ജാലകം നിത്യജീവൻ: സിനഗോഗിലെ പ്രസംഗം - തുടർച്ച

nithyajeevan

nithyajeevan

Saturday, March 3, 2012

സിനഗോഗിലെ പ്രസംഗം - തുടർച്ച

എഫ്രായിമിലെ സിനഗോഗിൽ ഈശോയുടെ പ്രസംഗം തുടരുന്നു:        
        
                            "എസ്രായുടെ പുസ്തകത്തിൽ  ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: മേസ്തിരിമാർ ദേവാലയത്തിന്റെ അടിത്തറ കെട്ടിക്കഴിഞ്ഞപ്പോൾ പുരോഹിതർ അലങ്കാരങ്ങളും കാഹളവുമായി എത്തി; ലേവായർ കൈത്താളങ്ങളുമെടുത്തു; ഇതെല്ലാം ചെയ്തത് ദാവീദിന്റെ കൽപ്പനയനുസരിച്ചാണ്. അവർ പാടി: "ദൈവത്തെ സ്തുതിക്കുവിൻ; കാരണം, അവൻ നല്ലവനാകുന്നു; അവന്റെ കാരുണ്യം എന്നും നിലനിൽക്കുന്നു."  ജനങ്ങൾ ആഹ്ളാദിച്ചു.  എന്നാൽ അനേകം പുരോഹിതരും കുടുംബത്തലവന്മാരും ലേവായരും പ്രായം ചെന്നവരും മുൻപുണ്ടായിരുന്ന ദേവാലയത്തെ ഓർത്ത് കണ്ണീരൊഴുക്കുകയായിരുന്നു. അവർ വളരെ ഉച്ചത്തിൽ കരഞ്ഞു. ആളുകളുടെ കരച്ചിലും ആഹ്ളാദാരവവും ഒന്നിച്ചായിരുന്നതിനാൽ ആകെ ബഹളമായി.  പ്രധാന പ്രദേശങ്ങളിലെ ആളുകൾ പണിക്കു കൂടിക്കൊള്ളട്ടെയെന്നു ചോദിച്ചപ്പോൾ അതു നിരസിച്ചതിനാൽ ദേവാലയം പണിയിക്കുന്നവർക്ക് അവർ ബുദ്ധിമുട്ടുണ്ടാക്കി. ആ അസ്വസ്ഥത നിമിത്തം പണി നിർത്തി വയ്ക്കേണ്ടി വന്നു.  തുടരാൻ ദൈവം അനുവദിച്ച സമയം വരെ പണി നിർത്തി. ഇതാണ്  നമ്മൾ വായിക്കുന്നത്.
                        ഞാൻ പറഞ്ഞ ഈ വേദപുസ്തകഭാഗം എത്ര വളരെ നല്ല പാഠങ്ങളാണ് നമുക്കു തരുന്നത്? ഒന്നാമത്തേത് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്.   അതായത്,  ആരാധന നടത്തുന്നത് ഹൃദയത്തിലാണ്;  കല്ലോ തടിയോ വസ്ത്രങ്ങളോ അരൂപിയില്ലാത്ത വാദ്യങ്ങളോ പാട്ടുകളോ കൊണ്ടല്ല.   പിന്നെ, പരസ്പര സ്നേഹമില്ലായ്മയാണ് ശുദ്ധമായ ലക്ഷ്യങ്ങൾ നേടുന്നതിന് താമസം വരുത്തുന്നതും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതും.  സ്നേഹമില്ലാത്തിടത്ത് ദൈവവുമില്ല. ദൈവത്തെ കണ്ടെത്തുവാനുള്ള സാഹചര്യത്തിൽ നമ്മെത്തന്നെ വയ്ക്കാതെ ദൈവത്തെ അന്വേഷിക്കുന്നതു വ്യർത്ഥമാണ്. സ്നേഹത്തിലാണ് ദൈവത്തെ കണ്ടെത്തുക.  സ്നേഹത്തിൽ വസിക്കുന്നവൻ കഷ്ടപ്പെട്ട് അന്വേഷിക്കാതെ തന്നെ ദൈവത്തെ കണ്ടെത്തും.  ദൈവം തന്നോടു കൂടെയുള്ളവൻ, അവന്റെ എല്ലാ പദ്ധതികളിലും വിജയിക്കുന്നു. 
