ജാലകം നിത്യജീവൻ: കുരിശിന്റെ വഴി - എട്ടാം സ്ഥലം

nithyajeevan

nithyajeevan

Thursday, March 29, 2012

കുരിശിന്റെ വഴി - എട്ടാം സ്ഥലം

ഈശോ ഭക്തസ്ത്രീകളെ ആശ്വസിപ്പിക്കുന്നു
              ഈശോ (അപ്പസ്തോലന്മാരോടു) പറയുന്നു: "എന്റെ ഉത്ഥാനശേഷം എന്റെ അമ്മയ്ക്കും മേരി മഗ്ദലനയ്ക്കും        മറ്റു        ഭക്തസ്ത്രീകള്‍ക്കും     ലാസറസ്സിനും    ആട്ടിടയന്മാര്‍ക്കും                    പ്രത്യക്ഷപ്പെട്ടതിനു ശേഷം മാത്രമാണ് നിങ്ങള്‍ക്കു പ്രത്യക്ഷനായത്      എന്നതില്‍      നിങ്ങള്‍ക്കു കുണ്ഠിതമാണോ? അതെന്തുകൊണ്ട് എന്നു നിങ്ങള്‍  ചോദിക്കയാണോ? ശരി, ഞാന്‍ പറയാം. എനിക്ക് പന്ത്രണ്ട്        അപ്പസ്തോലന്മാര്‍         ഉണ്ടായിരുന്നു. അവരെയെല്ലാം പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍  സ്നേഹിച്ചു.                      എനിക്ക്                  കുറെ ശിഷ്യരുമുണ്ടായിരുന്നു;    ധനികരും    ദരിദ്രരും;  ദുഃഖത്തില്‍       ആമഗ്നരായിരുന്ന       ഏതാനും സ്ത്രീകളും    ബലഹീനരായവരും.  എങ്കിലും ഏറ്റം പ്രിയപ്പെട്ടവര്‍  അപ്പസ്തോലന്മാര്‍  തന്നെയായിരുന്നു.
                     എന്റെ സമയം വന്നു; ഒരുത്തന്‍  എന്നെ ഒറ്റിക്കൊടുത്ത് കൊലയാളികളെ ഏൽപ്പിച്ചു. ഞാന്‍   രക്തം വിയർത്ത സമയത്ത് മൂന്നുപേര്‍ ഉറങ്ങി.  ഞാന്‍  പിടിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സമയത്ത് രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും ഓടിപ്പോയി. ഒരുവന്‍  ഭയംമൂലം എന്നെ തള്ളിപ്പറഞ്ഞു. അതു പോരാഞ്ഞ്, പന്ത്രണ്ടുപേരില്‍ ഒരുവന്‍   നിരാശയോടെ ആത്മഹത്യ ചെയ്തു... അങ്ങനെ എന്റെ  അപ്പസ്തോലഗണത്തെ മാനുഷികമായി വീക്ഷിച്ചിരുന്നെങ്കില്‍  എനിക്ക് ഇങ്ങനെ പറയാമായിരുന്നു; 'എനിക്കിനി ശിഷ്യരില്ല.'
             എനിക്ക് ഏതാനും ശിഷ്യകളുണ്ടായിരുന്നു. അതിലൊരുവള്‍, മുന്‍പ് ഏറ്റം കുറ്റക്കാരിയായി ജീവിച്ചവള്‍. തകര്‍ന്ന ഹൃദയതന്ത്രികളെ കൂട്ടിവിളക്കിയ തീജ്വാലയായിരുന്നു അവള്‍. ആ സ്ത്രീ, മഗ്ദലയിലെ മേരിയാണ്. നിങ്ങള്‍  എന്നെ തള്ളിപ്പറഞ്ഞു; ഓടിപ്പോയി... അവള്‍  എന്റെ അടുത്തായിരിക്കാൻ  വേണ്ടി മരണത്തെ ചെറുത്തുനിന്നു. എനിക്ക് ദരിദ്രരായ ഏതാനും ശിഷ്യരുണ്ടായിരുന്നു; ആട്ടിടയന്മാര്‍. അവരുടെ പക്കല്‍  അധികമൊന്നും ഞാൻ   പോയിട്ടില്ല. എങ്കിലും അവരുടെ വിശ്വസ്തത കൊണ്ട് അവരെന്നെ അംഗീകരിച്ചു.
               എനിക്ക് ഏതാനും ശിഷ്യകളുണ്ടായിരുന്നു. എല്ലാ ഹെബ്രായസ്ത്രീകളേയും പോലെ ലജ്ജാശീലമുള്ളവര്‍..... എങ്കിലും അവര്‍  വീട്ടില്‍നിന്നു പോന്നു... എന്നെ ശപിച്ച് ആകോശിച്ച വമ്പിച്ച ജനക്കൂട്ടത്തിനിടയിലൂടെ എന്റെപക്കലേക്കു കടന്നുവന്ന് എന്നെ സഹായിച്ചു. എന്നാൽ എന്റെ അപ്പസ്തോലന്മാര്‍  അതു ചെയ്തില്ല.
                                 നിങ്ങള്‍ക്ക് ഇപ്പോള്‍  കാണാന്‍  കഴിയും, നിങ്ങള്‍  നിന്ദയോടും അഹങ്കാരത്തോടും നോക്കിയവരെല്ലാം,  വിശ്വസിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നിങ്ങളേക്കാള്‍  വളരെ മുൻപിലായിരുന്നുവെന്ന്. 
                പത്രോസേ,  നീ മനസ്സിടിവോടെ കരയുന്നതിനു പകരം കയ്പേറിയ ഈ സത്യങ്ങള്‍  നിന്റെ ഹൃദയത്തില്‍  കൊത്തിവയ്ക്കുക. നീ എന്റെ സഭയുടെ പാറയാകാനുള്ളവനാണല്ലോ. അജ്ഞാനികൾക്കു നേരെ നിന്റെ ഹൃദയം അടയ്ക്കുവാൻ   ആഗ്രഹിക്കുമ്പോള്‍  നീ ഓർക്കുക; ഇസ്രായേല്‍ക്കാരല്ല  നേരെമറിച്ച് റോമ്മാക്കാരാണ് എന്നെ സഹായിച്ചത്, എന്നോടു കരുണ കാണിച്ചത്. ഇക്കാര്യവും ഓർമ്മിച്ചിരിക്കുക; നീയല്ല, പാപിനിയായിരുന്ന ഒരു സ്ത്രീയാണ് കുരിശിന്‍ചുവട്ടില്‍ നില്‍ക്കുകയും ഒന്നാമതായി എന്നെക്കാണുവാന്‍  അർഹയാവുകയും ചെയ്തത്.  ശകാരത്തിന് അർഹനാകാതിരിക്കണമെങ്കിൽ  നിന്റെ ദൈവത്തെ നീ അനുകരിക്കുക; നിന്റെ ഹൃദയവും സഭയും എല്ലാവർക്കുമായി തുറന്നു കൊടുക്കുവിൻ "."..