ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ പറയുന്നു: "ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായിരുന്നു മനുഷ്യൻ. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും ദൈവം അവനെ സൃഷ്ടിച്ചു. ദൈവത്തിന്റെ പൈതൃക സ്നേഹം നിമിത്തം, സൃഷ്ടവസ്തുക്കളൊന്നും മനുഷ്യന് ഉപദ്രവകാരണമാകരുതെന്ന് ദൈവം നിശ്ചയിച്ചു.
എന്നാൽ സാത്താൻ മനുഷ്യന് കെണിവച്ചു; ആദ്യം മനുഷ്യന്റെ ഹൃദയത്തിൽ, പിന്നീട്, പാപത്തിന്റെ ശിക്ഷയോടൊപ്പം ഭൂമിയിൽ മുള്ളുകളും കൂർ മുള്ളുകളും ഉണ്ടായി. അതിനാൽ മനുഷ്യനായ ഞാൻ, മനുഷ്യരിൽ നിന്നു മാത്രമല്ല വസ്തുക്കളിൽ നിന്നും വേദന സഹിക്കേണ്ടി വന്നു. മനുഷ്യർ എന്നെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വസ്തുക്കൾ അവർക്ക് ആയുധങ്ങളായി. മനുഷ്യർ ഭൂമിയെ അതിന്റെ വിവിധ രൂപങ്ങളിൽ പങ്കെടുപ്പിച്ച് എന്നെ ഉപദ്രവിച്ചു. കല്ലുകൾ കൊണ്ട് മനുഷ്യപുത്രനെ എറിഞ്ഞു മുറിവേല്‍പ്പിച്ചു; വൃക്ഷക്കമ്പുകൾ ഒടിച്ചു വടികളാക്കി എന്നെ പ്രഹരിച്ചു; ചണക്കയർ കൊണ്ട് എന്നെ ബന്ധിച്ചു; വലിച്ചിഴച്ചു; അവ മാംസത്തിലേക്കു മുറിഞ്ഞുകയറി. ക്ഷീണിതമായ എന്റെ ശിരസ്സില്‍ അവർ മുള്ളുകൾ കൊണ്ടുള്ള മുടി അണിയിച്ചു; കുത്തിക്കയറുന്ന തീയായിരുന്നു അത്....... വഴിയിലുണ്ടായിരുന്ന കല്ലുകൾ ബലക്ഷയപ്പെട്ട എന്റെ കാലുകൾക്ക് ഒരു കെണിയായി; കുന്നു കയറിയപ്പോൾ എന്നെ തട്ടിവീഴിച്ചു..
അന്തരീക്ഷത്തിലെ, ആകാശത്തിലെ വസ്തുക്കൾ ഭൂമിയിലുള്ളവയോടു ചേർന്നു. പ്രഭാതത്തിലെ തണുപ്പ്, ഗദ്സെമൻ തോട്ടത്തിലെ കഠിനവേദന നിമിത്തം തളർന്ന എന്റെ ശരീരത്തിന് വേദനയായി; മുറിവുകളിലേക്കു തുളഞ്ഞു കയറിയ കാറ്റ്, തൊണ്ടയുണങ്ങി ദാഹിക്കുന്ന സമയത്തുണ്ടായിരുന്ന വെയിൽ, ഈച്ചകൾ, പൊടി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഇവയെല്ലാം ദൈവപുത്രനെ ഉപദ്രവിക്കുവാൻ ഉപകരണങ്ങളായി.
നിങ്ങൾക്കു വേദനയുണ്ടാകുമ്പോൾ ഇതാണു നിങ്ങൾ ചിന്തിക്കേണ്ടത്. നിങ്ങളുടെ വേദനകളെ എന്റെ വേദനകളോടു തുലനം ചെയ്യുക. ആ സമയത്ത് പിതാവ് എന്നോടു കാണിച്ചതിൽക്കൂടുതൽ സ്നേഹമാണ് നിങ്ങളോടു കാണിക്കുന്നത് എന്നു കാണുക. അതിനാൽ നിങ്ങളുടെ സർവശക്തിയുമുപയോഗിച്ച് പിതാവിനെ നിങ്ങൾ സ്നേഹിക്കണം. അവന്റെ കാർക്കശ്യം വക വയ്ക്കാതെ ഞാനവനെ സ്നേഹിച്ചതുപോലെ നിങ്ങൾ സ്നേഹിക്കണം."