                         ദേവാലയവും മതിലും വീണ്ടും പണിതപ്പോൾ ഉണ്ടായ വേദനാജനകമായ സംഭവങ്ങളെക്കുറിച്ച് ധ്യാനിച്ചശേഷം ജ്ഞാനിയായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്നുയർന്ന സങ്കീർത്തനത്തിൽ ഇങ്ങനെ പറയുന്നു: "കർത്താവു ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥമാകുന്നു; കർത്താവു് പട്ടണം കാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ കാവൽക്കാരുടെ ഉറക്കൊഴിവും വ്യർത്ഥമാകുന്നു."
                          അതിനാൽ പട്ടണവാസികളുടെ ഹൃദയങ്ങളിൽ അയൽക്കാരോടുള്ള സ്നേഹം ഇല്ലാത്തതിനാൽ, ദൈവം അവരുടെ ഹൃദയത്തിലില്ല. ദൈവം അതറിയുമ്പോൾ അവൻ എങ്ങനെ ഭവനം പണിയും? അവൻ പട്ടണത്തെ എങ്ങനെ സംരക്ഷിക്കും? അതിന്റെ സംരക്ഷകർക്ക് എങ്ങനെ ശക്തി നൽകും? വിരോധമുണ്ടാക്കുന്ന തടസ്സങ്ങൾ കൊണ്ട് ഭിന്നിച്ചിരുന്നത് നിങ്ങളെ സഹായിച്ചിട്ടുണ്ടോ? അത് നിങ്ങളെ ശ്രേഷ്ഠതയുള്ളവരാക്കിയിട്ടുണ്ടോ? സമ്പന്നരാക്കിയിട്ടുണ്ടോ? സന്തോഷമുള്ളവരാക്കിയിട്ടുണ്ടോ?  വിരോധമോ പകയോ കൊണ്ട് ഒരിക്കലും ഒരുപകാരവുമില്ല.  ഏകനായിരിക്കുന്നവൻ ഒരിക്കലും ശക്തനല്ല; സ്നേഹിക്കാത്തവൻ ഒരിക്കലും സ്നേഹിക്കപ്പെടുകയില്ല. സങ്കീർത്തനം പറയുന്നതു പോലെ, പുലർച്ചയ്ക്ക് മുമ്പേ എഴുന്നേൽക്കുന്നതു കൊണ്ട് സമ്പന്നനാകാനും സന്തോഷമുള്ളവനാകാനും സാധിക്കയില്ല. ജീവിതത്തിന്റെ ദുഃഖങ്ങളിൽ സ്വയം ആശ്വസിക്കുന്നതിനായി ഓരോ മനുഷ്യനും വിശ്രമിക്കട്ടെ.. കാരണം, ഉറക്കം ഒരു ദൈവദാനമാണ്; മനുഷ്യൻ അനുഭവിക്കുന്ന മറ്റെല്ലാ കാര്യങ്ങളും പോലെ,  പ്രകാശം പോലെ, ഒരു ദാനമാണ്.  എല്ലാ മനുഷ്യരും വിശ്രമിക്കട്ടെ;  പക്ഷേ കൂട്ടായി പരസ്നേഹം ഉണ്ടായിരിക്കട്ടെ;  ഉറക്കത്തിലും ജാഗരണത്തിലും ജോലിയിലും കുടുംബത്തിലും വ്യാപാരത്തിലും അതുണ്ടാകട്ടെ... അപ്പോൾ അവൻ അഭിവൃദ്ധി പ്രാപിക്കും.  എല്ലാറ്റിനുമുപരിയായി അവന്റെ അരൂപി വളരും;  അത്യുന്നതന്റെ പുത്രന്മാർക്കുള്ള കിരീടവും അവന്റെ രാജ്യത്തിനുള്ള അവകാശവും അവൻ നേടും."