളയും. ലോകത്തിന്റെ നാശങ്ങൾക്ക് പരിഹാരമാകണമെങ്കിൽ സ്വർഗ്ഗവും അതിലെ നിധികളും വേണം. സ്വർഗ്ഗീയമായ നിക്ഷേപങ്ങൾ എന്റെ തുറന്ന മുറിവുകളിലൂടെ ഒഴുകിവരുന്നു."